ടി.പത്മനാഭന്‍ ഈ കാലത്തിന്റെതാണ്‌

Posted on: 05 Feb 2015


ഒരു ആധുനിക കഥാകൃത്ത് (എന്‍.എസ്.മാധവന്‍ എന്നു വായിക്കുക) അതിനു മുന്‍പുള്ള ഒരു എഴുത്തുകാരനെ (ബഷീര്‍ എന്നു വായിക്കുക) ഈ ആധുനികാനന്തരകാലത്ത് വിചാരണ ചെയ്യാന്‍ കാണിക്കുന്ന വാശി എന്നെ അമ്പരപ്പിക്കുന്നു. മുന്‍കാല എഴുത്തുകാരനെ ഇക്കാല മാധ്യമങ്ങള്‍ വിഗ്രഹവത്കരിച്ചു എന്ന വാദത്തെ, ഇക്കാലത്തെ മാധ്യമങ്ങളുടെ തീരാത്ത സ്ഥലദാഹം സ്വീകരിച്ച് സ്വയം വിഗ്രഹവത്കരിക്കപ്പെട്ടുകൊണ്ടുതന്നെ മുന്നോട്ടുവെക്കുമ്പോള്‍ വേറൊന്നും പറയാനില്ലേ എന്ന സമകാലിക വായനക്കാരനു ചോദിക്കാം. ഉന്മൂലനരാഷ്ട്രീയസിദ്ധാന്തം ഇന്നും എഴുത്തിന്റെ ലോകത്തിന് കാല്പനികത തീരാത്ത വിഷയമാണ്. എന്നാല്‍ അതൊരു കാല്പനിക അജന്‍ഡയാകുന്നത് നല്ലതിനല്ല.

ടി.പത്മനാഭനെ നാലു കോണില്‍നിന്നും തല്ലാന്‍ നില്ക്കുന്ന എഴുത്താളരുടെ വാശിയും ഇതുപോലെ എന്നെ അമ്പരപ്പിക്കുന്നു. അദ്ദേഹത്തിന്റെ കഥയുടെ 'ഏകതാനത' ഒരു വിഭാഗത്തിന്റെ ഉറക്കംകളയുന്ന വിഷയമാണെങ്കില്‍ വേറൊരു വിഭാഗത്തിന് അദ്ദേഹത്തിന്റെ കഥാബാഹ്യമായ പൊട്ടിത്തെറികളാണ് ഇഷ്ടമല്ലാതെ വരുന്നത്. മരിച്ചുപോയ ആധുനികതാ സന്ദേഹകഥകളെക്കാളും സമകാലീനവായനയോട് കൂടുതല്‍ ചേര്‍ന്നു നില്ക്കുന്നവയാണ് പത്മനാഭന്റെ കഥകള്‍. (തര്‍ക്കിക്കാം. ഈ കാലം പഴയപോലെയല്ല. എന്തു സ്വീകരിക്കണമെന്നുള്ള വിവേചനബുദ്ധിയുണ്ട്.) ഈ കഥകളെ കുന്തങ്ങള്‍കൊണ്ട് ആക്രമിക്കുമ്പോള്‍ത്തന്നെ സമാന്തരമായി നടന്ന വേറൊരു വിചിത്രപ്രതിഭാസവും നമ്മള്‍ കാണാതിരിക്കരുത്. എന്നെന്നോ അപ്രസക്തമായിപോയിപ്പോയ പൊന്‍കുന്നം വര്‍ക്കിയുടെ സോദ്ദേശ്യകഥകളെ ആഘോഷപൂര്‍വം പൊലിപ്പിച്ച സാഹിത്യപ്രവര്‍ത്തനപ്പെരുപ്പം. ചിരി വരും.

നാല്പതുകളുടെ അന്ത്യത്തില്‍ കഥയെഴുത്ത് ആരംഭിച്ച ടി.പത്മനാഭന്റെ രചനകള്‍ മേല്‍ ആരോപിക്കപ്പെട്ടതുപോലെ 'ഏകതാന'മായി ഒഴുകിവരുമ്പോള്‍ എതിര്‍വശത്തുകൂടി ഒരുപാട് കഥാപ്രസ്ഥാനങ്ങള്‍ ജനിച്ചും ചത്തും കെട്ടും കഴിഞ്ഞുപോകുന്നുണ്ടായിരുന്നു. ശുദ്ധകാല്പനികതയും ജീവല്‍സാഹിത്യവും പുരോഗമനവും ആധുനികതയും എല്ലാം (ഇവയെല്ലാം ഭാഷയ്ക്കും കഥയ്ക്കും കുതിപ്പു നല്കിയെന്നതു സത്യം). ഇവ ആഘോഷിക്കപ്പെട്ടു തിമിര്‍ത്തു നിശ്ശബ്ദമാകുമ്പോഴും പത്മനാഭന്‍കഥകള്‍ ശാന്തമായി സഞ്ചരിച്ചുവന്നു. 'നമ്മളോട് നമ്മുടെ വിലോലദുഃഖങ്ങള്‍ മറക്കാതിരിക്കാന്‍ താത്പര്യപ്പെടുന്ന ഈ കഥകള്‍' (വാക്കുകള്‍ പ്രൊഫ. നരേന്ദ്രപ്രസാദിന്റെത്) ഓരോ കാലത്തിന്റെയും സത്യമായി വായനാലോകം കണ്ടു. ഇക്കാലത്തിന്റെയും പല സത്യങ്ങളില്‍ ഒരു വലിയ സത്യമാകുന്നു ഈ ഭാവം. വരുന്ന സമയത്തിന്റെയും.

സംക്രമണകഥയായാണ് പത്മനാഭന്‍കഥകള്‍ വന്നത്. അത് കാലത്തോടും സ്വസ്ഥമായി ചേര്‍ന്നു നില്ക്കുന്നത് അതിന്റെ ഉദ്ഭവശുദ്ധികൊണ്ടാണ്. നിസ്സഹായനായ വ്യക്തിയുടെ മനോവൈചിത്ര്യങ്ങളിലേക്ക് ഊളിയിട്ടുകൊണ്ടാണ് 'അയാള്‍' രംഗപ്രവേശം ചെയ്തത്. മലയാളകഥ റിയലിസ്റ്റിക്കായി പരുവപ്പെട്ടു വരുമ്പോഴായിരുന്നു ഈ ശാന്തിവിപ്ലവം. നിരാലംബമനസ്സിന്റെ നിസ്സഹായമായ ആകാശങ്ങളും സ്വപ്‌നസ്ഥലങ്ങളും കഥയുടെ കൂട്ടിനുള്ളിലേക്ക് മെല്ലെ എടുത്തുവെക്കുകയായിരുന്നു അദ്ദേഹം. പില്ക്കാല വായനയില്‍ ഇത്തരം കഥകളുടെ ബഹുലതകൊണ്ട് പത്മനാഭന്‍കഥയുടെ പുതുമയെ ചോദ്യംചെയ്യുന്നവരുണ്ടാകാം. എന്നാല്‍, കഥയിലെ 'വ്യക്തി'യായി കടന്നുവരുന്ന 'അയാള്‍' പിന്നീടുണ്ടായ ആധുനികതാപരീക്ഷണശാലകളിലെയും അസംസ്‌കൃതവസ്തുവായതിനു പിന്നില്‍ പത്മനാഭന്‍കഥകളുടെ ബലമുണ്ട്. മുന്‍പും വ്യക്തികളുടെ കഷ്ടതകളിലേക്ക് കഥ അന്വേഷണവുമായി പോയിട്ടുണ്ട്. അതു പക്ഷേ, വിശപ്പ്, ദാരിദ്ര്യം തുടങ്ങിയ സാമൂഹികപ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാനായിരുന്നു. മനുഷ്യന്‍ വിശപ്പു മാത്രമല്ല, സങ്കടങ്ങള്‍കൂടിയാണ് എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നത് പത്മനാഭനാണ്.

കഥയുടെ രഹസ്യം എന്താണെന്ന് എനിക്കറിയില്ല. എന്നാല്‍, ചില പത്മനാഭന്‍കഥകള്‍ വായിച്ചുകഴിയുമ്പോള്‍ പതിനഞ്ചു മിനിട്ട് എന്റെ മൂഡ് മാറുന്നു. ചില കഥകള്‍ക്ക് അത് ദിവസങ്ങളോളം നിലനില്ക്കുന്നു. പിന്നെയും ചിലവ കുറെക്കാലത്തേക്ക് വിഷാദത്തിന്റെ ഒരല സായന്തനപ്രകാശംപോലെ ശേഷിപ്പിക്കുന്നു. ഇതാണോ വേണ്ടത് എന്ന് എനിക്കു നിശ്ചയമില്ല. എന്നാലും ലോകം സങ്കടങ്ങളുടേതാണ്. അത് അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും.

ഇനി, കഥയില്‍ മൃദുഭാഷിയായ പത്മനാഭന്‍ പറഞ്ഞു പൊട്ടിത്തെറിക്കുന്നു എന്ന കാര്യം വരുന്നു. പൊട്ടിത്തെറി ഒരു കുറ്റമല്ല. അതു ചെയ്യാതിരിക്കുന്നതാണ് ചിലപ്പോള്‍ കുറ്റം. എന്നാല്‍, പൊട്ടിത്തെറിക്കാന്‍ തോന്നിയിട്ടും കഥയില്‍ അരനൂറ്റാണ്ടു കഴിഞ്ഞിട്ടും അതു ചെയ്യാതിരുന്നതിലെ സ്ഥിരത അഭിനന്ദനീയമാണ്. ഈ ഉറപ്പ് പത്മനാഭനെ തന്റെ കഥകളുടെ അധികാരിയാക്കുകയാണു ചെയ്യുന്നത്. മറ്റു മിക്ക എഴുത്തുകാരും 'സാമൂഹികവിപത്തു'കള്‍ തീര്‍ക്കാന്‍ സര്‍ഗപരമായി മുദ്രാവാക്യം വിളിച്ചുപോയിട്ടുള്ളപ്പോഴാണ് പത്മനാഭന്റെ ഈ ദൃഢത കാണേണ്ടത്. ടി.പത്മനാഭന്‍ കഥയ്ക്കു പുറത്തു ചെയ്തിട്ടുള്ള അഭിപ്രായപ്രകടനങ്ങള്‍ ഈ കുറിപ്പിന്റെ വിഷയമല്ല.

'അവന്റെ പുസ്തകപ്രകാശനത്തിന് അവന്‍ വിളിച്ചാല്‍ ഞാന്‍ വരും' എന്നു പറഞ്ഞ്, പരിചയമില്ലാത്ത ഒരു കഥാകൃത്തിന്റെ ആദ്യ പുസ്തകം പ്രകാശിപ്പിക്കാന്‍ മാത്രമായി സ്വന്തം ടിക്കറ്റെടുത്ത് കണ്ണൂരില്‍നിന്ന് കോട്ടയത്തിനു വന്ന ടി. പത്മനാഭനെ എനിക്കറിയാം. അയാള്‍ പരിചയക്കാരനായതില്‍ പിന്നീട്, ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ തന്നെക്കാണാന്‍ വരാഞ്ഞതിന് ഘോരമായി പരിഭവിച്ചു, കോപിച്ച, പത്മനാഭനെയും എനിക്കറിയാം. ഒരാള്‍ ശരിയായ മനുഷ്യനാകുന്നത് ഇങ്ങനെയാണ്; കഥാകൃത്താകുന്നതും.

(റൈറ്റേഴ്‌സ് ബ്ലോക്ക് എന്ന പുസ്തകത്തില്‍ നിന്ന്)




 

ga