കഥയുടെ കുലപതി

പി.കെ. പാറക്കടവ്‌ Posted on: 08 Sep 2015

മാതൃഭൂമി സാഹിത്യപുരസ്‌കാരജേതാവായ പദ്മനാഭന്‍ പറയുന്നു... ദൈവത്തിന്റെ മുന്നിലും ഞാന്‍ തലയുയര്‍ത്തിത്തന്നെ നില്‍ക്കും

കാവ്യാത്മകമായ ഉള്‍ക്കാഴ്ചകള്‍ പ്രകടിപ്പിക്കുന്ന ടി. പദ്മനാഭന്റെ വാക്കുകള്‍ നദിയില്‍ ഒഴുകിവരുന്ന വിളക്കുകളായിത്തീരുന്നു എന്നെഴുതിയത് കെ.പി. അപ്പന്‍. സംഗീതം വേറെ, ഒച്ചപ്പാടുകള്‍ വേറെ എന്നു തിരിച്ചറിയുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്റെ രചനകളില്‍ യാത്രയുടെ വെളിച്ചമുണ്ട്. പദ്മനാഭന്റെ കഥകളില്‍ നിറയെ യാത്രകളാണ്. ഒരുപാട് കഥകളുടെ പശ്ചാത്തലം പ്ലാറ്റ്‌ഫോമുകളും തീവണ്ടികളുമാണ്. ഒരു കഥയുടെ പേരുതന്നെ 'യാത്ര'യെന്നാണ്. മഴയും യാത്രയും ഇങ്ങനെ അനുഭവിപ്പിക്കുന്ന മറ്റൊരു കഥ മലയാളത്തിലില്ല. യാത്രയുടെ ആരംഭവും അവസാനവുമൊക്കെ കഥകളുടെ പേരുതന്നെയാണ്. ഈ വലിയ കഥാകാരന്‍ നടത്തിയ യാത്രയുടെ അനുഭവങ്ങളെക്കുറിച്ചു മാത്രം ഒരിക്കല്‍ പദ്മനാഭനുമായി നടത്തിയ നീണ്ട സംഭാഷണം ഓര്‍ക്കുന്നു. 'ഒരു യാത്രികന്റെ വഴിത്താരകള്‍' എന്ന പേരില്‍ ഞാനീ അഭിമുഖം മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകം മുഴുവന്‍ പലതവണ സഞ്ചരിച്ചിട്ടും ഈ വലിയ കഥാകാരന്‍ ഒരൊറ്റ യാത്രാവിവരണപുസ്തകവുമെഴുതിയിട്ടില്ല. ഞാനേറ്റവും കൂടുതല്‍ യാത്രചെയ്തത് ടി. പദ്മനാഭന്റെ കൂടെയാണ്. പലതവണ യു.എ.ഇ.യിലും ബഹ്‌റൈനിലും ദമാമിലും റിയാദിലുമൊക്കെ പപ്പേട്ടന്റെകൂടെ ചെലവഴിച്ച ദിനരാത്രങ്ങള്‍ ഇപ്പോഴും ഓര്‍മയില്‍.

ഒടുവിലത്തെ താവളം


''ചിതയിലേക്കു നോക്കിനിന്നപ്പോള്‍ എന്റെ മനസ്സില്‍നിന്ന് സംശയവും പരിഭ്രമവുമൊക്കെ അകന്നുപോയി. ശ്മശാനം സൂക്ഷിപ്പുകാരന്‍ അപ്പോള്‍ പതുക്കെ ഒരു മന്ത്രമുരുവിടുന്നതുപോലെ പറയുന്നുണ്ടായിരുന്നു:
'ഇല്ല, ഭയപ്പെടാനൊന്നുമില്ല... എല്ലാം വേഗത്തില്‍ കഴിയും. വേണമെങ്കില്‍ ഇതൊക്കെ ഒരു സ്വപ്നമാണെന്നു കരുതി...'
അയാള്‍ എന്നെ സഹായിക്കുകയാണെന്ന് എനിക്ക് അപ്പോള്‍ മനസ്സിലായി.''
(ശവദാഹം ടി. പദ്മനാഭന്‍)
ടി. പദ്മനാഭന്റെ കഥകള്‍ ഉള്ളിലോര്‍ത്തുകൊണ്ട് വിമാനത്തില്‍വെച്ച് ഒരിക്കല്‍ മടിച്ചുമടിച്ച് ഞാനാ ധിക്കാരിയായ കഥാകൃത്തിനോടു ചോദിച്ചു:
''ഒടുവിലത്തെ ഒരു യാത്രയുണ്ടല്ലോ, ഈ ലോകത്തുനിന്നു മറ്റൊരു ലോകത്തേക്ക്. ആ അവസാനയാത്രയെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?''
പപ്പേട്ടന്‍ പറഞ്ഞു: ''അതിനെപ്പറ്റി ഒരുതരത്തിലുള്ള ഭയവുമില്ല. എപ്പോഴും പോകാന്‍ തയ്യാറാണ്. 'അനായാസേന' ആയിരിക്കണം, അത്രമാത്രം. അതൊരു യാത്രതന്നെയായിരിക്കും. 'മൃത്യു' എന്നപേരില്‍ ഞാനൊരു കഥയെഴുതിയിട്ടുണ്ട്.''
പിന്നെ പപ്പേട്ടന്‍ കുറച്ച് കടുപ്പിച്ചുതന്നെ പറഞ്ഞു: ''എന്റെ നാഥന്റെ മുന്നിലും തലയുയര്‍ത്തി ഞാന്‍ നില്‍ക്കും. ജീവിതത്തില്‍ അത്രവലിയ പാപങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ല.''

'ഞാനിങ്ങനെയൊക്കെയാണ്, എനിക്ക് ഇങ്ങനെയൊക്കെയേ ആകാന്‍ കഴിയൂ' എന്നു പറയുന്ന ഈ കഥാകാരന്റെ കഥകള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ക്ക് ഞാനേറെ ചെവികൊടുത്തിട്ടുണ്ട്. പ്രണയത്തിന്റെ അധരസിന്ദൂരംകൊണ്ടെഴുതിയ പദ്മനാഭന്റെ കഥയുടെ വരികളില്‍ കൈതപ്പൂവിന്റെ പരിമളമുണ്ടെന്ന് കെ.പി. അപ്പന്‍.

പദ്മനാഭന്റെ 'അമ്മ' എന്ന കഥ അവസാനിക്കുന്നതിങ്ങനെ: ''പക്ഷേ, അയാളുടെ സ്‌പോര്‍ട്‌സ് കാറിന്റെ ഇരമ്പത്തില്‍ ബാംസുരിയുടെ സംഗീതം ആര്‍ക്കും കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല.'' എല്ലാ സമൃദ്ധിയുടെ നടുവിലും ഒറ്റപ്പെട്ടുപോകുന്ന ഒരമ്മയെ പദ്മനാഭന്‍ വരച്ചിടുന്നു. അമ്മയ്ക്ക് ഏറ്റവുമിഷ്ടപ്പെട്ട ഒരു കാസറ്റിനെക്കുറിച്ചു പറയുന്നുണ്ട്; സച്‌ദേവിന്റെ ബാംസുരി. വേര്‍പെട്ടവന്റെ വേദനയും വിരഹിയുടെ ദുഃഖവും ആത്മാവിന്റെ അഗാധതകളില്‍നിന്ന് തേങ്ങലുകളായി ഉയര്‍ന്നുവരുന്നത് അമ്മ കേട്ടു. ഇതുതന്നെയാണ് ഈ കഥാകാരന്‍ പലപ്പോഴും നമ്മോടു പറയുന്നത്. മുറിവേറ്റ ആത്മാവിന്റെ ഭാഷണങ്ങളില്‍ നേര്‍ത്ത വേദനയുടെ ഈണമുണ്ട്. ഇതുകൊണ്ടാണ് പ്രകാശം പരത്തുന്ന ഈ മികച്ച കഥകളെ മലയാളി തന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നത്.

ടി. പദ്മനാഭന്‍ വളരെ വളരെ കുറച്ച് കഥകളേ എഴുതിയിട്ടുള്ളൂ. പക്ഷേ, തനിയെ തന്റെ കാവടിവെച്ച് ഒറ്റയ്ക്ക് നടക്കുന്ന ഈ കാതലുള്ള ധിക്കാരി കുറേവര്‍ഷങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. എന്റെ ചുവരില്‍ നരേന്ദ്രമോദിയുടെ ചിത്രമില്ല എന്ന് പരസ്യമായി ഈ കഥാകാരന്‍ പറയും. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ വേദനയോടെ എഴുതി: ''നമ്മള്‍ പള്ളി പൊളിച്ചു. അവര്‍ പാട്ടുപാടി.'' ഒരു മതേതരമനസ്സ് സൂക്ഷിക്കുന്ന പദ്മനാഭന്‍, കല്‍ബുര്‍ഗിയെ പ്രാതല്‍ കഴിക്കുമ്പോള്‍ വെടിവെച്ചു കൊന്ന വാര്‍ത്തകേട്ട് എന്നോടു ചോദിച്ചു: ''ഈ നാട് എങ്ങോട്ടാണു പോകുന്നത്?'' അസഹിഷ്ണുത പെരുമഴപോലെ പെയ്യുന്നത് ഈ വലിയ കഥാകാരന്റെ സ്വാസ്ഥ്യം കെടുത്തുന്നു. പലപ്പോഴും ആര്‍ക്കും രസിക്കാത്ത സത്യത്തിന്റെ വിളംബരങ്ങള്‍ വരുന്നത് കണ്ണൂരിലെ പള്ളിക്കുന്നില്‍നിന്ന്. മാധ്യമങ്ങളില്‍ വിവാദം പെയ്തുതീരുമ്പോഴും എല്ലാം കണ്ടും കേട്ടും അറിഞ്ഞും പാരുഷ്യത്തിന്റെ സ്വയമണിഞ്ഞ ആവരണത്തിനുള്ളില്‍ കാരുണ്യവും വാത്സല്യവും സ്‌നേഹവുമൊക്കെയായി മലയാളത്തിന്റെ പ്രിയപ്പെട്ട ഈ കഥാകാരന്‍.

ഒരിക്കല്‍ ഞാന്‍ ചോദിച്ചു: ''പറയുന്നതൊക്കെ സത്യമാണെന്നറിയാം. എങ്കിലും, എന്തിനാണീ വിവാദങ്ങളൊക്കെ?''
പപ്പേട്ടന്‍ ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെ പറഞ്ഞു: ''ഇതൊക്കെ വിവാദങ്ങളാണെന്നു സമ്മതിക്കാന്‍ എനിക്കു കഴിയില്ല. അപ്പോള്‍ സംവാദം ഏതാ? ഞാന്‍ പറഞ്ഞാല്‍ വിവാദം. ചില കാര്യങ്ങളെക്കുറിച്ച് എന്റെ ഉള്ളിലുള്ള ബോധങ്ങള്‍ ഉറക്കെപ്പറഞ്ഞേതീരൂ എന്നുവരുമ്പോള്‍ ഞാന്‍ പറയുന്നു. ആ പറച്ചിലിലൂടെ എന്നോടുതന്നെ സത്യസന്ധത പുലര്‍ത്തുകയാണു ചെയ്യുന്നത്. ചിലപ്പോള്‍ എന്തിനു കഥയെഴുതുന്നുവെന്നും തോന്നാറുണ്ട്. മറ്റു കഥയെഴുത്തുകാരെ അസ്വസ്ഥരാക്കാന്‍ എന്തിന് കഥതന്നെ എഴുതുന്നുവെന്നും തോന്നാറുണ്ട്.''

ഞാനൊരു കാല്പനികനാണ്

പദ്മനാഭന്റെ അഭിപ്രായത്തില്‍ കാല്പനികതയെന്നത് ഒരു മോശം പദമല്ല. ''മനുഷ്യനന്മയില്‍ അഗാധമായി വിശ്വസിക്കുന്ന ഒരു വ്യക്തിക്കുമാത്രമേ കാല്പനികനാവാന്‍ കഴിയൂ. നിലവിലുള്ള വ്യവസ്ഥ മാറ്റിയെഴുതാനുള്ള തീരാത്ത ദാഹം. ലോകത്തെ സുന്ദരമായ വസ്തുക്കളില്‍ അഭിരമിക്കാനുള്ള ആഗ്രഹം. ഇതൊക്കെയുള്ളവര്‍ക്കേ കാല്പനികനാവാന്‍ സാധിക്കൂ. ജീവിതത്തിന്റെ എല്ലാ തുറകളിലുമുണ്ട് കാല്പനികത. ലോകംകണ്ട ഏറ്റവും വലിയ കാല്പനികനായിരുന്നു കാറല്‍മാര്‍ക്‌സ്. അടുത്തകാലത്ത് മഹാനായ മറ്റൊരു കാല്പനികനെയും ലോകം കണ്ടു. അത് ചെഗുവേരയായിരുന്നു'' പപ്പേട്ടന്‍ പറഞ്ഞുനിര്‍ത്തി.

അതേസമയംതന്നെ കാല്പനികശൈലിയിലല്ലാതെ എഴുതപ്പെട്ട കഥകളും ആസ്വദിക്കുന്ന ഒരു മനസ്സ് പപ്പേട്ടനിലുണ്ട്. എം. സുകുമാരന്റെ കഥകള്‍ക്കും ടി. പദ്മനാഭന്റെ കഥകള്‍ക്കും വിദൂരസാദൃശ്യംപോലുമില്ല. എന്നിട്ടും സുകുമാരന്റെ കഥകളിലഭിരമിക്കാന്‍ പപ്പേട്ടനു കഴിയുന്നുണ്ട്. പദ്മനാഭന്‍ പറഞ്ഞു: ''എം. സുകുമാരന്‍ എഴുതാതിരിക്കുന്നത് ഭാഷയ്ക്കു നഷ്ടമാണെന്നു പറയാന്‍ എനിക്ക് അല്പംപോലും മടിയില്ല.''

''താങ്കളുടെ എല്ലാ കഥകളും ഒരുപോലെയാണെന്ന് പറയുന്നുണ്ടല്ലോ?'' അല്പം പ്രകോപനമുണ്ടാക്കാന്‍ വേണ്ടിത്തന്നെ ഞാനൊരു കുസൃതിച്ചോദ്യമെറിഞ്ഞു.

''ഏതെങ്കിലും രണ്ടു കഥകളെടുത്തിട്ട് പാറക്കടവിന് ഇതുദാഹരിക്കാന്‍ കഴിയുമോ? അതും ഇതും ഒന്നാണെന്നു പറയാമോ?''
പപ്പേട്ടന്‍ പറഞ്ഞു: ''വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ അദ്ദേഹത്തിന്റെ പ്രശസ്തമായ 'ആരണ്യക'ത്തില്‍ നിലാവിനെ വര്‍ണിക്കുന്നുണ്ട്. എത്രയോ തവണ കാട്ടിലെ വനജ്യോത്സ്‌നയെ വര്‍ണിക്കുന്നുണ്ട്. ഓരോ വര്‍ണനയും മറ്റു വര്‍ണനയില്‍നിന്നു വിഭിന്നമാണ്. മധുരമണി കല്യാണിരാഗത്തില്‍ കൃതികളാലപിച്ചിട്ടുണ്ട്, എത്രയോ തവണ. കല്യാണിരാഗം മറ്റെത്രയോ രാഗങ്ങളെയും പോലെ നിയതമായ ചട്ടക്കൂടിലൊടുങ്ങേണ്ട ഒരു രാഗമാണ്. പക്ഷേ, മണി ആലപിക്കുമ്പോള്‍ ഓരോ കല്യാണിയും ഭിന്നമായിവരും. ഏയ്, ഇയാള്‍ എത്ര കല്യാണിയാണു പാടുന്നത് എന്ന് വിവരമുള്ളവരാരും പറയില്ല.''

ടി. പദ്മനാഭനോടൊപ്പം എത്രയോ വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. ശ്രീരാമകൃഷ്ണപരമഹംസരെക്കുറിച്ചും സ്വന്തം അമ്മയെക്കുറിച്ചും പൂച്ചക്കുട്ടികളെക്കുറിച്ചുമൊക്കെ ഏറെനേരം സംസാരിച്ചിട്ടുണ്ട് പപ്പേട്ടന്‍. കേള്‍വിക്കാരന്റെ റോളാണെനിക്കു പലപ്പോഴും. നക്ഷത്രഹോട്ടലുകളിലെ ലോഞ്ചിലിരുന്ന് സുഗതകുമാരിയുടെ കവിതകള്‍ പാടിത്തന്നിട്ടുണ്ട്. സ്വന്തം കിടക്കയില്‍ സുന്ദരിപ്പൂച്ചകള്‍ കുട്ടികളെയുംകൊണ്ടുവന്ന് തന്നെ നോക്കിയിട്ടുണ്ട് തുടങ്ങിയ കഥകളും പറഞ്ഞുതന്നിട്ടുണ്ട്. എല്ലാ യാത്രകളിലും പപ്പേട്ടന്‍ എന്നോട് ഏറെ കരുതലും വാത്സല്യവും കാണിച്ചിട്ടുണ്ട്. തികഞ്ഞ സസ്യഭുക്കായ പപ്പേട്ടന്‍ എനിക്കുവേണ്ടിമാത്രം മത്സ്യ, മാംസാഹാരങ്ങള്‍ ഓര്‍ഡര്‍ചെയ്യാറുണ്ട്.

ടി. പദ്മനാഭന്റെ ഒറ്റക്കഥയിലും ഒരു ചീത്ത കഥാപാത്രമില്ല. നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ കഥകള്‍. ടി. പദ്മനാഭനെ കഥയുടെ കുലപതിയെന്ന് ആദ്യമായി വിളിച്ചത് എം.പി. വീരേന്ദ്രകുമാറാണ്. കഥയുടെ കുലപതിക്ക് ഈ പുരസ്‌കാരത്തിന്റെ ആഹ്ലാദവേളയില്‍ നന്മകള്‍ നേരാം.



 

ga