മേളകലയെ രാജകലയാക്കിയ തമ്പുരാക്കന്‍മാര്‍

Posted on: 27 Apr 2015


തൃശ്ശൂര്‍ പൂരത്തില്‍ നിറയുന്നത് മേളത്തിന്റെ രാജകല. മേളാസ്വാദകരെ ഗോപുരം കയറ്റുന്ന പാണ്ടിമേളവും പഞ്ചവാദ്യവും ചെമ്പടയും. നാദം ലഹരിയായി തലയ്ക്കു പിടിച്ചാല്‍ പൂരത്തിന്റെ ആസ്വാദകര്‍ക്ക് പിന്നെ മറ്റൊന്നും ഓര്‍മ്മയില്ല. മേളലഹരി സിരകളിലൂടെ പടര്‍ന്നുകയറി കൈകളില്‍ താളമിട്ട് ചെണ്ടക്കോലിന്റേയും കൈത്താളത്തിന്റേയും കയറ്റിറക്കങ്ങളില്‍ തലയാട്ടി കൈക്കുഴ ഉയര്‍ത്തി ആവേശം പകര്‍ന്ന് നുരഞ്ഞു പൊന്തും. മേളം കൊട്ടിക്കയറ്റുന്നവര്‍ക്കും ഇത് ആവേശം പകരും. കാലം മാറുന്നതും സമയം നീങ്ങുന്നതും ഇവരും അറിയില്ല.

ചെറുപൂരങ്ങളെല്ലാം കൊട്ടുന്നത് പാണ്ടിയും ചെമ്പടയും. പാണ്ടിമേളത്തിന്റെ പെരുംപൂരമാണ് തൃശ്ശൂര്‍ പൂരം. പാറമേക്കാവും തിരുവമ്പാടിയും പാണ്ടിമേളവും പഞ്ചവാദ്യവും അവതരിപ്പിക്കും. പഞ്ചവാദ്യത്തിന്റെ അവസാനവാക്കെന്ന് വിളിക്കപ്പെടുന്ന മഠത്തില്‍ വരവ്. തിരുവമ്പാടിയാണ് ഇത് ഒരുക്കുന്നത്. തിമിലയും മദ്ദളവും ഇലത്താളവും കൊമ്പും ഇടയ്ക്കയും ഈ മഹാമേളനത്തില്‍ ലയിക്കും. പതിഞ്ഞകാലത്തില്‍ തുടങ്ങി മൂന്നര മണിക്കൂര്‍കൊണ്ട് പത്തോളം ഘട്ടങ്ങള്‍ കടന്നു കയറും. മഠത്തില്‍ വരവിന്റെ പഞ്ചവാദ്യം കഴിഞ്ഞാല്‍ പാണ്ടിമേളം ശ്രീമൂലസ്ഥാനത്ത് നടക്കും. പൂരത്തിന്റെ പഴമയില്‍ എത്രയോ മഹാരഥന്‍മാരാണ് ഈ മേളകലയെ രാജകലയാക്കി മാറ്റിയത്.

പാറമേക്കാവിന്റെ പഴമയില്‍
പൂരദിവസം പാറമേക്കാവിന്റെ എഴുന്നള്ളിപ്പിന് മേളം രണ്ട് കാലങ്ങളിലാണ്. ഒരു മണിക്കൂറോളം ചെമ്പട കൊട്ടിത്തുറക്കും. പിന്നെ വടക്കുന്നാഥന്റെ മതില്‍കെട്ടിനുള്ളില്‍ പാണ്ടിയുടെ ഇലഞ്ഞിത്തറ മേളം. അതിനു സമാനമായ പാണ്ടിമേളം എങ്ങുമില്ല. 250 നും 300 നും ഇടയ്ക്ക് വാദ്യക്കാരുണ്ടാകും. കയറിയും ഇറങ്ങിയും മുറുകിയും കുറുകിയും മേളവിസ്മയം മുന്നോട്ടു പോകും.

പാണ്ടിമേളത്തിന്റെ അടിസ്ഥാന താളം ത്രിപുടയാണ്. പാറമേക്കാവില്‍ നിന്നു തുടങ്ങുന്ന ചെമ്പട വടക്കുന്നാഥന്റെ ഗോപുരനടയില്‍ കലാശിക്കുന്നതോടെ പാണ്ടിയുടെ കൂട്ടിപ്പെരുക്കല്‍ തുടങ്ങും. പാണ്ടി കൊട്ടി തീരുന്നതിന് മൂന്നു മണിക്കൂര്‍ എടുക്കും. 14 അക്ഷര കാലത്തില്‍ വിളംബത്തിലുള്ള പതികാലം. പിന്നീട് 'തുറന്നു പിടിച്ച ഘട്ടം', 'തകൃതകൃത ഘട്ടം', 'ഇടക്കാലം' പിന്നിട്ട് ഏഴ് അക്ഷര കാലത്തിലേക്ക്.

ഇലഞ്ഞിത്തറ മേളത്തിന്‌ െനടുനായകത്വം വഹിച്ചവരില്‍ കുറ്റയില്‍ കൃഷ്ണമാരാര്‍, പട്ടിരാത്ത് രാമമാരാര്‍ എന്നിവരായിരുന്ന ആദ്യകാല സാരഥികള്‍. ഇലഞ്ഞിത്തറമേളം പ്രശസ്തിയിലേക്കുയര്‍ന്നത് ഇവരുടെ കാലഘട്ടത്തിലാണ്. രാമമാരാര്‍ വളരെക്കാലം ഇലഞ്ഞിത്തറമേളത്തിന്റെ സാരഥ്യം വഹിച്ച ശേഷം നാലുവര്‍ഷക്കാലം തിരുവമ്പാടിയുടെ പ്രമാണസ്ഥാനവും വഹിച്ചു. ഒരു ദശാബ്ദക്കാലം കുറ്റയില്‍ കൃഷ്ണമാരാര്‍ക്കായിരുന്നു പ്രമാണം. തുടര്‍ന്ന് പട്ടിരാത്ത് രാമമാരാരും. 1934 ല്‍ മാക്കോത്ത് കൃഷ്ണമാരാര്‍ ഇലഞ്ഞിത്തറയുടെ പ്രമാണിയായി. 1938 ല്‍ കൃഷ്ണമാരാര്‍ മാറി. പുഴയ്ക്കല്‍ കൃഷ്ണമാരാര്‍ക്കായിരുന്നു നറുക്കു വീണത്. 1940 ല്‍ തൃപ്പേക്കുളം ഗോവിന്ദമാരാര്‍, 1941 ല്‍ കല്ലാറ്റ് ഗോപാലക്കുറുപ്പും. 42 ല്‍ വീണ്ടും തൃപ്പേക്കുളം ഗോവിന്ദമാരാരും, 1945 ല്‍ മാക്കോത്ത് നാണു നായരും 56 ല്‍ പരിയാരത്ത് കുഞ്ഞന്‍മാരാരും പ്രമാണിമാരായി. പിന്നീടിങ്ങോട്ട് പല്ലശ്ശന പത്മനാഭമാരാര്‍, പരിയാരത്ത് കുഞ്ചുമാരാര്‍, പല്ലാവൂര്‍ അപ്പുമാരാര്‍, ചക്കംകുളം അപ്പുമാരാര്‍, രാമന്‍കണ്ടത്ത് കൃഷ്ണന്‍ കുട്ടിമാരാര്‍ എന്നിവരായിരുന്നു പ്രമാണക്കാര്‍.
തിരുവമ്പാടിയുടെ പഴമയില്‍ പഞ്ചവാദ്യത്തിന്റെ സിംഫണിയാണ് പൂരത്തിന്റെ മഠത്തില്‍ വരവ്. ബ്രഹ്മസ്വം മഠത്തിന്റെ മുന്നില്‍നിന്ന് തേക്കിന്‍കാടിന്റെ പ്രദക്ഷിണ വഴിയിലേക്ക് കൊട്ടിക്കയറുന്ന മൂന്ന് മണിക്കൂര്‍. നായ്ക്കനാലില്‍ കലാശച്ചുവട്. ബ്രഹ്മസ്വം മഠത്തിലെ ഇറക്കി പൂജയ്ക്കുശേഷം മഠത്തില്‍ വരവ് തുടങ്ങും. തിമില, മദ്ദളം, ഇടയ്ക്ക, ഇലത്താളം, കൊമ്പ് എന്നിവയുടെ താളലയം. തിമിലയില്‍ തുടങ്ങി പഞ്ചവാദ്യത്തിന്റെ പതികാലം. മദ്ദളത്തിലേക്കും ഇടയ്ക്കയിലേക്കും ഇലത്താളത്തിലേക്കുമുള്ള പെരുത്തുകയറല്‍. താളവട്ടങ്ങള്‍ പിന്നിട്ട് സ്വരാജ് റൗണ്ടിലേക്ക്. കാലങ്ങള്‍ കൊട്ടികയറും. അവസാനം ത്രിപുടയിലേക്ക് കടന്നുകയറി കലാശത്തിന്റെ പെരുമഴ.

ആധുനിക രീതിയിലുള്ള പഞ്ചവാദ്യം ആദ്യമായി അവതരിപ്പിച്ചത് മഠത്തില്‍ വരവിനാണ്. മുന്‍കൈ എടുത്തത് തിരുവില്വാമല വെങ്കിച്ചസ്വാമിയും.

കഴുത്തില്‍ തൂക്കിക്കൊട്ടിയിരുന്ന മദ്ദളത്തെ അരയിലിട്ടുകൊട്ടി വെങ്കിച്ചന്‍ പഞ്ചവാദ്യത്തിന് പുതിയ ചാരുത പകര്‍ന്നു. മദ്ദള വാദ്യക്കാരായ വെള്ളാറ്റഞ്ഞൂര്‍ രാമന്‍നമ്പീശന്‍, വൈലത്തൂര്‍ രാഘവന്‍ നായര്‍, ഒറേപ്പുറത്ത് മാധവവാര്യര്‍ എന്നിവര്‍ വെങ്കിച്ചനുമായി സഹകരിച്ചു.

മഠത്തില്‍ വരവിന്റെ അരങ്ങ് കൊഴുപ്പിച്ചത് ഒരു കാലഘട്ടത്തില്‍ അന്നമനട ത്രിമൂര്‍ത്തികളായ അച്യുതമാരാരും പീതാംബരമാരാരും പരമേശ്വരമാരാരുമാണ്. ഇന്നുകാണുന്ന തിമിലപ്രയോഗത്തിന്റെ യഥാര്‍ത്ഥ ശില്പികളും അവര്‍തന്നെ. അതിനു മുമ്പ് തിമിലയില്‍ നാദഭംഗിതീര്‍ത്ത വാദ്യഗുരുവായിരുന്നു പെരുമ്പിള്ളി നാരായണമാരാര്‍. മുപ്പതുകളില്‍ നാരായണമാരാരായിരുന്നുവെങ്കിലും നാല്പതു മുതല്‍ക്കാണ് അന്നമനട ത്രിമൂര്‍ത്തികള്‍ എത്തുന്നത്.

തിരുവമ്പാടിയുടെ പഴയകാല മേളപ്രമാണത്തില്‍ അണിനിരന്നവര്‍ നിരവധി. പഴയന്നൂര്‍ ശങ്കരമാരാര്‍, കുമരപുരം കുഞ്ഞികൃഷ്ണമാരാര്‍, തൃപ്പേക്കുളം ഗോവിന്ദമാരാര്‍, പട്ടിരാത്ത് രാവുണ്ണിമാരാര്‍, പട്ടിരാത്ത് ശങ്കരമാരാര്‍, കാച്ചാംകുറിച്ചി ഈച്ചരമാരാര്‍ എന്നിവരായിരുന്നു അവരില്‍ പ്രധാനികള്‍



pooram 2015

 

ga
pooram 2014