പുതിയ പദ്ധതി നിഷിലൊതുങ്ങി
വിദേശ വായ്പയോടെ പദ്ധതികള്‍
കൊച്ചി തുറമുഖത്തെ തഴഞ്ഞു
വിഴിഞ്ഞത്തെക്കുറിച്ച് മൗനം

ന്യൂഡല്‍ഹി: ബജറ്റില്‍ കേരളത്തിനുള്ള പദ്ധതി തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങി(നിഷ്)നെ കേന്ദ്രസര്‍വകലാശാലയായി ഉയര്‍ത്തുന്നതില്‍ മാത്രമൊതുങ്ങി. സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയ്ക്ക് 599.08 കോടി രൂപ വകയിരുത്തിയത് കേരളത്തിന് നേട്ടമായി.
അതേസമയം, നടപ്പുവര്‍ഷത്തേക്കാള്‍ 5,200 കോടിയോളം രൂപയുടെ കേന്ദ്രനികുതി കേരളത്തിന് വകയിരുത്തി. കേന്ദ്ര നികുതിയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 42 ശതമാനമായി ഉയര്‍ത്തിയ ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ അംഗീകരിച്ചതാണ് വന്‍ വര്‍ധനയ്ക്ക് കാരണം.
നടപ്പുവര്‍ഷം 7926.29 കോടി രൂപയുടെ കേന്ദ്ര നികുതിയാണ് കേരളത്തിന് ലഭിക്കുക. ഇത് അടുത്ത സാമ്പത്തികവര്‍ഷം 13121.77 കോടി രൂപയായി വര്‍ധിക്കും. കോര്‍പ്പറേറ്റ് നികുതി - 4354.92 കോടി രൂപ, ആദായനികുതി - 3215.18 കോടി, കസ്റ്റംസ് നികുതി - 2021.37 കോടി, കേന്ദ്ര എക്‌സൈസ് നികുതി - 1314.63 കോടി, സേവന നികുതി - 2215.80 കോടി രൂപ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് കേരളത്തിനുള്ള കേന്ദ്രനികുതി വിഹിതം.
കഴിഞ്ഞ ബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് അനുവദിച്ചത് 462.17 കോടി രൂപയായിരുന്നു. ഇത്തവണ അറുനൂറു കോടിയോളം രൂപ അനുവദിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ നിക്ഷേപമായി 273.80 കോടി രൂപയും വായ്പയിനത്തില്‍ 264.64 കോടി രൂപയും സബോഡിനേറ്റ് കടവിഹിതമായി 60.64 കോടി രൂപയും ചേര്‍ന്നതാണ് കൊച്ചി മെട്രോയ്ക്ക് ലഭിച്ച 599.08 കോടി രൂപ.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ഇത്തവണ നിക്ഷേപത്തുക വകയിരുത്തിയിട്ടില്ല. പകരം വിവിധ പദ്ധതികള്‍ക്കായി മൂന്നുകോടി രൂപ നീക്കിവെച്ചു. കഴിഞ്ഞ ബജറ്റില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 17.84 കോടി രൂപ അനുവദിച്ചിരുന്നു. നാളികേര വികസന ബോര്‍ഡ്, എച്ച്.എം.ടി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവയ്ക്കും ഇത്തവണ കേന്ദ്രവിഹിതമില്ല. വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ബജറ്റ് മൗനം പാലിച്ചു. തെങ്ങുകൃഷിയുടെ പുനരുജ്ജീവനത്തിനായി കേരളം വിഹിതം ചോദിച്ചെങ്കിലും ഒന്നും അനുവദിച്ചിട്ടില്ല.
ബജറ്റിലെ മറ്റു നിര്‍ദേശങ്ങള്‍ ഇങ്ങനെ:
ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ് - 10 കോടി രൂപ
എഫ്.എ.സി.ടി. - 34.99 കോടി
കൊച്ചി പ്രത്യേക സാമ്പത്തികമേഖല - 6.38 കോടി
കൊച്ചി കപ്പല്‍ശാല - 40 കോടി രൂപ
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്‌സ് - 17.10 കോടി രൂപ
വി.എസ്.എസ്.സി - 1,029 കോടി രൂപ
എല്‍.പി.എസ്.സി - 309 കോടി രൂപ
വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി- 151 കോടി
കാര്യവട്ടം ലക്ഷ്മിഭായ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് - 35 കോടി
നാളികേര - പന ഇന്‍ഷുറന്‍സ് പദ്ധതി - ഒരു കോടി
ഇന്ത്യന്‍ റെയര്‍ എര്‍ത്സ് ലിമിറ്റഡ് - 65.14 കോടി
ടീ ബോര്‍ഡ് - 116.98 കോടി
റബ്ബര്‍ ബോര്‍ഡ് - 161.75 കോടി
കോഫി ബോര്‍ഡ് - 136.54 കോടി
സുഗന്ധവ്യഞ്ജന ബോര്‍ഡ് - 95.35 കോടി
കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സില്‍ - നാലു കോടി
കയര്‍ ബോര്‍ഡും അനുബന്ധ കയര്‍ വ്യവസായങ്ങളും - 71.23 കോടി
കൊച്ചി സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി - 120 കോടി
ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന് 850 കോടി രൂപ അനുവദിച്ചതും കേരളത്തിന് ഗുണകരമാവും. ബജറ്റ് വിഹിതമായി അമ്പതു കോടി രൂപയും അധികബജറ്റ് വിഭവങ്ങളില്‍ നിന്ന് 800 കോടി രൂപയും ചേര്‍ത്തുള്ളതാണ് ഈ തുക.
കായംകുളം ഉള്‍പ്പെടെയുള്ള താപനിലയങ്ങള്‍ക്കായി - 23,000 കോടി രൂപയും, തിരുവനന്തപുരത്തെ ഉള്‍പ്പെടെയുള്ള ഐസറിനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിനും കൂടി 879.09 കോടിയും വകയിരുത്തിയിട്ടുണ്ട്.
വിദേശവായ്പാസഹായത്തോടെ കേരളത്തിലെ ആറ്് പദ്ധതികള്‍ക്കും ബജറ്റില്‍ തുക നീക്കിവെച്ചു. സുസ്ഥിര വികസന പദ്ധതിക്ക് 168.40 ദശലക്ഷം ഡോളര്‍, സംസ്ഥാന റോഡ് ഗതാഗത പദ്ധതിയുടെ രണ്ടാംഘട്ടത്തിന് 216 ദശലക്ഷം ഡോളര്‍, ജലവിതരണ പദ്ധതി രണ്ടാംഘട്ടത്തിന് 11,488 ദശലക്ഷം ജപ്പാനീസ് യെന്‍, മൂന്നാംഘട്ടത്തിന് 1,239 ജപ്പാനീസ് യെന്‍ എന്നിങ്ങനെ സഹായധനം വകയിരുത്തി. പ്രാദേശിക സേവന പദ്ധതികള്‍ക്ക് 1,110 കോടി രൂപയും ഗ്രാമീണ ശുദ്ധജലവിതരണ-ശുചീകരണ പദ്ധതികള്‍ക്ക് 849.46 കോടി രൂപയും കേരളത്തിനായി നീക്കിവെച്ചു.