
പക്ഷേ, അങ്ങനെ അവഗണിച്ചു തള്ളേണ്ടതാണോ ദന്തക്ഷയവും മോണ രോഗവും? അല്ല എന്നാണ് വാഷിങ്ടണ്‍ സ്‌കൂള്‍ ഓഫ് ഡന്‍റിസ്ട്രിയിലെ ഡോ. ഫിലിപ്പ് പി. ഹജോള്‍ പറയുന്നത്.
നമ്മുടെ പല്ലിന്റെയും മോണയുടെയും അനാരോഗ്യം ശരീരത്തിന്റെ ആകെ അനാരോഗ്യത്തിന്റെ സൂചനയാണ് എന്ന് 'ജേര്‍ണല്‍ ഓഫ് ഡന്‍റല്‍ റിസര്‍ച്ചി'ല്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഒരു 'അപായമണി'യായി വേണം ദന്തക്ഷയത്തെയും മോണരോഗത്തെയും കാണാന്‍. ആധുനിക ഭക്ഷണശീലത്തിന്റെ ഭാഗമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ആണ് ഇവിടെ വില്ലന്‍.
ഉമിനീരും വായക്കുള്ളിലെ ബാക്ടീരിയയും ആയി ചേര്‍ന്ന് ഭക്ഷണ പദാര്‍ഥങ്ങളിലെ (ഫെര്‍മെന്‍റബിള്‍ കാര്‍ബോ ഹൈഡ്രേറ്റ്‌സ്) അവശിഷ്ടങ്ങള്‍ പല്ലിനെ ദ്രവിപ്പിക്കുന്നു. ഓരോ തവണയും ഭക്ഷണം കഴിച്ചശേഷം വായ ശരിയായ രീതിയില്‍ ശുചിയാക്കിയില്ലെങ്കില്‍ ഇത് വര്‍ധിക്കുന്നു. കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് പ്രമേഹത്തിനും ഹൃദ്‌രോഗത്തിനും ഇടയാക്കും.
പഞ്ചസാരയടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നവരെ മോണരോഗം വളരെപ്പെട്ടെന്ന് കീഴടക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. നമ്മുടെ പല്ലിന്റെ ആരോഗ്യം കാക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ സംരക്ഷിക്കുന്ന ഭക്ഷണം ആണോ എന്ന് ഗവേഷകര്‍ കണ്ടെത്തണം എന്നും ഡോ. ഹജോള്‍ അഭിപ്രായപ്പെടുന്നു.
എന്തായാലും പല്ല് വേദനയെ ഒരു വേദനസംഹാരികൊണ്ട് അല്ല നേരിടേണ്ടത് എന്നാണ് ഈ പഠനങ്ങള്‍ നല്‍കുന്ന ഗുണപാഠം. മുന്നറിയിപ്പുകള്‍ അവഗണിക്കാനുള്ളതല്ല.
ജി.കെ.