തനിച്ചുനടന്ന ആ വഴികള്‍

ടി. പത്മനാഭന്‍/ താഹ മാടായി Posted on: 05 Feb 2015


മലയാള കഥയുടെ വിപുലമായ വഴികളില്‍ ടി. പത്മനാഭന്റെ കഥകള്‍ക്ക് സവിശേഷമായ ഇടമുണ്ട്. എണ്‍പത്തഞ്ച് വയസ്സ് തികഞ്ഞ ടി. പത്മനാഭന്‍ എഴുത്തിന്റെ അറുപത്തിയഞ്ചാം വര്‍ഷത്തില്‍ ആ കഥകളിലേക്കൊക്കെ നയിച്ച കുട്ടിക്കാലത്തെ കാല്‍നടയാത്രാനുഭവങ്ങളും ഓര്‍മകളും സൗഹൃദങ്ങളും പങ്കുവെക്കുന്നു. ബാല്യകാലത്തെ വിസ്മയകരമായ അവധൂതാനുഭവവും നാട്ടുപച്ചപ്പിന്റെ ഓര്‍മകളും സിനിമാക്കാഴ്ചയും ഇരുപതാം വയസ്സില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആദ്യത്തെ കഥ വന്ന അനുഭവവും ഓര്‍മിക്കുന്നു. ഒപ്പം 'ഘര്‍ വാപസി'യെക്കുറിച്ചും ജാതിയെക്കുറിച്ചും മലയാളകവിതയെക്കുറിച്ചുമുള്ള നിലപാടുകള്‍ തുറന്നുപറയുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പ് (ഫിബ്രവരി 8) ഓണ്‍ലൈന്‍ വഴി വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

താഹ മാടായി: കുട്ടിക്കാലത്ത് സന്ന്യാസികളെയോ ഔലിയാക്കന്മാരെയോ സൂഫികളെയോ ആരെയെങ്കിലും കണ്ടിരുന്നോ?

ടി. പത്മനാഭന്‍: ഞാന്‍ ഒരു സൂഫിവര്യനെ കണ്ടിട്ടുണ്ട്. അതെങ്ങനെയാണെന്നുവെച്ചാല്‍... എന്റെ ആത്മസുഹൃത്തായ പി.വി. രവീന്ദ്രന്‍- ക്യാപ്റ്റന്‍ സി.പി. കൃഷ്ണന്‍ നായരുടെ അളിയന്‍- ഞാനും രവീന്ദ്രനും രണ്ട് ശരീരവും ഒരു ആത്മാവുമായി നടന്നവരാണ്. പുള്ളി വലിയൊരു ആദ്ധ്യാത്മികവാദിയായിരുന്നു. ചിദാകാശ ഗീത എന്നൊരു പുസ്തകം എഴുതിയിരുന്നു. കണ്ണൂരില്‍ പഴയ പൊലീസ് മൈതാനത്തിന്റെ- ഇപ്പോഴത്തെ കെട്ടിടങ്ങള്‍ നിറഞ്ഞ മൈതാനമല്ല- വിശാലമായ വെളിസ്ഥലം. അവിടെയൊരു അരയാല്‍ മരമുണ്ടായിരുന്നു. ആ അരയാലിനു ചുവട്ടില്‍ ഒരു ഫക്കീര്‍ ഇരുന്നിരുന്നു. പ്രത്യക്ഷത്തില്‍ മുസ്‌ലിമാണ്. എവിടെ നിന്നോ വന്ന... അതിന് മുമ്പ് അദ്ദേഹത്തെ അവിടെയുള്ളവര്‍ ആരും കണ്ടിരുന്നില്ല. ആകാശത്തു നിന്ന് പൊട്ടിവീണതു പോലെ... അദ്ദേഹത്തിന്റെ പേരെന്താണ് എന്നോ, വാസ്തവത്തില്‍ ഒന്നും തന്നെ ആര്‍ക്കുമറിയില്ലായിരുന്നു. ശിഷ്യരുമില്ല. ആരോടും ഒന്നും പറയുന്നുമില്ല. രവീന്ദ്രന്‍ രാത്രിയാവുമ്പോള്‍ ഈ ഫക്കീറിന്റെ അരികില്‍ പോയിരിക്കും. ഏതാണ്ട് അഞ്ചാറ് ദിവസം അങ്ങനെയിരുന്നു. ഒരു ദിവസം ഞാനും രവീന്ദ്രനോടൊപ്പം പോയി ഫക്കീറിനരികിലിരുന്നു. ഒരു ദിവസം ഇദ്ദേഹം അപ്രത്യക്ഷനായി. അപ്രത്യക്ഷനാവുന്നതിന്റെ തൊട്ടുമുമ്പുള്ള രാത്രിയില്‍ ഈ ഫക്കീര്‍ രവിയോടു പറഞ്ഞു: സമയമായിട്ടില്ല!

ആ കുറച്ചു ദിവസത്തിനിടയില്‍ അദ്ദേഹം പറഞ്ഞ ഒരേയൊരു കാര്യം അതു മാത്രമായിരുന്നു. പിന്നീട് അദ്ദേഹം അപ്രത്യക്ഷനാവുകയും ചെയ്തു. അദ്ദേഹം എവിടേക്കാണ്... അദ്ഭുതമല്ലേ? ഒരു അരയാല്‍ ചുവട്ടില്‍ രാത്രി ഒരാള്‍...

എനിക്ക് വളരെ കുട്ടിക്കാലം തൊട്ടേ അമ്പലമോ വിശ്വാസമോ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ചെറിയ പ്രായത്തില്‍തന്നെ ശ്രീരാമകൃഷ്ണ പരമഹംസരെക്കുറിച്ചും രമണ മഹര്‍ഷിയെക്കുറിച്ചും ഷിര്‍ദി ബാബയെക്കുറിച്ചും ഒക്കെ വായിച്ചിരുന്നു. അവരോട് ബഹുമാനവുമുണ്ടായിരുന്നു. കല്‍ക്കത്തയില്‍ ആദ്യം പോയപ്പോള്‍ ഈ സന്ന്യാസിമാരുടെ സ്ഥലങ്ങളൊക്കെ സന്ദര്‍ശിച്ചിരുന്നു.

കണ്ണൂരില്‍ സംസ്‌കാരത്തിന്റെ ഒരു കൂടിച്ചേരല്‍ നടന്ന ഇടമാണല്ലോ. അത്തരം ഓര്‍മകള്‍? അതായത് ഇവിടെ ശിയാ മുസ്‌ലിങ്ങളുടെ കേന്ദ്രം പോലുമുണ്ടായിരുന്നുവെന്നാണ് പഴയ ആളുകള്‍ പറയുന്നത്...

കണ്ണൂരില്‍ ഇപ്പോള്‍ കാല്‍ടെക്‌സ് ജങ്ഷന്‍ എന്നു പറയുന്നതിന്റെ കുറച്ചിപ്പുറം രണ്ടു കെട്ടിപ്പൊക്കിയ ഖബറുകള്‍ ഉള്ള ഒരു മക്കാനി കാണാം. അവിടെ വഴിപോക്കര്‍ ഇപ്പോഴും ചന്ദനത്തിരിയും നെയ്യും... അവിടെ തൊട്ടടുത്തായി മുമ്പ് ശിയാ മുസ്‌ലിങ്ങളുടെ ഒരു കേന്ദ്രവുമുണ്ടായിരുന്നു. ഹസ്സനും ഹുസൈനും കര്‍ബലയില്‍ ദാരുണമായി കൊല്ലപ്പെട്ടതിന്റെ ഓര്‍മയില്‍ വര്‍ഷത്തിലൊരിക്കല്‍ ശിയാക്കള്‍ നെഞ്ചത്തടിച്ച് വിലപിക്കുന്ന ഒരു ചടങ്ങുണ്ട്. അതിവിടെയും നടന്നിരുന്നു. വര്‍ണശബളിമയാര്‍ന്ന ഒരു കൊച്ചു കൂടാരം ഇവര്‍ ചുമന്നുകൊണ്ടുപോയി ഒടുവില്‍ കടലിലൊഴുക്കും. അതിനിടയില്‍ കരച്ചിലും... ഞങ്ങള്‍ കുട്ടികള്‍ ശിയാക്കളുടെ ഈ ദിവസം കാത്തിരിക്കുമായിരുന്നു. വളരെ ചെറിയ പൈസയ്ക്ക് മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ ഈ ദിവസങ്ങളില്‍ അവിടെയുണ്ടാകും. അവിടെ പോയി പലതരം മിഠായി വാങ്ങിത്തിന്നാനുള്ള ആഗ്രഹംകൊണ്ട് ഞങ്ങള്‍... ഇപ്പോള്‍ അവരുമില്ല. കൂടാരം കടലില്‍ ചെന്നൊഴുക്കുന്ന പഴയ ശിയാ ഉത്സവവുമില്ല. പഴയ ഖബറുകളുമില്ല. മൈതാനവുമില്ല... കുട്ടിക്കാലത്ത്, കാല്‍നട യാത്രയ്ക്കിടയില്‍ രണ്ട് മുസ്‌ലിം സിദ്ധന്മാരുടെ ഖബറുകള്‍ കാണാറുണ്ടായിരുന്നു. അത് മുസ്‌ലിം സിദ്ധന്മാരുടെ ഖബര്‍ എന്നു തന്നെയാണ് എന്റെ വിശ്വാസം. അതിന് തെളിവൊന്നും ഹാജരാക്കാനാവില്ല. റോഡുവക്കില്‍ വളരെ പഴകിയ രണ്ട് ഖബറുകളുണ്ടായിരുന്നു. വഴിപോക്കരും വാഹനങ്ങളില്‍ പോകുന്നവരും അവിടെ ചന്ദനത്തിരി കത്തിച്ച് നാണയം നിക്ഷേപിക്കും. ഇപ്പോള്‍ അവിടെ കാണാനുള്ളത് ഒരു ഹിന്ദുക്ഷേത്രമാണ്. ആ ഖബറുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. കുട്ടിക്കാലത്തെ നടത്തത്തിനിടെ... പിന്നീട്, പത്തുമുപ്പത് കൊല്ലം ഞാന്‍ പുറത്തായിരുന്നു. തിരിച്ചു വരുമ്പോള്‍ ആ ഖബറുകള്‍ ഇല്ല. അത് എവിടെയാണ് എന്ന് അറിയുകയുമില്ല. ഖബറുകള്‍ സൃഷ്ടിക്കുന്നത് എതിര്‍ക്കുന്നവര്‍ മുസ്‌ലിങ്ങളില്‍ തന്നെയുണ്ട്. മുജാഹിദുകള്‍ അതികഠിനമായി ഖബര്‍ പൂജയെ എതിര്‍ക്കുന്നവരാണ്. എന്നാല്‍ എന്റെ അഭിപ്രായം മറിച്ചാണ്. മഹാന്മാരുടെ ഖബറുകള്‍ ചെറിയ തോതില്‍ ബഹുമാനിക്കുന്നതില്‍ തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. മഹാന്മാരുടെ സ്മരണ നിലനിര്‍ത്തുന്നത് നമ്മുടെ ജീവിതത്തിനും പുതിയൊരു അര്‍ഥവും മാനവും വെളിച്ചവുമൊക്കെ നല്‍കും. അതിനെ അതിന്റെ ശരിയായ വെളിച്ചത്തില്‍ കണ്ടാല്‍... പിന്നെ അവിടെ ആരാധനയും ദഫ് മുട്ടലും പണപ്പിരിവും ഒക്കെ വരുമ്പോഴാണ് കുഴപ്പങ്ങളുണ്ടാവുന്നത്. അല്ലാതെ... എനിക്കതില്‍ എന്തെങ്കിലും ഒരു വികാരമുണ്ടോ എന്നു ചോദിച്ചാല്‍ ബഹുമാനമേയുള്ളൂ. മനുഷ്യ സമുദായത്തിന് നന്മ ചെയ്ത് ജീവിച്ച മഹാന്മാരുടെ ഖബറുകളെ നിന്ദിക്കേണ്ട ആവശ്യമില്ല. പൊളിച്ചുമാറ്റേണ്ട ആവശ്യവുമില്ല. ഇപ്പോള്‍ അവിടെ ഒരു ക്ഷേത്രസമുച്ചയമാണുള്ളത്. എങ്ങനെയാണ് ഖബറുകള്‍ ക്ഷേത്രമായി മാറിയത് എന്നെനിക്കറിയില്ല.

പഴയ കാല്‍നടക്കാലത്ത് ഒപ്പം കൂട്ടുകാരുണ്ടായിരുന്നോ?

നടത്തം തനിച്ചായിരുന്നു. നീന്തലിന് ഒരു സെറ്റ് കൂട്ടുകാരുണ്ടായിരുന്നു. മത്സരിച്ച് നീന്തുന്ന പതിവുമുണ്ടായിരുന്നു. കുളത്തിന്റെ രണ്ടറ്റത്തു നിന്ന് രണ്ടു സെറ്റായി കൂട്ടുകാര്‍ നീന്തും. എതിര്‍സംഘം നീന്തി വരുമ്പോള്‍ തിരകളുണ്ടാക്കി അവരെ മുന്നോട്ട് അടുപ്പിക്കാതിരിക്കാന്‍ നോക്കും. കണ്ട ജലാശയങ്ങളിലൊക്കെ ചെറുപ്പത്തില്‍ നീന്തുമായിരുന്നു. മഴക്കാലത്ത് മുങ്ങാങ്കുഴിയിട്ടു നില്‍ക്കും. അപ്പോള്‍ മഴത്തുള്ളികളുടെ ശബ്ദം... കൊച്ചുന്നാള്‍ തൊട്ട് വീട്ടിലെ കോലായയിലാണ് ഞാന്‍ കിടക്കാറ്. പഴയൊരു വീടായിരുന്നു. പിന്നീട് മാളികയായിട്ടും കോലായയില്‍ തന്നെയാണ് ഞാന്‍ കിടന്നിരുന്നത്. ഇടവപ്പാതിയില്‍ ഇടിയും മഴയും വരുമ്പോള്‍ അമ്മയും പെങ്ങളും അകത്തേക്ക് കിടക്കാന്‍ നിര്‍ബന്ധിക്കുമ്പോഴും ഞാന്‍ അകത്തേക്ക് പോകില്ല. മഴയുടെ ശബ്ദം കേട്ട് അങ്ങനെ... മഴ കാണാന്‍ വേണ്ടി മാത്രമായിരുന്നു കോലായയിലെ ആ കിടത്തം.
ചെറുപ്പത്തില്‍ ഞാന്‍ കണ്ട തോടുകളും പുഴകളും ഇനി വീണ്ടെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടു പോയി. ഈയിടെ ഒരു പരിപാടിക്ക് നാട്ടിലൊരിടത്ത് പോയപ്പോള്‍ ഞാന്‍, സാരഥിയായ രാമചന്ദ്രനോട് ചോദിച്ചു. ഇവിടെ എവിടെയോ ഒരു തോട്...
ഒരു ചെറിയ നീര്‍ച്ചാല്‍ കാണിച്ച് രാമചന്ദ്രന്‍ പറഞ്ഞു:
'അതാണ് ആ തോട്.'
ഞാന്‍ അപ്പോള്‍ ദുഃഖത്തോടെ ഓര്‍ത്തു:
എന്റെ ചെറുപ്പത്തില്‍ തെംസ് നദി പോലെയായിരുന്നു ഇവിടെയുണ്ടായിരുന്ന...

ആ നടത്തത്തില്‍ എവിടെയൊക്കെ പോകും?

കൊറ്റാളിയില്‍ ഒരു മൈതാനമുണ്ടായിരുന്നു. മൈതാനത്തിന്റെ നടുവില്‍ ഒരു വായനശാലയും. സോഷ്യലിസ്റ്റുകളായിരുന്നു ആ വായനശാല നടത്തിയിരുന്നത്. പിന്നീടവര്‍ കമ്യൂണിസ്റ്റുകാരായി. ആ വായനശാലയില്‍ പോയിരിക്കും. അവിടെ ഗാന്ധിജിയുടെ ഒരു ചിത്രം ചുവരില്‍ തൂക്കിയിരുന്നു. ആരോ വരച്ച ഒന്നാന്തരമൊരു പോര്‍ട്രയിറ്റ്. ഗാന്ധി ചിത്രം ചുവരില്‍ തൂങ്ങുന്ന കമ്യൂണിസ്റ്റ് വായനശാല... അതങ്ങനെ കുറേ കാലം എന്റെ മനസ്സില്‍ കിടന്നിരുന്നു.

നാട്ടില്‍ മാത്രം അറിയപ്പെടുന്ന ചില എഴുത്തുകാര്‍ ഉണ്ടായിരിക്കുമല്ലോ. അവര്‍ പിന്നീട് മുഖ്യധാരയില്‍ പ്രശസ്തരായിട്ടൊന്നുമുണ്ടാവില്ല. അങ്ങനെയാരെങ്കിലും...?

കെ.പി. രാഘവന്‍ എന്നൊരു സതീര്‍ഥ്യന്‍ എനിക്കുണ്ടായിരുന്നു. പിന്നീടദ്ദേഹം ഒരു മാഷായി. കെ.പി.ആര്‍. എന്ന പേരില്‍ അദ്ദേഹം ചില പുസ്തകങ്ങളുമെഴുതിയിരുന്നു. പിന്നെ മറ്റൊരാളുള്ളത് പി. വിശ്വനാഥന്‍. അദ്ദേഹവും എഴുതിയിരുന്നു.
'കുട്ടിക്കാലത്ത് ഇങ്ങനെ നടക്കുമ്പോള്‍ പെണ്‍കുട്ടികളുമൊക്കെയായി ചങ്ങാത്തമുണ്ടാവാനുള്ള സാധ്യതയുണ്ടല്ലോ? പാവാടപ്രായമുള്ള കുട്ടികളുമൊക്കെയായി കുഞ്ഞുകുഞ്ഞു സൗഹൃദങ്ങള്‍...

നോക്കൂ, അങ്ങനെയൊന്നുമുണ്ടായിട്ടില്ല. പാവാടക്കാരുമൊക്കെയായി ലോഹ്യം കൂടാനൊന്നും ഞാന്‍ പോയിട്ടില്ല. അങ്ങനെ പോയവരൊക്കെയുണ്ടാവും. പക്ഷേ, ഞാന്‍...

പിന്നെ നടത്തം വായനശാലയില്‍ നിന്ന്?

ഒരു പഴയ ചായപ്പീടികയുണ്ടായിരുന്നു. നല്ല അപ്പത്തരങ്ങള്‍ കിട്ടുന്ന... അവിടെ പോയിരിക്കും. അതിന്റെ മേലെയും ഒരു ചെറിയ ലൈബ്രറിയുണ്ടായിരുന്നു. അവിടെയിരുന്ന് പുസ്തകങ്ങള്‍ വായിക്കും. ബാരിസ്റ്റര്‍ എ.കെ. പിള്ള എഴുതിയ കോണ്‍ഗ്രസും കേരളവും പോലെയുള്ള പുസ്തകങ്ങളാണ് അക്കാലത്ത് വായിച്ചിരുന്നത്. രാഷ്ട്രീയ പുസ്തകങ്ങളോടായിരുന്നു കൂടുതല്‍ താത്പര്യം. ഫിക്ഷന്‍ അങ്ങനെയൊന്നും ആ പ്രായത്തില്‍ വായിച്ചിട്ടില്ല.

അന്ന് കുട്ടികളുടെ പ്രസിദ്ധീകരണങ്ങളൊക്കെയുണ്ടായിരുന്നോ? ഞങ്ങളൊക്കെ ബാല്യത്തില്‍ അമര്‍ചിത്രകഥകളും അമ്പിളി മാമനും മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയുമൊക്കെ വായിച്ചാണ് വളര്‍ന്നത്...

അത്തരം പുസ്തകങ്ങളൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഉണ്ടായിരിക്കാം. ഞാനങ്ങനെയൊന്നും കണ്ടിട്ടില്ല. വായിച്ചിട്ടുമില്ല.

അപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് കഥകളയച്ചിരുന്നില്ലേ?

ഞാന്‍ വളരെ ചെറുപ്പത്തിലേ കോഴിക്കോട് പോകുമായിരുന്നു. വെള്ളയില്‍ സ്റ്റേഷനില്‍ ഇറങ്ങി ഒരു ബന്ധുവിന്റെ കല്ല്യാണത്തിന് പോയത് ഇപ്പോഴും ഓര്‍മയുണ്ട്. അത് കൂടാതെയും കോഴിക്കോട് പോയിരുന്നു. അന്നത്തെ ഒരു സംഭവം പറയാം. മാതൃഭൂമിയിലേക്ക് കഥകള്‍ അയയ്ക്കും. അവ തിരിച്ചു വരും. ഒരു ദിവസം ഞാന്‍ കോഴിക്കോട് പോകുമ്പോള്‍ ഒരു കഥ കവറിലിട്ട് കൈയില്‍ വെച്ചു. അത് മാതൃഭൂമി ഓഫീസില്‍- അന്നത്തെ എഡിറ്റര്‍ ദാമോദര മേനോന്റെ മേശപ്പുറത്ത് വെച്ചു. അതിന് മുമ്പ് അദ്ദേഹത്തെ കണ്ടിരുന്നില്ല. എന്നിട്ട് തിരിച്ചു പോന്നു. അന്ന് തങ്ങളെന്തെങ്കിലും എഴുതിയാല്‍ മാതൃഭൂമിയില്‍ വരണമെന്നത് എല്ലാവരുടെയും ആഗ്രഹമായിരുന്നു. കഥ കൊടുത്ത് തിരിച്ചു വന്നു. വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ആ കഥ പ്രസിദ്ധീകരിച്ചു. എന്റെ ഓര്‍മ ശരിയാണെങ്കില്‍ 'ത്യാഗത്തിന്റെ രൂപങ്ങള്‍' എന്ന കഥ. 1950-ല്‍... അന്നെനിക്ക് ഇരുപത് വയസ്സാണ് പ്രായം. ആഴ്ചപ്പതിപ്പിന്റെ അന്നത്തെ ചുമതല വഹിച്ചിരുന്നത് കണ്ണൂര്‍ക്കാരനായ ഒരു രാമനായിരുന്നു. കണ്ണൂരിലെ അന്നത്തെ വളരെ പ്രശസ്തമായ നാഷനല്‍ പ്രസ്സിന്റെ ഉടമയുടെ അളിയന്‍.

ചെറുപ്രായത്തില്‍ നടത്തം, വായന, വിദ്യാഭ്യാസം, നീന്തല്‍... അഡ്വഞ്ചര്‍ എന്നു പറയാവുന്ന ഓര്‍മകളൊന്നുമില്ലേ?

അങ്ങനെ വലിയ അനുഭവങ്ങളൊന്നുമില്ല. ഓര്‍ക്കാവുന്ന ഒരു സംഭവം, തെക്കിബസാറില്‍, ഒരു അരയാലിന്‍ ചുവട്ടില്‍ കാലില്‍ അല്പം മുടന്തുള്ള ഒരാള്‍ നടത്തിയ സൈക്കിള്‍ പീടികയുണ്ടായിരുന്നു. ഒന്നരക്കാലന്റെ സൈക്കിള്‍ പീടിക എന്നാണ് അറിയപ്പെട്ടിരുന്നത്. അവിടെ ഞങ്ങള്‍ ചങ്ങാതിമാര്‍ സൈക്കിള്‍ വാടകക്കെടുക്കാന്‍ പോകും. ഒരു മണിക്കൂര്‍ നേരത്തേക്ക് പഠിക്കാനും ഓടിക്കാനും ഒരണ. അത് നമ്മള്‍ സെറ്റായി എടുക്കാന്‍ പോകും. പറമ്പില്‍ നിന്ന് കശുമാങ്ങയുടെ അണ്ടി പെറുക്കി വിറ്റിട്ടാണ് ഈ ഒരണ സമ്പാദിച്ചിരുന്നത്. കക്കാട് റോഡിനടുത്ത് അന്ന് വലിയൊരു കള്ളുഷാപ്പുണ്ടായിരുന്നു. ധാരാളം വിഭവങ്ങള്‍ ആ കള്ളുഷാപ്പില്‍ ചാക്കണയായി കിട്ടുമായിരുന്നു. എടോ, നീ കള്ളുകുടിയന്മാരോടൊപ്പമൊക്കെ ഇരിക്കാറുണ്ടല്ലോ. ചാക്കണ എന്നു കേട്ടിരിക്കും... അന്ന്, സൈക്കിള്‍ യാത്ര കഴിഞ്ഞ് അതുവഴി വരുമ്പോള്‍ ഞങ്ങള്‍ കൂട്ടുകാര്‍ക്ക് ചാക്കണ തിന്നാന്‍ ഒരു പൂതി. വിശപ്പുമുണ്ട്. ഞങ്ങള്‍ കള്ളുഷാപ്പിന്റെ പുറത്തിരുന്ന് തന്നെ ചാക്കണ വാങ്ങി മുഴുവനായും സ്വാദോടെ തിന്നു. തിന്നു കഴിഞ്ഞ് പൈസ കൊടുക്കേണ്ട സമയമായപ്പോള്‍ ഞങ്ങളിലൊരുത്തന്‍ ഓടടാ എന്നു പറഞ്ഞ് ഒരോട്ടം. തിന്നാന്‍ പോകുമ്പോള്‍ അങ്ങനെയൊരു ദുരുദ്ദേശ്യവുമുണ്ടായിരുന്നില്ല. പക്ഷേ, ഒരുത്തന്‍ ഓടി. അവന്റെ കൈയിലായിരിക്കാം എല്ലാവരുടെയും പൈസയുണ്ടായിരുന്നത്... ഒന്നുമാലോചിച്ചില്ല, ഞങ്ങളും ഓടി. ഞങ്ങള്‍ പൈസ കൊടുക്കാതെ ഓടിയ കാര്യം കള്ളുഷാപ്പുകാര്‍ അറിഞ്ഞിരിക്കാം. പക്ഷേ, അപ്പോള്‍ നല്ല ഇരുട്ടായിരുന്നു. ആരേയും പിന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയണമെന്നുമില്ല. എങ്കിലും ആ കള്ളുഷാപ്പ് കാണുമ്പോഴൊക്കെ പിന്നീടെനിക്ക് ഭയം തോന്നിയിരുന്നു.

ചാക്കണ മാത്രമേ കഴിച്ചിരുന്നുള്ളൂ? കള്ള് കുടിച്ചിരുന്നോ? കള്ളിനോടൊപ്പം ചാക്കണ തിന്നുമ്പോഴാണ് ഒരു രസം...

കള്ള് കുടിച്ചിരുന്നുവെങ്കില്‍ അതും ഞാന്‍ തുറന്നുപറയുമായിരുന്നു. കള്ളു കുടിക്കുന്ന ശീലമില്ല. അന്നും ഇന്നും. കള്ളുകുടിക്കുമ്പോഴുള്ള ആ രസമൊന്നും എനിക്കു വേണ്ട.

കുട്ടിക്കാലത്ത് രാത്രിയൊക്കെ നടക്കുമ്പോള്‍ വിജനമായ മൈതാനമൊക്കെ ആയിരിക്കുമല്ലോ. പ്രേതത്തിലൊക്കെ വിശ്വാസമുണ്ടായിരുന്നോ?

ശ്മശാനങ്ങളുടെ അരികിലെത്തുമ്പോള്‍ പേടിക്കുമായിരുന്നു. വേഗത്തില്‍ മാറിക്കടക്കാന്‍ ഒരോട്ടം വെച്ചുകൊടുക്കും.

തെയ്യങ്ങള്‍?

ചെറുപ്പത്തിലേ തെയ്യവുമായി ഞാന്‍ ബന്ധപ്പെട്ടിട്ടില്ല. ഒരു വിശ്വാസിയുമല്ല.

ആ കാലത്ത് കടല്‍ കണ്ടിരുന്നോ?

പയ്യാമ്പലത്തൊക്കെ പോകും. പക്ഷേ, ഞാന്‍ കടലില്‍ യാത്ര ചെയ്യുന്നത് വളരെ കഴിഞ്ഞിട്ടാണ്. ബോംബെ കടല്‍ത്തീരത്തു നിന്ന് ഒരു ബോട്ടില്‍ എലഫെന്റ ദ്വീപിലേക്ക്. നല്ല അനുഭവമായിരുന്നു. വിമലയുടെ കഥ ആ അനുഭവമാണ്.

ആ പ്രായത്തില്‍ എപ്പോഴാണ് ആദ്യത്തെ സിനിമ കാണുന്നത്?

അന്ന് കണ്ണൂരില്‍ മഴക്കാലം കഴിഞ്ഞാല്‍ ടൂറിങ് ടാക്കീസ് വരുമായിരുന്നു. തുണി കൊണ്ട് ടെന്റ് കെട്ടി... ജയറാം ടൂറിങ് ടാക്കീസ് എന്നാണ് ഒന്നിന്റെ പേര്. മറ്റൊന്ന് രാജാറാം ടൂറിങ് ടാക്കീസ്. ഗാലറിയും കസേരയുമൊക്കെയുണ്ടാവും. ഏറ്റവും മുന്നില്‍ പൂഴിയില്‍ തറ ടിക്കറ്റും. തറ ടിക്കറ്റിലിരിക്കുന്നവര്‍ അവിടെത്തന്നെ മൂത്രവുമൊഴിക്കും. ഞാനൊക്കെ മിക്കവാറും തറ ടിക്കറ്റിലിരുന്നാണ് സിനിമ കണ്ടിരുന്നത്. ത്യാഗരാജ ഭാഗവതരുടെ ഒരു സിനിമയാണ് ആദ്യം കണ്ടത്. പിന്നെ പി.യു. ചിന്നപ്പയുടെ ഒരു സിനിമ. കുറേ കഴിഞ്ഞപ്പോഴാണ് ഹിന്ദി സിനിമകള്‍ വരുന്നത്. സൈഗളിന്റെയും പങ്കജ് മല്ലിക്കിന്റെയും പാട്ടുകളുള്ള സിനിമകള്‍. നമ്മുടെ പഴയ ടൗണ്‍ഹാള്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റി പന്ത്രണ്ടു വര്‍ഷം നാഷനല്‍ തിയേറ്റര്‍ എന്നൊരു ഗ്രൂപ്പിന് ലീസിന് കൊടുത്തിരുന്നു. പൊതുസ്ഥാപനം അങ്ങനെ ലീസിന് കൊടുക്കരുത്. വളരെ അപൂര്‍വ സംഭവമാണ്. അവിടെ വെച്ച് പിന്നീട് സിനിമകള്‍ കാണാന്‍ തുടങ്ങി. സിനിമാ റീലിന് ഡാന്‍സ് സീന്‍ വരുന്ന ഭാഗങ്ങളില്‍ ബ്രഷ്‌കൊണ്ട് പെയിന്റടിച്ച് അവിടെ പ്രദര്‍ശിപ്പിക്കും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ കാണുമ്പോഴും ഡാന്‍സ് രംഗം വരുമ്പോള്‍ ഒരു തരം കളര്‍ സ്‌ക്രീനില്‍ കാണാം. ഒരുതരം...

ബാല്യത്തിലെ ഈ നടത്തത്തിനിടയില്‍ ജാതിയുടെ വിവേചനങ്ങള്‍ ധാരാളം കണ്ടിരിക്കുമല്ലോ. ഇപ്പോഴാണെങ്കില്‍ ഘര്‍വാപസിയുടെ കാലമാണ്. എന്തു തോന്നുന്നു?

നോക്കൂ, അന്നത്തെ പള്ളിക്കുന്നില്‍ നായന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ രണ്ട് ബ്രാഹ്മണ കുടുംബം, ക്ഷേത്രത്തെ ഉപജീവിച്ചു നില്‍ക്കുന്ന വാര്യര്‍, മാരാര്‍ തുടങ്ങി ഏതാനും ആള്‍ക്കാര്‍. മുസ്‌ലിമുമില്ല, ക്രിസ്ത്യാനിയുമില്ല. പക്ഷേ, എന്നിട്ടു പോലും ജാതി വ്യവസ്ഥയോടുള്ള എതിര്‍പ്പ് അന്നേ എനിക്കുണ്ട്. ഇത് ഒവരമലവൃറ ആയ, ജീര്‍ണിച്ച ഒരു സംസ്‌കാരം എന്ന തോന്നല്‍ അന്നേയുണ്ട്. ജ്ഞാനപീഠം ഒഴികെ ഒരുവിധം പുരസ്‌കാരമൊക്കെ എനിക്കു കിട്ടിയിട്ടുണ്ട്. പക്ഷേ, എന്റെ സ്വന്തം നാടായ പള്ളിക്കുന്നില്‍ നിന്ന് ഇതുവരെ സ്വീകരണമോ ആദരവോ കിട്ടിയിട്ടില്ല. കാരണം, ജാതി വ്യവസ്ഥയ്‌ക്കെതിരെയുള്ള ആളാണ്. പിന്നെ ഞാന്‍ പഠിച്ച ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍... നാല്പത്തിമൂന്നു മുതല്‍ നാല്പത്തിയെട്ടു വരെ ഞാനവിടെ പഠിച്ചിരുന്നു. ചിറക്കല്‍ വിദ്യാര്‍ഥി കോണ്‍ഗ്രസ്സിന്റെ സെക്രട്ടറിയുമായിരുന്നു. സ്‌കൂളില്‍ പേരെടുത്ത കുട്ടിയാണ്. സമരമൊക്കെ നടത്തിയിട്ടുണ്ട്. പക്ഷേ, നന്നായി പഠിക്കുന്ന കുട്ടി. അന്നത്തെ സ്‌കൂള്‍ വാര്‍ഷികങ്ങളില്‍ മിക്കവാറും ഇനങ്ങളില്‍ എനിക്ക് പ്രൈസും കിട്ടിയിരുന്നു. ഞാന്‍ രാഷ്ട്രീയത്തിലുണ്ടായിരുന്നുവെങ്കിലും ഒരു ചീത്തക്കുട്ടിയൊന്നുമായിരുന്നില്ല. നന്നായി പഠിക്കുന്ന... പക്ഷേ, ഇന്നേവരെ രാജാസ് ഹൈസ്‌കൂളില്‍ എനിക്കൊരു സ്വീകരണമോ ആദരവോ തന്നിട്ടില്ല. അതുപോട്ടെ, അവരുടെ ഒരു പരിപാടിക്കു പോലും എന്നെ... അതില്‍ ദുഃഖമൊന്നുമില്ല. പക്ഷേ, നമ്മള്‍ പഠിച്ച സ്‌കൂളില്‍ നമ്മള്‍ പ്രശസ്തനായിക്കഴിഞ്ഞിട്ടും ഒരു പരിപാടിക്കു പോലും വിളിക്കുന്നില്ല എന്നു പറയുമ്പോള്‍... ഇല്ല, എനിക്കു ദുഃഖമില്ല.

നമ്മള്‍ പറഞ്ഞുവരുന്നത് ഘര്‍വാപസിയുടെ കാര്യമാണ്...

അതെ, അതിലേക്കു തന്നെയാണ് വരുന്നത്. ഘര്‍വാപസി എന്ന നിലയില്‍ ഞാനിതില്‍ കുറ്റം കാണുന്നില്ല. അതിന് കാരണവുമുണ്ട്. ഇഷ്ടപ്പെട്ട മതത്തില്‍ ജീവിക്കുവാന്‍, ചേരുവാന്‍ ഒരു വ്യക്തിക്ക് അവകാശമുണ്ട്. അവര്‍ക്ക് അതിലുള്ള ഇഷ്ടം നഷ്ടപ്പെടുമ്പോള്‍ അതില്‍ നിന്ന് തിരിച്ചു പോകുവാനും അവകാശമുണ്ട്. ഉദാഹരണം, ആധുനിക കേരളം കണ്ട ഏറ്റവും ശ്രദ്ധേയമായ മതപരിവര്‍ത്തനം മാധവിക്കുട്ടിയുടേതാണ്. അവര്‍ മുസ്‌ലിമായി, കമല സുരയ്യയായി. അവര്‍ മുസ്‌ലിമായിട്ടും അവരോടുള്ള ഇഷ്ടമോ ആദരവോ എനിക്കു കുറഞ്ഞിരുന്നില്ല. അവരുടെ വീട്ടില്‍ പോവുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്റെ ഭാര്യയുമായിട്ടും കമല സുരയ്യക്ക് നല്ല അടുപ്പമുണ്ടായിരുന്നു. എന്റെ ഭാര്യയും മാധവിക്കുട്ടിയെപ്പോലെ പ്രശസ്തമായ ഒരു തറവാട്ടില്‍ ജനിച്ച സ്ത്രീയാണ്. അങ്ങനെ അവര്‍ നേരത്തെ പരിചയമുണ്ട്. മാധവിക്കുട്ടി ഹിന്ദുവായി ജനിച്ചു, മുസ്‌ലിമായി മരിച്ചു. അവര്‍ ജീവിച്ചിരിക്കെ തിരിച്ച് ഘര്‍വാപസി ആഗ്രഹിച്ചിരുന്നുവെങ്കില്‍ നമുക്ക് അവരെ തടഞ്ഞു നിര്‍ത്താനും കഴിയുമായിരുന്നില്ല. അത് മാധവിക്കുട്ടിയുടെ ഇഷ്ടം എന്നു നമ്മള്‍ പറയുമായിരുന്നു. മാധവിക്കുട്ടി മുസ്‌ലിമാവുന്നതും ഹിന്ദുവാകുന്നതും മാധവിക്കുട്ടിയുടെ ഇഷ്ടമാണ്. അതു പോലെ ഒരാള്‍ മറ്റൊരു മതത്തിലേക്കു പോകുന്നതും തിരിച്ചു വരുന്നതും അവരുടെ മാത്രം ഇഷ്ടമാണ്. എന്നാല്‍ ഘര്‍വാപസിക്കു പിറകില്‍ സംഘടിതമോ അല്ലാതെയോ ഉള്ള ബലവും പ്രലോഭനവും ഉണ്ടായിരിക്കരുത്. ഇത് രണ്ടും ഇല്ലാത്ത ഒരു സന്ദര്‍ഭത്തില്‍ ഒരാള്‍ എവിടെ പോയാലുമെന്താ?

മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ധാരാളം പേര്‍ മലബാറില്‍ ജാതി മാറിയിരുന്നു...

പക്ഷേ, പഴയ മിഷനറിമാര്‍ മഹാന്മാരായിരുന്നു. ഇപ്പോഴത്തെ ഫ്രാന്‍സിസ് പോപ്പ് വളരെ വലിയ ഒരാളാണ്. അദ്ദേഹം പാവപ്പെട്ടവരെയും വിശക്കുന്ന മനുഷ്യരെയും ചേര്‍ത്തു പിടിക്കുന്നത് ഒരു അഭിനയമല്ല. എന്നാല്‍ എല്ലാ പാതിരിമാരും ബിഷപ്പുമാരും ഫ്രാന്‍സിസുമാരല്ല, ജോണ്‍പോള്‍മാരുമല്ല.

ഇപ്പോള്‍ പെരുമാള്‍ മുരുഗന്റെ വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്...

ആ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല.

ആദ്യം കാണുന്ന എഴുത്തുകാരന്‍ ആരാണ്?

കണ്ടതോ, പരിചയപ്പെട്ടതോ?

ആദ്യം കണ്ടത്, പരിചയപ്പെട്ടതും...

പി. കേശവദേവിനെ കണ്ടിട്ടുണ്ട്. പൊന്‍കുന്നം വര്‍ക്കിയേയും കണ്ടിട്ടുണ്ട്. കേശവദേവുമായി കത്തിടപാടുകളും നടത്തിയിട്ടുണ്ട്. പൊന്‍കുന്നം വര്‍ക്കിയും കേശവദേവും വിപ്ലവകാരികളാണ്. അത്രയും ധീരരായ എഴുത്തുകാര്‍ പിന്നീട് മലയാളത്തിലുണ്ടായിട്ടില്ല.

വ്യക്തിപരമായ അന്തസ്സ് കൊണ്ട് താങ്കളുടെ ഹൃദയം കവര്‍ന്ന എഴുത്തുകാരന്‍?

അത് ഉറൂബാണ്. നൈര്‍മല്യത്തിന്റെ നിറകുടമായിരുന്നു പി.സി. ശുദ്ധമായ, പാലുപോലെയുള്ള മനസ്സിന്റെ ഉടമ. എല്ലാവരോടും സ്‌നേഹം... അങ്ങനെ ഒരാള്‍ മാത്രമേയുള്ളൂ, പി.സി.

കാലവും പ്രതീക്ഷയുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളെക്കുറിച്ച് പറയുമ്പോഴെല്ലാം പഴയ കവികളുടെ പേരുകളും കവിതകളുമാണ് താങ്കള്‍ ഉദ്ധരിക്കാറുള്ളത്. പ്രതീക്ഷാനിര്‍ഭരമായ വരികള്‍ പുതിയ കവികളില്‍ നിന്ന് കിട്ടുന്നില്ല?

അവരില്‍ നിന്ന് എന്താ കിട്ടുന്നത്? പ്രതീക്ഷയും നിര്‍ഭരവുമൊക്കെ പോട്ടെ... ഇവിടെ എവിടെയാ കവിയുള്ളത്? പക്ഷേ, എന്നാലും-നാളെ ഒരു കവി ജനിച്ചു കൂടായ്കയില്ല.

ഇപ്പോള്‍ ജീവിച്ചിരിക്കുന്ന കവികളില്‍ അവസാനത്തെ കവിയായി ആരെയാണ് കാണുന്നത്?

(കുറേ നേരം മൗനം). സുഗതകുമാരി. നമ്മുടെ മഹത്തായ കാവ്യപാരമ്പര്യത്തോട് ചേര്‍ന്നു നിന്ന് മഹത്തായ കവിതകള്‍ എഴുതിയത് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളവരില്‍ സുഗതകുമാരി മാത്രമാണ്.

സച്ചിദാനന്ദന്‍, കെ.ജി.എസ്, ആറ്റൂര്‍, ചുള്ളിക്കാട്...

ഇവരെക്കുറിച്ചൊന്നും എന്നോട് ചോദിക്കണ്ട. വടവൃക്ഷങ്ങളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍, ഇന്നു വലിയൊരളവു വരെ എന്റെ കാവ്യതൃഷ്ണകളെ ശമിപ്പിക്കുന്നത് എസ്. രമേശന്‍ നായരാണ്. വരും, വലിയ കവികള്‍ വരും. ജീവിതം അവസാനിക്കുന്നൊന്നുമില്ല. എന്തുകൊണ്ട് നമുക്ക് വീണ്ടും ഒരു കുമാരനാശാന്‍ വന്നുകൂടാ?

കുമാരനാശാന്‍ ആ കാലഘട്ടത്തിന്റെ സൃഷ്ടി കൂടിയാണ്. ഇപ്പോള്‍ ഛന്ദസ്സിലൊക്കെ എഴുതിയാല്‍ വായനക്കാര്‍...

ഛന്ദസ്സുണ്ടായാല്‍ എന്താ കുഴപ്പം? ഛന്ദസ്സ് വേണ്ട എന്നു പറയുന്നത് നിങ്ങളുടെ കഴിവുകേടു കൊണ്ടാണ്.

പഴയ കാലമല്ലേ കുമാരനാശാനെ സൃഷ്ടിച്ചത്?

കാലം എന്നത്തേക്കുമായി അവസാനിക്കുന്നില്ല. എന്നു പറഞ്ഞാല്‍ ജനവരി ഇരുപതാം തീയതി തന്നെ മലയാള കവിതയില്‍ ഒരു മാറ്റം വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല.

പ്രിയപ്പെട്ട ഗന്ധമേത്?

ഇപ്പോള്‍ ചെറുപയര്‍ പൊടി മാത്രമേ ഞാന്‍ കുളിക്കുമ്പോള്‍ തേക്കാറുള്ളൂ. യാഡ്‌ലിയുടെ റെഡ് റോസ് പൗഡര്‍ എനിക്കിഷ്ടമാണ്. മൈസൂര്‍ സാന്‍ഡലിന്റെ മണവും ഇഷ്ടമാണ്. വീട്ടില്‍ മൈസൂര്‍ സാന്‍ഡല്‍ കൊണ്ടുള്ള ചന്ദനത്തിരിയാണ് കത്തിക്കാറുള്ളത്. ചന്ദന സോപ്പ് ഉപയോഗിക്കുന്ന ഒരു കഥ ഞാനെഴുതിയിട്ടുമുണ്ട്. രൂക്ഷഗന്ധങ്ങള്‍ ഇഷ്ടമല്ല. വളരെ മൈല്‍ഡ് ആയിട്ടുള്ള...

(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫിബ്രവരി 8)
മാതൃഭൂമി ആഴ്ചപ്പതിപ്പ് (ഫിബ്രവരി 8) ഓണ്‍ലൈന്‍ വഴി വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക



 

ga