
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 7 മുതല്‍ 8 മണിക്കൂര്‍ ഉറക്കം അനിവാര്യമാണെങ്കില്‍ പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 11-13 മണിക്കൂറും സ്‌കൂള്‍ കുട്ടികള്‍ക്ക് 10-11 മണിക്കൂറും ഉറക്കം അവശ്യമത്രേ. ഉറക്കം മാനസിക സൗഖ്യത്തിനാണ്, ശാരീരിക സൗഖ്യത്തിനല്ല എന്നൊരു കാഴ്ചപ്പാട് ആദ്യകാലത്തുണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള പഠനങ്ങള്‍ ഇത് തിരുത്തുന്നതായിരുന്നു. ഉറക്കമില്ലായ്മ ഗ്രന്ഥികളുടെ മാസ്റ്ററായ പീയൂഷ ഗ്രന്ഥിയെയും ഹൈപോതലാമസിനെയും സ്വതന്ത്രനാഡീ വ്യവസ്ഥയെയും സാരമായി ബാധിക്കുന്നു. ഉറക്കം സിമ്പതറ്റിക് നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം കുറയ്ക്കുമ്പോള്‍ പാരാസിമ്പതറ്റിക് നാഡീ വ്യവസ്ഥയെ ഊര്‍ജസ്വലമാക്കുന്നു. ഈ അസന്തുലനം മിക്ക അന്തസ്രാവ്യഗ്രന്ഥികളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. വിശപ്പിനെ തടയുന്ന ലെപ്റ്റിന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നു. രണ്ട് ദിവസത്തെ ഉറക്കക്കുറവുകൊണ്ട് തന്നെ വിശപ്പിനെ ഉത്തേജിപ്പിക്കുന്ന പെപൈ്റ്റഡായ ഗ്രെലിന്‍ (Ghrelin) ആമാശയത്തില്‍ കൂടുന്നത്രേ. ഇത് പൊണ്ണത്തടിക്ക് കാരണമായേക്കാം. ഗ്ലൂക്കോസിനോട് പ്രതികരിക്കാനുള്ള ശരീരത്തിന്റെ കഴിവ് 30 ശതമാനം വരെ വ്യതിചലിക്കപ്പെടാം. ചുരുക്കത്തില്‍ ഉറക്കമില്ലായ്മ ടൈപ്പ്-2 പ്രമേഹത്തിനും കാരണമാകാം.
ശരീരത്തിലെ നാഡീവ്യവസ്ഥയുടെ കേന്ദ്രമാണല്ലോ മസ്തിഷ്‌കം. നാഡീയ ആവേഗങ്ങളെ ഒരു നാഡീ കോശത്തില്‍നിന്ന് അടുത്തതിലേക്ക് കൈമാറുന്ന വിടവുകളെ സിനാപ്‌സ് എന്നു വിളിക്കുന്നു. മസ്തിഷ്‌കം ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ 80 ശതമാനവും സിനാപ്‌സിന്റെ പ്രവര്‍ത്തനത്തിനാണത്രെ. ഉറക്കം സിനാപ്‌സിന് വിശ്രമം നല്‍കും.
ഉറക്കക്കുറവ് മൂലമുണ്ടായ പ്രശ്‌നങ്ങളെയെല്ലാം തുടര്‍ന്നുള്ള ഒരുറക്കത്തിലൂടെ പരിഹരിക്കാന്‍, മസ്തിഷ്‌കത്തെ സഹായിക്കുന്ന ഒരു തന്മാത്ര ഗവേഷകര്‍ അടുത്തിടെ കണ്ടെത്തുകയുണ്ടായി. അഡിനോസിന്‍ സ്വീകാരി (adenosine receptor) യാണത്. ഓരോ മണിക്കൂറുമുള്ള മസ്തിഷ്‌കത്തിന്റെ ഉണര്‍ന്നുള്ള പ്രവര്‍ത്തനം അഡിനോസിന്‍ അടിഞ്ഞുകൂടാന്‍ കാരണമാകുമത്രേ. എന്നാല്‍ അഡിനോസിന്‍ സ്വീകാരി ഈ അഡിനോസിനുകളെ തളയ്ക്കാന്‍ പോന്നവയാണ്. മസ്ത്തിഷ്‌കത്തിന്റെ ഓര്‍മശക്തിയും ശ്രദ്ധയും നിയന്ത്രണ ഏകോപന പ്രവര്‍ത്തനങ്ങളും പൂര്‍വസ്ഥിതിയിലാക്കാനും മസ്തിഷ്‌കത്തിലെ നാഡീയ ആവേഗങ്ങളുടെ ത്വരണത്തിനും ഈ തന്മാത്രയുടെ പ്രവര്‍ത്തനം സഹായിക്കുമത്രേ. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീനെപ്പോലെയുള്ള ആല്‍ക്കലോയിഡുകള്‍ അഡിനോസിന്‍ സ്വീകാരികളെയും തളയ്ക്കാന്‍ പോന്നവയാണത്രേ. അതിനാലാണ് കാപ്പികുടി ഉറക്കക്കുറവിന് കാരണമാകുന്നത് എന്നാണ് ഇവരുടെ അഭിപ്രായം.
ശ്രീരംഗം ജയകുമാര്‍