ന്യൂഡല്‍ഹി: രാജത്തിനകത്തും പുറത്തും പൂഴ്ത്തുന്ന കള്ളപ്പണം പിടിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കുന്ന വിധത്തില്‍ പുതിയൊരു ബില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു.
കൂടാതെ വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ധനം തിരിച്ചുകൊണ്ടുവരാനുള്ള നിയമനടപടികള്‍ ശക്തിപ്പെടുത്തുന്ന വിധത്തില്‍ ബില്ലില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കും. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകഘടകമാണ് കള്ളപ്പണത്തിന്റെ ഒഴുക്ക്. അതുതടയുന്ന കാര്യം സര്‍ക്കാര്‍ അടിയന്തരപ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നത്.
നികുതി അടയ്‌ക്കേണ്ടവര്‍ അടയ്ക്കാതിരുന്ന് പിടിക്കപ്പെട്ടാല്‍ ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഒരുലക്ഷത്തിന് മേലെയുള്ള ഏതൊരു ധനമിടപാടിനും പാന്‍ കാര്‍ഡ് ബാധകമാക്കും. പുതുതായി തുടങ്ങുന്ന വിദേശ അക്കൗണ്ടുകളുടെ തുടക്കം മുതലുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പിന് നല്‍കുന്ന രേഖകളില്‍ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണമെന്ന വ്യവസ്ഥയും പുതിയ നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തും.