ചരക്ക്-സേവന നികുതി അടുത്ത കൊല്ലം

ന്യൂഡല്‍ഹി: ഏഴുകൊല്ലം മുമ്പ് യു. പി.എ. സര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യക്ഷനികുതി ചട്ടം ഉപേക്ഷിക്കാന്‍ എന്‍.ഡി.എ. സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
അതേസമയം, ചരക്കുസേവന നികുതി അടുത്തകൊല്ലം ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സെസ്സും ഹയര്‍സെക്കന്‍!ഡറി വിദ്യാഭ്യാസ സെസ്സും കേന്ദ്ര എക്‌സൈസ് തീരുവയുടെ ഭാഗമാക്കി. ഇവകൂടി ഉള്‍പ്പെടുത്തുമ്പോള്‍ കേന്ദ്ര എക്‌സൈസ് തീരുവ 12.36 ശതമാനത്തില്‍നിന്ന് 12.5 ശതമാനമാകും.
അഞ്ച് ദശാബ്ദം പഴക്കമുള്ള ആദായനികുതിക്ക് പകരമായാണ് പ്രത്യക്ഷനികുതി ചട്ടങ്ങള്‍ 2008-ല്‍ യു.പി.എ. സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്. നികുതി നല്‍കുന്നത് സ്വമേധയാ ആക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കുറച്ചുകൊണ്ടുവരുന്നതിനും വേണ്ടിയായിരുന്നു ഇത്. പാര്‍ലമെന്റ് സ്ഥിരംസമിതി അംഗീകരിച്ചതിനെത്തുടര്‍ന്ന് കരട് ബില്‍ കഴിഞ്ഞകൊല്ലം ഏപ്രിലില്‍ അവതരിപ്പിച്ചിരുന്നു.
ഇതുപ്രകാരമുള്ള നിര്‍ദേശങ്ങളില്‍ പലതും ആദായനികുതി നിയമത്തില്‍ ഉള്‍പ്പെടുത്തുകയും മറ്റുള്ളവ ഇക്കൊല്ലത്തെ ബജറ്റിന്റെ ഭാഗമാകുകയും ചെയ്ത സാഹചര്യത്തില്‍ പ്രത്യക്ഷനികുതി ചട്ടങ്ങള്‍ വേണ്ടെന്നാണ് ധനമന്ത്രിയുടെ അഭിപ്രായം.
പരോക്ഷനികുതി സംവിധാനമായ ചരക്കുസേവനനികുതി വളര്‍ച്ചയുടെ ആക്കംകൂട്ടുമെന്നും പൊതുവായ ഇന്ത്യന്‍കമ്പോളം തുടങ്ങാന്‍ അവസരമൊരുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ചരക്കുസേവന നികുതി നടപ്പാക്കിക്കൊണ്ടുള്ള 122-ാമത് ഭരണഘടനാ ഭേദഗതി ബില്‍ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. നടപ്പ് സമ്മേളനത്തില്‍ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കും.
ന്യൂഡല്‍ഹി: ഭക്ഷ്യ, വളം, ഇന്ധന സബ്‌സിഡികളില്‍ പത്തു ശതമാനത്തിന്റെ കുറവു വരുത്തി. 2015-16 കാലത്തേക്ക് 2.27 ലക്ഷം കോടി രൂപയാണ് സബ്‌സിഡി ബില്ലില്‍ കുറവുവരുത്തിയത്.
ഇക്കാലയളവിലേക്ക് ഭക്ഷ്യ സബ്‌സിഡിക്ക് 1.24 ലക്ഷം കോടി നീക്കിവെച്ചിട്ടുണ്ട്. ഇതില്‍ 65000 കോടിരൂപ ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുന്നതിന് വേണ്ടിയാണ്.
വളം സബ്‌സിഡി 72,968.56 കോടി രൂപയാണ്. 38,200 കോടി രൂപ ആഭ്യന്തര യൂറിയക്കും 12,300 കോടി ഇറക്കുമതിചെയ്ത യൂറിയക്കുമാണ്. ബാക്കിയുള്ള 22,468.56 കോടി രൂപ മറ്റ് വളങ്ങള്‍ക്കും.
ഇന്ധന സബ്‌സിഡി 60,270 കോടിയില്‍നിന്ന് 30,000 കോടി രൂപയോളം കുറച്ചു. ഇതില്‍ 22,000 കോടി പാചകവാതക സബ്‌സിഡിക്കും ബാക്കി മണ്ണെണ്ണയ്ക്കുമാണ്.