ന്യൂഡല്‍ഹി: നാണ്യപ്പെരുപ്പ താഴ്ചയുടെയും എണ്ണവിലക്കുറവിന്റെയും അന്തരീക്ഷത്തില്‍ സാമ്പത്തിക വളര്‍ച്ചയുടെ കാഴ്ചപ്പാടുമായാണ് 2015-16-ലേക്കുള്ള പൊതുബജറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 17,77,437 കോടി രൂപ മൊത്ത വരുമാനവും 5,55,649 കോടി രൂപ (3.9 ശതമാനം) ധനക്കമ്മിയും ചൂണ്ടിക്കാണിക്കുന്ന ബജറ്റ് വ്യക്തികളുടെ ആദായനികുതി നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.
അടുത്ത നാലുവര്‍ഷംകൊണ്ട് കോര്‍പ്പറേറ്റ് നികുതി നിലവിലുള്ള 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി കുറയ്ക്കുമെന്ന് പറയുന്നു. സേവനനികുതി 12.36 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ത്തുകയും പുതിയ ഏതാനും സേവനങ്ങളെക്കൂടി അതിന്റെ പരിധിയിലേക്ക് കൊണ്ടുവരികയും ചെയ്തിരിക്കുന്നു. അതിസമ്പന്നര്‍ക്ക് രണ്ട് ശതമാനം സര്‍ചാര്‍ജ് നിര്‍ദേശിച്ചിട്ടുണ്ട്.
കോര്‍പ്പറേറ്റ് നികുതി അഞ്ചുശതമാനം കുറയ്ക്കുമ്പോള്‍ അതിസമ്പന്നര്‍ക്ക് ഇളവുകളോ ആനുകൂല്യങ്ങളോ നല്‍കുകയില്ലെന്ന് ബജറ്റ് പ്രസംഗത്തില്‍ ജെയ്റ്റ്‌ലി പറഞ്ഞു. മൊത്ത ആഭ്യന്തര ഉത്പാദനം 7.4 ശതമാനംവരെ ഉയരുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക പരിപാടികളില്‍ സംസ്ഥാനങ്ങളെ പങ്കാളികളാക്കുന്നതിനും ചില പദ്ധതികള്‍ പ്രഖ്യാപിച്ചു.
12 രൂപ പ്രീമിയമടച്ചാല്‍ രണ്ടുലക്ഷം രൂപ അപകടമരണത്തിന് ലഭിക്കുന്ന പ്രധാനമന്ത്രി സുരക്ഷാ ഭീമായോജന, സര്‍ക്കാര്‍ 50 ശതമാനം പ്രീമിയം നല്‍കുന്ന അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി ജീവന്‍ജ്യോതി ഭീമാ യോജന തുടങ്ങിയ സാമൂഹികനീതി ഇന്‍ഷുറന്‍സ് പദ്ധതികളും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ക്ഷേമനിധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ത്രീസുരക്ഷാ പദ്ധതിക്കായുള്ള നിര്‍ഭയ ഫണ്ടിലേക്ക് 1,000 കോടി രൂപ ബജറ്റ് നീക്കിവെച്ചിട്ടുണ്ട്. കള്ളപ്പണം തടയുന്നതിനുള്ള നിയമം കൊണ്ടുവരും. വിദേശത്തുള്ള സ്വത്തും പണവും മറച്ചുവെക്കുന്നത് ശിക്ഷാര്‍ഹമാക്കും. നികുതി ഭരണസംവിധാനം മെച്ചപ്പെടുത്തുമെന്നും നികുതി തര്‍ക്കങ്ങള്‍ കുറയ്ക്കാന്‍ സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേലുള്ള നികുതി ഇളവ് പരിധി 15,000-ത്തില്‍ നിന്ന് 25,000 വരെ രൂപയാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവ് 20,000 മുതല്‍ 30,000 വരെയും ആക്കി.