വ്യവസായ, വാണിജ്യ ലോകത്തിന് ആഹ്ലാദം

Posted on: 01 Mar 2015

മുംബൈ: അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി സാമ്പത്തികവളര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്ന നടപടികളെന്ന് വിശേഷിപ്പിച്ച് എന്‍.ഡി.എ. സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിനെ വ്യവസായ വാണിജ്യലോകം സ്വാഗതംചെയ്തു.

സ്വത്തുനികുതി ഇല്ലാതാക്കല്‍, അടുത്തവര്‍ഷം ഏപ്രിലില്‍ തുടങ്ങി നാലുകൊല്ലംകൊണ്ട് കോര്‍പ്പറേറ്റ് നികുതി അഞ്ചുശതമാനം കുറയ്ക്കല്‍, കള്ളപ്പണം നിയന്ത്രിക്കാന്‍ കടുത്ത നടപടികള്‍, അടിസ്ഥാനസൗകര്യ വികസനത്തിന് 70,000 കോടിയുടെ പ്രത്യേകഫണ്ട്, തൊഴില്‍വൈദഗ്ധ്യ വികസനത്തിനും വിദ്യാഭ്യാസത്തിനും ഊന്നല്‍ എന്നിങ്ങനെ വ്യവസായവളര്‍ച്ചയ്ക്കും നിക്ഷേപവര്‍ധനയ്ക്കും അന്തരീക്ഷമൊരുക്കുന്നതാണ് ബജറ്റ് നിര്‍ദേശങ്ങളെന്ന് ഇവര്‍ വിലയിരുത്തുന്നു.

നികുതിഘടന യുക്തിസഹമാക്കുന്നതിനുള്ള നടപടികളും വളര്‍ച്ചയ്ക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്താനുമുള്ള നടപടികളുമുള്ളതാണ് ബജറ്റ്. ഒപ്പം ധനവിനിയോഗത്തില്‍ അതീവശ്രദ്ധയും അടിസ്ഥാന സൗകര്യവികസനത്തിലൂടെ വര്‍ധിത വളര്‍ച്ചയ്ക്കും അടിസ്ഥാനമിടുന്നതാണെന്ന് ഐ.സി.ഐ.സി.ഐ. ബാങ്ക് എം.ഡി. ചന്ദ കൊച്ചാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ നികുതിവരുമാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം അനുവദിച്ചതിനെ ഇവര്‍ എടുത്തുപറഞ്ഞു.

പുരോഗമന സ്വഭാവമുള്ളതും കൃഷിയെയും അടിസ്ഥാനസൗകര്യ വികസനത്തെയും ഭവനനിര്‍മാണം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളെയും പ്രോത്സാഹിപ്പിക്കുന്ന, ദരിദ്രര്‍ക്കനുകൂലമായ ബജറ്റെന്നാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ ചെയര്‍മാന്‍ ടി.എം. ഭാസിന്റെ അഭിപ്രായം. രാജ്യത്തെ 1,54,000-ത്തോളം വരുന്ന പോസ്റ്റോഫീസുകളെ ബാങ്കിങ് ശൃംഖലയിലെ പണവിതരണകേന്ദ്രമാക്കി മാറ്റാനുള്ള നീക്കവും സ്വാഗതം ചെയ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തികവളര്‍ച്ച ത്വരപ്പെടുത്താനും വളര്‍ച്ച ലക്ഷ്യമിട്ട ഈ ബജറ്റുകൊണ്ട് കഴിയുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പ്രസിഡന്റ് അജയ് ശ്രീറാം അഭിപ്രായപ്പെട്ടു.

പത്തില്‍ ഒമ്പത് മാര്‍ക്കും ബജറ്റിന് നല്‍കുമെന്നാണ് ബജാജ് ഓട്ടോയുടെ അധ്യക്ഷന്‍ രാഹുല്‍ ബജാജ് പറഞ്ഞത്.
റോഡ്, ഊര്‍ജ ഉത്പാദനം, തുറമുഖ വികസനം, ഭവനനിര്‍മാണം എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ബജറ്റിന്റെ വളര്‍ച്ചാസമീപനത്തിന്റെ കാതല്‍. അഞ്ച് വന്‍കിട വൈദ്യുതോത്പാദന പദ്ധതികള്‍ ബജറ്റ് വിഭാവനംചെയ്യുന്നു. 20,000 മെഗാവാട്ടിന്റെ ഒരുലക്ഷം കോടി നിക്ഷേപത്തിനുള്ള സാധ്യതകളാണ് ഇത്. എല്ലാ അനുമതിയും ലഭിച്ചാല്‍ പദ്ധതി നടപ്പാക്കലും നടത്തിക്കൊണ്ടുപോകലും മാത്രമാണ് കമ്പനികളുടെ ഉത്തരവാദിത്വം. മറ്റെല്ലാ ഗ്യാരണ്ടികളും സര്‍ക്കാര്‍ നല്‍കും. പവര്‍ ഫിനാന്‍സ് കമ്പനികള്‍ക്കും ഇന്‍ഫ്രാ പവര്‍ കമ്പനികള്‍ക്കും ഏറെ സാധ്യത നല്‍കുന്നതാണ് ഈ നിര്‍ദേശം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്‍, സ്വകാര്യ മേഖലയിലെ സീമെന്‍സ്, എല്‍ ആന്‍ഡ് ടി, ബി.ജി.ആര്‍ എനര്‍ജി, ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനുള്ള റിലയന്‍സ് ഇന്‍ഫ്രാ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഈ നികുതിനിര്‍ദേശം നേട്ടമാകും.

ഒരുലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മിക്കാനുള്ള നിര്‍ദേശവും പൊതു-സ്വകാര്യപങ്കാളിത്ത മാതൃകയില്‍ സര്‍ക്കാര്‍ വരുത്തുന്ന പുതിയ മാറ്റങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കും ഏറെ ഗുണകരമാകും.



 

ga