പൂരം ബേജാര്‍

പി.എസ്. ഷാഹിന്‍ Posted on: 29 Apr 2015

പൂരാഘോഷത്തിരക്കിനിടയില്‍ തൃശ്ശൂരില്‍നിന്നു കേട്ട കച്ചവടക്കാരന്റെ ആത്മഗതം



ന്റെ കര്‍ത്താവേ, മ്മള് കച്ചോടക്കാര്‍ക്ക് ഇത്തവണേം ആ രണ്ടു ഭീഷണി മഴവീഴുമോന്നും മദ്യം വീഴ്ത്തില്ലെന്നും... ഈ രണ്ട് 'മ'തന്നെ കഴിഞ്ഞ പൂരത്തിന് മ്മടെ കച്ചോടം അലമ്പാക്കിയത്. ഒരു 'മ' താഴേക്കുവീണ് ചതിച്ചു. മറ്റൊരു 'മ' മേലേക്കു പറക്കാന്‍ ചാന്‍സ് കളഞ്ഞും. അതോടെ അന്ന് ബിസിനസ് മറ്റൊരു 'മ'യില്‍ ആയി മാന്ദ്യം. എന്നും ഉത്സവം ഉഷാറാവണം. അതുപോലെയാവേണ്ടേ കച്ചോടവും. ഈ റൗണ്ട് വട്ടത്തിലെത്തുന്ന നാനാജാതിക്കും അതല്ലേ ഇഷ്ടം, എന്റിഷ്ടാ.

കളക്ടര്‍ ദേ ഉത്തരവിട്ടിരിക്കുന്നു: പൂരക്കാലത്ത് നഗരസഭയില്‍ ഒറ്റ ബീര്‍ പാര്‍ലറും (ബാറില്ലാത്തതിനാല്‍) ബിവറേജസ് ശാലയും തുറക്കരുത്. കഴിഞ്ഞതവണയും ഉത്തരവുണ്ടായിരുന്നു. അതുപക്ഷേ, ലോക്‌സഭാതിരഞ്ഞെടുപ്പുകാലമായിരുന്നേ. പാവപ്പെട്ട മദ്യമുതലാളിമാര് കോടതിയിലൊക്കെ പോയെങ്കിലും വിധി എതിരായി(വിധിവൈപരീത്യം!). നഷ്ടമായത് എത്രകോടിയോ.

ഇനി മഴ, അത് മ്മക്ക് ആവശ്യമുള്ളപ്പോമാത്രം താഴേക്കുവീണാമതീന്ന്. ഈ മീനമേട ചൂടുമാസക്കാലത്ത് പൂരസമയത്തുതന്നെ ഇങ്ങട്ട് പോരണോ. അത് മ്മള് മനുഷ്യര്മാത്രം വിചാരിച്ചാ നടക്കണ കാര്യല്ലല്ലോ. മാനത്തെ കാര്യം മാനത്തിനും പിന്നെ ഈശോയ്ക്കും മാത്രമേ അറിയൂ. അന്തരീക്ഷച്ചുഴിമൂലം ഇത്തവണ വേനല്‍മഴ കനക്കുമെന്നത്രേ ശാസ്ത്രം. ഇതിങ്ങനെ താഴോട്ടുവീണുകൊണ്ടിരുന്നാല്‍ കച്ചോടക്കാര്‍ക്ക് എല്ലാം പൂട്ടി കുടുമ്മത്തിരിക്കാനേ നിവൃത്തിയുള്ളൂ. കഴിഞ്ഞതവണ മഴ വലിയൊരു ചതിയായിരുന്നേ. എടയ്‌ക്കെടയ്ക്ക് വീണു, മൂടിക്കെട്ടിനിന്നു. ആളോള് സ്‌പോട്ട് വിടും, വരും. മ്മള് സാധനങ്ങള് കെട്ടിയൊതുക്കും, ഷട്ടറിടും... അതായത് കഴിഞ്ഞകൊല്ലം ആകെ മൊത്തം ടോട്ടല്‍ ബിസിനസ് ഡള്ളായി. ഇത്തവണയും മഴകൂടിയെത്തിയാല്‍ ന്റെ പുണ്യാളന്മാരെ... 'രണ്ട് ഡൈനയങ്ങട് പൊട്ടിക്ക്, മേഘങ്ങള് പേടിച്ചോടും' എന്ന് മ്മടെ തൃശ്ശൂര് ശൈലിയില്‍ പറഞ്ഞിട്ട് കാര്യമൊന്നുമില്ലല്ലോ.

വാലമിട്ട്: കുടമാറ്റത്തിന്റെ തിരക്കില്‍ സൂചിയിട്ടാല്‍ നിലത്തുവീഴില്ല. അതിനുമുമ്പേ തൃശ്ശൂര് ക്രിസ്ത്യാനി സൂചി പിടിച്ചെടുത്ത് പട്ടാളം മാര്‍ക്കറ്റില്‍ കച്ചോടമാക്കുമത്രെ.
 



pooram 2015

 

ga
pooram 2014