Home>Oral Health
FONT SIZE:AA

മുഖംമിനുക്കല്‍ ശസ്ത്രക്രിയ

ഡോ. ടി.ആര്‍ അനില്‍കുമാര്‍

താടിഎല്ലുകളെ അതിന്റെ അളവിലും ആകൃതിയിലും ആകാരത്തിലും ശസ്ത്രക്രിയയിലൂടെ ശരിയാക്കുന്നതാണ് ഓര്‍ത്തോഗ്നാത്തിക്ക് ശസ്ത്രക്രിയ. മുഖസൗന്ദര്യം ഏതോരാളുടെയും സ്വപ്നമാണ്. മനോഹരമായ മുഖം ഏതോരാള്‍ക്കും അത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. നമ്മുടെ സങ്കല്പത്തില്‍ സൗന്ദര്യമുള്ള മുഖത്തിന് ഒരു നിര്‍വചനമുണ്ട്. ഈ നിര്‍വചനത്തിനോട് സമാനമായി എത്തിക്കുകയാണ് ഓര്‍ത്തോഗ്നാത്തിക്ക് ശസ്ത്രക്രിയയുടെ ലക്ഷ്യം. ഇതില്‍ പ്രാഗല്‍ഭ്യം നേടിയവരാണ് മാക്‌സിലോ ഫേഷ്യല്‍ സര്‍ജന്‍മാര്‍. റൈനോപ്ലാസ്റ്റി (മൂക്ക്), ഫേസ് ലിഫ്ട് (ചുളിവ് നിവര്‍ത്തല്‍) തുടങ്ങിയ മുഖ സൗന്ദര്യ ശസ്ത്രക്രിയ കഴിഞ്ഞാല്‍ എണ്ണത്തില്‍ മൂന്നാമതായി നില്‍ക്കുന്നതാണ് ഓര്‍ത്തോഗ്നാത്തിക്ക് സര്‍ജറി.

ആരൊക്കെയാണ് ഇതിന് വിധേയരാകുന്നത്?

താടി എല്ലിന് വേണ്ടത്ര വളര്‍ച്ചയില്ലാത്തവര്‍, അമിത വളര്‍ച്ചയുള്ളവര്‍, കീഴ്ത്താടിയും മേല്‍ ത്താടിയും തമ്മിലുള്ള ശരിയായ ബന്ധം ഇല്ലാത്തവര്‍ ഇടത്തുഭാഗവും, വലതുഭാഗവും തമ്മിലുള്ള അന്തരം ഏറിയവര്‍ , ജന്‍മനാലുള്ള ചില സിന്‍ഡ്രോമുകള്‍ (പിയറി റോബിന്‍, ട്രെച്ചര്‍ കോളിന്‍) സിന്‍ഡ്രോമുകളുടെ ഭാഗമായി ഉണ്ടാകുന്ന മുഖ വൈകല്യങ്ങള്‍, ഭക്ഷണം ചവയ്ക്കുന്നതിനും, സംസാരശേഷിക്കും പ്രയാസമുള്ളവര്‍, സ്ലീപ്പ് അപ്നിയ ഉള്ളവര്‍ ഒക്കെയാണ് ഇതില്‍ നിന്നും ഫലം പ്രതീക്ഷിക്കുന്നത്. കൂടാതെ വളര്‍ച്ചയിലോ അതിനു ശേഷമോ ഉണ്ടാകുന്ന ക്ഷതങ്ങള്‍ മുഖത്തിന്റെ അസ്ഥികളുടെ ആകാരവും അളവും ഗണ്യമായി മാറ്റികളയാറുണ്ട്.

ശസ്ത്രക്രിയയ്ക്ക് ഉചിതമായ സമയം

അസ്ഥികളുടെ വളര്‍ച്ച പൂര്‍ത്തിയായതിനു ശേഷം മാത്രമേ താടി എല്ലുകളെ സൗന്ദര്യവല്ക്കരണത്തിനായി ശസ്ത്രക്രിയ ചെയ്യാവൂ. ശസ്ത്രക്രിയ ശേഷമുള്ള അസ്ഥികളുടെ വളര്‍ച്ച് എത്രമാത്രം ഉണ്ടാകും എന്ന് ഊഹിക്കാവുന്നതല്ല. ഇരുപത് വയസ്സ് തികഞ്ഞ ഏതൊരു വ്യക്തിക്കും ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. നിരതെറ്റിയ പല്ലുകളെ ചിലപ്പോള്‍ ശസ്ത്രക്രിയക്ക് മുമ്പും പിമ്പുമായി ബ്രേസസ് ഇട്ട് ശരിയാക്കേണ്ടി വരും.

ശസ്ത്രക്രിയയില്‍ ചെയ്യുന്നത്

ഒരാളുടെ ആവശ്യത്തിനനുസരിച്ച് എല്ലുകളുടെ സ്ഥാന ചലനം, അസ്ഥി ആവശ്യത്തിലേറെയുള്ളത് മുറിച്ചു മാറ്റുക, വേണ്ടി വന്നാല്‍കൂട്ടിച്ചേര്‍ക്കുക തുടങ്ങിയ രീതികളാണ് അവലംബിക്കുന്നത്. കഴിയുന്നതും മുഖത്ത് പാടുകളോ കലയോ ഇല്ലാതിരിക്കാന്‍ വായിനുള്ളിലൂടെ മാത്രമാണ് ഇത് സാദ്ധ്യമാക്കുന്നത്.

സങ്കീര്‍ണതകള്‍

തീര്‍ച്ചയായും ഒരാഴ്ച്ച ആശുപത്രിവാസം വേണ്ടിവരും. ഈ കാലയളവില്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാനാകൂ. ശസ്ത്രക്രിയയെ തുടര്‍ന്നള്ള വേദനയും നീരും മറ്റും മരുന്നുകള്‍കൊണ്ട് മാറ്റാവുന്നതാണ്. അമിത രക്തസ്രാവവും നാഡികളുടെ ക്ഷതവും മറ്റുമാണ് മറ്റ് സങ്കീര്‍ണതകള്‍. എന്നാല്‍ കൃത്യതയോടെയുള്ള ശസ്ത്രക്രിയയാണ് നടത്തുന്നത് എങ്കില്‍ ഇവ വളരെ വിരളമായേ നേരിടേണ്ടി വരാറുള്ളൂ.

സൗന്ദര്യ നിര്‍വചനം എന്തൊക്കെയായാലും, രോഗിയുടെ പ്രതീക്ഷയും ആഗ്രഹവുംകൂടി കണക്കിലെടുത്തുവേണം ശസ്ത്രക്രിയ ചെയ്യുന്നത്. ഇല്ലാതെ വന്നാല്‍ ഉണ്ടാകുന്ന 'അതൃപ്തി' ഏറെ ബുദ്ധിമുട്ടുണ്ടാക്കും. നൂതന സാങ്കേതിക വിദ്യകള്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രൂപം മുന്‍പേ തന്നെ കാണാന്‍ സഹായിക്കുന്നു.

(Dr. T. R Anil Kumar,
Consultant Oral & Maxillofacial Surgeon
Medical Trust Hospital
Ernakulam)


Tags- Orthognathic surgery
Loading