തിങ്കളാഴ്ച ജന്തര്‍മന്ദറില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: കേന്ദ്രബജറ്റിനെതിരെ ബി.ജെ.പി.യുടെ പോഷകസംഘടനയായ ബി.എം.എസ്. പ്രതിഷേധവുമായി രംഗത്ത്. സാധാരണക്കാരോടും തൊഴിലാളികളോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും നീതിപുലര്‍ത്താത്ത ബജറ്റ് കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാണെന്ന് ബി.എം.എസ്. കുറ്റപ്പെടുത്തി. തിങ്കളാഴ്ച ജന്തര്‍മന്ദറില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സംഘടന തീരുമാനിച്ചിരിക്കയാണ്.
കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാനും സ്വത്ത് നികുതി നിര്‍ത്തലാക്കാനുമുള്ള തീരുമാനം സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാണെന്നതിന് തെളിവാണെന്ന് ബി.എം.എസ്. ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ വേതനം ഉയര്‍ത്തുകയോ ശമ്പളക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ ആദായനികുതി പരിധി ഉയര്‍ത്തുകയോ ചെയ്തില്ല. വിദേശനിക്ഷേപത്തിനും ബഹുരാഷ്ട്ര കമ്പനികള്‍ക്കുംവേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. റെയിലും തുറമുഖവും കടലുമെല്ലാം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തുറന്നുകൊടുക്കാനുള്ള തീരുമാനം ദേശീയസുരക്ഷയെത്തന്നെ ബാധിക്കും.
തൊഴിലാളികളുടെ താത്പര്യത്തിന് വിരുദ്ധമായ നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. നേരത്തേ തൊഴിലാളി സംഘടനകളുമായി നടത്തിയ ബജറ്റ് ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകളൊന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ബി.എം.എസ്. മുന്‍ പ്രസിഡന്റ് അഡ്വ. സജി നാരായണന്‍ പറഞ്ഞു.