എല്ലാവര്‍ക്കും പെന്‍ഷന്‍; പാവപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ്
എം.കെ. അജിത് കുമാര്‍
Posted on: 01 Mar 2015
ന്യൂഡല്‍ഹി: പാവപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് നല്‍കിയ 'ജന്‍ധന്‍ പദ്ധതി'യുടെ വിജയത്തിന് തുടര്‍ച്ചയായി എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കുന്നതിനുള്ള പുതിയ സാമൂഹികസുരക്ഷാ പദ്ധതി തുടങ്ങുന്നു. നിര്‍ധന വിഭാഗങ്ങളെ ഉദ്ദേശിച്ചാണിതെന്ന് മന്ത്രി ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന, അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജന എന്നിവയാണ് പുതിയ പദ്ധതികള്‍.
പാവപ്പെട്ട എല്ലാവര്‍ക്കും രണ്ടുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് നല്‍കുന്നതാണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന. ഒരുകൊല്ലം 12 രൂപയാണ് പ്രീമിയം.
അടല്‍ പെന്‍ഷന്‍ പദ്ധതിയിലൂടെ എല്ലാവര്‍ക്കും നിശ്ചിതപെന്‍ഷന്‍ ഉറപ്പാക്കും. ഇക്കൊല്ലം ഡിസംബര്‍ 15ന് മുമ്പ് പദ്ധതിയില്‍ ചേരുന്നവരുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ പകുതി തുക, പരമാവധി 1000 രൂപവരെ, സര്‍ക്കാര്‍ നല്‍കും. അഞ്ചുവര്‍ഷത്തേക്ക് ഇത്തരത്തില്‍ 1000 രൂപ അടയ്ക്കും.
സ്വാഭാവികമരണമോ അപകടമരണമോ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയാണ് പ്രധാനമന്ത്രി ജീവന്‍ജ്യോതി ഭീമ യോജനയുടെ ലക്ഷ്യം. ഇന്‍ഷുറന്‍സ് തുക രണ്ടുലക്ഷം രൂപ. പ്രീമിയം ഒരുവര്‍ഷത്തില്‍ 330 രൂപ. 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം.