
ചേര്‍ത്തല: മലയാളിക്കുമുന്നില്‍ ആദ്യ ശബ്ദ ചലച്ചിത്രമെത്തിയതും തൃശ്ശൂര്‍ പൂരവുമായി എന്താണ് ബന്ധം? മലയാള ചലച്ചിത്ര ചരിത്രത്തില്‍ മലയാളികള്‍ ശബ്ദിക്കുന്ന സിനിമ കണ്ടതിന്റെ എണ്‍പതാം വാര്‍ഷികമെന്നതിനെ വിശേഷിപ്പിക്കാം.
1932 ലെ തൃശ്ശൂര്‍ പൂരത്തിന് പൂരപ്പറമ്പില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിടത്ത് തുടങ്ങുന്നു സിനിമ-പൂര ബന്ധം. മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലന്‍ പുറത്തിറങ്ങുന്നതിന് ആറുവര്‍ഷം മുമ്പായിരുന്നു സംഭവം. ചലച്ചിത്ര ചരിത്രകാരന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ 'സിനിമാ ചരിത്രം', 1966 ല്‍ പുറത്തിറങ്ങിയ 'കേരള ഫിലിം ഗൈഡ്' എന്നീ പുസ്തകങ്ങളില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
കശ്മികണ്ടി കുഞ്ഞിരാമന്‍ എന്ന കോഴിക്കോട്ടുകാരനാണ് മലയാളിക്കുമുന്നില്‍ സംസാരിക്കുന്ന സിനിമ എത്തിച്ചത്.
ടൂറിങ് തിയേറ്ററുകളില്‍ ശബ്ദചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിജയംവരിച്ച ആദ്യത്തെ തെക്കേ ഇന്ത്യക്കാരനായാണ് സിനിമാചരിത്രകാരന്മാര്‍ കശ്മികണ്ടി കുഞ്ഞിരാമനെ വിശേഷിപ്പിക്കുന്നത്. ശബ്ദചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് കുഞ്ഞിരാമന്‍ ആദ്യം തിരഞ്ഞെടുത്തത് തൃശ്ശൂരിലെ പൂരപ്പറമ്പായിരുന്നു. ഏതാനും ഇംഗ്ലീഷ് സിനിമകളുടെ ഭാഗങ്ങളായിരുന്നു പൂരപ്പറമ്പില്‍ പ്രദര്‍ശിപ്പിച്ചത്. ഇംഗ്ലീഷ് ഏറെപ്പേര്‍ക്കും മനസ്സിലായില്ലെങ്കിലും സംസാരിക്കുന്ന സിനിമ കാണാന്‍ അന്ന് തിരക്കായിരുന്നത്രേ. ആലപ്പുഴ ജില്ലയിലും ഇക്കാലയളവില്‍ ടൂറിങ് സിനിമ പ്രദര്‍ശിപ്പിച്ചതായും പുസ്തകത്തിലുണ്ട്.
തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും നിശ്ശബ്ദ സിനിമയുമായി സഞ്ചരിച്ച് വിജയിച്ച ശേഷമായിരുന്നു കുഞ്ഞിരാമന്‍ ശബ്ദചിത്രവുമായി രംഗപ്രവേശം ചെയ്തത്. മലയാളത്തിലെ ആദ്യചലച്ചിത്രമായ 'വിഗതകുമാരന്‍' (1928) ഇറങ്ങിയതിന് തൊട്ടുപിന്നാലെ 1929 ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നിശ്ശബ്ദചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ച് കുഞ്ഞിരാമന്‍ ചരിത്രത്തില്‍ ഇടം നേടിയിരുന്നതായും ചരിത്രകാരന്മാര്‍ പറയുന്നു.
'ക്രൗണ്‍ ടൂറിങ്' എന്നായിരുന്നു പ്രദര്‍ശന ശാലയുടെ പേര്. തൃശ്ശൂരിലെ പൂരപ്പറമ്പുകളില്‍ പരീക്ഷിച്ച ശാസ്ത്ര വിസ്മയമാണ് തെക്കേഇന്ത്യയിലെ സിനിമകളില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍. വ്യവസായ മേഖലകളില്‍ വിജയം വരിച്ച കുഞ്ഞിരാമന്‍ തന്നെയായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്.
1906 ല്‍ സ്വാമിക്കണ്ണ് പോള്‍വിന്‍സന്റ് എന്ന കോയമ്പത്തൂരുകാരന്‍ മലയാളിക്കുമുന്നില്‍ ചലിക്കുന്ന ചിത്രങ്ങള്‍ എത്തിച്ചപ്പോള്‍ ഉണ്ടായ അമ്പരപ്പോടും ആകാംക്ഷയോടും തന്നെയാണ് കശ്മികണ്ടി കുഞ്ഞിരാമന്‍ കൊണ്ടുവന്ന ശബ്ദിക്കുംചിത്രവും കണ്ടത്.