Home>Oral Health
FONT SIZE:AA

മുഖസൗന്ദര്യം ചോര്‍ത്താതെ വെപ്പുപല്ലുകള്‍

തീരെ നിവൃത്തിയില്ലാതെ വരുമ്പോഴാണ് മിക്കവരും വെപ്പുപല്ലുകളെ ആശ്രയിക്കാറ്. ദൃഢതയില്ലായ്മ, മുഖത്തിനുണ്ടാവുന്ന രൂപമാറ്റം, കൃത്രിമത്വം തുടങ്ങിയ പ്രശ്‌നങ്ങളെ മറികടന്നുവേണം വെപ്പു പല്ലുകളുമായി താദാത്മ്യം പ്രാപിക്കാന്‍.

ഈ പ്രശ്‌നങ്ങളെ നല്ലൊരു പരിധിവരെ പരിഹരിക്കുന്ന സാങ്കേതികവിദ്യയാണ് ബി.പി.എസ്. സെറ്റുപല്ലുകളിലെ ന്യൂനതകള്‍ കുറയ്ക്കാന്‍വേണ്ടി വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങളാണ് ബി.പി.എസ്സില്‍ എത്തിനില്‍ക്കുന്നത്.ബയോ ഫങ്ഷണല്‍ പ്രോസ്‌തെറ്റിക് സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേരാണ് ബി.പി.എസ്. മോണയുടെ അളവെടുക്കുന്നതു മുതല്‍ പല്ലുകളുടെ സ്ഥാനം കണ്ടെത്തുന്നതില്‍ വരെ പ്രത്യേക വൈദഗ്ദ്ധ്യം വേണ്ടുന്ന രീതിയാണിത്. അതുകൊണ്ടുതന്നെ ഒരു ബി.പി.എസ്. സ്‌പെഷലിസ്റ്റിനു മാത്രമേ ഇതു ചെയ്യാനാകൂ.

കടിക്കുമ്പോള്‍ സാധാരണ സെറ്റുപല്ലുകള്‍ക്കുണ്ടാവുന്ന ഇളക്കം ഉണ്ടാവില്ലെന്നതാണ് ബി.പി.എസ്. പല്ലുകളുടെ സവിശേഷത. സെറ്റുപല്ലുകള്‍ വെക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവുമിതാണ്. യഥാര്‍ഥ പല്ലുകളുമായി പരമാവധി സമാനത പുലര്‍ത്തുന്നതിനാല്‍ മുഖസൗന്ദര്യത്തിനും ഭംഗം വരുന്നില്ല. പല്ലുകള്‍ക്കിടയിലുള്ള വിടവുകള്‍ വരെ വേണമെങ്കില്‍ നിലനിര്‍ത്താം. പല്ലുകള്‍ മോണയുമായി ചേരുന്ന സ്ഥലത്തുള്ള ചെറിയ കുത്തുകള്‍ വരെ സൃഷ്ടിച്ചെടുക്കാവുന്നതിനാല്‍ കാഴ്ചയിലും പെട്ടെന്ന് തിരിച്ചറിയില്ല. മാത്രമല്ല, അണ്ണാക്കിലുള്ള ചെറിയ തടിപ്പുകള്‍ പോലും ബിപിഎസ് സംവിധാനത്തില്‍ പുനര്‍സൃഷ്ടിക്കാന്‍ കഴിയുന്നതിനാല്‍ വെപ്പുപല്ലുകളുടെ കൃത്രിമത്വവും വായ്ക്കുള്ളില്‍ തോന്നില്ല. എല്ലിന്റെ സ്ഥാനം നിര്‍ണയിച്ച് ഓരോ പല്ലും സ്ഥാപിക്കുന്നതിനാലാണ് മുഖത്തിന്റെ രൂപം നിലനിര്‍ത്താന്‍ കഴിയുന്നത്. താടിയെല്ലിന്റെ ഘടനയനുസരിച്ചും പല്ലുകള്‍ തയ്യാറാക്കാനാകും.സാധാരണ സെറ്റുപല്ലുകളെ അപേക്ഷിച്ച് ചെലവേറിയതാണ് ബി.പി.എസ്. പല്ലുകള്‍. 25,000 രൂപ മുതല്‍ 50,000 രൂപവരെയാണ് ബി.പി.എസ്. പല്ലുകള്‍ വെക്കാന്‍ വേണ്ടിവരുന്ന ചെലവ്.

കുറഞ്ഞത് നാലു സിറ്റിങ്ങിലൂടെ പല്ലുകള്‍ തയ്യാറാക്കാനാകും. ദൃഢത കൂടിയ ഫ്രാക്ചര്‍ അസിസ്റ്റന്‍റ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് പല്ലുകള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ തേമാനം കുറവായിരിക്കും. ഒരിക്കല്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ ശിഷ്ടകാലം മുഴുവന്‍ ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
Tags- Artificial teeth
Loading