എഴുത്തും പോരാട്ടവും

ടി. പത്മനാഭന്‍/എ.കെ. അബ്ദുല്‍ ഹക്കീം Posted on: 05 Feb 2015


അക്ഷരങ്ങളെ നക്ഷത്രങ്ങളാക്കി എഴുതിയവയാണ് പത്മനാഭന്റെ കഥകള്‍. ഒറ്റപ്പെട്ടുപോയവരുടെ ജീവിതസങ്കടങ്ങള്‍ ഇത്രയും ഭാവതീവ്രമായി ആവിഷ്‌കരിച്ച മറ്റൊരെഴുത്തുകാരന്‍ മലയാളത്തിലുണ്ടാവില്ല. 'ഫിക്ഷന്‍' എന്ന കള്ളിയില്‍ നിര്‍ത്താന്‍ കഴിയാത്ത, അനുഭവങ്ങളുടെ തീക്ഷ്ണമായ പകര്‍ത്തലുകളായതുകൊണ്ടാവാം വായനക്കാര്‍ പത്മനാഭന്റെ കഥകള്‍ സന്തോഷപൂര്‍വം സ്വീകരിച്ചത്. അനന്യമായ ഒരനുഭൂതിമണ്ഡലത്തിലേക്കു നയിക്കുന്നവയാണ് പത്മനാഭന്റെ ഒട്ടുമിക്ക കഥകളും.

എന്നാല്‍ തൃക്കോട്ടൂര്‍കഥകളിലെ കുഞ്ഞിക്കേളപ്പക്കുറുപ്പിന്റെ സ്വഭാവവിശേഷവും നന്നായി ഇണങ്ങും ടി. പത്മനാഭന് - 'ഉറച്ചാല്‍ പാറ, അലിഞ്ഞാല്‍ ശര്‍ക്കര.' വാശിക്കാരനാണ്. എന്തെങ്കിലുമൊന്ന് തീരുമാനിച്ചാല്‍ കടുകിട മാറാന്‍ മടിക്കുന്നയാള്‍. ചെറുകഥ മാത്രമേ എഴുതൂ എന്ന വാശി എഴുത്തിന്റെ അറുപതാം വയസ്സിലും കൊണ്ടുനടക്കുന്ന എഴുപത്തേഴുകാരന്‍. സാഹിത്യരംഗത്ത് ചെറുകഥ അവഗണിക്കപ്പെട്ടപ്പോഴൊക്കെ കഥയുടെ പക്ഷത്തുനിന്ന് ഏറെ പോരാടിയ പഴയ ഗുസ്തിക്കാരന്‍.

പത്മനാഭന്‍ എത്രമാത്രം വായിക്കപ്പെടുന്നുവെന്നതിന് തെളിവധികമൊന്നും വേണ്ട. നളിനകാന്തി എന്ന കഥാസമാഹാരത്തിന്റെ പത്തൊമ്പതാം പതിപ്പ് ഈ വര്‍ഷം മാര്‍ച്ചിലാണ് ഡി.സി. ബുക്‌സ് പുറത്തിറക്കിയത്. ഇരുപതാമത്തെ പതിപ്പ് വെറുമൊരു മാസം കഴിഞ്ഞ് ഏപ്രിലിലും. കഥകള്‍ മാത്രമല്ല, എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരന് മാധ്യമങ്ങള്‍ കൊടുക്കുന്ന കവറേജും പത്മനാഭനെ 'പോപ്പുലറാ'ക്കിയിട്ടുണ്ട്. മലയാളി മനസ്സില്‍ താലോലിക്കുന്ന പല വ്യക്തിബിംബങ്ങളെയും ആക്രമിച്ചിട്ടുണ്ട് പത്മനാഭന്‍, പലപ്പോഴും.

മഴയെക്കുറിച്ച്, പൂക്കളെയും പൂച്ചകളെയും കുറിച്ച്, സംഗീതത്തെക്കുറിച്ച്, അവിസ്മരണീയമായ യാത്രാനുഭവങ്ങളെക്കുറിച്ച്, സാഹിത്യലോകത്തെ ഭൂതവര്‍ത്തമാനങ്ങളെക്കുറിച്ച്... ഒരു വര്‍ഷം മുന്‍പ് ശക്തമായി പിടിപെട്ട ചിക്കുന്‍ഗുനിയയുടെ ശാരീരികമായ അസ്വസ്ഥതകള്‍ ഇപ്പോഴും കൂടെയുണ്ടെങ്കിലും വിശദമായിത്തന്നെ സംസാരിക്കുകയാണ് പത്മനാഭന്‍.

'ഇരുട്ടില്‍ കയറിവരുന്ന മകന് വെളിച്ചം പകരാന്‍ വീട്ടുവളപ്പില്‍ അമ്മ കത്തിച്ചു വെച്ച വിളക്കിന്റെ പ്രകാശമാണ് എന്റെ കഥയിലെ വെളിച്ചമെന്ന്' താങ്കളെഴുതിയിട്ടുണ്ട്. അമ്മയുടെ ഈ സ്വാധീനം, കുട്ടിക്കാല അനുഭവങ്ങള്‍ എന്നിവ വിശദീകരിക്കാമോ?

ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥി കോണ്‍ഗ്രസ്സിന്റെ ഭാരവാഹിയായിരുന്നു ഞാന്‍. രാഷ്ട്രീയത്തില്‍ സജീവമായിരുന്നതുകൊണ്ട് പകല്‍ മുഴുവന്‍ എന്തെങ്കിലും പരിപാടികള്‍ ഉണ്ടാവും. വീട്ടിലെത്തുമ്പോള്‍ പലപ്പോഴും അര്‍ധരാത്രിയാവും. കൈയിലാണെങ്കില്‍ വെളിച്ചം കരുതുകയുമില്ല. വിശാലമായ ജയില്‍പ്പറമ്പും ജയില്‍പ്പറമ്പിനും വീടിനുമിടയിലുള്ള വലിയ കാട്ടുകണ്ടിപ്പറമ്പും കുറുകെ നടന്നിട്ടുവേണം വീട്ടിലെത്താന്‍. പലപ്പോഴും പാമ്പുകളെ കാണാറുള്ള ഈ പറമ്പുകളിലൂടെയുള്ള എന്റെ വരവില്‍ ആധി പൂണ്ട അമ്മ ഒരു ദിവസം ചെയ്ത പണി കേള്‍ക്കണോ. അര്‍ധരാത്രിയില്‍ കടന്നുവരുന്ന എനിക്ക് വെളിച്ചമേകാന്‍ കാട്ടുകണ്ടിപ്പറമ്പിന്റെ നടുവില്‍ ഒരു മണ്ണെണ്ണവിളക്ക് കത്തിച്ചുവെച്ചിരിക്കുന്നു. അമ്മ ഇന്ന് കൂടെയില്ലെങ്കിലും കാട്ടുപറമ്പില്‍ അമ്മ കത്തിച്ചുവെച്ച ആ വെളിച്ചം ഇന്നും എന്റെ കൂടെയുണ്ട്. എന്നെക്കൊണ്ടാവുന്നതുപോലെ ആ വെളിച്ചമാണ് കഥകളിലൂടെ ഞാന്‍ പകര്‍ന്നുകൊടുക്കുന്നത്.

ബാല്യകാലാനുഭവങ്ങള്‍ പറഞ്ഞില്ല?

തെക്കേയിന്ത്യയിലെതന്നെ ഏറ്റവും വലിയ ജയിലുകളിലൊന്നായ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സ്ഥിതിചെയ്യുന്ന പള്ളിക്കുന്നില്‍ ജനനം. എന്റെ ചെറുപ്പത്തില്‍ത്തന്നെ മരിച്ചുപോയ അച്ഛന്‍. കഷ്ടപ്പാടുകള്‍ക്കിടയിലും അഭിമാനം കൈവിടാതെ, വേദനകള്‍ സ്വയം സഹിച്ച് വളര്‍ത്തിയ അമ്മ. ക്ഷയോന്മുഖമായിപ്പോയ നായര്‍ അഗ്രഹാരം. തമിഴരും തെലുങ്കരുമായ വാര്‍ഡന്മാരുടെ മക്കളോടൊപ്പം കളിച്ചുമദിച്ചു നടന്ന വിശാലമായ ജയില്‍വളപ്പ്. നിറപ്പകിട്ടാര്‍ന്ന ഒരുപാടൊന്നും ഓര്‍ത്തുവെക്കാനില്ലാത്ത എന്റെ ബാല്യത്തെക്കുറിച്ച് ഇതിലധികമൊന്നും പറയുന്നില്ല. പക്ഷേ, ഒന്നെനിക്കുറപ്പുണ്ട്. അഗ്രഹാരത്തിലെയും ജയില്‍ പ്പറമ്പിലെയും ജീവിതമാണ് എന്നെ ഒരെഴുത്തുകാരനാക്കി മാറ്റിയത്.
ആറേഴു പതിറ്റാണ്ടു മുന്‍പുതന്നെ, സ്ത്രീകള്‍ നന്നായി വായിക്കുകയും പുസ്തകങ്ങള്‍ സൂക്ഷിച്ചുവെക്കുകയും ചെയ്തിരുന്ന ഗ്രാമമാണ് പള്ളിക്കുന്ന് എന്ന് താങ്കള്‍ പറയുന്നു. അവിശ്വസനീയം എന്നു തോന്നിപ്പോകും 'പള്ളിക്കുന്ന്' വായിക്കുമ്പോള്‍.
പള്ളിക്കുന്ന് എന്ന പുസ്തകത്തില്‍ എന്റെ ഗ്രാമത്തിലെ സ്ത്രീകളുടെ വായനശീലത്തെക്കുറിച്ച് ഞാന്‍ പറഞ്ഞതൊക്കെ അക്ഷരംപ്രതി സത്യമാണ്.

കഥയെഴുത്തിന്റെ ആദ്യകാലാനുഭവങ്ങള്‍ എങ്ങനെയായിരുന്നു?

വളരെ ആവേശകരമായിരുന്നു. ഞാനെഴുതിയ നാലാമത്തെ കഥ 1949ലെ മംഗളോദയത്തിന്റെ പുറംകവറില്‍ ആ ലക്കത്തിലെ പ്രധാന ലേഖകന്മാരുടെ കൂട്ടത്തില്‍ വന്നതും കേസരി എ. ബാലകൃഷ്ണപിള്ളയുടെ അടുക്കല്‍ കഥയുടെ ക്രാഫ്റ്റ് പഠിക്കാന്‍ ചെന്ന ഒരു ചെറുപ്പക്കാരന് അദ്ദേഹം നവസാഹിതിയില്‍ വന്ന എന്റെ 'കാട്ടിലെ കഥ' എന്ന കഥ കൊടുത്തതുമൊക്കെ ആവേശകരമായ അനുഭവങ്ങളല്ലെങ്കില്‍ പിന്നെ എന്താണ്?

ജെയിംസ് ജോയ്‌സ്, വിര്‍ജീനിയ വൂള്‍ഫ് എന്നിവരുടെ സ്വാധീനത്തെക്കുറിച്ച് താങ്കള്‍ സൂചിപ്പിച്ചിട്ടുണ്ട്. വിശദീകരിക്കാമോ?

ഞാന്‍ വായിച്ച ആദ്യത്തെ ജെയിംസ് ജോയ്‌സ് കൃതി Portrait of the Artist as a Young Man ആണ്. വിര്‍ജീനിയ വൂള്‍ഫിന്റെത് ണമ്‌ലഉെം. രണ്ടും എന്നെ ഏറെ സ്വാധീനിച്ചു. മനുഷ്യന്റെ മാനസികവ്യാപാരങ്ങളെക്കുറിച്ചുള്ള എന്റെ ബോധം വിപുലീകരിക്കാന്‍ ഈ കൃതികള്‍ സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഒരെഴുത്തുകാരനെന്ന നിലയ്ക്കുള്ള എന്റെ സങ്കല്പങ്ങളെ കൂടുതല്‍ സത്യസന്ധമാക്കാന്‍ ജോയ്‌സിന്റെ കൃതികള്‍ സഹായിച്ചിട്ടുണ്ട്.

സംഭാഷണങ്ങള്‍, വിശദീകരണങ്ങള്‍, ചിലപ്പോള്‍ കഥതന്നെയും അര്‍ധോക്തിയില്‍ അവസാനിപ്പിച്ചുകളയുന്ന രചനാരീതിയാണ് താങ്കളുടേത്. കഥയിലേക്ക് വായനക്കാരനെക്കൂടി ഇറക്കിക്കൊണ്ടുവരാനുള്ള തന്ത്രമാണോ ഇത്?

തന്ത്രം എന്നൊന്നും ഞാന്‍ പറയില്ല. കരുതിക്കൂട്ടി ചെയ്യുന്നതുമല്ല. അങ്ങുവന്നുപോകുന്നു എന്നു മാത്രം.
കവിതയുടെ ഭാവദീപ്തി കഥയില്‍ സന്നിവേശിപ്പിച്ചവരാണ് താങ്കളും എം.ടിയും. താങ്കളുടെ 'ഗൗരി'യും എം.ടിയുടെ 'വാനപ്രസ്ഥ'വും ഉജ്ജ്വലമായ മാതൃകകളാണ്. 'നൈസര്‍ഗികമായ രചനാവൈഭവം' എന്നു കരുതിയാല്‍ മതിയോ?
പ്രായംചെന്ന ഒരു പുരുഷനും അയാളുടെ മകളാകാന്‍ മാത്രം പ്രായമായ ഒരു യുവതിയും - ഇവര്‍ ഭര്‍ത്തൃമതിയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് - തമ്മിലുള്ള പ്രണയബന്ധമാണ് 'ഗൗരി'യില്‍ ചുരുളഴിയുന്നത്. ചെറുപ്പത്തില്‍ താന്‍ പഠിപ്പിച്ച ഒരു വിദ്യാര്‍ഥിനിയെ - ഈ കുട്ടിയോട് അയാള്‍ക്ക് അനുരാഗവുമുണ്ട്- അധ്യാപകന്‍ വളരെ കാലത്തെ ഇടവേളയ്ക്കുശേഷം കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തില്‍വെച്ച് യാദൃച്ഛികമായി കണ്ടുമുട്ടുന്നതാണ് 'വാനപ്രസ്ഥ'ത്തിലെ പ്രതിപാദ്യം. ഒരു ചെറിയ നോവലിന്റെ ദൈര്‍ഘ്യമുള്ള ഈ കൃതി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ രണ്ടു ലക്കങ്ങളിലായാണ് വന്നത്. എന്തൊക്കെ വിവരങ്ങളാണ് ഈ കൃതിയിലുള്ളത്! ഡ്രൈവറുടെ ഡീസല്‍ നിറയ്ക്കല്‍, പാട്ടുവെക്കല്‍, അര്‍ച്ചകന്മാരുടെ വീട്ടിലെ വിശേഷങ്ങള്‍, ക്ഷേത്രത്തിലെ പൂജാക്രമങ്ങള്‍, കുടജാദ്രിയിലേക്കുള്ള യാത്ര... ഒരു ട്രാവല്‍ ഏജന്റിന്റെ ഗൈഡില്‍ ഇതിനൊക്കെ പ്രസക്തിയുണ്ട്. പക്ഷേ, പ്രായംചെന്ന അധ്യാപകന്‍ തന്റെ പൂര്‍വകാമുകിയായ വിദ്യാര്‍ഥിനിയെ ക്ഷേത്രപരിസരത്തുവെച്ച് കണ്ടുമുട്ടുന്ന ഈ കഥയില്‍ ഇതൊക്കെ എന്തിനാണാവോ പറയുന്നത്? ശ്രീ. വാസുദേവന്‍നായരുടെ ഏതാണ്ടെല്ലാ കഥകളും ഇതുപോലെയാണ്. ചുരുക്കിപ്പറയുവാന്‍ അദ്ദേഹത്തിനറിഞ്ഞുകൂടാ. ഇങ്ങനെ പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഭക്തന്മാര്‍ എന്നോടു പൊറുക്കില്ലെന്ന് എനിക്കറിയാം. സാരമില്ല. ആരെങ്കിലുമൊന്ന് ഇതു പറയേണ്ടേ?

ഭക്തന്മാര്‍ മാത്രമല്ല, മലയാളികളാരുംതന്നെ അംഗീകരിച്ചുതരാന്‍ സാധ്യതയില്ലാത്ത ഒന്നായിരിക്കും 'എം.ടിക്ക് കഥയെഴുതാനറിയില്ല' എന്ന താങ്കളുടെ അഭിപ്രായം?

എത്ര വേഗത്തിലാണ് നിങ്ങള്‍ എന്നെ 'മിസ്‌ക്വോട്ട്' ചെയ്തത്! എം.ടിക്ക് കഥയെഴുതാനറിയില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ചുരുക്കിപ്പറയുവാന്‍ അദ്ദേഹത്തിന് അറിഞ്ഞുകൂടാ എന്നാണ് ഉദാഹരണസഹിതം ഞാന്‍ പറഞ്ഞത്.

തകഴിയും ബഷീറും വര്‍ക്കിയും ദേവും പൊറ്റെക്കാട്ടുമൊക്കെയടങ്ങുന്ന രണ്ടാം തലമുറയിലുള്ളവരാണ് കഥയെ ശക്തമായ ഒരു സാഹിത്യരൂപമാക്കി വളര്‍ത്തിയെടുത്തത് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. എന്നാല്‍ കഥയില്‍ 'പ്ലോട്ടി'നാണ് അവര്‍ അമിത പ്രാധാന്യം നല്കിയതെന്നും കഥാപാത്രത്തിന്റെ മനസ്സിലേക്ക് നേരിട്ട് കടന്നുചെല്ലാത്ത കഥകളായിരുന്നു അവയെന്നും താങ്കള്‍ വിമര്‍ശിച്ചിട്ടുണ്ട്. ഞാന്‍ സത്യസന്ധമായ ഒരു വസ്തുസ്ഥിതികഥനം നടത്തി എന്നു കരുതിയാല്‍ മതി. അതിനെ വിമര്‍ശനമായിട്ടൊന്നും എടുക്കേണ്ട.
കഥാഘടനയില്‍, രൂപത്തില്‍ പരീക്ഷണങ്ങള്‍ നടത്തുക വഴി താങ്കളും കഥകളെ കഥകളല്ലാതാക്കിയിട്ടുണ്ട് എന്ന ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു?

അങ്ങനെയും ചിലര്‍ പറഞ്ഞിട്ടുണ്ട്.

പറഞ്ഞിട്ടുള്ളതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നാണ് എന്റെ ചോദ്യം?

ഇല്ല; യാഥാര്‍ഥ്യമില്ല. ഞാനാവിഷ്‌കരിക്കാന്‍ ശ്രമിച്ച ഭാവത്തിനനുസരിച്ച്, അതുവരെ ആരും സ്വീകരിച്ചിട്ടില്ലാത്ത ഒരു രീതി സ്വീകരിക്കുകയാണ് ഞാന്‍ ചെയ്തത്. അവ പരീക്ഷണമായിരുന്നില്ല. പരീക്ഷണങ്ങള്‍ ഒരിക്കലും സൃഷ്ടികളാവില്ല.

'ആ കഥയുടെ സ്‌ക്രിപ്റ്റ് എന്റെ നെഞ്ചത്ത് ചേര്‍ത്തുവെച്ച് ഇവിടെ കിടക്കുന്നു. രാവിലെ നോക്കുമ്പോള്‍ അക്ഷരങ്ങളെല്ലാം ചുകപ്പായി മാറിയിരിക്കും. എന്റെ ചോര! എന്റെ കഥ!' - 'ഒരു കഥാകൃത്ത് കുരിശില്‍' എന്ന കഥ ഇങ്ങനെയാണവസാനിക്കുന്നത്. ഇത്രമാത്രം വേദനാജനകമാണോ എഴുത്ത്?

എഴുത്ത് തീര്‍ച്ചയായും വേദനാജനകമായ ഒരു പ്രവൃത്തിതന്നെയാണ് എന്നെ സംബന്ധിച്ചേടത്തോളമെങ്കിലും.

20 വര്‍ഷം മുന്‍പു നടത്തിയ കാരൂര്‍ സ്മാരക പ്രഭാഷണത്തില്‍, 'സമ്പന്നമായ തറവാട്ടില്‍ വിരുന്നുവന്ന ദരിദ്രബന്ധുവിന്റെ അവസ്ഥ'യിലാണ് മലയാള ചെറുകഥയെന്ന് താങ്കള്‍ വേവലാതിപ്പെട്ടിരുന്നു. ഇപ്പോഴും അങ്ങനെത്തന്നെയാണോ?

ചെറുകഥ ഇന്നും ഇവിടെ ഒരു രണ്ടാംതരം പൗരന്‍ തന്നെയാണ്. 1954-ല്‍ നിലവില്‍ വന്ന കേന്ദ്രസാഹിത്യ അക്കാദമി ഓരോ കൊല്ലവും ഇവിടത്തെ ഭാഷകളിലെ മികച്ച ഗ്രന്ഥങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്കാറുണ്ട്. മലയാളത്തില്‍ ഒരു ചെറുകഥാസമാഹാരത്തിന് ആദ്യമായി അവാര്‍ഡ് ലഭിച്ചത് 1996 ലാണ്! 42 കൊല്ലക്കാലയളവില്‍ ഇവിടെ പുരസ്‌കാരത്തിനര്‍ഹമായ ഒരു കഥാസമാഹാരം ഉണ്ടായിട്ടില്ല എന്നല്ലേ ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്? വയലാര്‍ അവാര്‍ഡ് അതിന്റെ നിയമാവലി പ്രകാരം തന്നെ ആദ്യത്തെ 17 കൊല്ലം കഥയെ പരിഗണിച്ചിരുന്നില്ല. കവിത, നോവല്‍, നാടകം, ജീവചരിത്രം, വിമര്‍ശനം എന്നീ അഞ്ചു ശാഖകളില്‍നിന്ന് മാത്രമേ പുസ്തകങ്ങളെ നിര്‍ദേശിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. പിന്നീടാണ് കഥയെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഉദാഹരണങ്ങള്‍ ഇനിയുമുണ്ട്, കഥ ഇപ്പോഴും ആ പഴയനിലയില്‍ത്തന്നെയാണ്. അതുകൊണ്ടാണല്ലോ ലക്ഷങ്ങള്‍ ചെലവാക്കി നാലുകെട്ടിന്റെ പൂരങ്ങള്‍ തൃശ്ശൂരില്‍ നടത്തപ്പെടുമ്പോഴും ചെറുകഥയെക്കുറിച്ച് ആരും ഒന്നും പറയാത്തത്.

സാഹിത്യത്തിലെ പുറംവരാന്തയില്‍ കിടന്നിരുന്ന ചെറുകഥയെ അകത്തളത്തിലെ ചാരുകസേരയില്‍ പ്രതിഷ്ഠിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും താങ്കള്‍ക്കാണെന്ന് എന്‍.എസ്. മാധവന്‍ പറഞ്ഞിട്ടുണ്ട്. താങ്കള്‍ക്കും ഇതേ അഭിപ്രായമുണ്ടോ?

എന്‍.എസ്. മാധവന്‍ പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ; സാഹിത്യത്തിന്റെ പുറമ്പോക്കില്‍ ഒരു കീഴാളനായി നിന്നിരുന്ന ചെറുകഥയെ സ്‌നേഹപൂര്‍വം അകത്തേക്ക് കൂട്ടിക്കൊണ്ടുവന്ന് അര്‍ഹമായ സ്ഥാനം നല്കിയത് ടി. പത്മനാഭനാണ് എന്ന് പറഞ്ഞാല്‍ ആരും നെറ്റിചുളിക്കേണ്ടതില്ല.

പുതിയ എഴുത്തുകാരുടെ കഥകള്‍ സവിശേഷതാത്പര്യത്തോടെ വായിക്കുന്ന ആളാണല്ലോ താങ്കള്‍. ഏറ്റവും പുതിയ തലമുറയിലെ കഥാകൃത്തുക്കളായ സന്തോഷ് ഏച്ചിക്കാനം, ഉണ്ണി. ആര്‍, കെ.ആര്‍. മീര, ബി. മുരളി, സുസ്‌മേഷ് ചന്ത്രോത്ത്, സുഭാഷ് ചന്ദ്രന്‍ തുടങ്ങിയവരെ എങ്ങനെ വിലയിരുത്തുന്നു?

ഇവരൊക്കെ നല്ല കഥകള്‍ എഴുതിയിട്ടുള്ളവരാണ്. പക്ഷേ, നിങ്ങളെന്തിന് ഈ ലിസ്റ്റ് അഞ്ചോ ആറോ പേരിലൊതുക്കുന്നു? ഇവര്‍ക്ക് പുറത്തും മികച്ച കഥകളെഴുതിയ ചെറുപ്പക്കാരില്ലേ? എന്‍. പ്രദീപ്കുമാറിനെക്കുറിച്ച് നിങ്ങളെന്ത് പറയുന്നു? പിന്നെ ഇപ്പോള്‍ കഥ മരിച്ചു എന്നൊക്കെ പറയുന്ന ഒരുവനാണ് ഞാന്‍ എന്ന ഒരപഖ്യാതി എന്നെപ്പറ്റി പരന്നിട്ടുണ്ട്. ഞാന്‍ പറയുന്നതിന്റെ ഭാഷ മനസ്സിലാകാത്തവരുടെ ജല്പനങ്ങളാണിതൊക്കെ. മനസ്സിലാക്കാന്‍ കഴിയുന്ന സമര്‍ഥന്മാരും ഇങ്ങനെ പറയുന്നുണ്ടെങ്കില്‍ അതൊരുതരം പൊളിറ്റിക്‌സാണ്. എനിക്കതിനു വയ്യ. ഏതൊരെഴുത്തുകാരനോടും പറയാനുള്ള കാര്യം പ്രസിദ്ധ ജര്‍മന്‍ കവി ഹെയ്‌ന പറഞ്ഞതുതന്നെയാണ്: Hitch your vagons to the stars.

കഴിവുള്ളവരെന്നു ബോധ്യപ്പെട്ടാല്‍, അവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ പിശുക്കു കാണിക്കാത്ത ആളാണല്ലോ. അക്ബര്‍ കക്കട്ടില്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ടി. എന്‍. പ്രകാശ്, യു. കെ. കുമാരന്‍, പി. കെ. പാറക്കടവ് തുടങ്ങി ഒരുപാടു പേര്‍ ഈ ആനുകൂല്യം അനുഭവിച്ചവരാണ്. താങ്കള്‍ എഴുതിത്തുടങ്ങിയപ്പോള്‍ മുന്‍തലമുറയിലെ എഴുത്തുകാരില്‍നിന്ന് ഇതുപോലെ പ്രോത്സാഹനം ലഭിച്ചിരുന്നുവോ?

ഞാന്‍ എഴുതിത്തുടങ്ങിയപ്പോള്‍ എന്റെ തലമുറയില്‍പ്പെട്ട ആര്‍ക്കും മുന്‍തലമുറയില്‍നിന്ന് പ്രോത്സാഹനം ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. പി. സി. കുട്ടികൃഷ്ണന്‍ (പില്‍ക്കാലത്തെ ഉറൂബ്) എന്നോട് ഏറെ സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നത്. അല്ലെങ്കില്‍, എന്തിന് എന്റെ കാര്യം മാത്രമായി പറയണം. താന്‍ ഇടപെട്ട ഏവരുമായും പി. സി. സ്‌നേഹത്തോടെയല്ലേ പെരുമാറിയിട്ടുള്ളൂ.

പത്മനാഭന്റെ മാനസപുത്രര്‍ക്കാണല്ലോ സാഹിത്യ അക്കാദമിയുടെ കഥാപുരസ്‌കാരങ്ങള്‍. കഴിഞ്ഞ തവണ ടി.എന്‍. പ്രകാശിന്, ഇത്തവണ ശിഹാബുദ്ദീന്?

ശിഹാബുദ്ദീന് പുരസ്‌കാരം ലഭിച്ചതറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. അതിന് ഒരു പ്രത്യേക കാരണമുണ്ട്. ഏതാനും കൊല്ലങ്ങള്‍ക്കു മുന്‍പ് 'പരിണാമദശയിലെ ഒരേട്' എന്നു പേരായ ഒരു കഥ വായിക്കാനിടയായി. എഴുതിയത് ഒരു ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. ഈ പേരിലുള്ള ഒരാളുടെ കഥ ഞാന്‍ ആദ്യമായി വായിക്കയായിരുന്നു. 'പരിണാമദശയിലെ ഒരേട്' ഞാന്‍ ഒന്നിലധികം തവണ വായിച്ചാസ്വദിച്ചു. ആ കഥ അത്രയും ശക്തവും സുന്ദരവുമായിരുന്നു. ഏതാണ്ട് ഇതേ കഥാതന്തുവുള്ള ഒരു കഥ കാഫ്കയും എഴുതിയിട്ടുണ്ട്. ഒരഭിമുഖത്തില്‍ ഞാന്‍ അന്നു പറഞ്ഞു- 'ഒരു കഥാമത്സരത്തില്‍ എന്റെ മുന്‍പില്‍ കാഫ്കയുടെയും ശിഹാബുദ്ദീന്റെയും കഥകള്‍ വരുകയാണെങ്കില്‍ ഞാന്‍ ഒന്നാം സ്ഥാനം നല്കുക ശിഹാബുദ്ദീന്റെ കഥയ്ക്കാണ്. എനിക്ക് ഇങ്ങനെ ഒരു കഥയെഴുതാന്‍ കഴിയുകയില്ല.' അന്ന് എനിക്ക് ശിഹാബുദ്ദീനുമായി ഒരു പരിചയവുമുണ്ടായിരുന്നില്ല. ഈ പൊയ്ത്തുംകടവ് എന്ന സ്ഥലം എന്റെ വീട്ടില്‍നിന്ന് ഒരു പത്തു കിലോമീറ്റര്‍ മാത്രം ദൂരത്താണ്. ഇതും ഞാന്‍ മനസ്സിലാക്കിയത് പിന്നീടാണ്. 'ഒരു പുതുക്കക്കാരന് ഇത്രയും വലിയ പ്രശംസ നല്‌കേണ്ടതുണ്ടോ' എന്ന് അന്ന് ചില മുതിര്‍ന്ന എഴുത്തുകാര്‍ ചോദിക്കയുണ്ടായി.

ടി.എന്‍. പ്രകാശിനെക്കുറിച്ച്?

ഞാന്‍ ഫാക്ടില്‍നിന്ന് പിരിയുന്നതിന് ഏതാനും കൊല്ലങ്ങള്‍ക്കു മുന്‍പ് മലയാള മനോരമയുടെ ഞായറാഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ എനിക്ക് ഇരുപതോളം കഥകള്‍ അയച്ചുതന്നു. ഈ കഥകളില്‍നിന്ന് നാലു കഥകള്‍ ഞാന്‍ തിരഞ്ഞെടുത്ത് കഥകളെക്കുറിച്ചുള്ള എന്റെ അഭിപ്രായം അവരെയറിയിക്കണം. കഥകളില്‍ എഴുത്തുകാരുടെ പേരോ വിലാസമോ ഒന്നുമുണ്ടായിരുന്നില്ല; വെറും നമ്പര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞാന്‍ തിരഞ്ഞെടുത്ത നാല് കഥകളും മനോരമ വളരെ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചു. ആദ്യത്തെ കഥയുടെ കര്‍ത്താവ് ടി. എന്‍. പ്രകാശായിരുന്നു. പ്രകാശിനെ കണ്ടതും പരിചയപ്പെട്ടതും പിന്നെയും ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞതിനു ശേഷമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യസമാഹാരമായ വളപട്ടണം പാലം പ്രകാശിപ്പിച്ചത് ഞാനായിരുന്നു. ഈ സമാഹാരത്തില്‍ 'കാളി' എന്ന ഒരു കഥയുണ്ട്. കുട്ടികളുടെ മനസ്സിനെ ഇത്രയും സുന്ദരമായി അപഗ്രഥിച്ച് അവതരിപ്പിച്ച ഒരു കഥ മലയാളത്തില്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല.
കഥ മാത്രമെഴുതി (നോവലില്‍ കൈവെക്കാതെ) മഹാസാഹിത്യകാരനായ ഏക ഗദ്യസാഹിത്യകാരനാണ് താങ്കള്‍. സാഹിത്യരചനയ്ക്കായി ചെലവഴിച്ച കാലവും എഴുതിയ കഥകളുടെ എണ്ണവും പരിശോധിച്ചാല്‍ അധികമൊന്നും എഴുതിയിട്ടുമില്ല. ഇതെങ്ങനെ സാധിച്ചു?
'മഹാസാഹിത്യകാരന്‍' എന്ന ആ വിശേഷണമൊക്കെ അവിടെ നില്ക്കട്ടെ. 1948 മുതല്‍ കഥകളെഴുതി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ ഞാന്‍ ഈ 60 കൊല്ലക്കാലംകൊണ്ട് എഴുതിയത് കഷ്ടിച്ച് 170 കഥകള്‍ മാത്രമാണ്. നമ്മുടെ ചില യുവ എഴുത്തുകാര്‍ പോലും ആയിരമൊക്കെ പണ്ടേ കടന്നുകഴിഞ്ഞിരിക്കുന്നു! എന്നിട്ടും ഇവരുടെയൊക്കെ ഇടയില്‍ ഈ 170ന്റെ പിന്‍ബലത്തില്‍ ഞാന്‍ ഇപ്പോഴും നില്ക്കുന്നുണ്ട് എന്നത് ഇത്തിരി അദ്ഭുതകരമായ കാര്യംതന്നെയാണ്. 'ഗുരുകാരണവന്മാരുടെ' കരുണ എന്നു പറഞ്ഞൊഴിയുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എഴുതിയതിന്റെ ഗുണവും ഒരു കാരണമായിരുന്നിരിക്കാം.

തീരെ എഴുതാതിരുന്ന നീണ്ട ഇടവേളകളുമുണ്ടായിരുന്നല്ലോ?

1963 മുതല്‍ 69 വരെ ഞാനൊന്നും എഴുതിയില്ല. മൗനം: പൂര്‍ണമായ മൗനം. കൈക്ക് വാതമോ മറ്റെന്തെങ്കിലും സുഖക്കേടോ വന്നിട്ടായിരുന്നില്ല; മാനസികമായ തകരാറുകളുണ്ടായിട്ടുമായിരുന്നില്ല. എഴുതിയില്ല. അത്രതന്നെ. ആറു കൊല്ലം കഴിഞ്ഞാണ് ഞാന്‍ 'സാക്ഷി'യെഴുതിയത്. എഴുതിയിട്ടും മാസങ്ങളോളം പ്രസിദ്ധീകരിച്ചില്ല. അങ്ങനെയിരിക്കെ ഒരോണക്കാലത്ത് ആകാശവാണിയില്‍ ഒരു കഥ വായിക്കാന്‍ ഉറൂബ് എന്നോടാവശ്യപ്പെട്ടു. ഞാന്‍ വായിച്ചത് 'സാക്ഷി'യായിരുന്നു. പിന്നീട് കുറേ കഴിഞ്ഞാണ് ഇത് പ്രസിദ്ധീകരിച്ചത്.

എന്താണ് നോവലെഴുതാത്തതെന്ന് പലരും ചോദിച്ചിട്ടുണ്ടാവും. ഒരു നോവലെഴുതിത്തീര്‍ക്കാനുള്ള 'ക്ഷമ' ഇല്ലാത്തതുകൊണ്ടല്ലേ താങ്കളതിന് മുതിരാത്തത് എന്ന് ഒരല്പം കടന്നുചോദിച്ചാല്‍?

ഒരു കാര്യം ക്ഷമയില്ലായ്മതന്നെയാണ്. പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാരണവുമുണ്ട്. 'മഹാകാവ്യമെഴുതാതെ മഹാകവിയാകുവാന്‍ പറ്റുമോ' എന്ന് നോക്കിയ ആളാണ് കുമാരനാശാന്‍. ആശാനെ ഏറ്റവുമധികം ആരാധിക്കുന്ന എനിക്കും അങ്ങനെ ഒരു വാശിയുണ്ടായിരുന്നു. - നോവലെഴുതാതെതന്നെ ഒരു വലിയ സാഹിത്യകാരനാണ് എന്ന് നാലാളെക്കൊണ്ട് പറയിപ്പിക്കാന്‍.

നോവലെഴുതിയില്ലെങ്കിലും വായനയുണ്ടല്ലോ. നോവല്‍രചനയിലെ പുതിയ പരീക്ഷണങ്ങളെ എങ്ങനെ കാണുന്നു?

ഞാന്‍ സത്യത്തില്‍ കൂടുതലും വായിക്കാറ് കഥകളാണ്. അതുകൊണ്ട് നോവല്‍രചനയിലെ പുതിയ പരീക്ഷണങ്ങളെക്കുറിച്ച് ആധികാരികമായി പറയാന്‍ അശക്തനാണ്. എങ്കിലും ഒരു കാര്യം പറയാം: 'കഥകള്‍ നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരിക്കണം. ലോകത്തെയും മനുഷ്യനെയും കുറിച്ചുള്ള നമ്മുടെ അറിവ് ഒന്നുകൂടി വികസ്വരമാക്കാന്‍ അവ സഹായിക്കണം.' വിഖ്യാത അമേരിക്കന്‍ കഥാകൃത്തായ റെയ്മണ്ട് കാര്‍വര്‍ പറഞ്ഞതാണ് ഇത്. ഇത് നോവലിനും ബാധകമാണ്; പരീക്ഷണങ്ങള്‍ക്കും ബാധകമാണ്.

കഥയുടെ ശത്രുക്കളായി കഥാകൃത്തുക്കളെ മാത്രമല്ല, സാഹിത്യനിരൂപകരെയും താങ്കള്‍ മുദ്രകുത്തിയിട്ടുണ്ട്. ഒരു നല്ല നിരൂപണത്തില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്തൊക്കെയാണ്?

ഒരു കാലത്ത് മലയാളം എം. എ. പാസായവരൊക്കെ ഇവിടെ നിരൂപകരായിരുന്നു. ദൈവികമായ ഒരു നിയോഗം പോലെയായിരുന്നു അത്. അത്തരം നിരൂപകന്മാരെയാണ് ഞാന്‍ കളിയാക്കിയിരുന്നത്. ഒരു നല്ല നിരൂപകനാവണമെങ്കില്‍ അയാള്‍ ആദ്യം നല്ല ഒരാസ്വാദകനായിരിക്കണം. പരട്ട തത്ത്വവാദികള്‍ക്കും സിദ്ധാന്തവാദികള്‍ക്കുമൊന്നും ഒരിക്കലും നല്ല ഒരു നിരൂപകനാവാന്‍ കഴിയില്ല.

സാഹിത്യസംബന്ധമായ ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടിയെടുക്കാറുള്ള അക്കാദമിക പണ്ഡിതന്മാരോടുള്ള സമീപനമെന്താണ്?

ഇവരുടെ വംശം പതുക്കെ കുറ്റിയറ്റുപോവുകയല്ലേ.

മഹത്തരമായ രണ്ടു കഥകളാണ് 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയും' 'കടയനല്ലൂരിലെ ഒരു സ്ത്രീയും'. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഭാവധ്രുവങ്ങളിലാണ് 'പെണ്‍കുട്ടി'യുടെയും 'സ്ത്രീ'യുടെയും അസ്തിത്വം. എന്താണ് താങ്കള്‍ മുന്‍പോട്ടുവെക്കുന്ന സ്ത്രീസങ്കല്പം?

ഒന്ന് നിഷ്‌കളങ്കയായ കൊച്ചുപെണ്‍കുട്ടിയാണ്. മറ്റേത് നിഷ്‌കളങ്കയെങ്കിലും സ്ത്രീസഹജമായ തന്റെ കാമനകളെയെല്ലാം അടക്കിവെക്കാന്‍ നിര്‍ബന്ധിതയായ ഒരു യുവതിയും. പിന്നെ ഞാന്‍ മുന്നോട്ടുവെക്കുന്ന സ്ത്രീസങ്കല്പമോ-? 'നിരൂപിക്കുകില്‍, നീ ചമപ്പു ഹാ! മരുഭൂ മോഹനപുഷ്പവാടിയായ്-'

ഇന്ത്യാവിഭജനത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയകലാപത്തിന്റെയും അനാഥമാക്കപ്പെട്ട ജീവിതങ്ങളുടെയും ആഖ്യാനമാണല്ലോ 'മഖന്‍സിങ്ങിന്റെ മരണം'. ഉത്തരേന്ത്യന്‍ സാമൂഹ്യപശ്ചാത്തലം, ജമ്മുവിലേക്കുള്ള ആ ബസ് യാത്ര - നേരിട്ടനുഭവിച്ച കാര്യങ്ങളാണ് കഥയായി മാറിയതെന്നു തോന്നുന്നത് ശരിയാണോ?

'മഖന്‍സിങ്ങിന്റെ മരണ'ത്തിലെ എല്ലാ സംഭവങ്ങളും യഥാര്‍ഥമാണ്; പേരുകള്‍ പോലും. 1953ലാണ് ഞാന്‍ ഈ യാത്രചെയ്തത്. ഒരു Indian perspective-ല്‍ മലയാളത്തില്‍ വന്ന ആദ്യത്തെ കഥ എന്നാണ് 'മഖന്‍സിങ്ങിന്റെ മരണ'ത്തെക്കുറിച്ച് എം. ഗോവിന്ദന്‍ പറഞ്ഞത്.

നേരിട്ടോ പരോക്ഷമായോ ഉള്ള അനുഭവങ്ങളില്‍നിന്നാണ് താങ്കളുടെ മിക്ക കഥകളും പിറന്നിട്ടുള്ളത്. 'കടയനല്ലൂരിലെ ഒരു സ്ത്രീ' സ്വന്തം അനുഭവത്തില്‍നിന്നാണോ?

ശരിയാണ്, എന്റെ ഏതാണ്ടെല്ലാ കഥകളും എന്റെ അനുഭവങ്ങള്‍തന്നെയാണ്. പക്ഷേ, 'കടയനല്ലൂരിലെ ഒരു സ്ത്രീ' എന്റെ അടുത്ത ഒരു സുഹൃത്തിന്റെ അനുഭവമാണ്. അദ്ദേഹം ഈ അനുഭവം എന്നോട് വിവരിക്കുമ്പോള്‍തന്നെ അത് ഒരു കഥയായി എന്റെ മനസ്സില്‍ രൂപാന്തരപ്പെട്ടു കഴിഞ്ഞിരുന്നു.

സ്വന്തം അനുഭവമായിരിക്കുമെന്ന് തികച്ചും വിശ്വസിക്കാവുന്ന ഉജ്ജ്വലമായ ഒരു കഥ പക്ഷേ, വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. 'പഴയ കുതിരകള്‍' എന്ന കഥയെപ്പറ്റിയാണ് എന്റെ സംശയം.

'പഴയ കുതിരകള്‍' എന്റെ വക്കീല്‍ജീവിതകാലത്തെ ഒരനുഭവമാണ്. ആ കഥയിലെ ഗോപാലന്‍ ഗുമസ്തന്‍ ഒരു ദുരന്തപാത്രമാണ്.

'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ ടോര്‍ച്ചടിക്കുന്ന ഒരു പെണ്ണ്. തീര്‍ന്നില്ലേ പത്മനാഭന്‍?' എന്ന വി.കെ.എന്‍. പരിഹാസം പ്രസിദ്ധമാണ്? ഇപ്പോഴെന്ത് പറയുന്നു?

ഇത് ചോദിക്കേണ്ടത് എന്നോടല്ല, വി. കെ.എന്നിനോടാണ്. വി. കെ. എന്‍. ഇപ്പോള്‍ നമ്മുടെ കൂടെയില്ല. മരിച്ചുപോയ ഒരാളെക്കുറിച്ച് എന്തെങ്കിലും മോശമായി പറയുന്നത് ഭംഗികേടാണ്. അതുകൊണ്ട് ഞാന്‍ മൗനം ദീക്ഷിക്കുന്നു.

ആമുഖക്കുറിപ്പോ അവതാരികകളോ ഇല്ലാതെ കഥകള്‍ പ്രസിദ്ധീകരിക്കുന്നതാണ് താങ്കളുടെ രീതി. കൃതിയിലേക്ക് പ്രവേശിക്കാന്‍ വായനക്കാരന് പരസഹായം ആവശ്യമില്ല എന്ന വിശ്വാസംകൊണ്ടാണോ ഇങ്ങനെ ചെയ്തുവരുന്നത്?

അവതാരികകള്‍ ഇല്ലാതെയാണ് ഞാന്‍ എന്റെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അവതാരികകള്‍ക്ക് വലിയ വില കല്പിക്കാന്‍ പലപ്പോഴും കഴിയുകയില്ല. എന്റെ പുസ്തകത്തിന് ഒരവതാരിക എഴുതിത്തരാന്‍ ഞാനൊരാളെ സമീപിച്ചാല്‍ അയാള്‍ മോശമായി എഴുതിത്തരുമോ? ഇനി അഥവാ ആരെങ്കിലും അങ്ങനെ ചെയ്താല്‍ ഞാന്‍ അത് പ്രസിദ്ധീകരിക്കുമോ? ഇല്ല. അപ്പോള്‍ പിന്നെ അവതാരികകള്‍ ഇല്ലാത്തതു തന്നെയല്ലേ നല്ലത്. Let the work speak for itself. എന്റെ നിലപാട് എന്നും ഇതായിരുന്നു.

സി. വി. ശ്രീരാമന്റെ 'വാസ്തുഹാര' എന്ന കഥയെയും ഇതേ കഥയെടുത്തു കൊണ്ട് അരവിന്ദന്‍ ചെയ്ത സിനിമയെയും ആധാരമാക്കി താങ്കളെഴുതിയ കഥയാണ് 'ബലി'. സാഹിത്യചരിത്രത്തില്‍ അപൂര്‍വമായിരിക്കും ഇങ്ങനെയൊരു സംഭവം?

ശരിയാണ്. എന്റെ അറിവില്‍ ഇത് തീര്‍ത്തും ഒറ്റപ്പെട്ട ഒരു സംഭവമാണ്.

അറുപതുകളില്‍ കഥാസാഹിത്യത്തിലേക്കു കടന്നുവന്ന 'ആധുനികത'യെ താങ്കള്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. വായനക്കാരെ കഥയില്‍നിന്നകറ്റി എന്നും ആരോപണവുമുണ്ടായിരുന്നു. എന്നാല്‍ മുകുന്ദനും വിജയനും കാക്കനാടനുമൊക്കെ ഇന്നും നന്നായി വായിക്കപ്പെടുന്നു എന്ന കാര്യം സത്യംതന്നെയല്ലേ?

ജീവിതത്തിന്റെ യുക്തിരാഹിത്യവും നിരര്‍ഥകതയും തിരിച്ചറിഞ്ഞ്, അസ്തിത്വദുഃഖത്തിന്റെ ഭാരവും പേറി സാഹിത്യത്തിലേക്ക് വരുകയും പാവനമായി കരുതപ്പെട്ടിരുന്ന പല മൂല്യങ്ങളെയും വെല്ലുവിളിക്കുകയും ചെയ്ത ഒരു തലമുറയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. ഇവരില്‍ വിജയന്‍, കാക്കനാടന്‍, സക്കറിയ, മുകുന്ദന്‍, നാരായണപിള്ള, പുനത്തില്‍, സേതു തുടങ്ങിയവരൊക്കെ പ്രതിഭാശാലികളായിരുന്നു എന്നത് നേരാണ്. എന്നാല്‍ ഇവര്‍ക്കു പിമ്പേ വന്നവരെ അറിഞ്ഞോ അറിയാതെയോ ഇക്കൂട്ടര്‍ വഴിപിഴപ്പിച്ചിട്ടുണ്ട്. ജനിമൃതികള്‍, ആര്‍ത്തവരക്തം, നഷ്ടബോധം എന്നൊക്കെ തലങ്ങും വിലങ്ങും പ്രയോഗിച്ചാല്‍ ആധുനികസാഹിത്യമാവും എന്ന് കരുതിയവരെയാണ് ഞാന്‍ വിമര്‍ശിച്ചിട്ടുള്ളത്. മാത്രവുമല്ല ഈ എഴുത്തുകാര്‍തന്നെ പിന്നീട് ആധുനികതയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. മലയാളത്തെ സംബന്ധിച്ചിടത്തോളം ആധുനികത വെറുമൊരു വിഭ്രാമകശബ്ദം മാത്രമായിരുന്നു.

സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്കു മാറ്റിനിര്‍ത്തപ്പെട്ട സ്ത്രീകളും ദലിതരുമൊക്കെ എഴുതാന്‍ തുടങ്ങിയപ്പോഴാണ് ഇവിടെ പെണ്ണെഴുത്തും ദലിത് സാഹിത്യവുമൊക്കെ ഉണ്ടായത്. എന്നാല്‍ ഭാഗ്യാന്വേഷികളായ ചില വിരുതന്മാര്‍ 'സംവരണ നിയോജകമണ്ഡല'ങ്ങള്‍ സൃഷ്ടിച്ച് ജയിക്കാന്‍ ശ്രമിക്കുകയാണെന്നാണ് താങ്കളുടെ ആരോപണം?

ഇപ്പോഴും ഈ അഭിപ്രായംതന്നെയാണ് എനിക്കുള്ളത്. ദലിത് സാഹിത്യം, പെണ്ണെഴുത്ത് തുടങ്ങിയ വര്‍ഗീകരണങ്ങളോട് ഞാന്‍ യോജിക്കുന്നില്ല. ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ സാഹിത്യത്തെയും സാഹിത്യകാരന്മാരെയും വേര്‍തിരിക്കുന്നത് ശരിയല്ല. പിന്നെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് നേതാക്കന്മാര്‍ വിലസുന്നതുപോലെ സാഹിത്യത്തിലുമാവാമെന്ന ചിലരുടെ ഉള്ളിലിരിപ്പാണ് ഇതിന്റെയൊക്കെ പിന്നില്‍.

കോണ്‍ഗ്രസ്സുകാരനായിരുന്നു ചെറുപ്പകാലത്ത്. വിമോചനസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഏതാനും ദിവസം തടവില്‍ പാര്‍ത്തിട്ടുമുണ്ട്. തെറ്റുപറ്റിയതാണോ? രണ്ടാം വിമോചനസമരമെന്നൊക്കെ വിശേഷണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന രാഷ്ട്രീയകാലാവസ്ഥയില്‍നിന്ന് തിരിഞ്ഞുനോക്കുമ്പോഴുള്ള തോന്നലെന്താണ്?

വിമോചനസമരം ഒരു യഥാര്‍ഥ ജനകീയമുന്നേറ്റമായിരുന്നു. സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന ജാതി-മത സംഘടനകള്‍ക്ക് സ്വാര്‍ഥതാത്പര്യങ്ങള്‍ കാണും. അമേരിക്കയില്‍നിന്ന് പണം വാങ്ങിയവരുമുണ്ടാകും. എന്നാല്‍ എല്ലാ സമരക്കാരും ഈ കൂട്ടത്തില്‍ പെട്ടവരായിരുന്നുവെന്ന് പറയാനാവില്ലല്ലോ. പിന്നെ ഞാന്‍ ജയിലില്‍ കിടന്നത് കൃത്യമായി പറഞ്ഞാല്‍ 15 ദിവസം. ജയിലുകളിലൊന്നിലും സ്ഥലമില്ലാഞ്ഞതിനാല്‍ തലശ്ശേരി കോട്ടയിലാണ് പാര്‍പ്പിച്ചത്. ഈ സംഭവത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം കേരള കൗമുദി പ്രസിദ്ധീകരിച്ച 'യുഗപ്പിറവി ആല്‍ബം-50' എന്ന സോവനീറില്‍ ഞാന്‍ വിസ്തരിച്ചെഴുതിയിട്ടുണ്ട്. എന്റെ ലേഖനത്തിന്റെ തലക്കെട്ട് 'കുറ്റബോധമില്ല; പശ്ചാത്താപവുമില്ല' എന്നാണ്. ഒരു കാര്യംകൂടി പറയാം. ആദ്യത്തെ കേരളമന്ത്രിസഭയോട് ജനങ്ങള്‍ക്ക് മതിപ്പുകേടുണ്ടാക്കാന്‍ ഒരു മന്ത്രിയുടെ പ്രസ്താവനകളും പ്രവൃത്തികളും ഏറെ കാരണമായിട്ടുണ്ട്. ഞാനുദ്ദേശിക്കുന്നത് വി. ആര്‍. കൃഷ്ണയ്യരെയാണ്.

വിമോചനസമരത്തിന് നേതൃത്വം കൊടുത്തവര്‍ വിമോചനമെന്ന വാക്കിന്റെ അര്‍ഥത്തെ മലിനമാക്കുകയാണ് ചെയ്തതെന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു?

സുകുമാര്‍ അഴീക്കോടിനെ വിടുക.

അങ്ങനെ വിട്ടുകളയാന്‍ പറ്റുന്ന ആളാണോ ഡോ. സുകുമാര്‍ അഴീക്കോട്? അവഗണിച്ചുകളയാന്‍ പറ്റുന്നതാണോ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍?

കേരളത്തിലെ മറ്റേതൊരാളെക്കാളും നന്നായി എനിക്ക് 'അഴീക്കോടി'നെ അറിയാം. അതുകൊണ്ടാണ് ഞാന്‍ 'സുകുമാര്‍ അഴീക്കോടിനെ വിടുക' എന്നു പറഞ്ഞത്. ഇനി നിങ്ങള്‍ക്ക് കൂടുതലെന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ ഈയിടെ വന്ന ഒരു പുസ്തകം വായിക്കാം. പുസ്തകത്തിന്റെ പേര് - 'അഴീക്കോട് വിമര്‍ശിക്കപ്പെടുന്നു.' പത്തോളം എഴുത്തുകാരുടെ ലേഖനങ്ങള്‍ സമാഹരിച്ചതാണ്.

'പൂവിതള്‍പോലെ മൃദുലമാണ് പത്മനാഭന്റെ മനസ്സ്' എന്ന് 'അരങ്ങു കാണാത്ത നടനി'ല്‍ തിക്കോടിയന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ബാഹ്യമായ ഇടപെടലുകളില്‍ ഈ 'മൃദുത്വം' അന്യമാണ്. എന്താണിങ്ങനെ?
അങ്ങനെ എഴുതിയതിന് തിക്കോടിയനോട് നന്ദിയുണ്ട്. എല്ലാവരോടും ചിരിച്ചുകൊണ്ട് 'ഗുഡി ഗുഡി'യായി പെരുമാറുവാന്‍ എനിക്കു വയ്യ.

വ്യക്തിജീവിതത്തിലായാലും ഔദ്യോഗികജീവിതത്തിലായാലും ഒരു കടുംപിടിത്തക്കാരനായാണ് പൊതുവേ താങ്കള്‍ വിശേഷിപ്പിക്കപ്പെടുന്നത്. സാഹിത്യരംഗത്തുമുണ്ട് ഈ കാര്‍ക്കശ്യം. എവിടുന്ന് കിട്ടി ഈ സ്വഭാവവിശേഷം?

കാര്‍ക്കശ്യമുണ്ട് എന്നതു സത്യമാണ്. പക്ഷേ, ഈ പുറംതോട് ഭേദിച്ചു പോകാന്‍ കഴിഞ്ഞാല്‍ ഞാന്‍ അത്ര മോശക്കാരനൊന്നുമല്ല എന്നു മനസ്സിലാകും.

വക്കീലായിരുന്ന ആള്‍തന്നെ, വാദിയായും പ്രതിയായുമൊക്കെ കോടതി കയറേണ്ടിവന്നത് ഈ സ്വഭാവവിശേഷംകൊണ്ടായിരുന്നല്ലോ?

ആയിരിക്കാം.

ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പേരില്‍ സാഹിത്യചോരണക്കുറ്റം ചുമത്തി പ്രസ്താവന ഇറക്കിയതും അതിന്റെ പേരില്‍ കേസും കൂട്ടവുമായി നടന്നതുമൊക്കെ ശരിയായിരുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?

കുഞ്ഞബ്ദുള്ളയുടെ പേരില്‍ ഞാന്‍ സാഹിത്യമോഷണക്കുറ്റം ചുമത്തി പ്രസ്താവനയിറക്കിയിട്ടൊന്നുമില്ല. 2003-ല്‍ ഞാന്‍ തിരുവനന്തപുരത്ത് പ്രശസ്ത ആയുര്‍വേദ ഭിഷഗ്വരനായ ഡോക്ടര്‍ കൃഷ്ണന്‍കുട്ടിനായരുടെ നഴ്‌സിങ് ഹോമില്‍ ചികിത്സയിലായിരുന്നു. അപ്പോള്‍ കൊല്ലത്തെ ഒരു മാസികയില്‍നിന്ന് ഒരു കക്ഷി അഭിമുഖം വേണമെന്നു പറഞ്ഞ് എന്നെ സമീപിച്ചു - ഞാന്‍ അയാളുടെ ആവശ്യത്തിന് വഴങ്ങിയില്ല. മടങ്ങിപ്പോയ അയാള്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം വീണ്ടും വന്നു. അപ്പോഴും ഞാന്‍ അയാളെ തിരിച്ചയച്ചു. ഒടുവില്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരു സുഹൃത്തിന്റെ ശിപാര്‍ശയുമായി വന്നപ്പോള്‍ എനിക്ക് വഴങ്ങേണ്ടിവന്നു. ഈ അഭിമുഖത്തില്‍ സാന്ദര്‍ഭികമായാണ് ഞാന്‍ കുഞ്ഞബ്ദുള്ളയുടെ മോഷണങ്ങളെക്കുറിച്ച് പറഞ്ഞത്. കുഞ്ഞബ്ദുള്ളയെക്കുറിച്ച് ഞാന്‍ നല്ലതും പറഞ്ഞിരുന്നുവെന്നും ഓര്‍ക്കണം. ഈ അഭിമുഖത്തിന്റെ പേരിലാണ് ഞാന്‍ പിന്നീട് കോടതി കയറ്റപ്പെട്ടത്. കോട്ടക്കലില്‍ സുഖചികിത്സയില്‍ കഴിയുകയായിരുന്ന തന്റെ 'ഗുരു'വിന്റെ കാല്‍ തൊട്ടു വന്ദിച്ച് അനുഗ്രഹവും വാങ്ങിക്കൊണ്ടാണ് കുഞ്ഞബ്ദുള്ള കേസിന് വന്നത് എന്നു കേട്ടിട്ടുണ്ട്. ശരിയാവാനിടയുണ്ട്. പിന്നെ കുഞ്ഞബ്ദുള്ളയുടെ പിറകില്‍ ഗുരുവിന് പുറമേ വേറെയും ആളുകളുണ്ടായിരുന്നു. ഒന്നുകൂടി പറയാം - ഈ സാഹിത്യമോഷണത്തെക്കുറിച്ച് ഒരു പുസ്തകംതന്നെ മാതൃഭൂമി ബുക്‌സിലുള്ള ശ്രീ. ഒ.കെ. ജോണി എഴുതിയിട്ടുണ്ട്.

ആരാണ് ഈ ഗുരുവും പിന്നിലുണ്ടായിരുന്നവരും?

അത് നിങ്ങള്‍ക്കൊക്കെ അറിയാവുന്നതല്ലേ? ഈ കേസിന് 11 തവണ ഞാന്‍ കോഴിക്കോട് സെഷന്‍സ് കോടതിയിലെ പ്രതിക്കൂട്ടില്‍ കയറി. ഒരിക്കല്‍പ്പോലും ഞാന്‍ കുഞ്ഞബ്ദുള്ളയെ കോടതിയില്‍ കണ്ടിരുന്നില്ല. എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിവെപ്പിക്കാറായിരുന്നു പതിവ്. ഒടുവില്‍ കോടതിക്ക് മടുത്ത് കേസ് തള്ളുകയും ചെയ്തു. പിന്നീട് കുഞ്ഞബ്ദുള്ളയുടെ വക്കീലായ ശ്രീ. മഞ്ചേരി സുന്ദര്‍രാജും കുഞ്ഞബ്ദുള്ളയും തമ്മിലായി പത്രസമ്മേളനങ്ങളിലൂടെ പോര്. പത്മനാഭന്‍ പറഞ്ഞതൊക്കെ ശരിയായിരുന്നു എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി എന്നു പറഞ്ഞാണ് വക്കീല്‍ ഈ അധ്യായം അവസാനിപ്പിച്ചത്. ഈ കേസില്‍ തങ്ങളുടെ എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് രണ്ട് യുവസാഹിത്യകാരന്മാര്‍ കുഞ്ഞബ്ദുള്ളയുടെ വക്കീലിനെഴുതിയതിന്റെ വിവരങ്ങള്‍ യുവസാഹിത്യകാരന്മാരുടെ ചിത്രങ്ങളോടുകൂടി 2004 ജനവരി 8ന്റെ മംഗളം പത്രത്തില്‍ വന്നിട്ടുണ്ട്. പക്ഷേ, എന്തു ചെയ്യാം! 'വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ?' എന്നാണല്ലോ പ്രമാണം. അകാലചരമം നിമിത്തം ഈ രണ്ടു സുഹൃത്തുക്കള്‍ക്കും കേസിന്റെ പരിസമാപ്തി കാണുവാനിടയായില്ല. ഒരുകണക്കിന് അതും നല്ലതായി എന്നു പറയാം.

'മുദ്രാവാക്യങ്ങള്‍ക്ക് ചരിത്രത്തിലും ജീവിതത്തിലും സ്ഥാനമുണ്ടാകാമെങ്കിലും മുദ്രാവാക്യങ്ങള്‍ ഒരിക്കലും നല്ല സാഹിത്യത്തിന് ബദലാവുകയില്ല' എന്ന് പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തെ പരിഹസിച്ചുകൊണ്ട് എഴുതിയതോര്‍മയുണ്ട്. കേരളത്തിന്റെ സാമൂഹികമുന്നേറ്റത്തില്‍ സാഹിത്യം വഹിച്ച പങ്കിനെ കുറച്ചുകാണുന്നത് ശരിയാണോ?

ഇത് എന്റെ വാചകമല്ല. സ. എം. എ. ബേബി കൊല്ലങ്ങള്‍ക്കു മുന്‍പേ ഇങ്ങനെ എഴുതി: 'മുദ്രാവാക്യങ്ങളും ചുമരെഴുത്തുകളും ഒരിക്കലും സാഹിത്യത്തിന് ബദലാവുകയില്ല.' ഈ ആയുധം ഞാന്‍ പല സന്ദര്‍ഭങ്ങളിലും എടുത്തുപയോഗിച്ചിട്ടുണ്ട്. സംഗതി സത്യമാണല്ലോ. പക്ഷേ, ഇത്രയും പറഞ്ഞതില്‍നിന്ന് പുരോഗമന സാഹിത്യപ്രസ്ഥാനം ഒരു സമ്പൂര്‍ണ പരാജയമാണെന്ന് ഞാന്‍ പറയുന്നില്ല. ജീവിതത്തെക്കുറിച്ച് സത്യസന്ധവും ധീരവുമായ ഒരവബോധം സൃഷ്ടിക്കാന്‍ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.

സാമൂഹികപ്രതിബദ്ധത എന്ന മുഴക്കോല്‍കൊണ്ട് മാത്രം സാഹിത്യത്തെ അളക്കുന്ന രീതിയിലേക്ക് മാര്‍ക്‌സിയന്‍ നിരൂപണം പോയതിന്റെ കാരണക്കാരന്‍ ഇ. എം. എസ്സാണെന്ന് പറഞ്ഞുകൊണ്ട് ധാരാളം കലഹിച്ചിട്ടുണ്ടല്ലോ?

സാമൂഹികപ്രതിബദ്ധതാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് സ്റ്റാലിന്റെ കാലത്തെ സാഹിത്യ കമ്മിസാറായ ഷഡാനോവായിരുന്നു. ഇ. എം.എസ്സുമായി ഈ വിഷയത്തില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹം ഒടുവില്‍ എന്റെ പക്ഷത്തേക്ക് വന്നിട്ടുമുണ്ട്. ഭാഷാപോഷിണിയില്‍ എഴുതിയ ലേഖനത്തില്‍ 'സാമൂഹികപ്രതിബദ്ധതയില്ലാതെയും ഉത്തമസാഹിത്യം രചിക്കപ്പെടാം. കമ്യൂണിസ്റ്റുകാരായ ഞങ്ങള്‍ക്ക് ഈ സത്യം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഇതിന് ഞാന്‍ മലയാളികളോട് മാപ്പു ചോദിക്കുന്നു' എന്നെഴുതിയത് ഇ.എം.എസ് ആയിരുന്നില്ലേ? ഇ.എം.എസ്സിനു മാത്രമേ ഇങ്ങനെ പറയുവാന്‍ കഴിയുകയുള്ളൂ. ഒരു കാര്യം കൂടി. ഏതു കൃതിയിലും സാമൂഹികപ്രതിബദ്ധത അരിച്ചുനോക്കി മാര്‍ക്കിടുന്നത് അബദ്ധമാണ്. ലോകത്തിലെ അനര്‍ഘങ്ങളായ ശില്പങ്ങളും ചിത്രങ്ങളുമൊക്കെയുള്ളത് റഷ്യയിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിലാണല്ലോ. ഈ ചിത്രങ്ങള്‍ക്കും ശില്പങ്ങള്‍ക്കുമൊക്കെ എന്ത് സാമൂഹികപ്രതിബദ്ധതയാണുള്ളത്? വിപ്ലവാനന്തര റഷ്യയില്‍ ഈ കലാസൃഷ്ടികളൊന്നും ഭരണാധികാരികള്‍ എടുത്തുമാറ്റിയിട്ടില്ല എന്നത് മറന്നുപോകരുത്.

സാഹിത്യവിമര്‍ശനത്തിലെ മാര്‍ക്‌സിയന്‍ സമീപനത്തെ എന്നും എതിര്‍ത്തുപോരുന്ന താങ്കളെ ഒരു 'ശുദ്ധകലാവാദി' എന്നു വിളിക്കാമെന്നു തോന്നുന്നു.

കല കലയ്ക്കുവേണ്ടിയല്ല; ജീവിതത്തിനുവേണ്ടിയാണ് എന്നാണ് ഞാന്‍ എന്നും വിശ്വസിച്ചിരുന്നത്. എന്നാല്‍ എഴുതിത്തുടങ്ങിയ കാലത്തുതന്നെ ഞാന്‍ വിശ്വസിച്ചുപോരുന്ന ചില ലാവണ്യസിദ്ധാന്തങ്ങളുണ്ട്. കാലത്തിനനുസരിച്ച് മാറുന്ന ഫാഷനുകളല്ല ഈ സിദ്ധാന്തങ്ങള്‍. അതുകൊണ്ടാണ് എം. സുകുമാരന്റെ കഥകളിലും ചുള്ളിക്കാടിന്റെ കവിതകളിലുമൊക്കെ എനിക്ക് സൗന്ദര്യം കാണാനാവുന്നത്.

ഷേക്‌സ്പിയറിന്റെ നാടകങ്ങളും ബിഥോവന്റെ സംഗീതവുമിഷ്ടപ്പെട്ട കാള്‍ മാര്‍ക്‌സിന്റെ ശിഷ്യന്മാരല്ല ഇവിടത്തെ കമ്യൂണിസ്റ്റുകളെന്ന് പലതവണ പറയുകയും എഴുതുകയും ചെയ്ത ആളാണല്ലോ. അങ്ങനെയുള്ള താങ്കളുടെ ആത്മകഥാലിഖിതങ്ങളെന്ന് വിളിക്കാവുന്ന, ഈയിടെ പ്രസിദ്ധീകരിച്ച 'പള്ളിക്കുന്നി'ന്റെ പ്രകാശകനായി പാര്‍ട്ടി സെക്രട്ടറിയെത്തിയതിന്റെ 'രാഷ്ട്രീയ'മെന്താണ്?

ഇതില്‍ യാതൊരു രാഷ്ട്രീയവുമില്ല. പിണറായിയെക്കൊണ്ട് പുസ്തകം പ്രകാശിപ്പിക്കാന്‍ തീരുമാനിച്ചത് രവി ഡി.സിയാണ്. ഇത് പൂര്‍ണമായും രവിയുടെ തീരുമാനമാണ്. രവിയുടെ അപേക്ഷ പിണറായി സന്തോഷപൂര്‍വം സ്വീകരിക്കുകയും ചെയ്തു. വിവരമറിഞ്ഞപ്പോള്‍ എനിക്കും സന്തോഷംതന്നെയായിരുന്നു. സാഹിത്യസംബന്ധമായ കാര്യങ്ങളില്‍ പിണറായി വിജയനുള്ള താത്പര്യവും അവഗാഹവും എനിക്കറിയാം. കേരളത്തില്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരു രാഷ്ട്രീയനേതാവാണ് ശ്രീ. പിണറായി വിജയന്‍.

എഴുത്തുകാരാവുന്നതിന് മുന്‍പും പിന്‍പുമൊക്കെ വലിയൊരു വായനക്കാരനാണ് താങ്കള്‍. മഹത്തായ വായനാനുഭവങ്ങളില്‍ ചിലത് പങ്കുവെക്കാമോ?

ഇന്നും ഞാനൊരു വായനക്കാരനാണ്. എനിക്കിഷ്ടപ്പെട്ട ഗ്രന്ഥങ്ങള്‍ ഞാന്‍ വീണ്ടും വീണ്ടുമെടുത്ത് വായിക്കാറുണ്ട്. ഒരുദാഹരണം, താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനം. ഗ്രന്ഥങ്ങള്‍ വായനക്കാരുടെ അധമവികാരങ്ങളെ വളര്‍ത്തുന്നവയായിരിക്കരുത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആത്മീയമായ ഒരുന്നമനം അവന് നല്കുന്നവയായിരിക്കണം അവ.

രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും നിയന്ത്രിക്കുന്നതായതുകൊണ്ടാണ് സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ താങ്കള്‍ നിരസിച്ചത്. അങ്ങനെയാണെങ്കില്‍ സര്‍ക്കാര്‍തന്നെ നല്കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം സ്വീകരിച്ചതിന്റെ ന്യായീകരണമെന്താണ്?

എഴുത്തച്ഛന്‍ പുരസ്‌കാരം സ്വീകരിച്ചതിലും ആത്യന്തികവിശകലനത്തില്‍ കുറ്റം കാണാന്‍ കഴിയുന്നതാണ്. എല്ലാം ഗവണ്‍മെന്റ് തന്നെ.

മാതൃഭൂമിയടക്കമുള്ള ആനുകാലികങ്ങള്‍ ഈയിടെയായി സാഹിത്യത്തെയും സാഹിത്യകാരന്മാരെയുമൊക്കെ അവഗണിക്കുന്നതായി പറഞ്ഞുകേള്‍ക്കാറുണ്ട്. താങ്കള്‍ക്കങ്ങനെയൊരഭിപ്രായമുണ്ടോ?

എനിക്കങ്ങനെയൊരഭിപ്രായമില്ല. 1948 മുതല്‍ കഥയെഴുതി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ ഞാന്‍ മാതൃഭൂമിയില്‍ എഴുതാന്‍ തുടങ്ങുന്നത് 1950 മുതലാണ്. എന്‍. വി. കൃഷ്ണവാരിയരുടെ കാലം മുതല്‍. അദ്ദേഹം എനിക്കു തന്ന പ്രോത്സാഹനം വളരെ വലുതായിരുന്നു. ഇങ്ങനെയായിട്ടും ഞാന്‍ എന്‍.വിയുമായി പിണങ്ങി ആഴ്ചപ്പതിപ്പില്‍ എഴുതാതിരുന്നിട്ടുണ്ട്. വാസുദേവന്‍നായരുടെ കാലത്ത് ആവശ്യപ്പെട്ടാല്‍ മാത്രമേ ഞാന്‍ എഴുതാറുണ്ടായിരുന്നുള്ളൂ. എഴുതാത്ത കാലങ്ങളാണ് കൂടുതലുണ്ടായിരുന്നത്. 1999 മുതല്‍ 2003 വരെ ടി. ബാലകൃഷ്ണനായിരുന്നല്ലോ ആഴ്ചപ്പതിപ്പ് എഡിറ്റ് ചെയ്തിരുന്നത്. അന്ന് മാതൃഭൂമിയുമായുള്ള എന്റെ ബന്ധം വളരെ നല്ലതായിരുന്നു. 2003നു ശേഷം ഇതുവരെയും ഞാന്‍ ആഴ്ചപ്പതിപ്പില്‍ ഒന്നുമെഴുതിയിട്ടില്ല. ചോദിക്കാത്തതുകൊണ്ട് മാത്രമാണ്. ചോദിച്ചാല്‍ എഴുതുന്നതിന് വിഷമവുമില്ല.

ഇരുത്തംവന്നവരെയൊന്നും പരിഗണിക്കുന്നില്ല എന്ന കുറ്റം പറച്ചിലില്‍ കാര്യമില്ലെന്നാണോ?

മാതൃഭൂമി ആഴ്ചപ്പതിപ്പ് തങ്ങളെ അവഗണിക്കുന്നു, കലാകൗമുദി അവഗണിക്കുന്നു എന്നൊക്കെ പറഞ്ഞ് വിലപിച്ചുനടക്കുന്ന എഴുത്തുകാര്‍ അവഗണിക്കപ്പെടേണ്ടവര്‍ തന്നെയാണ്. പിന്നെ മാതൃഭൂമി സ്ഥാപനത്തില്‍നിന്ന് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും ബഹുമതിയും ദിനപത്രത്തില്‍നിന്നാണുണ്ടായത്. അതിന് അതിന്റെ പത്രാധിപരോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. ഓര്‍മവെച്ച കാലം മുതല്‍ മാതൃഭൂമി വായിക്കുന്നുണ്ട്. 2004-ല്‍ ഒരു ദിവസം രാവിലെ മാതൃഭൂമി എടുത്തപ്പോള്‍ അതിന്റെ മുന്‍പേജില്‍ ആദ്യത്തെ പകുതി മുഴുവന്‍ 1-ാം കോളം മുതല്‍ 8-ാം കോളം വരെ എനിക്ക് തന്നിരിക്കയാണ്! പുനത്തിലിന്റെ കേസായിരുന്നു വിഷയം. ഒരു പത്രപ്രവര്‍ത്തകന്‍ ഇങ്ങനെയായിരിക്കണം. എന്തൊരു ഔചിത്യഭാഷ! എന്തൊരു ധര്‍മബോധം!

പ്രസിദ്ധമാണ് താങ്കളുടെ വൃക്ഷപ്രണയം. പക്ഷിമൃഗാദികളോടുമുണ്ട് ഈ പ്രേമം. ഉത്കൃഷ്ടമായ ഒരു പരിസ്ഥിതിദര്‍ശനം രൂപപ്പെട്ടതിന്റെ പശ്ചാത്തലം വിശദമാക്കാമോ?

ഇതൊന്നും ബോധപൂര്‍വം വളര്‍ത്തിയെടുത്തതൊന്നുമല്ല. ജന്മനായുള്ള വാസനകള്‍ അനുകൂലസാഹചര്യങ്ങളില്‍ വളര്‍ന്നുവികസിച്ചു എന്നു മാത്രം. വൃക്ഷങ്ങളോടുള്ള എന്റെ ഗാഢബന്ധത്തിനു കാരണക്കാരന്‍ എന്റെ ജ്യേഷ്ഠനാണ്. വൃക്ഷങ്ങളെ ഇത്രമാത്രം സ്‌നേഹിക്കുന്ന മറ്റൊരാളെ കാണാന്‍ കഴിയില്ല. പുരയ്ക്ക് ചാഞ്ഞ മരവും മുറിച്ചുകളയാന്‍ അദ്ദേഹം സമ്മതിക്കില്ല. പൂച്ചെടികളോടും പക്ഷിമൃഗാദികളോടുമുള്ള സ്‌നേഹം അമ്മയില്‍നിന്നാണ് ലഭിച്ചത്.

മഴ, മഴയുടെ സംഗീതം എന്നിവയിലൊക്കെ വ്യാമുഗ്ധമായിരിക്കുന്ന ഒരു മനസ്സിന്റെ ഉടമയാണ് താങ്കളെന്ന് ചില കഥകള്‍ വായിച്ചപ്പോള്‍ തോന്നിയിട്ടുണ്ട്. പ്രകൃതിയോട്, പ്രകൃതിപ്രതിഭാസങ്ങളോട് വളരെ കാല്പനികമായി സംവദിക്കുന്ന സ്വഭാവം എപ്പോഴാണ് തുടങ്ങിയത്?

ഓര്‍മവെച്ച നാള്‍ മുതലേ മഴയുടെ കാമുകനായിരുന്നു. മഴയുടെ നാനാരൂപങ്ങളും എനിക്ക് നന്നായറിയാം. കുളത്തിലെ വെള്ളത്തില്‍ മുങ്ങിക്കിടന്ന് മഴയുടെ സ്വരം ശ്രവിക്കുന്നത് എന്റെ ഒരു വിനോദമായിരുന്നു. മുതിര്‍ന്നപ്പോള്‍ അമേരിക്കയില്‍നിന്ന് മഴയുടെ കാസറ്റുകള്‍ സംഘടിപ്പിച്ച് വേനലിലും മഴ ആസ്വദിക്കുന്നത് എന്റെ സ്വഭാവമായി. വളരെ ചെറുപ്പം മുതല്‍ക്കേ രാത്രി ഉറങ്ങാന്‍ കിടന്നിരുന്നത് വീടിന്റെ കോലായിലായിരുന്നു. മഴയുടെ എല്ലാ ഭാവങ്ങളും ശ്രദ്ധിച്ചുകൊണ്ട്, മിന്നലും ഇടിയും ആസ്വദിച്ചുകൊണ്ട്.... അമ്മയുടെയും ഏട്ടത്തിയുടെയും അപേക്ഷകള്‍ക്കു വഴങ്ങാതെ ഞാന്‍ അവിടെ കിടക്കും. മഴയെക്കുറിച്ച് ഞാന്‍ കഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഓരോരോ വിഡ്ഢിത്തങ്ങള്‍, അല്ലേ?

അബ്ദുല്‍കരീം ഖാനും ഓംകാര്‍നാഥ് ഠാക്കൂറും അമീര്‍ഖാനും ഭീംസെന്‍ ജോഷിയും ചെമ്പൈ വൈദ്യനാഥ ഭാഗവതരും പട്ടമ്മാളും സുബ്ബലക്ഷ്മിയും ജി.എന്‍.ബിയും രാമനാഥനുമെല്ലാം തന്റെ ഏകാന്തതകളിലെ പ്രിയപ്പെട്ട കൂട്ടുകാരാണെന്ന് താങ്കളെഴുതിയിട്ടുണ്ട്. എന്നാലും ചോദിച്ചോട്ടെ. ഹിന്ദുസ്ഥാനിയോടാണോ കര്‍ണാട്ടിക്കിനോടാണോ കൂടുതല്‍ താത്പര്യം?

രണ്ടു സംഗീതശാഖകളോടും വളരെ ഇഷ്ടമാണ്. എന്നാലും നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ ഞാന്‍ പറയും, ഒരു നെന്മണിത്തൂക്കം കൂടുതലിഷ്ടം ഹിന്ദുസ്ഥാനിയോടാണെന്ന്. ഹിന്ദുസ്ഥാനി സംഗീതജ്ഞരെപ്പോലെ ലയിച്ചു പാടാന്‍ കര്‍ണാട്ടിക് വിദഗ്ധര്‍ക്ക് കഴിയില്ല. ശബ്ദത്തിന്റെ മേല്‍ അവര്‍ നേടിയെടുക്കുന്ന ആധിപത്യം അദ്ഭുതാവഹമാണ്.

സംഗീതപ്രിയന്‍ മാത്രമല്ല, സംഗീതത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും മഹാസംഗീതജ്ഞരുമായി ഗാഢമായ അടുപ്പവുമുള്ള ആളാണല്ലോ. സംഗീതം പഠിച്ചിരുന്നോ? കഥാരചനയില്‍ സംഗീതം എങ്ങനെയാണ് സ്വാധീനിക്കുന്നത്?

ഞാന്‍ സംഗീതം പഠിച്ചിട്ടില്ല. വായിച്ചും കേട്ടുമുള്ള അറിവേ എനിക്കുള്ളൂ. കഥകള്‍ ചിലപ്പോള്‍ തനിയെ സംഗീതത്തിന്റെ ലോകത്തേക്ക് വഴുതിപ്പോകാറുണ്ട്. ഉദാഹരണത്തിന് 'കടല്‍'. സംഗീതവുമായി എനിക്കുള്ള ബന്ധത്തിന്റെ നല്ല ഒരുദാഹരണമാണ് 'ദേശ് - ഒരു ഹിന്ദുസ്ഥാനി രാഗം' എന്ന കഥ - ഇതിലെ ഗുരു ഞാന്‍ തന്നെയാണ്.

സിനിമാക്കമ്പക്കാരനായിരുന്നല്ലോ. താങ്കളെഴുതിയ സിനിമാനിരൂപണവും വായിച്ചിട്ടുണ്ട്. സിനിമയിലെ പുതിയ ട്രെന്‍ഡുകളോട് എങ്ങനെ പ്രതികരിക്കുന്നു?

സിനിമ ഇഷ്ടമാണ്. പക്ഷേ, ഇപ്പോള്‍ തിയേറ്ററില്‍ പോയി സിനിമ കാണാന്‍ വിഷമമാണ്. കാരണം അവിടത്തെ ബഹളംതന്നെ. നിശ്ശബ്ദതയിലേ സിനിമ പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയുള്ളൂ. നമ്മുടെ നാട്ടിലെ തിയേറ്ററുകളിലെ ഉഠട സംവിധാനങ്ങള്‍ കഠോരമായാണ് അനുഭവപ്പെടാറ്. പരമാവധി ഉച്ചത്തിലായിരിക്കും എപ്പോഴും ശബ്ദം. ഈയിടെ അബുദാബിയില്‍ പോയപ്പോള്‍ സാഹിത്യകാരനായ എ. എം. മുഹമ്മദ് എന്നെ ഒരു മലയാള സിനിമ കാണിക്കാനായി അവിടത്തെ ഒരു തിയേറ്ററില്‍ കൊണ്ടുപോയി. അവിടത്തെ ശബ്ദസംവിധാനം എന്നെ തീര്‍ത്തും സന്തുഷ്ടനാക്കിയെന്ന് പറയട്ടെ. പുതിയ സിനിമകളില്‍ നല്ലവ ഒട്ടേറെയുണ്ട്. രഞ്ജിത്തും സത്യന്‍ അന്തിക്കാടും ബ്ലെസ്സിയും കമലുമൊക്കെ മികച്ച പടങ്ങളെടുക്കുന്നില്ലേ.

'അറുപതിലെത്തിയ പത്മനാഭനുണ്ടായ പ്രണയാനുഭവമാണ് 'ഗൗരി'ക്ക് നിമിത്തം. 'കടലി'ലെ പ്രേരണയും അതുതന്നെ' - താങ്കളെക്കുറിച്ച് പഠനം നടത്തിയ ഡോ. സുശീലാദേവിയുടെ കണ്ടെത്തലിനോട് എങ്ങനെ പ്രതികരിക്കുന്നു?

സുശീലാദേവിയുടെ കണ്ടെത്തലുകള്‍ ശരിയാണ്. ഇവര്‍ എം. ഫിലിനും പിഎച്ച്. ഡിക്കും വിഷയമാക്കിയത് എന്റെ കഥകളായിരുന്നു. എന്നെ വന്നു കണ്ടിട്ടുമുണ്ട്. എന്റെ കഥകളെക്കുറിച്ച് ഒരു പുസ്തകവുമെഴുതിയിട്ടുണ്ട്. സുശീലാദേവിയോട് ഞാന്‍ നന്ദിയുള്ളവനാണ്.

പ്രണയത്തെക്കുറിച്ച് പറഞ്ഞില്ല?

പ്രണയം തീര്‍ത്തും വ്യക്തിപരമായ ഒരു കാര്യമാണ്. അത് നാല്‍ക്കവലകളില്‍ ചെന്ന് ഉറക്കെ വിളിച്ചുകൂവാനുള്ളതല്ല. ഇനി ഞാനെപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, ഉണ്ട്, തീര്‍ച്ചയായും പ്രണയിച്ചിട്ടുണ്ട്.

വളരെയേറെ ലോകസഞ്ചാരം സാധിച്ച ആളാണല്ലോ. എന്തുകൊണ്ടാണ് സഞ്ചാരസാഹിത്യത്തിലേക്കു കടക്കാഞ്ഞത്?

അവിസ്മരണീയമായ എത്രയോ അനുഭവങ്ങളുണ്ടായിട്ടുണ്ട് - പക്ഷേ, ഇത്രയേറെ സഞ്ചാരങ്ങള്‍ നടത്തിയിട്ടും ഞാന്‍ ഇതുവരെ ഒരു യാത്രാവിവരണഗ്രന്ഥം പോലുമെഴുതിയിട്ടില്ല! എഴുതില്ല എന്ന വാശികൊണ്ടുതന്നെയാണ്. പിന്നെ ഒരു യാത്രപോലും നടത്താതെ ഗമണ്ടന്‍ യാത്രാവിവരണങ്ങളെഴുതുന്ന ആളുകള്‍ ഇഷ്ടംപോലെയുണ്ടല്ലോ നമുക്ക്.

എന്നാലും അവിസ്മരണീയമായ ഒന്നുരണ്ടനുഭവങ്ങള്‍ പങ്കുവെച്ചുകൂടേ?

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് നാടുകളിലുമൊക്കെ പലതവണ ഞാന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അവിസ്മരണീയമായ ഒട്ടനവധി അനുഭവങ്ങളുണ്ടായിട്ടുണ്ട്. രണ്ടാമത്തെ അമേരിക്കന്‍യാത്രയിലുണ്ടായ ഒരനുഭവം പറയാം. കുടുംബസമേതം അമേരിക്കയില്‍ താമസിക്കുന്ന മരുമകന്റെ അടുത്തേക്കായിരുന്നു ഞാനും ഭാര്യയും കൂടി പോയത്. ഷിക്കാഗോ എയര്‍പോര്‍ട്ടില്‍ ഞങ്ങളെ സ്വീകരിക്കാന്‍ അവരുണ്ടാവും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ എത്തിയപ്പോള്‍ അവരില്ല. വീട്ടിലെ ഫോണിലേക്ക് വിളിച്ചപ്പോള്‍ അവന്റെ കൊച്ചുമോള് 'കലപില' പറയുന്നു. ഷിക്കാഗോയില്‍തന്നെയുള്ള ഒന്നുരണ്ടു പരിചയക്കാരെയും വിളിച്ചുനോക്കിയെങ്കിലും അവരും വീട്ടിലില്ല. സമയം സന്ധ്യ കഴിയാന്‍ പോകുന്നു. കൈയിലാണെങ്കില്‍ 20 ഡോളറേ ഉള്ളുതാനും. എന്തു ചെയ്യണമെന്നറിയാതെ, ആകെ അസ്വസ്ഥനായി എയര്‍പോര്‍ട്ടിന്റെ വരാന്തയില്‍ നില്ക്കുമ്പോള്‍ കറുത്തവര്‍ഗക്കാരനായ ഒരു ടാക്‌സി ഡ്രൈവര്‍ അടുത്തേക്കു വന്ന് എങ്ങോട്ടാണ് പോവേണ്ടതെന്ന് ചോദിച്ചു. സ്ഥലം പറഞ്ഞുകൊടുത്തപ്പോള്‍ അയാള്‍ പറഞ്ഞു: 'കൊണ്ടുവിടാന്‍ പ്രയാസമില്ല. ദീര്‍ഘയാത്രയാണ്. സിറ്റിക്ക് പുറത്തായതിനാല്‍ ഡബിള്‍ ചാര്‍ജ് നല്‌കേണ്ടിവരും'. നിയമപരമായിത്തന്നെ ഡബിള്‍ ചാര്‍ജ് വേണമെന്നെനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ, അത് ഞാന്‍ സമ്മതിച്ചു. പിന്നെയാണ് എന്റെ കൈയില്‍ കാശില്ല എന്നും വിശ്വസിച്ചു കൊണ്ടുചെന്നാക്കാമെങ്കില്‍ അവിടെച്ചെന്ന ശേഷം പണം കൊടുക്കാമെന്നും ഞാന്‍ പറയുന്നത്. കുറച്ചുനേരം എന്നെ സൂക്ഷിച്ചുനോക്കിയശേഷം അയാള്‍ പറഞ്ഞു: വരൂ.
വളരെ സോഫ്റ്റായിട്ടുള്ള ഒരു ക്ലാസിക്കല്‍ സംഗീതമായിരുന്നു ടാക്‌സിയിലെ റേഡിയോയില്‍. യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ സുന്ദരനായ ആ നീഗ്രോ എന്നോട് ചോദിച്ചു: 'നിങ്ങള്‍ ഏത് രാജ്യത്തുനിന്നാണ്?'
ഞാന്‍ പറഞ്ഞു: 'വി ആര്‍ ഫ്രം ഇന്ത്യ'. അദ്ഭുതത്തോടെയും സന്തോഷത്തോടെയും അയാള്‍ മെല്ലെ പിറുപിറുത്തു: 'ഓ ഇന്ത്യ, ഓ ഗാന്ധി, ഗാന്ധി!' പറഞ്ഞ സ്ഥലത്തെത്തി. പുറത്തെഴുതിവെച്ച പേരുകള്‍ നോക്കി മരുമകന്റെ വീടും കണ്ടുപിടിച്ചു. പക്ഷേ, അവനോ ഭാര്യയോ വീട്ടിലുണ്ടായിരുന്നില്ല. ടാക്‌സി ഡ്രൈവറോട് ഞാന്‍ ചോദിച്ചു:
'നിങ്ങള്‍ പറയുന്നിടത്ത് നാളെ പണമെത്തിച്ചുതന്നാല്‍ മതിയോ?'
അത് സമ്മതിച്ച് അയാള്‍ പോകാനൊരുങ്ങുമ്പോഴേക്കും മരുമകള്‍ എത്തിയിരുന്നു. ഞങ്ങളെക്കണ്ട് അവള്‍ അമ്പരന്നു. ട്രാവല്‍ ഏജന്റ് കൊടുത്ത വിവരപ്രകാരം പിറ്റേന്ന് മാത്രമേ ഞങ്ങളെത്തൂ എന്നായിരുന്നു അവര്‍ കരുതിയിരുന്നത്. അതുകൊണ്ടെന്തായി? കൈയിലൊരു പൈസയുമില്ലാതെ, ഗാന്ധിയെ സ്‌നേഹിക്കുന്ന നീഗ്രോ ഡ്രൈവറോടൊപ്പം ഷിക്കാഗോ നഗരത്തിലൂടെ ഒരു ദീര്‍ഘയാത്ര!

പറയാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍, ഇത്തരം അനുഭവങ്ങള്‍ കേള്‍ക്കുക വളരെ രസകരമാണ്?

യൂറോപ്യന്‍ യാത്രയിലെ അനുഭവംകൂടി പറയാം. അമേരിക്കയില്‍നിന്ന് തിരിച്ചുവരുന്ന വഴി ഇംഗ്ലണ്ടില്‍വെച്ച് യാത്ര ബ്രേക്ക് ചെയ്താണ് ഞങ്ങള്‍ ഫ്രാന്‍സിലേക്ക് പോയത്. പാരീസിലൊക്കെ ഇവിടത്തെ മാതിരിയല്ല. ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഇ-റെയില്‍ എന്നൊരു സംവിധാനമുണ്ട്. ഇതില്‍ നമ്മള്‍ ടിക്കറ്റെടുക്കുന്നത് ഇത്ര ദിവസത്തേക്ക് എന്ന രീതിയിലാണ്. എത്ര ദിവസത്തേക്കാണോ നമ്മള്‍ ടിക്കറ്റെടുത്തത്, ആ ദിവസങ്ങളില്‍, യൂറോപ്പിലെവിടെ വേണമെങ്കിലും നമ്മള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാം. അങ്ങനെ ഒട്ടേറെ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങി പാരീസില്‍ തിരിച്ചെത്തി. ലോകപ്രസിദ്ധമായ വെര്‍ഫയില്‍സ് പാലസ് കൂടി കണ്ടശേഷം, അന്ന് വൈകുന്നേരത്തെ ഫ്ലൈറ്റില്‍ ലണ്ടനിലേക്കും അവിടന്ന് ഇന്ത്യയിലേക്കും പോരുന്ന രീതിയിലായിരുന്നു പരിപാടി ചാര്‍ട്ട് ചെയ്തിരുന്നത്.
വെര്‍ഫയില്‍ പാലസിലേക്ക് ട്രെയിന്‍ കയറാന്‍ ചെന്ന ഞങ്ങള്‍ക്കു വഴിതെറ്റി. അനവധി സ്റ്റേഷനുകളും നൂറുകണക്കിന് പ്ലാറ്റ്‌ഫോമുകളുമുള്ള അവിടെവെച്ച് ശരിയായ സ്റ്റേഷന്‍ കണ്ടെത്താനാവാതെ ഞങ്ങള്‍ വട്ടംകറങ്ങുമ്പോള്‍ ഒരു കറുത്ത പെണ്‍കുട്ടി വന്ന് എങ്ങോട്ടാണ് പോവേണ്ടതെന്ന് ചോദിച്ചു. കൗമാരക്കാരിയായ ആ ജമൈക്കന്‍ സുന്ദരിക്കുട്ടിയുമായി ആംഗ്യഭാഷയിലാണ് കൂടുതലും സംസാരിക്കാനായത് എന്നതും ഓര്‍മിക്കട്ടെ.
സ്റ്റേഷനിലെ ചുമരിലുള്ള കൊട്ടാരത്തിന്റെ ചിത്രം ചൂണ്ടിക്കാണിച്ചപ്പോള്‍ അവള്‍ ഞങ്ങളെ മറ്റൊരു റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൃത്യമായും കയറേണ്ട ട്രെയിന്‍ കയറിയ ശേഷം, ഒരു നന്ദിവാക്ക് പറയാന്‍ തിരിഞ്ഞപ്പോഴേക്കും അവള്‍ അവിടത്തെ ജനസാഗരത്തില്‍ അലിഞ്ഞുപോയിരുന്നു.

കള്ളുകുടി, പുകവലി, ചിട്ടയില്ലായ്മ - പ്രതിഭകളുടെ ദൗര്‍ബല്യങ്ങളായി അംഗീകരിക്കപ്പെട്ടതാണിതൊക്കെ. ഇതൊന്നുമില്ലാത്ത, നിഷ്ഠകളിലൊക്കെ തികഞ്ഞ അച്ചടക്കം പുലര്‍ത്തുന്ന, ഭക്ഷണപ്രിയനായ, കാര്‍ക്കശ്യക്കാരനായ പഴയ ഗുസ്തിക്കാരന്‍ എങ്ങനെയൊരു സാഹിത്യപ്രതിഭയായി എന്ന് പലരും ചിന്തിക്കുന്നുണ്ടാവും.

ശരിയാണ്, അങ്ങനെ ചിന്തിക്കുന്നവരുണ്ട്. നമ്മുടെ എഴുത്തുകാരില്‍ പലരും 'പൗണ്ഡ്രകവാസുദേവന്മാ'രെപ്പോലെയുള്ളവരാണ്. അവര്‍ യഥാര്‍ഥ വാസുദേവന്മാരല്ല. ഗുരു മുറിബീഡി വലിച്ചാല്‍ അവരും വലിക്കും. ഗുരു കള്ളു കുടിച്ചാല്‍ അവരും കുടിക്കും. ഗുരു രുദ്രാക്ഷം ധരിച്ചാല്‍ അവരും ധരിക്കും! പാവങ്ങള്‍ എന്നല്ലാതെ ഇവരെക്കുറിച്ചൊക്കെ എന്തുപറയാനാണ്. സാഹിത്യകാരനാകാന്‍ ഇതിന്റെയൊന്നുമാവശ്യവുമില്ലെന്ന് ആദ്യംമുതല്‍ക്കേ എനിക്കറിയാമായിരുന്നു.

'അഭിഭാഷകവൃത്തി നോക്കുന്ന ഈ യുവാവ് പറയും, തന്റെ കഥകള്‍ ലോകോത്തരമാണെന്ന്. പറയുന്നത് വെറും ഭോഷ്‌കല്ലതാനും' - എം. പി. ശങ്കുണ്ണിനായരില്‍നിന്ന് ഇങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ മാത്രം ബന്ധമുണ്ടായിരുന്നോ അദ്ദേഹവുമായിട്ട്?
ആളുകളുമായി അടുത്തിടപഴകുന്ന ആളായിരുന്നില്ല ശങ്കുണ്ണിനായര്‍. ക്ഷിപ്രകോപിയുമാണ്. ഞങ്ങള്‍ തമ്മില്‍ ആദ്യം കാണുന്നത് മദിരാശിയിലെ വലാജാ റോഡിന്റെ അടുത്തുള്ള എം.എല്‍. എ. ക്വാട്ടേഴ്‌സില്‍വെച്ചാണ്. ഒരു ദിവസം എന്റെ മുറിയില്‍ വി. ടി. ഭട്ടതിരിപ്പാടും ജി. ശങ്കരക്കുറുപ്പുമായി സംസാരിച്ചുകൊണ്ടിരിക്കെ ശങ്കുണ്ണിനായര്‍ കയറിവന്നു. ഔപചാരികതകളൊന്നുമില്ലാതെ എന്നോടദ്ദേഹം പറഞ്ഞു: 'പത്മനാഭന്‍, സതേണ്‍ ലാംഗ്വേജസ് ബുക്ക് ട്രസ്റ്റ് എന്നോടു മലയാളകഥകളുടെ ഒരു ആന്തോളജി തയ്യാറാക്കിക്കൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്‌ലിങ്ങളുടെ ഇടയില്‍നിന്ന് ആരുടെ കഥയാണ് പത്മനാഭന്‍ ശിപാര്‍ശ ചെയ്യുക?' ആദ്യസംസാരത്തില്‍ത്തന്നെ രസംതോന്നിയ ഞാന്‍ താങ്കള്‍ക്കതിനര്‍ഹതയുണ്ടോയെന്ന് തിരിച്ചു ചോദിച്ചു. പിന്നെയൊരു സ്‌ഫോടനമായിരുന്നു. വി.ടിയും ശങ്കരക്കുറുപ്പും തടിയെടുത്തിരുന്നു. ക്ഷോഭം ഇത്തിരി തണുത്തപ്പോള്‍ ഞാന്‍ മെല്ലെ പറഞ്ഞു - 'താങ്കളെ കൊച്ചാക്കാനല്ല ഞാന്‍ പറഞ്ഞത്. താങ്കളെപ്പോലൊരാള്‍ ചെയ്യേണ്ട പണിയല്ല ഇത്. മഹാരാജപുരം വിശ്വനാഥ അയ്യരോട് സിനിമാപാട്ടുകളുടെ ഒരു ആന്തോളജി നിര്‍മിക്കാന്‍ ആവശ്യപ്പെടുന്നതുപോലെയല്ലേ ഇത്?' പക്ഷേ, ക്ഷോഭം അടങ്ങാതെയാണ് അദ്ദേഹം തിരിച്ചുപോയത്. അങ്ങനെയൊരാളാണ് എനിക്ക് സര്‍ട്ടിഫിക്കറ്റ് തന്നത് എന്ന കാര്യം നിസ്സാരമല്ലെന്ന് ഞാന്‍ കരുതുന്നു.
'ഇനിയൊരു ജന്മം എനിക്ക് കിട്ടിയാല്‍ അതില്‍ ഞാന്‍ പത്മനാഭന്റെ ഔന്നത്യം തട്ടിയെടുക്കും' എന്ന് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. താങ്കളുടെ ഔന്നത്യമാണോ മാധവിക്കുട്ടിയുടെ എളിമയാണോ ഈ പ്രസ്താവനയ്ക്ക് പിന്നില്‍?
അത്രയേറെ 'എളിമ'യുള്ള ഒരാളാണോ മാധവിക്കുട്ടി?

യു. എ. ഖാദറിന്റെ 'പന്തലായനിയിലേക്ക് ഒരു യാത്ര' എന്ന കഥയെ വിശ്വോത്തരമെന്നാണ് താങ്കള്‍ വിശേഷിപ്പിച്ചത്. കാരൂരിന്റെയോ എം.ടി യുടെയോ ഒരു കഥയെപ്പോലും ഇത്രമാത്രം പുകഴ്ത്തിയിട്ടില്ല?

'പന്തലായനിയിലേക്ക് ഒരു യാത്ര' ഞാന്‍ വായിച്ച ഏറ്റവും മികച്ച ഫാന്റസിയാണ്. ഒന്നിലധികം തവണ ഞാന്‍ ആ കഥ വായിച്ചാസ്വദിച്ചിട്ടുണ്ട്, കണ്ണടച്ച് അതിലെ രംഗങ്ങള്‍ ഇപ്പോഴും മനസ്സിന്റെ കണ്ണാടിയില്‍ കാണുന്നു. എന്റെ അഭിപ്രായത്തിന് ഇപ്പോഴും ഒരു മാറ്റവുമില്ല.

എഴുത്തിനെ കലാപമാക്കിയ മൂന്നു പേരാണ് അടുത്തടുത്തായി നമ്മെ വിട്ടുപോയത്. ഇടതുപക്ഷ സൈദ്ധാന്തികതയെ ജ്വലിപ്പിച്ച എം. എന്‍. വിജയന്‍, നാടകത്തെ സാമൂഹികവിപ്ലവത്തിനുപാധിയാക്കിയ കെ. ടി. മുഹമ്മദ്, കവിതയില്‍ 'കറുപ്പിന്റെ സൗന്ദര്യശാസ്ത്രം' സജീവമാക്കിയ കടമ്മനിട്ട രാമകൃഷ്ണന്‍. നികത്താന്‍ കഴിയുന്നതാണോ ഇവരുടെ മരണം സൃഷ്ടിച്ച വിടവുകള്‍?

നിങ്ങള്‍ പറഞ്ഞ മൂന്നുപേരില്‍ ഞാന്‍ ഏറ്റവും ആദരിക്കുന്നത് കെ. ടി. മുഹമ്മദിനെയാണ്. ലോലഹൃദയനായ ഈ നാടകകൃത്ത് തന്റെ കൃതികളില്‍ അസാമാന്യമായ കരുത്താണ് കാട്ടിയത്. മലയാളത്തില്‍ നാടകമുള്ള കാലത്തോളം ആ പേര് ഓര്‍മിക്കപ്പെടും. കടമ്മനിട്ടയ്ക്ക് പേര് നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ ഘനഗംഭീരമായ ശബ്ദമാണ്. എം. എന്‍. വിജയനെക്കുറിച്ച് ഞാന്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കൂടുതലൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. എനിക്ക് അല്പംപോലും മതിപ്പില്ലാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം.

സാഹിത്യനിരൂപകനായ വിജയന്‍ മാഷ് താങ്കളെ വിമര്‍ശിച്ചിട്ടുണ്ട് എന്നതല്ലേ മതിപ്പില്ലായ്മയ്ക്ക് പിന്നില്‍?

വിജയന്‍മാഷ് പ്രത്യക്ഷത്തില്‍ എപ്പോഴെങ്കിലും എന്നെ വിമര്‍ശിച്ചതായി എനിക്കറിയില്ല. പക്ഷേ, എന്നെ ഇഷ്ടമായിരുന്നില്ല. താഴ്ത്തിക്കെട്ടാന്‍, മോശക്കാരനാക്കാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. 98-ല്‍ എന്റെ എഴുത്തിന്റെ 50-ാം വര്‍ഷം ഇവിടെ ചിലരൊക്കെ ആഘോഷിച്ചിരുന്നു. ഇതിനു തുടക്കമിടുന്നത് തൃശ്ശൂരിലെ ആര്‍. ഐ. ഷംസുദ്ദീന്റെ 'അങ്കണ'മാണ്. അവര്‍ മൂന്നു ദിവസം പീച്ചിയില്‍ ആഘോഷിച്ചു. ഞാന്‍ പോയിരുന്നില്ല. പീച്ചിയിലെ ഉദ്ഘാടനത്തില്‍ സ. എം. എ. ബേബി കേരളത്തിലെ ഏറ്റവും വലിയ പുരോഗമനകഥാകൃത്ത് ടി. പത്മനാഭനാണെന്ന് പറഞ്ഞു. പിറ്റേ ദിവസംതന്നെ പു.ക.സയുടെ പ്രസിഡന്റായ വിജയന്‍ രാജിയുംവെച്ചു. 1998-ല്‍ കാസര്‍ക്കോട്ടെ പു. ക. സ. കമ്മിറ്റി അഖില കേരളാടിസ്ഥാനത്തില്‍ മൂന്നു ദിവസത്തെ ഒരു ചെറുകഥാശിബിരം നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍വെച്ച് സംഘടിപ്പിച്ചു. ശ്രീ. പി. വി. കെ. പനയാലും കൂട്ടരുമായിരുന്നു ഈ സംരംഭത്തിന്റെ പിറകിലുണ്ടായിരുന്നത്. കഥയെഴുത്തിന്റെ 50-ാം വര്‍ഷത്തിലെത്തിനില്ക്കുന്ന എന്നെ ഈ കേമ്പില്‍വെച്ച് ആദരിക്കണമെന്ന് ഈ സഖാക്കള്‍ക്കു തോന്നി. പനയാല്‍ എന്റെ വീട്ടിലെത്തി വിവരം പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു:
'വരുന്നതിന് എനിക്ക് വിഷമമൊന്നുമില്ല. പക്ഷേ, ഔപചാരികമായി എന്നെ ക്ഷണിക്കേണ്ടത് നിങ്ങളല്ല; എം. എന്‍. വിജയനാണ്. അദ്ദേഹമാണല്ലോ നിങ്ങളുടെ പ്രസിഡന്റ്?'
വിജയന്‍ എന്നെ ക്ഷണിക്കില്ല എന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ, എനിക്ക് തെറ്റുപറ്റി. വിജയന്‍ ഫോണില്‍ ഞാനുമായി ബന്ധപ്പെട്ടു; വരാമെന്ന് ഞാന്‍ പറയുകയും ചെയ്തു.
ഈ കേമ്പില്‍ പങ്കെടുക്കേണ്ട ഡെലിഗേറ്റുകള്‍ ഏതാണ്ടെല്ലാവരുംതന്നെ തെക്കുനിന്നാണ് വരേണ്ടത്. ഉച്ചതിരിഞ്ഞുള്ള മദ്രാസ് മെയിലിന്. പക്ഷേ, വിജയനും ഉദ്ഘാടകനായ എം. ടി. വാസുദേവന്‍നായരും രാവിലെത്തന്നെ സ്ഥലത്തെത്തി ഉദ്ഘാടനവും നിര്‍വഹിച്ച് മടങ്ങി! വൈകുന്നേരം ഞാന്‍ എത്തിയപ്പോഴാണ് ഇതറിഞ്ഞത്.
പി. വി. കെ. പനയാലും കൂട്ടരും പു. ക. സക്കാര്‍ മാത്രമല്ല, ശക്തരായ സഖാക്കളുമായിരുന്നു. അതുകൊണ്ടാണ് അവരുടെ ആവശ്യത്തിന് വഴങ്ങി വിജയന്‍ എന്നെ ക്ഷണിച്ചത്. പക്ഷേ, പിന്നീട് കാണിച്ച പണി കണ്ടില്ലേ?
ഇതിനു ശേഷമാണ് പീച്ചിയിലെ സംഭവമുണ്ടായത്.
കഥയുടെ 100 വര്‍ഷം ആഘോഷിക്കാന്‍ ഡി.സി. ബുക്‌സ് '100 വര്‍ഷം, 100 കഥ' എന്ന പേരില്‍ ഒരു പുസ്തകമിറക്കിയിരുന്നുവല്ലോ. ഇതേപോലെ ഒരു പുസ്തകം എസ്.പി.സി.എസ്സും ഇറക്കി. എം.എന്‍. വിജയനായിരുന്നു അതിന്റെ എഡിറ്റര്‍. ഈ പുസ്തകത്തില്‍ ചേര്‍ക്കാനായി എന്റെ ഒരു കഥ വേണം. പക്ഷേ, വിജയന്‍ ഒരിക്കലും എന്നോട് ആവശ്യപ്പെടില്ല. അന്ന് സംഘത്തിന്റെ തലപ്പത്തുണ്ടായിരുന്നത് പൂച്ചാലി ഗോപാലന്‍ മാസ്റ്ററായിരുന്നു. മാസ്റ്റര്‍ക്ക് സാഹിത്യമൊന്നും നിശ്ചയമില്ലെങ്കിലും എന്റെ ഒരു കഥയില്ലാതെ മലയാളത്തിലെ 100 വര്‍ഷത്തെ കഥകളുടെ ഒരു സമാഹാരം ഇറങ്ങിയാല്‍ ശരിയാവില്ല എന്ന ബോധമുണ്ടായിരുന്നു. ഒടുവില്‍ പൂച്ചാലി എന്റെ സമ്മതമില്ലാതെ തന്നെ കഥയെടുക്കുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു:
'അങ്ങനെയോ മറ്റോ ചെയ്താല്‍ ഞാന്‍ നിങ്ങളെ കോടതി കയറ്റും...'
സംഘത്തിന്റെ ആസ്ഥാനമന്ദിരത്തിന് തൊട്ടടുത്ത് 'ഹോംസ്റ്റെഡി'ല്‍ ഞാന്‍ താമസിക്കുമ്പോള്‍ ഒരു രാത്രി പൂച്ചാലി എന്റെ മുറിയില്‍ വന്നു. കൈയില്‍ കഥയ്ക്കുവേണ്ടി എം. എന്‍. വിജയന്‍ എന്നോടപേക്ഷിക്കുന്ന എഴുത്തും അതിന്റെ ഓഫീസ് കോപ്പിയും ഉണ്ടായിരുന്നു.
'ഇതെങ്ങനെ സാധിച്ചു?' എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പൂച്ചാലി പറഞ്ഞു:
'വിജയന്‍മാഷ് ആ ഓഫീസിലുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ പേരില്‍ എഴുത്ത് തയ്യാറാക്കി അതില്‍ ഒപ്പിട്ട് തരാന്‍ പറഞ്ഞു...'
എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ പൂച്ചാലി പറഞ്ഞു;
'കുറച്ചുനേരം എന്നെ തറപ്പിച്ചു നോക്കി. പിന്നീട് ഒന്നും പറയാതെ ഒപ്പിട്ടു തന്നു...'
ഞാന്‍ അപ്പോള്‍ എനിക്കുള്ള എഴുത്തില്‍ ഇങ്ങനെ എഴുതി;
'പ്രിയപ്പെട്ട വിജയന്‍, എഴുത്തിന് നന്ദി. എന്റെ ഏത് കഥ വേണമെങ്കിലും നിങ്ങള്‍ക്ക് എടുക്കാം. പിന്നെ ഒരു കാര്യം - കഥയുടെ പ്രതിഫലമായ 300ക. എനിക്കു തരരുത്. സംഘത്തിന്റെ സാമ്പത്തികനില എനിക്ക് നല്ലതുപോലെ അറിയാം. ഈ 300 ക. സംഘം തന്നെ വെച്ചുകൊള്ളുക....'
ഇനി വിജയന്‍ എനിക്കിട്ട് പണിത വേറൊരു കഥ പറയാം. ദേശാഭിമാനി വാരികയുടെ പത്രാധിപരായിരുന്നപ്പോള്‍ ഇദ്ദേഹം വാരികയുടെ ഒരു മുഴുലക്കം എനിക്ക് വേണ്ടി നീക്കിവെച്ചു. ഞാന്‍ കഥാകൃത്ത് എന്നല്ല ഒരു സാധാരണ സാഹിത്യകാരന്‍ പോലുമല്ല എന്ന് സ്ഥാപിച്ചെടുക്കാനായി! എന്‍. ശശിധരന്‍, പി. കെ. പോക്കര്‍, കെ. ഇ. എന്‍. കുഞ്ഞഹമ്മദ്, പി. പി. വാസുദേവന്‍ തുടങ്ങിയവരായിരുന്നു എഴുത്തുകാര്‍. ലേഖനങ്ങളുടെ ഇടയ്ക്ക് ഫുള്‍ പേജ് കാര്‍ട്ടൂണുകളും ഉണ്ടായിരുന്നു.
ഈ ലക്കത്തിലും പത്രാധിപര്‍ ഒന്നും എഴുതിയിരുന്നില്ല!
ഇനിയും പറയാന്‍ ഏറെയുണ്ട്. പക്ഷേ, വയ്യ സുഹൃത്തേ, എനിക്ക് മടുപ്പുണ്ട്.

അഴീക്കോട്, എം.ടി., എം.എന്‍. വിജയന്‍-മലയാളികള്‍ നെഞ്ചേറ്റിക്കഴിഞ്ഞ ഈ വിഗ്രഹങ്ങളെ തച്ചുടയ്ക്കാമെന്ന് കരുതുന്നത് മൗഢ്യമല്ലേ? ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ പത്മനാഭന്റെ പാഴ്‌വേല മാത്രമാവില്ലേ?

വിഗ്രഹങ്ങളെ തച്ചുടയ്ക്കല്‍ എന്റെ പ്രവൃത്തിയല്ല. വിഗ്രഹങ്ങളെ തൊടുന്നതുപോലും എനിക്കിഷ്ടമല്ല. തൊടാതിരിക്കുന്നത് ഈ വിഗ്രഹങ്ങളുടെ മേലുള്ള പൊന്‍പൂച്ച് എന്റെ വിരലുകളില്‍ പറ്റിപ്പോവും എന്നതുകൊണ്ടാണ്. Don't touch your idols, the guilt will stick to your fingers എന്ന് മഹാനായ ഒരു ഫ്രഞ്ച് എഴുത്തുകാരന്‍ പറഞ്ഞത് വളരെ ചെറുപ്പത്തിലേ ഞാന്‍ വായിച്ചിട്ടുണ്ട്.
'കഥയുടെ രാജശില്പി', 'മലയാള ചെറുകഥാസാമ്രാജ്യത്തിലെ ഏകച്ഛത്രാധിപതി' എന്നിങ്ങനെയുള്ള അനവധി വിശേഷണങ്ങള്‍ മലയാളികള്‍ നല്കിയിട്ടുണ്ട്. സംതൃപ്തനാണോ? അതല്ല, ഇനിയുമൊരങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് താങ്കള്‍ വിചാരിക്കുന്നുവോ?
ഏതാനും മോശമല്ലാത്ത കഥകളെഴുതിയ എന്നെ, ഇവിടെ സമാധാനത്തോടെ കഴിയാന്‍ നിങ്ങള്‍ അനുവദിക്കുക.
മെയ് 2008

(എഴുത്ത് അഭിമുഖം നില്ക്കുന്നു എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം



 

ga