
രാജ്യത്ത് വ്യാപകമായി കണ്ടുവരുന്ന വദനാര്‍ബുദത്തിന് പ്രധാനകാരണം വര്‍ധിക്കുന്ന മദ്യപാനമാണെന്ന് ബ്രിട്ടനിലെ കാന്‍സര്‍ റിസര്‍ച്ച് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ വിശദീകരിക്കുന്നു.
ചുണ്ട്, വായ, തൊണ്ട, നാവ് എന്നീ ശരീരഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദത്തെയാണ് വദനാര്‍ബുദം എന്ന വിഭാഗത്തില്‍ പെടുത്തുന്നത്.
ഓരോവര്‍ഷവും ഇംഗ്ലണ്ടില്‍ മാത്രം 1800 പേര്‍ വദനാര്‍ബുദം പിടിപെട്ട് മരിക്കുന്നു. അയ്യായിരത്തിലധികം പുതിയ കേസുകള്‍ കണ്ടെത്തുന്നുമുണ്ട്. അപകടകരമായ ഈ പ്രവണത ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്താന്‍ കാന്‍സര്‍ റിസേര്‍ച്ച് യു.കെ. തീരുമാനിച്ചത്. തൊണ്ണൂറുകള്‍ക്ക് ശേഷം മധ്യവയസിലെത്തിയ പുരുഷന്‍മാരില്‍ 28 ശതമാനവും സ്ത്രീകളില്‍ 24 ശതമാനവും വദനാര്‍ബുദം വര്‍ധിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു. രോഗികളില്‍ ഭൂരിഭാഗം പേരും അമിതമദ്യപാനശീലത്തിന് അടിമപ്പെട്ടവരുമായിരുന്നു. 1950ന് ശേഷം ഇംഗ്ലണ്ടിലുടനീളം മദ്യ ഉപയോഗം ഇരട്ടിയായതും അര്‍ബുദം പടരുന്നതില്‍ കാരണമായിട്ടുണ്ട്. മദ്യപിക്കുന്നവരില്‍ എണ്‍പതുശതമാനത്തിലധികം പേരും പുകവലിക്കുന്നവരുമായതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഇതൊക്കെയാണ് വദനാര്‍ബുദം വര്‍ധിക്കാന്‍ കാരണമായതെന്ന് കാന്‍സര്‍ റിസര്‍ച്ച് യു.കെ.യുടെ പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
'നിരന്തരമായ മദ്യപാനം കാരണം തൊണ്ടയിലെയും വായയിലെയും തൊലിയുടെ നേര്‍ത്ത ആവരണം നശിക്കുന്നതാണ് ഇതിനു പ്രധാന കാരണം. മദ്യപാനം വദനാര്‍ബുദത്തിനു വഴിവെക്കുമെന്ന വസ്തുത ബോധവത്കരണത്തിലൂടെ കൂടുതല്‍ പേരില്‍ എത്തിക്കേണ്ടതുണ്ട്'- യു.കെ. ഫാക്കല്‍ട്ടി ഓഫ് പബ്ലിക്ക് ഹെല്‍ത്ത് പ്രസിഡന്‍റ് പ്രൊഫ. അലന്‍ മാരിയോണ്‍ ഡേവിസ് അഭിപ്രായപ്പെടുന്നു.
വായയ്ക്കുള്ളിലെ പുണ്ണുകള്‍, മുറിവുകള്‍, വെളുത്തതും ചുവന്നതുമായ പാടുകള്‍ എന്നിവയാണ് വദനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍. തുടക്കത്തിലേ കണ്ടെത്തിയാല്‍ ഈ രോഗം ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാനാവുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കുന്നു.
പി.എസ്.