ആദായ നികുതി പരിധി ഉയര്‍ത്തിയില്ല: ചെറിയ ഇളവുകള്‍മാത്രം

Posted on: 28 Feb 2015


ന്യൂഡല്‍ഹി: ശമ്പളവരുമാനക്കാര്‍ പ്രതീക്ഷിച്ചെങ്കിലും ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആദായ നികുതി പരിധി ഉയര്‍ത്തിയില്ല. ആരോഗ്യ ഇന്‍ഷുറന്‍സ്, ഗതാഗത ആനുകൂല്യം എന്നിവയുടെ പരിധി ഉയര്‍ത്തി ചെറിയ ആശ്വാസം നല്‍കാനും അദ്ദേഹം മറിന്നില്ല.

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രകാരമുള്ള നികുതിയിളവ് പരിധി 15,000ല്‍നിന്ന് 25,000 ആക്കിയാണ് ഉയര്‍ത്തിയത്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവ് 20,000ല്‍നിന്ന് 30,000വുമാക്കി. 80 വയസ്സിന് മുകളിലുള്ള 'സൂപ്പര്‍ സീനിയര്‍' വ്യക്തികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സൗകര്യമില്ലാത്തതിനാല്‍ ഇവരുടെ ചെലവിനത്തില്‍ 30,000 രൂപയ്ക്കും ഇളവ് ലഭിക്കും.

പ്രത്യേകം അസുഖങ്ങളുളള മുതിര്‍ന്ന പൗരന്മാരായ നികുതിദായകര്‍ക്ക് നല്‍കിയിരുന്ന(80ഡിഡിബി)നികുതിയിളവിന്റെ പരിധി 60,000ല്‍നിന്ന് 80,000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ചിരുന്ന 50,000 രൂപയുടെ ഇളവ് 75,000 രൂപയാക്കി.

പെന്‍ഷന്‍ ഫണ്ടിലേയ്ക്കും ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്കും അടയ്ക്കുന്ന തുകയ്ക്കുള്ള നികുതിയിളവ് 1.5 ലക്ഷമാക്കി വര്‍ധിപ്പിച്ചു. നിലവില്‍ ഒരു ലക്ഷം രൂപയ്ക്കാണ് നികുതിയിളവ് ലഭിച്ചിരുന്നത്. 80 സി വിഭാഗത്തിലെ നികുതിയിളവിലാണ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സുകന്യ സമൃദ്ധി പദ്ധതിയല്‍ നിക്ഷേപിക്കുന്നവര്‍ക്ക് 80 സി വിഭാഗത്തില്‍പെടുത്തി നികുതിയിളവിന് ബജറ്റില്‍ അര്‍ഹതനല്‍കിയിട്ടുണ്ട്.

നികുതിയിളവ് ഇങ്ങനെ:

80സി പ്രകാരമുള്ള നിക്ഷേപങ്ങള്‍ക്ക് : 1.50 ലക്ഷം (മാറ്റമില്ല)
80സിസിഡി(പെന്‍ഷന്‍ ഫണ്ട്, എന്‍പിഎസ്): 50,000
ഭവനവായ്പ്: 2 ലക്ഷം (നേരത്തേതില്‍നിന്ന് മാറ്റമില്ല)
ആരോഗ്യ ഇന്‍ഷുറന്‍സ്: 25,000
ഗതാഗത അലവന്‍സ്: 19,200
മൊത്തം: 4,44,200 രൂപ



 

ga