പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്‌

ദിനകരന്‍ കൊമ്പിലാത്ത്‌ Posted on: 05 Feb 2015

എന്റെ ഏറ്റവും ആത്മാംശമുള്ള കഥയില്‍ കഥാപാത്രമായ ഭാര്യ പറയുന്നുണ്ട്. എന്തിനാണ് ആളുകളോട് ഇങ്ങനെ പരുക്കനായി പെരുമാറുന്നത്. മരിച്ചാല്‍ ആരെങ്കിലും ഉണ്ടാവുമോ? ഭാര്യയ്ക്കുള്ള മറുപടിയില്‍ കഥാനായകന്‍ ഇങ്ങനെ പറയുന്നു. മരിച്ചാല്‍ മുനിസിപ്പാലിറ്റിക്കാര്‍ നോക്കും

ശതാഭിഷേകത്തിന്റെ നിറവിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ചെറുകഥാകൃത്ത് ടി. പത്മനാഭന്‍. ആഘോഷങ്ങളോ പ്രത്യേകതകളോ ഒന്നുമില്ലാതെ കണ്ണൂര്‍ പള്ളിക്കുന്ന് രാജേന്ദ്രനഗറിലെ വീട്ടില്‍ ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍ക്കും റാപ്പറുകള്‍ പൊട്ടിച്ചതും അല്ലാതെയുമുള്ള മാസിക കൂമ്പാരങ്ങള്‍ക്കുമിടയില്‍ അദ്ദേഹം പതിവുപോലെ വായനയിലാണ്.

ശതാഭിഷേകത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു. ''ഒരാള്‍ക്ക് അമ്പതും അറുപതും എഴുപത്തഞ്ചും ഒക്കെ ആകുന്നതില്‍ എന്ത് പുതുമ. ഏത് തീറ്ററപ്പായിക്കും ശതാഭിഷേകവും ഷഷ്ടിപൂര്‍ത്തിയും ഉണ്ടാവും. അതിലൊന്നും കാര്യമില്ല. എനിക്കും 84 തികഞ്ഞു. എഴുത്തുകാരന് വേണമെങ്കില്‍ എഴുത്തിന്റെ ശതാബ്ദിയൊക്കെ ആഘോഷിക്കാം. അങ്ങനെയെങ്കില്‍ എന്റെ എഴുത്തിന്റെ 66ാം വര്‍ഷമാണിത് '' പത്മനാഭന്‍ പറഞ്ഞു.

മലയാള ചെറുകഥയുടെ കുലപതി തന്നെയാണ് ടി. പത്മനാഭന്‍. കുലപതി എന്ന ആ പ്രയോഗം എനിക്ക് വളരെ ഇഷ്ടം തന്നെയാണ്. എന്റെ കഥകള്‍ തന്നെയാണ് ഏറ്റവും മികച്ച കഥ എന്ന വല്ലാത്ത ആത്മവിശ്വാസവും ആത്മാഭിമാനവും എനിക്കുണ്ട്. ആരെന്തുകരുതിയാലും ആ സ്വകാര്യ അഹങ്കാരം ഞാന്‍ കാത്തുസൂക്ഷിച്ചോട്ടെ. മലയാള ചെറുകഥയുടെ കുലപതി എന്ന പ്രയോഗം എനിക്കുതന്നത് എം.പി. വീരേന്ദ്രകുമാറാണ്. ആ പ്രയോഗത്തിന്റെ ശക്തി കൊണ്ടായിരിക്കാം ഇപ്പോഴും എനിക്ക് വിശേഷണമായി അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. വ്യക്തിജീവിതത്തിലും സാഹിത്യത്തിലും എന്നും തലയുയര്‍ത്തിപ്പിടിച്ച ടി. പത്മനാഭന്‍ പറഞ്ഞു.

ഈ 84ാം വയസ്സിലും അദ്ദേഹം തൃപ്തനാണ്. വലിയ പുസ്തകങ്ങള്‍ പഴയതുപോലെ ദീര്‍ഘസമയം ഇരുന്നു വായിക്കാന്‍ കഴിയുന്നില്ല എന്ന വിഷമം മാത്രം. പള്ളിക്കുന്ന് രാജേന്ദ്രനഗറിലെ ചെറിയ വീട്ടില്‍ അദ്ദേഹം ഒറ്റയ്ക്കാണ്. ഭാര്യ മരിച്ചിട്ട് മൂന്നുമാസമാവുന്നു. സഹായിയായി രാമചന്ദ്രന്‍ എന്ന ഓട്ടോഡ്രൈവര്‍ ഉണ്ട്. നിത്യസഞ്ചാരം അദ്ദേഹത്തിന്റെ ഓട്ടോറിക്ഷയിലാണ്. വിളിച്ചാല്‍ ഉടനെയെത്താന്‍ മരുമക്കളും ബന്ധുക്കളുമൊക്കെയുണ്ട്. മക്കളില്ലാത്ത വിഷമമൊന്നുമില്ല. േസ്‌നഹിക്കാന്‍ ആള്‍ക്കാര്‍ ഇഷ്ടംപോലെയുണ്ട്. അദ്ദേഹം പറഞ്ഞു. സാമ്പത്തികമായും ഒട്ടും വിഷമമില്ല.

കഥാകാരന്റെ വീട്ടിനകത്തും പുറത്തും പൂച്ചകള്‍ സ്വാതന്ത്ര്യത്തോടെ കളിക്കുന്നു. സ്വന്തം വീടെന്നപോലെ തുടലില്ലാതെ ഒന്നുരണ്ട് നാടന്‍പട്ടികള്‍ മുറ്റത്ത് വെയില്‍ കായുന്നു. കറങ്ങിത്തിരിഞ്ഞുവരുന്ന അവരുടെ ഭക്ഷണം പലപ്പോഴും കഥാകാരന്റെ വീട്ടില്‍ കരുതിയിട്ടുണ്ടാവും. ചിലതിന് പേരുണ്ട്. വിളിച്ചാല്‍ വിളികേള്‍ക്കും. കഥകളില്‍ പറയുന്ന മുറ്റത്തെ മുരിങ്ങമരം ഇപ്പോഴില്ല. ചിലയിടത്ത് പാറക്കല്ലുകള്‍ ഉന്തിനില്‍ക്കുന്ന മുറ്റത്ത് വലുതായി വളര്‍ന്നു കിടക്കുന്ന വെള്ളമന്ദാരം...

ജീവിതത്തില്‍ സംതൃപ്തി എന്നത് ആപേക്ഷികമാണ്. പക്ഷേ, ഞാന്‍ തൃപ്തനാണ്. നല്ല ഒരുപാട് കഥകള്‍ എഴുതാന്‍ കഴിഞ്ഞു. പാറക്കല്ലുകള്‍ പൊന്തിനില്‍ക്കുന്ന ഗേറ്റിനപ്പുറമുള്ള റോഡിലേക്കുനോക്കി അദ്ദേഹം പറഞ്ഞു. കേന്ദ്രസാഹിത്യ അക്കാദമിയുടേത് ഉള്‍പ്പടെ മലയാളത്തിലെ എല്ലാ പ്രധാന പുരസ്‌കാരങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്. 1954ലാണ് കേന്ദ്രസാഹിത്യ അക്കാദമി നിലവില്‍വന്നത്. ഒരു മലയാള ചെറുകഥാ സമാഹാരത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കാന്‍ 42 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. 1996ല്‍ എന്റെ 'ഗൗരി' എന്ന ചെറുകഥയ്ക്ക് അത് ലഭിക്കുന്നതുവരെ അദ്ദേഹം പറഞ്ഞു. അതുപേലെ വയലാര്‍ അവാര്‍ഡും. അതിന്റെ 38 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് ചെറുകഥയ്ക്ക് പുരസ്‌കാരം കൊടുത്തത്. 'പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്' എന്ന എന്റെ കഥാസമാഹാരത്തിന്. അതൊക്കെ എനിക്ക് എഴുത്തില്‍ സംതൃപ്തി തരുന്നത് തന്നെയാണ് പത്മനാഭന്‍ പറഞ്ഞു.

തന്റെ ജീവിതാനുഭങ്ങളില്‍നിന്ന് തന്നെയാണ് തന്റെ 90 ശതമാനവും കഥകളെന്ന് പത്മനാഭന്‍ പറയുന്നു. കുറേക്കഥകള്‍ അടുത്ത സുഹൃത്തുക്കളുടെ അനുഭവങ്ങള്‍, പിന്നെ കുറേ ഭാവനാജന്യവും. ജീവിതത്തോട് തികഞ്ഞ സത്യസന്ധതയും ആത്മാര്‍ഥതയും പുലര്‍ത്തണം എന്ന വിശ്വാസക്കാരനാണ് ഞാന്‍. മറ്റുള്ളവരെന്തുകരുതും എന്നുവിചാരിച്ച് സത്യങ്ങള്‍ പറയാതിരിക്കരുത്. അങ്ങനെ പറഞ്ഞതുകൊണ്ട് ഒരുപാട് സൗഹൃദങ്ങള്‍ നഷ്ടപ്പെടുകയും ഒരുപാടുപേരെ ശത്രുക്കളാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും ശത്രുക്കള്‍ ഏറെയാണ്. എന്റെ ഏറ്റവും ആത്മാംശമുള്ള കഥയില്‍ കഥാപാത്രമായ ഭാര്യ പറയുന്നുണ്ട്. എന്തിനാണ് ആളുകളോട് ഇങ്ങനെ പരുക്കനായി പെരുമാറുന്നത്. മരിച്ചാല്‍ ആരെങ്കിലും ഉണ്ടാവുമോ? ഭാര്യയ്ക്കുള്ള മറുപടിയില്‍ കഥാനായകന്‍ ഇങ്ങനെ പറയുന്നു. മരിച്ചാല്‍ മുനിസിപ്പാലിറ്റിക്കാര്‍ നോക്കും. അതാണ് ടി. പത്മനാഭന്‍. ''ആരെങ്കിലും പീറക്കഥകള്‍ എഴുതിക്കൊണ്ടുവന്നാല്‍ അത് ഉഗ്രന്‍ എന്നുപറയാന്‍ എനിക്ക് കഴിയില്ല. ഞാന്‍ സത്യം സത്യമായിട്ടു പറയും'' അദ്ദേഹം പറഞ്ഞു.

മലയാള ചെറുകഥയ്ക്ക് പുതിയ ഭാവുകത്വ പരിണാമം നല്‍കിയ എഴുത്തുകാരനാണ് പത്മനാഭന്‍. തകഴി, ദേവ്, ഉറൂബ്, എസ്.കെ. എന്നിവരൊക്കെ എഴുതുന്നകാലത്തുതന്നെയാണ് പത്മനാഭനും ചെറുകഥയുമായി കടന്നുവരുന്നത്. അതുവരെ അനുഭവിച്ച കഥകളില്‍നിന്ന് ഭിന്നമായ ശൈലിയില്‍ വാര്‍ന്നുവീണ കഥകള്‍ മലയാളത്തിന്റെ പുതിയ ആവേശമായി മാറി. അത്രമാത്രം തീക്ഷ്ണവും അതേസമയം, ആര്‍ദ്രവുമായിരുന്നു ആ കഥകള്‍. മനുഷ്യനും മൃഗങ്ങളും മരങ്ങളും പൂക്കളും ആ കഥയില്‍ ത്രസിക്കുന്ന ജീവന്റെ ഭാഗങ്ങളും ഭാവങ്ങളുമായി മാറി. 'ശേഖൂട്ടി' എന്ന കഥയില്‍ ഒരു നായയുടെ കണ്ണുകളിലെ ദൈന്യം ഈ ലോകത്തിന്റെ ദൈന്യത്തോളം പടരുന്നത് അങ്ങനെയാണ്. 'ഗൗരി' എന്ന കഥയില്‍ സ്‌നേഹവും പ്രണയവും സുതാര്യവും തീക്ഷ്ണവുമായ ഒരു ആധ്യാത്മിക തലത്തിലേക്കുയരുന്നതും നമ്മള്‍ കണ്ടു. ആ ചെറുകഥകള്‍ വേദനയ്‌ക്കൊപ്പം മനസ്സിന്റെ സുഖദമര്‍മരങ്ങളും നമ്മോട് പങ്കുവെച്ചു. പ്രസാദവും പ്രതീക്ഷയും പങ്കുവെച്ചു.

എഫ്.എ.സി.ടി.യില്‍ മെറ്റീരിയല്‍സ് വിഭാഗം മാനേജര്‍ എന്ന പദവിയിലിരിക്കുമ്പോള്‍ അവിടെ നടക്കുന്ന അഴിമതിക്കെതിരെ ശക്തമായിപോരാടിയ വ്യക്തിയാണ് ഞാന്‍. അഴിമതി നടത്താന്‍ ഏറ്റവുംനല്ല സാഹചര്യമായിരുന്നു അവിടെ. ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ കള്ളത്തരത്തില്‍ പങ്കുണ്ടായിരുന്നു. ഉയര്‍ന്നതലത്തില്‍ ശത്രുക്കളുടെ ഒരു നിര തന്നെ എനിക്കെതിരെ ഉണ്ടായി. ഹൈക്കോടതിയില്‍ ഞാന്‍ റിട്ട് കൊടുത്തു. കേസില്‍ വിജയിച്ചു. വീണ്ടും കേസുമായി എഫ്.എ.സി.ടി. സുപ്രീംകോടതിയില്‍ പോയി എനിക്കുവേണ്ടി വാദിച്ചത് മഹാനായ സുബ്രഹ്മണ്യന്‍ പോറ്റി. 11 പ്രഗല്ഭരായ വക്കീലന്മാരെയാണ് എനിക്കെതിരെ വാദിക്കാന്‍ ഫാക്ട് നിയോഗിച്ചത്. പക്ഷേ, ഫാക്ടിന്റെ വാദങ്ങള്‍ കോടതി നിര്‍ദയം തള്ളിക്കളഞ്ഞു; ജയം എനിക്ക്.

വിവാദമായ കേസായിരുന്നു. ഈ സംഭവത്തെക്കുറിച്ച് മുംബൈയിലെ 'ആര്‍ബിറ്ററി' എന്ന പ്രമുഖ മാസികയില്‍ മുഖലേഖനംതന്നെ വന്നു. ഇന്ത്യയിലെ ചില പത്രങ്ങള്‍ എഡിറ്റോറിയല്‍ എഴുതുകപോലും ചെയ്തു. അത്രമാത്രം പ്രാധാന്യമുണ്ടായിരുന്നു. ഒടുവില്‍ എന്നെ മെറ്റീരിയല്‍സ് വിഭാഗം മാനേജര്‍ തസ്തികയില്‍നിന്ന് ഒഴിവാക്കാനായി ചെയര്‍മാന്റെയും മറ്റും ശ്രമം. കഴിഞ്ഞില്ല. അവസാനം ചെയര്‍മാന്‍ അപേക്ഷിച്ചു, ഡിപ്പാര്‍ട്ട്‌മെന്റ് സ്വയംമാറണം പ്രൊമോഷന്‍ തരാം. പക്ഷേ, തയ്യാറായില്ല. ഒടുവില്‍ അതേ കസേരയില്‍ വിജയിയായി റിട്ടയര്‍മെന്റ് വരെ തുടര്‍ന്നു. എനിക്കുവേണമെങ്കില്‍ തോറ്റുകൊടുക്കാമായിരുന്നു. പക്ഷേ, കഴിഞ്ഞില്ല. പണി എടുക്കാത്തവരെ ഞാന്‍ കര്‍ശനമായി നേരിട്ടിട്ടുണ്ട്. യൂണിയന്‍ ഹുങ്കൊന്നും എന്റെടുത്ത് വിലപ്പോയില്ല. എന്നെ തൊഴിലാളികളുടെ ചോരകുടിക്കുന്നവന്‍ എന്ന് ചില യൂണിയന്‍കാര്‍ വിളിച്ചു. ഞാന്‍ ഓഫീസില്‍ അരമണിക്കൂര്‍ നേരത്തേവന്ന് ജോലിചെയ്യുമെങ്കിലും തൊഴിലാളികളോട് അവരുടെ സമയംമാത്രം ജോലി ചെയ്യാനേ പറഞ്ഞുള്ളൂ. ഫാക്ട് പൊതുമേഖലാ സ്ഥാപനമാണെന്നോര്‍ക്കണംപത്മനാഭന്‍ പറഞ്ഞു.

ഗുസ്തിയെ സ്‌നേഹിക്കുന്നതുപോലെ എഴുത്തുകാരന്‍ റോസാപുഷ്പങ്ങളെ സ്‌നേഹിച്ചു. പട്ടിയെയും പൂച്ചകളെയും സ്‌നേഹിച്ചു. സംഗീതത്തെയും പാചകത്തെയും സ്‌നേഹിച്ചു. എഴുത്തുകാരന് റോസിനോടുള്ള സ്‌നേഹം വെറും കഥകളിലുള്ളതല്ല. മറിച്ച് ആധികാരികമാണ്. ഇന്ത്യയില്‍ റോസിനെക്കുറിച്ചുള്ള ഇത്രമാത്രം ആധികാരിക ഗ്രന്ഥശേഖരം മറ്റൊരാളുടെ ൈകയില്‍ കാണില്ലെന്ന് പത്മനാഭന്‍ പറയുന്നു. ഇംഗ്ലണ്ടിലെ റോയല്‍ നാഷണല്‍ റോസ് സൊസൈറ്റി, അമേരിക്കന്‍ റോസ് സൊസൈറ്റി, ഇന്‍ഡ്യന്‍ റോസ് സൊസൈറ്റി എന്നിവയില്‍ അദ്ദേഹം അംഗമാണ് ജയ്പുര്‍ റോസ്‌ഷോ ഉള്‍പ്പെടെ വിവിധ റോസ്‌ഷോകളില്‍ അദ്ദേഹം വിധികര്‍ത്താവായി പോയിട്ടുണ്ട്.

?ജീവിതത്തെ തികച്ചും ആഡംബര രഹിതമായാണ് അദ്ദേഹം കാണുന്നത്. തന്റെ വീട്ടില്‍ കാലൊടിഞ്ഞ സോഫ തന്നെയാണ് ഇപ്പോഴും. അതിന്റെ കീറലുകള്‍ മുഴുവനും കാക്കി നിറമുള്ള സെലോടാപ്പ് കൊണ്ട് ഒട്ടിച്ചിരിക്കുന്നു. ഫാക്റ്റില്‍ നിന്ന് വിരമിച്ചു കണ്ണൂരിലേക്ക് കൊണ്ടു വരുമ്പോള്‍ കൊണ്ടു വന്നതാണ് ഈ സോഫയും ഡൈനിങ് ടേബിളും. ഒടിഞ്ഞതും മറ്റും നേരേയാക്കിപ്പോകുന്നു. അന്നത്തെ 125 രൂപയുടെ സോഫ. എഴുത്തുകാരന്‍ ആസ്വദിച്ച് ചിരിക്കുന്നു. അന്ന് മികച്ച പ്രീമിയര്‍ പത്മിനി കാറുണ്ടായിരുന്നു. അത് വിറ്റശേഷം കണ്ണൂരിലെത്തി ഇന്നും രാമചന്ദ്രന്റെ ഓട്ടോയിലാണ് യാത്ര. ഭാര്യയ്ക്ക് അതിഷ്ടമല്ലായിരുന്നു. അവളുടെ വീട്ടില്‍ രണ്ട് കാറുകളുണ്ട്. പക്ഷേ, എനിക്ക് ഇതാണിഷ്ടം. അതേസമയം, അദ്ദേഹത്തിന്റെ ൈകയില്‍ ഏറ്റവും മികച്ച മൊബൈല്‍ ഫോണുകളുണ്ട്. ടി.വി.യും വാച്ചും മ്യൂസിക് സിസ്റ്റവും സംഗീത ശേഖരവും ഒക്കെയുണ്ട്. അത് വേറൊരിഷ്ടംപത്മനാഭന്‍ പറയുന്നു.

എഴുത്തുകാരന് മതമില്ല. മതംമാറ്റത്തെ കുറിച്ച് ഈയിടെ ഞാന്‍ എഴുതിയ ലേഖനത്തെ കുറിച്ച് നവമാധ്യമങ്ങളിലൊക്കെ അനുകൂലമായും പ്രതികൂലമായും ചര്‍ച്ച നടക്കുന്നുണ്ട്. ഒരാള്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും മതം വിട്ടുപോകാനും തിരിച്ചുവരാനും ഒക്കെ സ്വാതന്ത്ര്യമുണ്ട് എന്നേ ഞാന്‍ പറഞ്ഞുള്ളൂഅദ്ദേഹം പറഞ്ഞു.

'ഗൗരി' എന്ന കഥ തന്റെ ആത്മാംശം തന്നെയാണെന്ന് പത്മനാഭന്‍ സമ്മതിക്കുന്നു. പ്രണയത്തെ സുന്ദരമായി കഥകളില്‍ ആവിഷ്‌കരിച്ച് പത്മനാഭനെ പ്രണയിച്ചവരെ കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹം കുസൃതിയോടെ ചിരിക്കും. പ്രണയം പറയേണ്ടതല്ല. 'പ്യൂയര്‍ലി പേഴ്‌സണല്‍'. അദ്ദേഹം ഒന്നു കൂടി കണ്ണിറുക്കി ചിരിച്ചുകൊണ്ടു പറയുന്നു. രുചിയോടെ ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണ്. എന്നും ഖദര്‍ ഇടുന്നതുപോലെ സസ്യാഹാരികൂടിയാണ് എഴുത്തുകാരന്‍. ഒഴിവ് സമയങ്ങളില്‍ പാചകത്തില്‍ പരീക്ഷണം നടത്തുന്നത് ഹോബിയാണ്. സഹായിയായി രാമചന്ദ്രനും ഉണ്ടാവും കൂടെഅദ്ദേഹം പറഞ്ഞു.

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന പത്മനാഭന്‍ ഇപ്പോള്‍ അധികം യാത്ര ചെയ്യാറില്ല. ശരീരം വഴങ്ങാറില്ല. സഹായി ഉണ്ടെങ്കിലേ പോകാന്‍പറ്റൂ. മനസ്സില്‍ എന്നും ആരാധിക്കുന്ന കവി കുമാരനാശാനാണ്. ആശാനപ്പുറം മറ്റാരുമില്ല. പിന്നെ ഉറൂബിനോട് വല്ലാത്ത ഇഷ്ടമാണ്. എന്‍.വി. കൃഷ്ണവാര്യരും എം. ഗോവിന്ദനും വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ജീവിതത്തില്‍ അമ്മയും ഏടത്തിയുമാണ് ഏറെ സ്വാധീനിച്ചത്. ഏടത്തി പല കഥകളിലും വരുന്നുണ്ട്. കഥകള്‍ ഇനിയും എഴുതണം. ഇതുപോലെ ആകാവുന്നത് വരെ ജീവിക്കണം. ഇതേ പത്മനാഭനായി അത്രമാത്രംഅദ്ദേഹം പറയുന്നു.





 

ga