അമിട്ടില്‍ വിസ്മയം തീര്‍ക്കാന്‍ മുണ്ടത്തിക്കോട് സതീഷ്‌

Posted on: 26 Apr 2015

തൃശ്ശൂര്‍: വിപ്ലവം അമിട്ടാക്കി തേക്കിന്‍കാട് മൈതാനിയെ വിറപ്പിച്ച പാറമേക്കാവിന് മെക്‌സിക്കന്‍ ഗോള്‍ഡിറക്കിയാണ് കഴിഞ്ഞതവണ തിരുവമ്പാടി മറുപടി കൊടുത്തത്. ഇത്തവണത്തെ ആകാശപ്പോരാട്ടം ഇതിലും കനക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ആളുകളെ ഞെട്ടിക്കാന്‍ പുതുമകള്‍ രഹസ്യമാക്കി കാത്തിരിക്കുകയാണ് ഇരുകൂട്ടരും. ഇതെല്ലാം പൂര്‍ണ്ണമായും അറിയണമെങ്കില്‍ സാമ്പിള്‍ വരെയെങ്കിലും കാത്തിരിക്കണം. ആകാശപ്പോരാട്ടത്തിന്റെ ഒരുക്കങ്ങള്‍ രണ്ട് വിഭാഗങ്ങളിലും തകൃതിയാണ്.

വെള്ളച്ചാട്ടവും സ്റ്റാര്‍ വാല്യുവും സ്പാനിഷ് ലൈറ്റിങ്ങും മിന്നാമിന്നിയുമെല്ലാമായി കിടുകിടാ പൊട്ടിയ അമിട്ടിന്‍ ഘോഷയാത്ര ഇനി മറന്നേക്കൂ. ഇതിലും എത്രയോ നൂതനമാണ് ഇത്തവണത്തെ വെടിക്കെട്ട്. ഇത്തവണ പേരിലല്ല വിപ്ലവം, വെടിക്കെട്ടിലാണെന്നാണ് ഇരുകൂട്ടരുടേയും കട്ടായം.

ഈ വര്‍ഷവും അമിട്ടുകള്‍ തന്നെയാണ് ഇരു കോട്ടകളിലേയും വമ്പന്‍മാര്‍. വെടിക്കെട്ട് ഗംഭീരമാക്കാന്‍ തിരുവമ്പാടിയുടെ 'കിങ് മേക്കര്‍' അമിട്ടുകള്‍ പടക്കപ്പുരയില്‍ ഒരുങ്ങുമ്പോള്‍ ഇത്തവണ 'വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെ'ന്ന പഴമൊഴിക്ക് തങ്ങളില്ലെന്ന മറുപടിയുമായി പാറമേക്കാവെത്തി. പലവിധ പേരുകളില്‍ ഇത്തവണ പടക്കങ്ങളില്ല. പൂരപ്രേമികള്‍ക്കായി കേരളീയത്തനിമയില്‍ പൂരപ്രഭ പരത്തുന്ന നല്ല ഗമണ്ടന്‍ സാധനങ്ങള്‍ തന്നെ ഇറക്കുമെന്ന് ഉറപ്പുനല്‍കി. ഇത്തവണ പാറമേക്കാവിന്റെ വെടിക്കെട്ടിന് മറ്റൊരു പ്രത്യേകതയും ഉണ്ട്. പൂരപ്രേമികളില്‍ ഗൃഹാതുരത്വം ഒരുക്കി, എണ്‍പതുകളിലെ പൂരത്തിന് ഉപയോഗിച്ച അമിട്ടുകള്‍ ഇത്തവണ മാനത്ത് വിരിയും.
സാമ്പിള്‍ വെടിക്കെട്ട് ദിനമായ തിങ്കളാഴ്ച മൂന്ന് ഘട്ടങ്ങളിലായാണ് കരിമരുന്ന് പ്രയോഗം. ഇത്തവണ ആദ്യം പൊട്ടിക്കുക തിരുവമ്പാടിയാണ്. ആദ്യഘട്ടം ഓലപ്പടക്കങ്ങളുടെ വെടിയുതിര്‍ക്കലാണ്. പിന്നീട് പൂരപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമിട്ടുകളുടെ പെരുമഴ, മൂന്നാം ഘട്ടം ഈട് വെടിക്കെട്ട്. ഏകദേശം ഏഴുമണിയോടെ ആരംഭിക്കുന്ന സാമ്പിള്‍ വെടിക്കെട്ട് രണ്ട് മണിക്കൂര്‍ പൊട്ടിക്കൊണ്ടിരിക്കും.

ആറ് മാസം മുന്പ് ഇരുവിഭാഗങ്ങളും പണികള്‍ ആരംഭിച്ചു. രണ്ട് വിഭാഗങ്ങളിലും ഏകദേശം 45ഓളം വരുന്ന ആളുകളാണ് പടക്കപ്പണിപ്പുരയില്‍ കഴിഞ്ഞ ആറുമാസമായി അധ്വാനിക്കുന്നത്. പാറമേക്കാവ് വെടിക്കെട്ട് സാമഗ്രികള്‍ ചാലക്കുടിയിലും തിരുവമ്പാടിയുടേത് മുണ്ടത്തിക്കോടുമാണ് തയ്യാറാക്കിയത്. വെടിക്കെട്ട് സാമഗ്രികള്‍ ഗ്രൗണ്ടില്‍ ക്രമീകരിക്കാന്‍ ഇരുന്നൂറോളം വരുന്ന ആളുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്.

തൃശ്ശൂരിലെ പ്രധാന വെടിക്കെട്ടുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ചാലക്കുടി കാരൂര്‍ ചക്കാട്ടില്‍ തറവാട്ടിലെ ഇളമുറക്കാരനാണ് ഈ വര്‍ഷം പാറമേക്കാവ് വിഭാഗത്തിന്റെ തുറുപ്പുചീട്ട്. പേര് സ്റ്റിബിന്‍ സ്റ്റീഫന്‍. പേരിനിത്ര കട്ടിയുണ്ടേല്‍ വെടിക്കെട്ടിനും അത് കാണുമെന്നാണ് പാറമേക്കാവിന്റെ ഉറപ്പ്.

പൂരങ്ങളുടെ പൂരത്തിന് ചുക്കാന്‍പിടിക്കാനുള്ള അവസരം ലഭിച്ച സന്തോഷത്തിലാണ് ഈ 29കാരന്‍. കഴിഞ്ഞ പാറമേക്കാവ് വേലയുടെ വെടിക്കെട്ട് സ്റ്റിബിന്‍ ആയിരുന്നു ഏറ്റെടുത്തത്. തകര്‍ത്തെന്ന് മാത്രമല്ല ആ മിന്നും പ്രകടനത്തിന് വലിയ പൂരക്കോട്ടയിലേക്കുള്ള വാതിലും തുറന്നുകിട്ടി. ചാലക്കുടി ഫൊറോന പള്ളിയിലും കണ്ണമ്പുഴ അമ്പലത്തിലും വെടിക്കെട്ടുകളുടെ കരാര്‍ ഏറ്റെടുത്തിരുന്ന സ്റ്റിബിന്റെ കുടുംബം നാല് തലമുറയായി വെടിക്കെട്ടുകാരാണ്. മുത്തച്ഛന്‍ അഗസ്റ്റിനും അപ്പന്‍ സ്റ്റീഫനും ചെറിയ വെടിക്കെട്ടുകള്‍ ഒരുക്കിയപ്പോള്‍ ഈ ഇളമുറക്കാരന്‍ ഒരുമുഴം നീട്ടിയെറിഞ്ഞു. ഏതൊരു വെടിക്കെട്ടുകാരന്റെയും ആഗ്രഹം അങ്ങനെ സ്റ്റിബിന്റെ കൈകളിലും ഒതുങ്ങി. അമിട്ടുകളില്‍ മിന്നും പ്രകടനം കാഴ്ചവെക്കാന്‍ സ്റ്റിബിന്റെ ഒപ്പം വെടിക്കെട്ട് കണ്‍വീനര്‍ വി.എം. ശശി, പി. ബൈജു, കെ. ബാലകൃഷ്ണന്‍ എന്നിവരുമുണ്ട്.

കഴിഞ്ഞവര്‍ഷം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസന്‍സിയായിരുന്ന മുണ്ടത്തിക്കോട് സതീഷ് തന്നെയാണ് ഈവര്‍ഷം വെടിക്കെട്ടിന് ചുക്കാന്‍പിടിക്കുന്നത്. തിരുവമ്പാടി വിഭാഗത്തിന്റെ ലൈസന്‍സിയായിരുന്ന മുണ്ടത്തിക്കോട് മണിയുടെ മകനാണ് സതീഷ്. നാലുവര്‍ഷം മുന്‍പ് അച്ഛന്റെ മരണത്തെ തുടര്‍ന്നാണ് സതീഷ് ഈ ചുമതല ഏറ്റെടുത്തത്. ഉത്രാളിക്കാവ്, കുറ്റിയങ്കാവ് പൂരങ്ങളിലെ വെടിക്കെട്ടുകള്‍ ചെയ്ത് കൈവഴക്കം വന്ന ഈ 36കാരന്‍ തൃശ്ശൂരിലും മറ്റ് പ്രദേശങ്ങളിലും പ്രധാന പൂരങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നുണ്ട്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ പി. ശശിധരനും കൂട്ടരും സതീഷിനൊപ്പം സഹായത്തിനുണ്ട്.




pooram 2015

 

ga
pooram 2014