സ്വര്‍ണം വാങ്ങാന്‍ തോന്നുമ്പോള്‍ ഇനി ഗോള്‍ഡ് ബോണ്ടില്‍ പണമിറക്കാം

ന്യൂഡല്‍ഹി: ജനങ്ങളുടെ സ്വര്‍ണഭ്രമം മൂലം രാജ്യത്ത് കുന്നുകൂടിയ ടണ്‍ കണക്കിന് സ്വര്‍ണം സാമ്പത്തികമായി പ്രയോജനപ്പെടുത്തുന്നതിനായി ധനമന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചു. പൊന്നക്കൗണ്ടില്‍ സ്വര്‍ണം നിക്ഷേപിക്കുന്നവര്‍ക്ക് ഇനിമുതല്‍ പലിശലഭിക്കും. സ്വര്‍ണക്കടക്കാര്‍ക്കും ഈ അക്കൗണ്ട് പ്രയോജനപ്പെടുത്താം. രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്വര്‍ണ ഇറക്കുമതി കുറയ്ക്കുകയും നിഷ്‌ക്രിയ സ്വര്‍ണം സമ്പദ്വ്യവസ്ഥയ്ക്ക് പ്രയോജനപ്പെടുത്തുകയുമാണ് ലക്ഷ്യം. അതേസമയം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ വ്യത്യാസം വരുത്താന്‍ ധനമന്ത്രി തയ്യാറായില്ല.
ലോകത്ത് സ്വര്‍ണത്തെ ഏറ്റവുമധികം സ്‌നേഹിക്കുന്ന ജനത ഭാരതീയരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗോള സ്വര്‍ണ ഉപഭോക്താക്കളില്‍ 30 ശതമാനവും ഇന്ത്യക്കാരാണ്. വര്‍ഷം 800-1000 ടണ്‍ സ്വര്‍ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. 20,000 ടണ്‍ സ്വര്‍ണമാണ് വീടുകളില്‍ വെറുതെ ഇരിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനവും കേരളത്തിലാണ്. കേരളത്തിലെ മൂന്ന് പ്രമുഖ സ്വര്‍ണ പണയസ്ഥാപനത്തില്‍ മാത്രമായി 200 ടണ്‍ സ്വര്‍ണനിക്ഷേപമുണ്ട്.
'ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം' എന്ന പുതിയ പദ്ധതി ബാങ്കുകള്‍ക്കും സ്വര്‍ണ ഇടപാടുകാര്‍ക്കും പ്രയോജനപ്പെടുത്താം. നിലവിലുള്ള സ്വര്‍ണനിക്ഷേപ പദ്ധതി, സ്വര്‍ണവായ്പാ പദ്ധതി എന്നിവയ്ക്ക് പകരമാണിത്. സാമ്പത്തിക ആസ്തി എന്ന നിലയിലേക്ക് സ്വര്‍ണത്തെ മാറ്റാനും ബജറ്റില്‍ ശ്രമമുണ്ട്. ജനങ്ങളുടെ സ്വര്‍ണഭ്രമം കുറയ്ക്കാന്‍ പൊന്നിന് പകരം ഗോള്‍ഡ് ബോണ്ട് പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇനിമുതല്‍ സ്വര്‍ണം വാങ്ങണമെന്ന് തോന്നുമ്പോള്‍ ഈ ബോണ്ടില്‍ പണം മുടക്കാം. അതിന് അന്നുമുതല്‍ പലിശലഭിക്കും. ബോണ്ട് പണമാക്കിമാറ്റുമ്പോള്‍ അന്നത്തെ വിപണിവിലയും കിട്ടും.
അശോകചക്ര മുദ്രയുള്ള സ്വര്‍ണനാണയവും സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. വിദേശനിര്‍മിത സ്വര്‍ണനാണയങ്ങളുടെ വില്‍പ്പന നിരുത്സാഹപ്പെടുത്താനും പഴയ സ്വര്‍ണം പുതുക്കാനും ഇതിലൂടെ കഴിയുമെന്ന് ബജറ്റവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
നിലവിലുള്ള ആഭ്യന്തര സ്വര്‍ണത്തിന്റെ പര്യയനം വര്‍ധിപ്പിക്കാനുള്ള ധനമന്തിയുടെ ശ്രമം സ്വര്‍ണ ഇറക്കുമതിച്ചെലവ് കുറയ്ക്കുമെന്നാണ് കരുതുന്നത്. ഇത് രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മിയും വ്യാപാരക്കമ്മിയും കുറയ്ക്കും.