Home>Oral Health
FONT SIZE:AA

ടൂത്ത്‌പേസ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍

ദന്തശുചിത്വത്തിന്റെ കാര്യത്തില്‍ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ടൂത്ത്‌പേസ്റ്റുകള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. പണ്ടുകാലത്ത് ഉമിക്കരി, മാവില, ചകിരിത്തണ്ട്, വേപ്പിന്‍കമ്പ് തുടങ്ങിയവയാണ് പല്ലുതേക്കാന്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് പേസ്റ്റും ബ്രഷും ഇല്ലാത്ത പല്ലുതേപ്പിനെക്കുറിച്ച് ആലോചിക്കാന്‍പോലും വയ്യ.

ടൂത്ത്‌പേസ്റ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വെളുത്ത നിറത്തിലുള്ളവയാണ് നല്ലത് എന്ന കാര്യം ഓര്‍ക്കുക. കുട്ടികള്‍ക്കായി ഫ്ലൂറൈഡ് കൂടുതല്‍ അടങ്ങിയ പീഡോ പേസ്റ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇത്തരം ടൂത്ത് പേസ്റ്റുകള്‍ക്ക് അധികം എരിവ് കാണില്ല. പ്രത്യേക ചോക്ലേറ്റ് ടേസ്റ്റ് നല്‍കിയിരിക്കുന്നതുകൊണ്ട് കുട്ടികള്‍ക്ക് ബ്രഷിങ്ങിന് കൂടുതല്‍ താത്പര്യം ഉണ്ടാകും. വിവിധ വര്‍ണങ്ങളില്‍ വരുന്ന കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ജെല്‍ പേസ്റ്റുകള്‍ പല്ലുകള്‍ക്ക് അത്ര നല്ലതല്ല എന്നാണ് അടുത്തിടെ ലഭ്യമായ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഇത്തരം പേസ്റ്റുകളില്‍ സിലിക്ക കൂടുതല്‍ അടങ്ങിയതിനാല്‍ കൂടുതല്‍ കാലം ഇവ ഉപയോഗിച്ചാല്‍ പല്ലിന് തേയ്മാനം സംഭവിക്കും. ചില ജെല്‍ പേസ്റ്റുകളില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള കഷണങ്ങള്‍ കാണപ്പെടുന്നു. പുറമെ കാണാന്‍ സുന്ദരമാണെങ്കിലും ഇത്തരം ടൂത്ത്‌പേസ്റ്റുകള്‍ തുടര്‍ച്ചയായ ഉപയോഗത്തിന് നല്ലതല്ല. ചില ജെല്‍ പേസ്റ്റുകളുടെ തുടര്‍ച്ചയായ ഉപയോഗം പല്ലില്‍ കറ രൂപപ്പെടാനും ഇടയാക്കും.

പൊതുവേ ജനങ്ങളുടെ ധാരണ പല്ല് വൃത്തിയാക്കുന്നത് ടൂത്ത്‌പേസ്റ്റുകളാണെന്നാണ്. എന്നാല്‍, ടൂത്ത് ബ്രഷാണ് പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. ഇതിനുള്ള ഒരു മാധ്യമം എന്ന രീതിയില്‍ മാത്രമേ ടൂത്ത്‌പേസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. പക്ഷേ, ടൂത്ത് പേസ്റ്റിന്റെ പത ഈ ഭക്ഷണാവശിഷ്ടങ്ങള്‍ എളുപ്പത്തില്‍ നീക്കംചെയ്യാന്‍ സഹായിക്കും.

മോണരോഗവും ദന്തക്ഷയവും പൂര്‍ണമായും തടയുന്നത് ടൂത്ത്‌പേസ്റ്റുകളാണ് എന്നൊക്കെയുള്ള അവകാശവാദം യാഥാര്‍ഥ്യമല്ല. ഒരു ടൂത്ത്‌പേസ്റ്റിനും മോണരോഗത്തെയും ദന്തക്ഷയത്തെയും തടയാന്‍ സാധിക്കില്ല. ഒരു ചെറിയ കുടുംബത്തിന് ഒരു മാസത്തേക്ക് 100 ഗ്രാം ടൂത്ത് പേസ്റ്റ് മാത്രം മതി. എന്നാല്‍, പലപ്പോഴും ഇതിന്റെ ഇരട്ടിയാണ് ഇന്ന് നാം ഉപയോഗിക്കുന്നത്.

പല്ലുതേക്കുമ്പോള്‍ ബ്രഷിന്റെ നാരുകള്‍ക്കുള്ളിലേക്ക് ഇറങ്ങും വിധം അല്പം മാത്രം പേസ്റ്റ് എടുത്താല്‍ മതി. ഫ്ലൂറൈഡ് അടങ്ങിയ പ്രത്യേക തരം പിഡോ ഡോന്റിക് ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ദന്തക്ഷയം ഒരു പരിധിവരെ തടയാന്‍ സഹായിക്കും.

ഒരു ചെറിയ കുടുംബത്തിന് 100 ഗ്രാം, 200 ഗ്രാം ട്യൂബുകള്‍ വാങ്ങുന്നതാണ് നല്ലത്. വലിയ ട്യൂബ് വാങ്ങുന്നത് പേസ്റ്റ് കട്ടയാകാനും കൂടുതല്‍ ഉപയോഗം വരാനും കാരണമാകും. കൂടുതല്‍ പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നതുകൊണ്ട് ദന്തശുചിത്വത്തിന്റെ കാര്യത്തില്‍ യാതൊരുവിധ അധിക പ്രയോജനവും ലഭിക്കില്ല.

പെപ്പര്‍മിന്റ് ഓയില്‍ പോലുള്ളവ ചേര്‍ന്ന പേസ്റ്റ് ഉപയോഗിക്കുമ്പോള്‍ അല്പനേരത്തേക്ക് അതിന്റെ ഒരു പ്രസരിപ്പ് അനുഭവപ്പെടുമെങ്കിലും ദന്താരോഗ്യത്തിന്റെ കാര്യത്തില്‍ അധിക പ്രയോജനമൊന്നും അതുകൊണ്ട് ഉണ്ടാവുന്നില്ല.


Loading