പുരസ്‌കാരലബ്ധിയില്‍ അതീവ സന്തുഷ്ടന്‍ -ടി.പത്മനാഭന്‍

Posted on: 08 Sep 2015

കണ്ണൂര്‍: മാതൃഭൂമിയുമായി കഥാകൃത്ത് എന്ന നിലയില്‍ ദീര്‍ഘകാലത്തെ ബന്ധമാണ് ഉള്ളതെന്നും പുരസ്‌കാരം ലഭിച്ചതില്‍ അതീവസന്തുഷ്ടനാണെന്നും കഥാകൃത്ത് ടി.പത്മനാഭന്‍ പറഞ്ഞു. മാതൃഭൂമി സാഹിത്യ പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1950-നുശേഷം തന്റെ ഒരു കഥയും മാതൃഭൂമി തിരിച്ചയച്ചിട്ടില്ല. ആദ്യമായി കഥയെഴുതിയത് സ്‌കൂള്‍ഫൈനല്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്. സാധാരണ എല്ലാ എഴുത്തുകാരും ചെയ്യുന്നതുപോലെ അത് മാതൃഭൂമിയിലേക്ക് അയച്ചു. എല്ലാവരുടെ വിഷയത്തിലും സംഭവിക്കുന്നതുപോലെതന്നെ ആ കഥ മടങ്ങിവന്നു. പിന്നീട് കണ്ണൂരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന നവയുഗം പത്രത്തിലാണ് അത് അച്ചടിച്ചുവന്നത്. പിന്നീടും താന്‍ സ്ഥിരമായി കഥകളെഴുതി. അവയും മാതൃഭൂമിക്കയച്ചു. അതെല്ലാം തിരിച്ചുവന്നു. രണ്ടുവര്‍ഷത്തിനുശേഷം 1950-ലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥ അച്ചടിച്ചുവന്നത്. അന്ന് കെ.എ.ദാമോദര മേനോന്‍ ആയിരുന്നു പത്രാധിപര്‍. മറ്റൊരാവശ്യത്തിന് കോഴിക്കോട്ട് പോയപ്പോള്‍ മാതൃഭൂമി ഓഫീസിന്റെ മരക്കോണി കയറി കഥയടങ്ങിയ കവര്‍ അദ്ദേഹത്തിന്റെ മേശപ്പുറത്തുവെച്ച് ഒന്നുംപറയാതെ തിരിച്ചുപോയി. ഓഫീസില്‍ പുതുതായിവന്ന ശിപായി ആയിരിക്കുമെന്നാണ് അദ്ദേഹം കരുതിക്കാണുക. എന്നാല്‍, എന്നെ അത്ഭുതപ്പെടുത്തി മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥ അച്ചടിച്ചുവന്നു. അന്ന് താന്‍ മംഗലാപുരത്ത് ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയായിരുന്നു. അതിനുശേഷം തന്റെ എല്ലാകഥകളും മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഓട്ടേറെ കഥകള്‍ അച്ചടിച്ചുവന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. അതിനാല്‍ മാതൃഭൂമിയുടെ സാഹിത്യപുരസ്‌കാരം ലഭിച്ചത് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.



 

ga