കോഴിക്കോട്: 2015ലെ മാതൃഭൂമി സാഹിത്യ പുരസ്‌ക്കാരത്തിന് മലയാള കഥയുടെ കുലപതി ടി. പത്മനാഭന്‍ അര്‍ഹനായി. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
എം. ലീലാവതി ചെയര്‍മാനും എം. മുകുന്ദന്‍, സി. രാധാകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പതിനാലാമത് മാതൃഭൂമി പുരസ്‌കാരത്തിന് പത്മനാഭനെ തിരഞ്ഞെടുത്തത് എന്ന് മാതൃഭൂമി മാനേജിങ്ങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിങ്ങ് എഡിറ്റര്‍ പി.വി. ചന്ദ്രനും അറിയിച്ചു.
മലയാള ചെറുകഥാ ശാഖക്ക് പുതിയ ഒരു സംവേദനവും നവഭാവുകത്വ പരിണാമവും സമ്മാനിച്ച എഴുത്തുകാരനാണ് ടി. പത്മനാഭന്‍ എന്ന് പുരസ്‌കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. പത്മനാഭന്‍ എഴുതിത്തുടങ്ങിയത് മുതല്‍ അക്കാലം വരെ വായിച്ചനുഭവിച്ച കഥകളുടേതില്‍നിന്ന്്് തികച്ചും വ്യത്യസ്തവും നൂതനവുമായ ഒരു കഥാസരണയിലൂടെ മലയാളികള്‍ സഞ്ചരിച്ചു തുടങ്ങി. മലയാള കഥാലോകത്തിലേക്ക് ടി. പത്മനാഭന്‍ തീര്‍ത്തും ഭിന്നമായ ശൈലിയിലും ഭാഷയിലും രചിച്ച തീഷ്ണവും ആര്‍ദ്രവുമായ കഥകളിലൂടെ കടന്നുവന്ന് വായനക്കാരനെ ആവേശം കൊള്ളിച്ചു. ടി. പത്മനാഭന്റെ കഥകളില്‍ മനുഷ്യനും മൃഗങ്ങളും പൂക്കളും മരങ്ങളുമെല്ലാം തുടിക്കുന്ന ജീവന്റെ ഭാഗങ്ങളും ഭാവങ്ങളുമായി മാറി. ആ ചെറുകഥകള്‍ വേദനയ്‌ക്കൊപ്പം മനുഷ്യമനസ്സിന്റെ സുഖമര്‍മ്മരങ്ങളും നമ്മോട് പങ്കുവെച്ചു. ചെറുകഥ എന്ന സാഹിത്യരൂപത്തിന്റെ മഹത്വം അദ്ദേഹം തന്റെ രചനകളിലൂടെ എക്കാലവും ഉയര്‍ത്തിപ്പിടിച്ചു-സമിതി അഭിപ്രായപ്പെട്ടു.
പുതിയിടത്ത് കൃഷ്ണന്‍നായരുടേയും ദേവകി എന്ന അമ്മുക്കുട്ടിയുടേയും മകനായി 1931ല്‍ കണ്ണൂരിനടുത്ത് പള്ളിക്കുന്നില്‍ ജനിച്ച പത്മനാഭന്‍ ചിറയ്്ക്കല്‍ രാജാസ് ഹൈസ്‌കൂള്‍, മംഗലാപുരം ഗവ. ആട്‌സ് കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം ചെയ്തത്്. 1948ല്‍, പതിനഞ്ചാം വയസ്സില്‍ ആദ്യ കഥ പ്രസിദ്ധീകരിച്ചു. ഇതര ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, ഫ്രഞ്ച്്്, ജര്‍മ്മന്‍, റഷ്യന്‍ എന്നീ വിദേശ ഭാഷകളിലുമെല്ലാം പത്മനാഭന്റെ കഥകളുടെ പരിഭാഷകള്‍ വന്നിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്്്, ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ് തുടങ്ങിയ പ്രമുഖ പുരസ്‌കാരങ്ങള്‍ പത്മനാഭനെ തേടിയെത്തിയിട്ടുണ്ട്. ഭാരതീയ ഭാഷകള്‍ക്ക്്് നല്‍കിയ സമഗ്രസംഭാവനയ്ക്ക്്് 2015ല്‍ ഭാരതീയഭാഷാ പരിഷത്തിന്റെ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.
അദ്ദേഹത്തിന്റെ ഒട്ടുമിക്ക കഥകളും ഇന്ത്യയില്‍ ഏതാണ്ട് എല്ലാ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടു. 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന സമാഹാരം പതിനൊന്ന് ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 1974ല്‍ 'സാക്ഷി' എന്ന കഥാസമാഹാരത്തിന് കേരള സാഹിത്ത്യ അക്കാദമി അവാര്‍ഡും 1996ല്‍ 'ഗൗരി' എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.
2012ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്ത്വത്തിനും അദ്ദേഹം അര്‍ഹനായി. എഴുത്തച്ഛന്‍ പുരസ്‌ക്കാരം, വയലാര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌ക്കാരം, 1996ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, സാഹിത്യ പരിഷത്ത് പുരസ്‌ക്കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം എന്നിവയാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള പ്രധാന അവാര്‍ഡുകള്‍. പ്രകാശം പരത്തുന്ന പെണ്‍കുട്ടി, ഒരു കഥാകൃത്ത് കുരിശില്‍, മഖന്‍ സിങിന്റെ മരണം, സാക്ഷി, വീടു നഷ്ടപ്പെട്ട പെണ്‍കുട്ടി, കാലഭൈരവന്‍, കത്തുന്ന ഒരു രഥചക്രം, നളിനകാന്തി, ഗൗരി, കടല്‍, പ്തമനാഭന്റെ കഥകള്‍, പള്ളിക്കുന്ന്, ഖലീഫ ഉമറിന്റെ പിന്‍മുറക്കാര്‍ എന്നിവയാണ് പ്രധാന കൃതികളില്‍ ചിലത്.
തിക്കോടിയന്‍, എം.വി.ദേവന്‍, പാലാ നാരായണന്‍ നായര്‍, ഒ.വി. വിജയന്‍, എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, അക്കിത്തം, കോവിലന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ.സുകുമാര്‍ അഴീക്കോട്, ഡോ. എം. ലീലാവതി, പുനത്തില്‍ കുഞ്ഞബ്ദുള്ള, സുഗതകുമാരി എന്നിവരാണ് ഇതിന് മുന്‍പ് മാതൃഭൂമി പുരസ്‌കാരത്തിന് അര്‍ഹരായവര്‍.