കടലുപോലെ സുന്ദരവും നിഗൂഢവുമാണ് ആനയുടെ കാര്യങ്ങള്‍. കൊച്ചുകുട്ടികളുടെ ബുദ്ധിയും അനേകം ആളുകളുടെ ശക്തിയുമുള്ള ഈ ജീവി പൂരങ്ങള്‍ക്ക് മിഴിവേകുന്നു. ഇത്തരം ആനക്കാര്യങ്ങളിലേക്ക്...
ഗജലക്ഷണം
മധ്യഭാഗം താഴ്ന്ന് പൊന്തിനില്‍ക്കുന്ന തലക്കുനി, നിലത്ത് ചുരുട്ടി ഇഴയുന്ന തുമ്പിക്കൈ, വിരിഞ്ഞ മസ്തകം, വീശുമ്പോള്‍ മസ്തകത്തില്‍ കൂട്ടിയുരുമ്മുന്ന കീറലും പുള്ളികളുമില്ലാത്ത വിസ്താരമായ ചെവി, മുന്നിലോട്ടും മുകളിലോട്ടും നീണ്ടുവളഞ്ഞ നേര്‍ത്ത കൊമ്പുകള്‍, ചെറിയ കഴുത്ത്, കണങ്കാല്‍ വരെ ഇറങ്ങിക്കിടക്കുന്നതും അറ്റത്ത് ധാരാളം നാരുള്ളതുമായ വാല്‍, പതിനെട്ടോ ഇരുപതോ നഖങ്ങള്‍, നീളമുള്ള കാല്‍.
ഞങ്ങളും നിങ്ങളെ പോലെ
മനുഷ്യരുടെ സ്വഭാവങ്ങളോട് സാമ്യമുള്ളവയാണ് ആനകളും. 5 മുതല്‍ 10 വരെ വയസ്സുള്ള കുട്ടിയുടെ ബുദ്ധിയാണ് ആനകള്‍ക്കെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ അത്തരത്തില്‍ വേണം ഇവയോട് പെരുമാറാന്‍. കൂടാതെ മനുഷ്യനെപോലെ ഒരു സമൂഹജീവികൂടിയാണ് ആന. കാട്ടില്‍ ഇവ കൂട്ടങ്ങളായാണ് അധിവസിക്കുന്നത്. ഇത്തരം കൂട്ടങ്ങളില്‍നിന്നാണത്രെ ഇവ മുതിര്‍ന്നവരെ അനുസരിക്കാനും മറ്റും പഠിക്കുന്നത്. നാട്ടില്‍ ജനിച്ചുവളര്‍ന്ന ആനകള്‍ക്ക് താരതമ്യേന അനുസരണക്കേട് കൂടുതലായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാട്ടില്‍നിന്നു പിടിക്കുന്ന ആനകള്‍ അനുസരണശീലമുള്ളവരാകുന്നത് കുട്ടിക്കാലം മുതല്‍ ഇവര്‍ക്ക് ആനക്കൂട്ടങ്ങളില്‍നിന്നു കിട്ടുന്ന പാഠങ്ങളാണത്രെ. മറ്റു മൃഗങ്ങളില്‍നിന്നും വ്യത്യസ്തമായി ഉപകരണങ്ങളും മറ്റും ഉപയോഗിക്കാന്‍ കഴിയുന്ന മൃഗമാണ് ആനകള്‍. നിലത്തുകിടക്കുന്ന വടി തുമ്പിക്കൈകൊണ്ടെടുത്ത് പുറം ചൊറിയുന്നതും മറ്റും ഇതിന് ഉദാഹരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യര്‍ കൈകൊണ്ടു ചെയ്യുന്ന മിക്ക പ്രവൃത്തികളും ആനയ്ക്ക് തുമ്പിക്കൈകൊണ്ട് ചെയ്യാനാകും. കാട്ടാനക്കൂട്ടങ്ങളുടെ തലൈവി പിടിയാനകളായിരിക്കും. കൊമ്പന്‍മാര്‍ക്ക് സംരക്ഷണ ചുമതലയാണുള്ളത്.
ഓടിരക്ഷപ്പെടാന്‍ നോക്കേണ്ട
ഇടഞ്ഞോടുന്ന ആനയുടെ മുന്നിലൂടെ ഓടിരക്ഷപ്പെടാം എന്ന് ആരും വ്യാമോഹിക്കണ്ട. ഒളിമ്പിക്‌സ് ജേതാവ് വന്നാല്‍പോലും ആനകളെ ഓട്ടത്തില്‍ തോല്‍പ്പിക്കാനാവില്ല. ഓടാന്‍ തുടങ്ങിയാല്‍ ഇവ മണിക്കൂറില്‍ 25 മുതല്‍ 40 കിലോമീറ്റര്‍വരെ വേഗത്തില്‍ ഓടും. മണിക്കൂറില്‍ നാലു കിലോമീറ്ററാണ് ഇവയുടെ നടത്തത്തിന്റെ വേഗം. മനുഷ്യന് കേള്‍ക്കാനാവാത്ത ശബ്ദങ്ങള്‍ ഇവയ്ക്കു കേള്‍ക്കാനാകും. ഘ്രാണശക്തിയിലും മുന്നിലാണ് ഇവന്‍. എന്നാല്‍ കാഴ്ചശക്തി കുറവുമാണ്. ഗന്ധങ്ങള്‍ വര്‍ഷങ്ങോളം ഓര്‍ത്തുവെയ്ക്കാന്‍ ഇവയ്ക്കാകും. ഇത്തരത്തില്‍ ആന പക വീട്ടിയ പല കഥകളും ഇതിന് തെളിവായി നില്‍ക്കുന്നു.
ആനകളുടെ തലയ്ക്ക് ഭാരം കുറവാണ്. ശരീരത്തില്‍ വിയര്‍പ്പുഗ്രന്ഥികള്‍ ഇല്ല. നഖങ്ങള്‍ക്ക് മുകളില്‍മാത്രമാണ് ഇതുള്ളത്. ചെവിയാട്ടുന്നതും മറ്റും ശരീരത്തിലെ ചൂട് നിയന്ത്രിക്കുന്നതിനാണ്. പിടിയാനക്ക് 2.5 ടണ്‍ മുതല്‍ 3.5 ടണ്‍വരെ ഭാരമുണ്ടാകും. കൊമ്പന് 3.5 ടണ്‍ മുതല്‍ 5 ടണ്‍വരെയാണ് തൂക്കം വരിക. ആനയുടെ തുമ്പിക്കൈ മാന്ത്രികക്കൈ തന്നെയാണ്. പത്തുലിറ്റര്‍ വെള്ളം കൊള്ളും
ഇതില്‍ നോവിക്കരുതേ ഇവരെ
മനുഷ്യന്റെ ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും മാറ്റുകൂട്ടുന്ന ഈ ജീവികളെ ഉപദ്രവിക്കരുതെന്ന് അപേക്ഷയുമുണ്ട് വിദഗ്ധര്‍ക്ക്. തലയെടുപ്പിന്റെ പേരില്‍ കുത്തിപ്പൊക്കുന്നത് ഇവയ്ക്കു പീഡനം തന്നെയാണ്. ആനക്കാരന്റെ അനുമതികൂടാതെ ആനയെ സ്പര്‍ശിക്കുകയോ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കുകയോ ചെയ്യരുത്.
ആവേശത്തിന്റെ പേരില്‍ ആനയുടെ കൊമ്പില്‍ പിടിച്ചും വാലില്‍ പിടിച്ചും പ്രകോപിപ്പിക്കരുത്. ആനയോടിയാലും ആളുകള്‍ ഇത്തരത്തില്‍ പ്രകോപിപ്പിക്കുന്നു. ഒപ്പം ഓടിയും കല്ലെടുത്തെറിഞ്ഞും ആനയെ കൂടുതല്‍ അക്രമകാരിയാക്കുന്നതിലും ആളുകള്‍ക്ക് പങ്കുണ്ട്. ലോറിയിലെ ദീര്‍ഘദൂര യാത്രയും ഇടതടവില്ലാത്ത എഴുന്നള്ളിപ്പുകളുമെല്ലാം ആനകള്‍ക്ക് പീഡനമാകുന്നു. ചൂടേറിയ സമയത്തും ഉറങ്ങേണ്ട സമയത്തും ആനകളെ ദീര്‍ഘദൂരം നടത്തിക്കരുത്. ആവശ്യത്തിന് വെള്ളവും തീറ്റയും കൊടുക്കണം.
ആനകളെ തിങ്ങിനിര്‍ത്തരുത്. രാത്രി അധികം ഉറക്കമൊഴിക്കുന്ന അവസ്ഥ ഉണ്ടാകാതെ സൂക്ഷിക്കണം. ആനപ്പുറത്ത് പരിധികവിഞ്ഞ് ആളുകള്‍കയറുന്നതും ആനയെ പ്രകോപിപ്പിക്കും.