
കേരളത്തിന്റെ സംസ്‌ക്കാരവും പൈതൃകവും ഓര്‍മിപ്പിക്കുന്ന ആഘോഷങ്ങള്‍ക്ക് ആരോഗ്യസംരക്ഷണവുമായും ബന്ധമുണ്ടെന്നുകാണാം. മേടമാസത്തിലെ പ്രധാന ആഘോഷമായ വിഷുവിനോടനുബന്ധിച്ചുള്ള അനുഷ്ടാനങ്ങള്‍ ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള പ്രേരണകൂടിയാണ് നല്‍കുന്നത്.
വിഷുക്കണി
കണികാണലാണ് വിഷുവിന്റെ പ്രധാന അനുഷ്ടാനം. അതിരാവിലെ ബ്രഹ്മമുഹൂര്‍ത്തത്തിലാണ് കണികാണാന്‍ എഴുന്നേല്‍ക്കുന്നത്. 'ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉത്തിഷ്ഠത് സ്വസ്ഥാ രക്ഷാര്‍ത്തമായുഷ:' എന്നാണ് പറയുക. അതായത്, ബ്രാഹ്മമുഹൂര്‍ത്തിത്തല്‍ ഉണരുന്നത് ഒരാളുടെ ആയുസിനെ സംരക്ഷിക്കുന്നതിന് സഹായിക്കുമെന്ന് ചുരുക്കം.
വിഷുവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളും ആഘോഷങ്ങളും ഓരോ ഇന്ദ്രിയങ്ങളെയും എപ്രകാരമാണ് പ്രസാദിപ്പിക്കുകയെന്ന് നോക്കാം.
ദര്‍ശനേന്ദ്രിയം(കണ്ണുകള്‍): കണിവെയ്ക്കുന്ന ഫലങ്ങള്‍, കൊന്നപ്പൂവ്, സ്വര്‍ണം എന്നിവ കണ്ണുകള്‍ക്ക് കുളിര്‍മയേകുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്നു.
ഘ്രാണേന്ദ്രിയം(മൂക്ക്): ഫലങ്ങളുടേയും ചന്ദനത്തിരിയുടേയും ഗന്ധം മൂക്കുകളെ പ്രസാദിപ്പിക്കുന്നു.
ശ്രോതേന്ദ്രിയം(ചെവികള്‍): കണിവെച്ചുകഴിഞ്ഞ് പൊട്ടിക്കുന്ന പടക്കം ശ്രോതേന്ദ്രീയ പ്രസാദമുണ്ടാക്കാന്‍ സഹായിക്കുന്നു.
രസനേന്ദ്രിയം(നാവ്): കണിയൊരുക്കുന്ന മാമ്പഴം, വെള്ളരി തുടങ്ങിയവകൊണ്ടാണ് സദ്യയ്ക്ക വിഭവങ്ങളൊരുക്കുന്നത്. എരിവ്, പുളി, മധുരം, കയ്പ്, ഉപ്പ് എന്നീ ആര് രസങ്ങളും അടങ്ങിയ ഭക്ഷണം(ഷഡ് രസപ്രധാനം)ആരോഗ്യം നിലനിര്‍ത്താന്‍ ഏറെ പ്രധാനപ്പെട്ടതാണ്.
സ്പര്‍ശനേന്ദ്രിയം(ത്വക്ക്): രാവിലെയുള്ള കുളി ത്വകിന് പ്രസാദമുണ്ടാക്കുന്നു. വിഷുക്കൈനീട്ടം ഉള്ളം കയ്യില്‍ നല്‍കുമ്പോഴും മുതിര്‍ന്നവരുടെ കാല്‍ക്കല്‍ നമസ്‌കരിക്കുമ്പോഴും സ്പര്‍ശനേന്ദ്രിയം ഉണരുന്നു.
വിഷുക്കഞ്ഞി, വിഷുക്കട്ട
പേരുപോലെതന്നെ ഇവ രണ്ടും വിഷുവിന് പ്രധാനപ്പെട്ടതാണ്. അരിയും പയറും ജീരകവും ചേര്‍ത്തുണ്ടാക്കുന്ന വിഷുക്കഞ്ഞിയും അരിയും തേങ്ങാപ്പാലും ശര്‍ക്കരയും അരച്ചുണ്ടാക്കുന്ന വിഷുക്കട്ടയും സ്വാദിനൊപ്പം ദഹിക്കാനും എളുപ്പമാണ്.
പഞ്ചേന്ദ്രിയങ്ങളെ പ്രസാദിപ്പിക്കുന്നതുവഴി മനസന്തോഷവും ലഭിക്കുന്നു. തിരക്കിട്ട ജീവിതത്തില്‍ വിഷുവെന്ന ഉത്സവം മനസിന് സന്തോഷനല്‍കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള പ്രചോദനവും നല്‍കുന്നു.
(ഡോ.എംഎസ് ഹരികൃഷ്ണന്‍, ഡോ.ജിജി പി.
നാഗാര്‍ജുന ആര്‍എം ഹോസ്പിറ്റല്‍, ബേപ്പൂര്‍)