ഇങ്ങനെ കാണണം കേള്‍ക്കണം പൂരം

Posted on: 02 May 2012

36 മണിക്കൂര്‍ നീളുന്ന തൃശ്ശൂര്‍ പൂരം മുഴുവന്‍ ഒരു പൂരംകൊണ്ട് കണ്ടുതീര്‍ക്കാന്‍ കഴിയില്ല. ഒരേസമയം പല കാഴ്ചകളും കേള്‍വികളും
പലയിടങ്ങളില്‍ നിറയുമ്പോള്‍ തിരഞ്ഞെടുപ്പ് അനിവാര്യമാകും. എങ്കിലും പ്രധാനപ്പെട്ട എല്ലാം കണ്ടും കേട്ടും ഇങ്ങനെ പൂരം കാണാം.



തിരുവമ്പാടിയുടെ ഒരുക്കം - 6.00

തട്ടകത്തിന്റെ പ്രാര്‍ത്ഥനകള്‍ക്കും ആരാധനകള്‍ക്കും നടുവില്‍ തിടമ്പേറ്റാനായി ഒരു കൊമ്പന്‍ അണിഞ്ഞൊരുങ്ങുന്നത് എത്ര ചേതോഹരമായ കാഴ്ചയാണ്. രാവിലെ ആറു മണിയോടെ തിരുവമ്പാടി അമ്പലത്തിലേക്കിറങ്ങിയാല്‍ അത് കാണാം. ഒരു നവവധു ഒരുങ്ങുന്നതിനേക്കാള്‍ ആഹ്ലാദകരം തന്നെ. കോലം തലയിലേറ്റിയാല്‍ ആന ദൈവികമായ ഒരു തലത്തിലേക്ക് ഉയരുകയായി. വായുവിലുയരുന്ന ആയിരം കൈകളും പുഷ്പാര്‍ച്ചനയും അലൗകികമായ ഒരു അന്തരീക്ഷം സൃഷ്ടിക്കും. രാമഭദ്രനാണ് പുറപ്പാടിന് കോലമേറ്റുക. 7.30ന് പുറത്തേക്കിറങ്ങും.


കേള്‍ക്കാം ചെറുശ്ശേരിയുടെ മേളം - 7.30

തിരുവമ്പാടിയുടെ പുറപ്പാട് കണ്ടുകഴിഞ്ഞാല്‍ നേരെ വടക്കുന്നാഥന്റെ ഇലഞ്ഞിച്ചോട്ടില്‍ വരിക. അവിടെ ചെര്‍പ്പുളശേരി പാര്‍ത്ഥന്റെ പുറത്തേറി കണിമംഗലം ശാസ്താവ് എത്തിയിരിക്കും. ചെറുശേരി കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള ഉശിരന്‍ പാണ്ടിക്ക് ചെവികൊടുക്കൂ. ഇലഞ്ഞിത്തറ മേളത്തിന് മുമ്പ് അവിടെ നടക്കുന്ന ആദ്യമേളമാണിത്. ശ്രീമൂലസ്ഥാനത്ത് കൊട്ടിക്കലാശിക്കുംവരെ കൂടെ കൂടാം.


തൃക്കൂര്‍ രാജനൊപ്പം അല്‍പ്പനേരം - 7.45

ഇതേസമയം തന്നെ കിഴക്കേ ഗോപുരം വഴി ചെമ്പൂക്കാവ് പൂരം വരും. പല്ലാവൂര്‍ പുരസ്‌കാരം കൊണ്ട് സംസ്ഥാനം ആദരിച്ച തൃക്കൂര്‍ രാജന്റെ പ്രമാണത്തിലുള്ള പഞ്ചവാദ്യമാണ് ഇതിനെ കേമമാക്കുക. തെക്കേനടയില്‍ നടപ്പാണ്ടിയാകും വരെ ഈ വാദനം ആസ്വദിക്കാം.

പെരുവനത്തിന്റെ ആദ്യ മേളം - 8.30

ഇലഞ്ഞിത്തറ മേളപ്രമാണി പൂരപ്പറമ്പില്‍ ആദ്യം കൊട്ടിക്കയറുന്നത് പൂക്കാട്ടിക്കര-കാരമുക്ക് പൂരത്തിനുവേണ്ടിയാണ്. പാറമേക്കാവ് പന്തലില്‍ നിന്ന് 9 ആനകളുമായി പൂരപ്പറമ്പിലേക്ക് കയറുമ്പോള്‍ പെരുവനം കാലമിടും. ശ്രീമൂലസ്ഥാനത്ത് ഉച്ചസ്ഥായിയിലാകുന്ന ഈ മേളത്തില്‍ 150 കലാകാരന്‍മാരാണ് പങ്കെടുക്കുക.

അനിയന്‍ മാരാരുടെ ആദ്യ മേളം-9.30

പെരുവനം കൊട്ടിക്കലാശിച്ച് കഴിഞ്ഞാല്‍ നടുവിലാല്‍ പന്തലിലേക്കിറങ്ങുക. അവിടെ തിരുവമ്പാടിയുടെ മേളപ്രമാണിയായ കിഴക്കൂട്ട് അനിയന്‍മാരാരുടെ ആദ്യ മേളം കേള്‍ക്കാം. ചൂരക്കോട്ടുകാവ് 14 ആനകളുമായി ശ്രീമൂലസ്ഥാനത്തേക്ക് വരുമ്പോള്‍ താളം പിടിച്ച് അനേകം ആസ്വാദകരും ഒപ്പം നീങ്ങും.

ചെറുപൂരങ്ങളുടെ സൗന്ദര്യം

ഒരു ക്യാമറയിലും ഒതുങ്ങാത്ത സൗന്ദര്യം തൃശ്ശൂര്‍ പൂരത്തിനുണ്ട്. വടക്കുന്നാഥനെ വണങ്ങാനായി ദേശ ദേവതമാര്‍ ഒന്നിനുപിന്നാലെ ഒന്നായി പടിഞ്ഞാറെ നടയില്‍ നിരക്കുന്ന കാഴ്ചയാണത്. ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് ദേവിമാര്‍ നടുവിലാലില്‍ നിന്ന് നേരെ പടിഞ്ഞാറെ നട വഴിയാണ് അകത്ത് കയറുക. ഇവര്‍ക്കെല്ലാം കൂടി 39 ആനകള്‍. ഒരു വസന്തം മുകളിലേക്ക് പൂത്തുകയറുന്ന പ്രതീതിയാണ് ഉണ്ടാവുക. ചുറ്റുമുള്ള മരച്ചോടുകളിലും ആനപ്പള്ളമതിലിലും നിന്നും ഇരുന്നും പൂരപ്രേമികള്‍ ഈ കാഴ്ച കാണും. അവരില്‍ സ്ത്രീകളായിരിക്കും കൂടുതല്‍.

പോകാം മഠത്തില്‍ വരവിന് - 11.30

ഇനി വൈകേണ്ട. ബ്രഹ്മസ്വം മഠത്തിന്‍ നടയിലേക്ക് പോകാം. അവിടെ തിരുവമ്പാടി ശിവസുന്ദറിന് കോലം കൈമാറിക്കഴിയും. അന്നമനടയുടെ പ്രമാണത്തില്‍ തിമിലകള്‍ മുഴങ്ങുകയായി. വെങ്കിച്ചന്‍ സ്വാമി പരിഷ്‌ക്കരിച്ചെടുത്ത പഞ്ചവാദ്യത്തിന്റെ മധുരം അലയടിക്കുമ്പോള്‍ വന്‍ ജനാവലിതന്നെ എത്തിച്ചേര്‍ന്നിരിക്കും.

ചെമ്പട കേള്‍ക്കാം - 12.30

മഠത്തില്‍വരവ് റൗണ്ടിലേക്ക് കടക്കും മുമ്പ് പാറമേക്കാവിന്റെ മുന്നിലെത്തുക. അവിടെ പത്മനാഭന്റെ പുറമേറി ദേവി പുറത്ത് കടന്നിരിക്കും. 15 ആനകള്‍ നിരക്കും. പെരുവനത്തിന്റെ നേതൃത്വത്തില്‍ ദീര്‍ഘമായ ചെമ്പടയാണ് ഇവിടത്തെ പ്രത്യേകത. ചെറിയ തോതില്‍ കുടമാറ്റവുമുണ്ട്. അതുകഴിഞ്ഞാല്‍ പാണ്ടി തുടങ്ങും. അത് വളര്‍ന്ന് ഇലഞ്ഞിച്ചോട്ടില്‍ മേളസാഗരമാകും.

ഇലഞ്ഞിത്തറയിലേക്ക ് - 2.00

ലോകത്തിലെ ഏറ്റവും ഗംഭീരമായ ഓര്‍ക്കസ്ട്ര-ഇലഞ്ഞിത്തറ മേളത്തെ അങ്ങനെ വിശേഷിപ്പിക്കാം. കൊട്ടിത്തെളിഞ്ഞ പ്രഗത്ഭരടങ്ങുന്ന 250 അംഗ സംഘം പെരുവനത്തിന്റെ നേതൃത്വത്തില്‍ നിരക്കുമ്പോള്‍ മേളപ്രണയികള്‍ അവിടേക്ക് ഒഴുകും. 4.30ന് കലാശിക്കും വരെ കാലം ഇലഞ്ഞിച്ചോട്ടില്‍ കാത്തുനില്‍ക്കും.

തിരുവമ്പാടി മേളം

ഇലഞ്ഞിച്ചോട്ടിലേതിനേക്കാള്‍ ഒട്ടും മോശമാവില്ല, തിരുവമ്പാടിക്കായി അനിയന്‍ മാരാരൊരുക്കുന്ന മേളം. നായ്ക്കനാല്‍ പന്തലില്‍ 3ന് പഞ്ചവാദ്യം കഴിഞ്ഞാല്‍ പാണ്ടി തുടങ്ങും. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും രണ്ട് മേളങ്ങളും ഒരേ സമയം ആസ്വദിക്കാന്‍ കഴിയില്ല. പക്ഷേ ഇലഞ്ഞിച്ചോട്ടില്‍ മേളം കഴിയുമ്പോള്‍ പുറത്ത് തിരുവമ്പാടിയുടെ മേളം കലാശത്തിന്റെ തീവ്രകാലങ്ങളിലേക്ക് കടന്നിരിക്കും. ഒരു കൊടുങ്കാറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് കടന്ന അനുഭവമാകും അത് നല്‍കുക.

നില്‍ക്കുക, തെക്കോട്ടിറക്കത്തിന് മധ്യേ

കെട്ടിടത്തിന് മുകളിലിരുന്ന് തെക്കോട്ടിറക്കം കാണുന്നവര്‍ പൂരം കാണുന്നവര്‍ മാത്രമാണ്, അറിയുന്നവരല്ല. സദാ ഇളകിക്കൊണ്ടിരിക്കുന്ന ജനസാഗരത്തിന് മധ്യേ ആടിയുലഞ്ഞ് നിന്നാണ് കുടമാറ്റം കാണേണ്ടത്. മേളം കേട്ട് നാമെത്തും മുമ്പേ അവിടം നിറഞ്ഞിരിക്കും. പഴുതുകളിലൂടെ നൂണ്ടും തീവണ്ടി കളിച്ച് നീങ്ങുന്നവരെ പിന്‍പറ്റിയും അവിടെയെത്താം. തെക്കേ നടയില്‍ ആദ്യത്തെ ആലവട്ടത്തിന്റെ കാഴ്ചയില്‍ തന്നെ ജനം ആര്‍ക്കും; കുടകള്‍ ഉയര്‍ന്ന് താഴും. സന്ധ്യ ചായുമ്പോള്‍ ദേവിമാര്‍ പിരിയും.
കാണാം,

ചുറ്റിയടിക്കാം

വിശ്രമിക്കാന്‍ അല്‍പ്പനേരം കിട്ടുന്നത് ഇനിയാണ്. അതുകൊണ്ട് പൂരത്തിന്റെ ഇടവേളയെന്ന് കരുതണ്ട. കുടമാറ്റം കഴിഞ്ഞ് ഇരുള്‍ പരക്കുമ്പോള്‍ കണിമംഗലം ശാസ്താവ് രാത്രിയെഴുന്നള്ളിപ്പ് തുടങ്ങിയിരിക്കും. പിന്നാലെ മറ്റ് ദേശദൈവങ്ങള്‍ എത്തിക്കൊണ്ടിരിക്കും. പൂരപ്പറമ്പില്‍ വെടിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ക്കായി ആളെയൊഴിപ്പിക്കും. റൗണ്ടില്‍ ചുറ്റി സഞ്ചാരമാണ് ഈ നേരത്ത് പൂരപ്രേമികളുടെ പ്രധാന പരിപാടി.

കേള്‍ക്കണം, രാത്രി പഞ്ചവാദ്യം

എവിടെയായാലും പൂരപ്രേമികള്‍ രാത്രി 10.30ന് പാറമേക്കാവിന് മുന്നിലെത്തും. അവിടെ രാത്രി എഴുന്നള്ളിപ്പിന്റെ പഞ്ചവാദ്യമാണ്-ചോറ്റാനിക്കര വിജയന്റെ പ്രമാണത്തില്‍. വലിയ ആള്‍ത്തിരക്കില്ലാതെ, എന്നാല്‍ വാദ്യത്തിന്റെ യഥാര്‍ത്ഥ ആസ്വാദകര്‍ ഒത്തുകൂടുകയുമൊക്കെ ചെയ്യുന്ന ഒരു ഉജ്ജ്വലമുഹൂര്‍ത്തമാണത്. 2.30ന് പാറമേക്കാവിന്റെ പന്തലിലെത്തിയാണ് പഞ്ചവാദ്യം തീരുന്നത്. ഇതിന് സമാന്തരമായി അന്നമനടയുടെ പ്രമാണത്തില്‍ തിരുവമ്പാടിക്കാരുടെ വാദ്യസംഘവും നീങ്ങും. മഠത്തില്‍ വരവ് 'മിസ്' ആയാല്‍

ഇവിടെ കേടുതീര്‍ക്കാം. വെടിക്കെട്ടിലേക്ക്

രാത്രി എഴുന്നള്ളിപ്പുകള്‍ തീര്‍ന്നാല്‍ വെടിക്കെട്ട് കാണാനും കേള്‍ക്കാനും ഒരുങ്ങാം. പുലര്‍ച്ചെ 3 മണിയെങ്കിലും ആകും തുടങ്ങാന്‍. നടുവിലാലിനോട് ചേര്‍ന്ന് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കേട്ടാലേ കേള്‍വി ശരിയാകൂ. ശബ്ദത്തിന്റെ പ്രകമ്പനം നെഞ്ചില്‍ വന്ന് അലയ്ക്കണം. കൂട്ടപ്പൊരിച്ചിലും ഇടയ്ക്കിടെ പൊട്ടിവിരിയുന്ന വര്‍ണപ്പൂക്കളും കഴിഞ്ഞാല്‍ പൂരപ്രേമിക്ക് അല്‍പ്പമൊന്ന് മയങ്ങാം.
വരൂ,

പകല്‍പ്പൂരമായി

ഉറക്കം 8 മണി കഴിയണ്ട. പകല്‍പ്പൂരത്തിന് നിരയെത്തിക്കഴിഞ്ഞു. തിരുവമ്പാടിയുടെ പാണ്ടിമേളം നായ്ക്കനാലില്‍ നിന്നും പാറമേക്കാവിന്റേത് മണികണ്ഠനാലില്‍ നിന്നും ശ്രീമൂലസ്ഥാനത്തേക്ക് നീങ്ങും. കുടകള്‍ ആനപ്പുറങ്ങളില്‍ മാറിമറിയുമ്പോള്‍ ചുവടെ കാലം മുറുകിവരും. ഇരുകൂട്ടരും മുഖാമുഖം നിന്ന് കൊട്ടിനിര്‍ത്തുമ്പോള്‍ ഉപചാരം ചൊല്ലാന്‍ സമയമാകും. പിന്നെ പൂരക്കഞ്ഞി കുടിച്ചാല്‍ തൃശ്ശൂര്‍ പൂരം കണ്ടു എന്ന് പറയാം.




pooram 2015

 

ga
pooram 2014