നവരസ പ്രദര്‍ശന നഗരി

ടിജോ ജോസ്‌ Posted on: 27 Apr 2015

ഏഴഴകിനും അതിരുവെയ്ക്കാത്ത കുടമാറ്റത്തിനും മാനം മറയ്ക്കുന്ന മായക്കാഴ്ചയുടെ വെടിക്കെട്ടിനും മുമ്പേ തേക്കിന്‍കാടിന്റെ മനസ്സിളക്കിയത് പ്രദര്‍ശനനഗരിയിലെ പൂരത്തിന്റെ പൂക്കാലം...

സൗന്ദര്യാരാധകരുടെ കണ്ണുടക്കിയ രാജസ്ഥാന്‍ കൈത്തറിയുടെ മാസ്മരികത... കഞ്ചാവിലും മദ്യത്തിലും ഉരുകിത്തീരുന്ന യുവചേതനയുടെ നേര്‍ക്കാഴ്ചയൊരുക്കി എക്‌സൈസ് വിഭാഗം... കൊടുംകാട്ടിലെ ഇത്തിരിവെട്ടത്തിലും നക്‌സല്‍വേട്ടയ്‌ക്കൊരുങ്ങുന്ന കമാണ്ടോകളുടെ വീര്യവുമായി പോലീസ്... ശ്രദ്ധയുടെ സുഹൃത്തും അശ്രദ്ധയുടെ സംഹാരകനുമായ വൈദ്യുതിയുടെ വഴികളിലൂടെ വൈദ്യുതി ബോര്‍ഡ്... ഇത്തിരി ചിരിയും ഒത്തിരി ചിന്തയുമായി കുട്ടികളെയും മുതിര്‍ന്നവരെയും രസിപ്പിക്കുന്ന വിനോദോപകരണങ്ങള്‍... ശാസ്ത്രവളര്‍ച്ചയുടെ ആകാശ അത്ഭുതങ്ങളെ മണ്ണിലെ കാഴ്ചകളാക്കി ഐ.എസ്.ആര്‍.ഒ... തീരുന്നില്ല, നവരസപൂത്തിരിയുമായാണ് വടക്കുന്നാഥന്റെ മണ്ണിലെ പൂരം പ്രദര്‍ശനനഗരി ഇത്തവണ തൃശ്ശൂരിന്റെ മനസ്സിലേക്കൊഴുകുന്നത്.

പൂരത്തിരക്കിലലിയാം

ഏപ്രില്‍ നാലിന് ആരംഭിച്ച പൂരപ്രദര്‍ശനത്തില്‍ തിരക്കുമൂലം ഞായറാഴ്ച നിന്നുതിരിയാനിടമില്ലാതെയാണ് പ്രദര്‍ശനനഗരി വീര്‍പ്പുമുട്ടിയത്. പ്രായവ്യത്യാസമോ വര്‍ണഭേദങ്ങളോ ഇല്ലാതെ ആണും പെണ്ണും പൂരപ്രദര്‍ശനത്തിന്റെ വിസ്മയലോകത്തെ കാഴ്ചകളിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ഉള്ളില്‍ കടന്നവര്‍ പുറത്തെത്താന്‍ മണിക്കൂറുകളെടുത്തു.

മെയ് 25 ന് തീരുന്ന പ്രദര്‍ശനത്തിന് 150 ലധികം സ്റ്റാളുകളും അമ്പതോളം പവലിയനുകളുമാണ് മിഴിവേകുന്നത്. ഐ.എസ്. ആര്‍.ഒ., ജലവിഭവ വകുപ്പ്, ബി.എസ്.എന്‍.എല്‍., എക്‌സൈസ്, കേരള പോലീസ്, കെ.എസ്.ഇ.ബി., ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഖാദി ബോര്‍ഡ്, കയര്‍ ബോര്‍ഡ്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് എന്നിവയടക്കമുള്ള സ്ഥാപനങ്ങളാണ് ശാസ്ത്ര സാങ്കേതിക നേട്ടങ്ങളും കൗതുകക്കാഴ്ചകളുമായി പ്രദര്‍ശനവേദിയില്‍ തൃശ്ശൂരിന്റെ മനസ്സ് കീഴടക്കാനെത്തുന്നത്. പൂരം ദിവസങ്ങളില്‍ 15 രൂപയ്ക്കും മറ്റ് ദിവസങ്ങളില്‍ 10 രൂപയ്ക്കും ലഭിക്കുന്ന പ്രവേശന ടിക്കറ്റെടുത്താല്‍ രാവിലെ 10 മുതല്‍ പ്രദര്‍ശനം കാണാം. രാത്രി 8.30 വരെ ടിക്കറ്റ് വിതരണമുണ്ട്.

മാര്‍സ് ഓര്‍ബിറ്റല്‍ മിഷനുമായി ഐ.എസ്. ആര്‍.ഒ.

ക്രയോജനിക് എന്‍ജിന്റെ പ്രഭാവവുമായി കഴിഞ്ഞ വര്‍ഷം പൂരവേദിയിലെത്തി മികച്ച പവലിയനുള്ള സമ്മാനം സ്വന്തമാക്കിയ ഐ.എസ്.ആര്‍.ഒ. ഇത്തവണ 'അതുക്കും മേലെ'യുള്ള മറ്റൊരു വിജയകഥയാണ് തൃശ്ശൂരിന്റെ മണ്ണിലവതരിപ്പിക്കുന്നത്. ആദ്യതവണതന്നെ ലക്ഷ്യം കണ്ട് ലോകത്തെ വിസ്മയിപ്പിച്ച ചൊവ്വാ ദൗത്യം മാര്‍സ് ഓര്‍ബിറ്റല്‍ മിഷനാണ് ഐ.എസ്.ആര്‍.ഒ.യുടെ പവലിയനിലെ പ്രധാന ആകര്‍ഷണം.

തുടര്‍ച്ചയായ ഒമ്പത് തവണയും പൂരപ്രദര്‍ശനത്തില്‍ മികച്ച പവലിയനൊരുക്കിയ പാരമ്പര്യമുള്ള ഐ.എസ്.ആര്‍.ഒ. ടീം 2016-ല്‍ പൂര്‍ത്തിയാകുന്ന സ്വപ്നപദ്ധതി ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റവും( ഐ.ആര്‍.എന്‍.എസ്) പ്രൗഢിയോടെ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തിക്കുന്നുണ്ട്. ഭൂമിയിലെ വസ്തുവിന്റെ ദിശയും സ്ഥാനവും കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുന്ന ജി.പി.എസ്. സംവിധാനത്തില്‍ ഇന്ത്യയ്ക്ക് സ്വയംപര്യാപ്തത നേടിക്കൊടുക്കാനുള്ള പദ്ധതിയുടെ ആറ് ഉപഗ്രഹങ്ങളില്‍ നാലെണ്ണം ഇതിനോടകം ഇന്ത്യ വിക്ഷേപിച്ചുകഴിഞ്ഞു. അടുത്ത ജൂണില്‍ അഞ്ചാമത്തെ ഉപഗ്രഹം വിക്ഷേപിക്കും.

2016 ഓടെ ഏഴ് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ എത്തുന്നതോടെ ഇപ്പോള്‍ അമേരിക്കയുടെ കൈയില്‍നിന്നും വാടകയ്‌ക്കെടുക്കുന്ന ജി.പി.എസ്. സംവിധാനത്തില്‍ ഇന്ത്യയ്ക്ക് സ്വയംപര്യാപ്തത കൈവരിക്കാനാവും. പി.എസ്.എല്‍.വി., നാലു ടണ്‍ ഭാരം വഹിക്കാവുന്ന ജി.എസ്.എല്‍.വി. മാര്‍ക്ക് -3 തുടങ്ങിയ സ്റ്റാര്‍ പദ്ധതികളടക്കം ആകാശശാസ്ത്രത്തില്‍ ഇന്ത്യ നേടിയ വിജയങ്ങളുടെ മുഴുവന്‍ കഥകളും ഈ പവലിയനില്‍ കണ്‍കുളിര്‍ക്കെ കാണാനാവും.

500 രൂപയുടെ കുടിക്കാരന്... 18.25 ലക്ഷം സമ്പാദിക്കാം

'ഒരു ദിവസം 100 രൂപയ്ക്ക് കുടിക്കുന്ന ഒരാള്‍ ഈ തുക ബാങ്കില്‍ നിക്ഷേപിച്ചാല്‍ 10 വര്‍ഷം കഴിയുമ്പോള്‍ തുകയെത്ര? 3.65 ലക്ഷം രൂപ. ദിവസം 500 രൂപയ്ക്ക് കുടിക്കുന്നവര്‍ക്കോ? ഈ തുക പത്ത് വര്‍ഷംകൊണ്ട് 18.25 ലക്ഷമാക്കാം.'-സാധാരണക്കാരന്റെ കുടുംബത്തെ പട്ടിണിയിലാഴ്ത്തുന്ന മദ്യോപഭോഗത്തിന്റെ കണക്കുകളുമായാണ് എക്‌സൈസ് വിഭാഗം പവലിയനിലൂടെയുള്ള ബോധവത്കരണത്തിന് തുടക്കമിടുന്നത്. കഞ്ചാവ് തുടങ്ങി പാന്‍ ഉത്പന്നങ്ങള്‍വരെ തകര്‍ക്കുന്ന മനുഷ്യജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ചിത്രങ്ങളായും ശില്പങ്ങളായും പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. വടക്കാഞ്ചേരി എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ പ്രവീണ്‍ ഒരുക്കിയ ശില്പങ്ങള്‍ മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും ദുരന്തങ്ങളേറ്റുവാങ്ങിയ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ്.

കയര്‍ചെരുപ്പിന്റെ സൗന്ദര്യം

കയറുത്പന്നങ്ങളുടെ അപൂര്‍വ്വ ശ്രേണിയൊരുക്കി കയര്‍ബോര്‍ഡിന്റെ പ്രദര്‍ശനം നഗരിയില്‍ ഏറെ ആകര്‍ഷകമാവുന്നുണ്ട്. പൂച്ചട്ടികളും ചവിട്ടികളും മെത്തകളുമടക്കം വിവിധ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ഇക്കൂട്ടത്തിലുണ്ട്.

തെളിയാക്കേസിന്റെ തുമ്പുതേടി

കേരളാ പോലീസ് സേനയുടെ വീര്യത്തിന്റെയും അന്വേഷണ പാടവത്തിന്റെയും നേര്‍ക്കാഴ്ചകളാണ് പോലീസ് പവലിയനെ ശ്രദ്ധേയമാക്കുന്നത്. 'നിങ്ങള്‍ക്കുള്ളതാവരുത് തടവറ'യെന്ന സന്ദേശവുമായി ഒരുക്കിയ പവലിയനില്‍ സൈബര്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങളും പോലീസിന്റെ ആദ്യകാല ആയുധങ്ങള്‍ മുതല്‍ ആധുനിക മെഷീന്‍ ഗണ്ണുവരെ പ്രദര്‍ശനത്തിനുണ്ട്. കൂടാതെ ശാസ്ത്രീയമായ കേസന്വേഷണത്തെ സഹായിക്കുന്ന ഉപകരണങ്ങളും പ്രമാദമായ കേസുകളില്‍ പോലീസിന്റെ വിജയകഥകളുടെ ചരിത്രവും ചിത്രങ്ങളുടെയും മറ്റും സഹായത്തോടെ പ്രദര്‍ശിപ്പിച്ചതും പവലിയന് മിഴിവേറ്റുന്നു.

ഒരു കേബിളിന്റെ കഥ

ഒരേസമയം ഒരു സന്ദേശം മാത്രം കൈമാറിയിരുന്ന സാധാരണ കമ്പികളില്‍നിന്ന് ലക്ഷക്കണക്കിന് ഡാറ്റ ഒരേസമയം കൈമാറാവുന്ന ഒപ്റ്റിക്കല്‍ കേബിളിന്റെ കഥയുമായാണ് ബി.എസ്.എന്‍.എല്‍. പ്രദര്‍ശനനഗരിയെ സജീവമാക്കുന്നത്. ഒപ്റ്റിക്കല്‍ കേബിളുകള്‍ കൂട്ടിയോജിപ്പിക്കുന്ന സ്പ്ലൈസിങ് മെഷീന്‍, തടസ്സം കണ്ടെത്തുന്ന ഡി.പി. ബോക്‌സ്, വിവിധയിനം കേബിളുകള്‍, യു.എസ്.ബി., മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനം തുടങ്ങിയവയും ബി.എസ്.എന്‍.എല്‍. ഒരുക്കുന്നു.

തൃശ്ശൂരിന്റെ ചരിത്രമെഴുതി

സാംസ്‌കാരിക തലസ്ഥാനത്തിന്റെ പാരമ്പര്യവും ചരിത്രവും രേഖപ്പെടുത്തുന്ന മാതൃകയാണ് കോര്‍പ്പറേഷന്‍ പവലിയനിലെ പ്രധാന ആകര്‍ഷണം. വൈദ്യുതിരംഗത്ത് കോര്‍പ്പറേഷന്‍ കൈവരിച്ച സ്വയംപര്യാപ്തതയുടെ നേര്‍ചിത്രങ്ങളും ഇവിടെ മാതൃകകളായി കാഴ്ചക്കാര്‍ക്ക് അനുഭവവേദ്യമാണ്.

ശുശ്രുതനില്‍ നിന്നും എന്‍ഡോസ്‌കോപ്പിയിലേക്ക്

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് പവലിയന്‍ ശാസ്ത്ര കുതുകികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ വിജ്ഞാനപ്രദമാണ്. ശുശ്രുതനില്‍ തുടങ്ങുന്ന ശസ്ത്രക്രിയാ വൈദഗ്ധ്യത്തിന്റെ ചരിത്രം മിഴിതുറക്കുന്ന ചിത്രങ്ങളും ചാര്‍ട്ടുകളും ഒടുവില്‍ ലേസറിലും എന്‍ഡോസ്‌കോപ്പിയിലും എത്തിനില്‍ക്കുമ്പോള്‍ വൈദ്യശാസ്ത്രരംഗത്ത് ഇന്ത്യ കരസ്ഥമാക്കിയ നേട്ടങ്ങളുടെ സമഗ്രതയാണ് അനുഭവവേദ്യമാവുന്നത്. രാസലായനിയുടെ സഹായത്തോടെ സൂക്ഷിച്ചിട്ടുള്ള വിവിധ വളര്‍ച്ചയെത്തിയ മനുഷ്യഭ്രൂണങ്ങളും മനുഷ്യാവയവങ്ങളും പവലിയനിലെ പ്രധാന ആകര്‍ഷണങ്ങളാണ്. ആവശ്യക്കാര്‍ക്ക് രക്തസമ്മര്‍ദ്ദം, കാഴ്ച വൈകല്യം എന്നിവയ്ക്കുള്ള പരിശോധനയും പവലിയനില്‍ സൗജന്യമായുണ്ട്.

വികസനത്തിന്റെ വഴികള്‍ തേടി

വൈദ്യുതിരംഗത്തെ വികാസവും വളര്‍ച്ചയും സൂചിപ്പിക്കുന്ന മാതൃകകളുമായി കെ.എസ്.ഇ.ബി.യും, വായനയുടെ മാസ്മരിക ലോകം തുറക്കുന്ന മാതൃഭൂമി പവലിയനും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. വിവിധ മണ്ണിനങ്ങളും മണ്ണ് സംരക്ഷണ രീതികളും കാര്‍ഷികരംഗത്തെ യന്ത്രവത്കൃത വികസനത്തിന്റെ മാതൃകകളും ഒരുക്കി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും രംഗത്തുണ്ട്. കുട്ടികള്‍ക്ക് കളിക്കാന്‍ വിനോദോപകരണങ്ങളും ഷോപ്പിങ്ങിന്റെ നവ്യാനുഭവം പകരാന്‍ ജില്ലാ പഞ്ചായത്തിന്റെ സ്റ്റാളും ചേരുന്നതോടെ കണ്ടറിഞ്ഞ കാഴ്ചകളിലേക്ക് ഒരിക്കല്‍ക്കൂടിയെത്തണമെന്ന ചിന്തയുമായാണ് ഓരോരുത്തരും പ്രദര്‍ശനനഗരി വിടുക.




pooram 2015

 

ga
pooram 2014