
യുവാവായ ബാങ്ക് ഉദ്യോഗസ്ഥന് തലവേദന കലശലാകുന്നതുമൂലം ജോലിയും വീട്ടിലെ ചുമതലകളും നന്നായി ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. കഴുത്തിന് പിറകില്‍ വേദന, കഴുത്തും തലയും ആകെ വലിഞ്ഞുമുറുകുന്നതുപോലെ, ചിലപ്പോഴിത് മണിക്കൂറുകളോളം നീളും. ആഴ്ചയില്‍ പലദിവസവും ആക്രമിക്കുന്ന ഈ വില്ലന്റെ വരവ് മിക്കപ്പോഴും ഉച്ചതിരിഞ്ഞായിരിക്കും.
18 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിക്ക് നെറ്റിക്കും ഒരു വശത്തുമാണ് വേദന. കണ്ണുകലങ്ങുക, വേദനിക്കുക തുടങ്ങിയവയുമുണ്ട്. അസഹ്യമായി വേദന കൂടുമ്പോള്‍ തലയുടെ ഒരുവശം പൊട്ടുന്നതുപോലെ തോന്നുകയും തലകറക്കം അനുഭവപ്പെടുകയും പതിവായി. പഠനത്തെപ്പോലും തലവേദന ബാധിച്ചുതുടങ്ങി.
40 വയസ്സുപിന്നിട്ട ഡോക്ടര്‍ സഹപ്രവര്‍ത്തകനായ ന്യൂറോളജിസ്റ്റിന്റെ സഹായം തേടിയത് മറ്റ് ചില ലക്ഷണങ്ങളോടെയുള്ള തലവേദന വന്നപ്പോഴാണ്. ചിലപ്പോള്‍ മാസത്തില്‍ ഒരിക്കല്‍, അല്ലെങ്കില്‍ രണ്ടുതവണ കഠിനമായ വേദന. തലയ്ക്കുള്ളില്‍ ആരോ അടിക്കുന്നതുപോലെ. കാഴ്ച മങ്ങുക, തലകറക്കം, ചിലപ്പോള്‍ ഛര്‍ദ്ദിയും. ഒപ്പം ശരീരം കുഴയുകയും ചെയ്യുന്നു.
ആദ്യത്തെ കേസിലെ ബാങ്കുദ്യോഗസ്ഥന്റെ അസുഖത്തെ ഡോക്ടര്‍മാര്‍ ടെന്‍ഷന്‍ തലവേദനയെന്നാണ് വിളിക്കുക. വിദ്യാര്‍ത്ഥിയുടേത് ക്ലസ്റ്റര്‍ തലവേദനയാണ്. ഡോക്ടറുടേത് മൈഗ്രെയ്‌നും. മസിലുകള്‍ക്ക് വലിച്ചില്‍ ഉണ്ടാകുമ്പോള്‍ വരുന്ന വേദനയും പിരിമുറുക്കവുമാണ് ടെന്‍ഷന്‍ തലവേദന. അധികജോലി, മാനസിക സമ്മര്‍ദം,കുടുംബപ്രശ്‌നം, നീണ്ടയാത്ര, ചിട്ടയില്ലാത്ത ജീവിതം എന്നിവയൊക്കെ ഇതിന് കാരണമാകുന്നു. ക്ലസ്റ്റര്‍ തലവേദന ഇക്കൂട്ടത്തില്‍ ഏറ്റവും കഠിനമാണ്. ചില രാസപ്രവര്‍ത്തനങ്ങള്‍ മൂലം ഞരമ്പുകളിലും രക്തക്കുഴലുകളിലും നീര്‍വീക്കം ഉണ്ടാകുന്നതാണ് മൈഗ്രെയിന്റെ അടിസ്ഥാന കാരണം. കാഴ്ച മങ്ങുക, രണ്ടായി കാണുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കൊപ്പവും മൈഗ്രെയ്ന്‍ ഉണ്ടാകാം. സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്ത് ഉണ്ടാകുന്ന തലവേദനയെ മെനന്‍സ്ട്രല്‍ മൈഗ്രെയ്ന്‍ എന്നുവിളിക്കുന്നു.
ഇത്തരം സാധാരണ തലവേദന എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. വിദഗ്ദ്ധനായ ഒരു ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയമായേ ഇതിനുള്ള മരുന്നുകള്‍ കഴിക്കാവൂ. മരുന്നിനൊപ്പം ടെന്‍ഷന്‍ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളും തേടണം. കൃത്യമായ ദിനചര്യ, വ്യായാമം, വിനോദത്തിനും ഉല്ലാസത്തിനും മാര്‍ഗ്ഗം തേടുക എന്നിവയും പ്രധാനമാണ്. ഏഴ്-എട്ട് മണക്കൂറെങ്കിലും ഉറക്കം ഉറപ്പാക്കുകയും വേണം. യോഗ,എയ്‌റോബിക്‌സ്, നീന്തല്‍, ജോഗ്ഗിങ്ങ് എന്നിവയും ശീലിക്കാം. പഴങ്ങളും പച്ചക്കറികളും കൂടുതലായി ആഹാരത്തില്‍ ഇടം പിടിക്കുന്നതും നന്ന്.
സൈനസൈറ്റിസ്, തലച്ചോര്‍ സംബന്ധമായ അസുഖം, രക്തസമ്മര്‍ദ്ദം എന്നിവകൊണ്ടുണ്ടാകുന്ന തലവേദനകളൊക്കെ അടിസ്ഥാന രോഗത്തിനുള്ള ചികിത്സയോടൊപ്പം പരിഗണിക്കപ്പെടേണ്ടവയാണ്. കൃത്യമായ ചികിത്സയ്‌ക്കൊപ്പം ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഒരു പരിധിവരെ തലവേദനയെ പടിക്കുപുറത്തുനിര്‍ത്താന്‍ അനിവാര്യം.
അനീഷ് ജേക്കബ്