യുവാക്കളുടെ പ്രോത്സാഹനത്തിന് പ്രത്യേക പദ്ധതികള്‍

Posted on: 28 Feb 2015


ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യയുടെ 54 ശതമാനം വരുന്ന യുവാക്കളുടെ പ്രോത്സാഹനത്തിനായി വിവിധ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ദേശീയ പ്രാവീണ്യ യജ്ഞം എന്ന പേരില്‍ വിവിധ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഏകോപിപ്പിക്കാനുമുള്ള പദ്ധതിയാണ് അതില്‍ പ്രധാനം.

സംസ്ഥാനങ്ങളിലെ അതാത് വകുപ്പുകളെ ഏകോപിപ്പിച്ച് 31 പ്രാവീണ മേഖകളിലെ വികാസമാണ് ലക്ഷ്യം. യുവാക്കളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കാനും വിവിധ തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്.

കൂടാതെ ഗ്രാമീണയുവാക്കളുടെ തൊഴിലുറപ്പിനായി രൂപവത്കരിച്ച ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജനയ്ക്ക് 1500 കോടി രൂപയാണ് വിലയിരുത്തിയിരിക്കുന്നത്. എല്ലാമാസവും ഒരു നിശ്ചിതതുക യുവാക്കളുടെ തൊഴിലുറപ്പ് ധനമായി അവരുടെ ബാങ്ക് അക്കൗണ്ടകളിലെത്തും.

കൂടാതെ കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചു. ബിഹാറിന് എയിംസിന് സമാനമായൊരു ഇന്‍സ്റ്റിട്ട്യൂട്ടും അനുവദിച്ചിട്ടുണ്ട്. കര്‍ണാടകയ്ക്ക് പുതിയ ഐ.ഐ.ടി ലഭിച്ചു. അരുണാചല്‍പ്രദേശില്‍ പുതിയ അനിമേഷന്‍ ഇന്‍സ്റ്റിട്ട്യൂട്ടും അനുവദിച്ചിട്ടുണ്ട്.



 

ga