ടി. പത്മനാഭന്റെ വിദ്യാര്‍ഥി ജീവിതം. ഒരു പഴയ വിദ്യാര്‍ഥിപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് കഥാകൃത്തായ ടി. പത്മനാഭന്‍ ഓര്‍മകള്‍ ഇതള്‍ വിടര്‍ത്തുന്നത്.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ സജീവമായ പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. സമ്മേളനങ്ങളിലും ക്യാമ്പുകളിലും പങ്കെടുത്തതിനു പുറമെ പാലക്കാടിനു സമീപമുള്ള ഗ്രാമങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് രണ്ടു വിദ്യാര്‍ഥിസംഘടനകളേ ഉണ്ടായിരുന്നുള്ളൂ. വിദ്യാര്‍ഥി കോണ്‍ഗ്രസ്സും വിദ്യാര്‍ഥി ഫെഡറേഷനും. ചിറക്കല്‍ വിദ്യാര്‍ഥി കോണ്‍ഗ്രസ്സിന്റെ സെക്രട്ടറിയായി പത്മനാഭന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ രണ്ടു സംഘടനകളിലും നേതൃത്വത്തില്‍ വരുന്നവര്‍ പഠിക്കാന്‍ മിടുക്കരും സല്‍സ്വഭാവികളുമായിരുന്നു. അവരെല്ലാം ഉയര്‍ന്ന നിലയില്‍ എത്തിയവരുമാണ്. പത്മനാഭനും എപ്പോഴും എല്ലാ വിഷയങ്ങളിലും ഒന്നാമന്‍തന്നെ. ഗുണ്ടകളെയും അക്ഷരവിദ്വേഷികളെയും അന്ന് വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ അടുപ്പിക്കുകയേയില്ല. ഭിന്നകക്ഷികളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കിടയിലും അന്ന് സ്‌നേഹമാണുണ്ടായിരുന്നത്. പത്മനാഭന്റെ ഏറ്റവുമടുത്ത സുഹൃത്ത് ഒരു ഫെഡറേഷന്‍ പ്രവര്‍ത്തകനായിരുന്നു.
1945-ല്‍ മദിരാശി സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ് വന്നപ്പോള്‍ വിദ്യാര്‍ഥി കോണ്‍ഗ്രസ്സ് മാതൃസംഘടനയ്ക്കുവേണ്ടി പ്രചരണരംഗത്തിറങ്ങി. ജാഥയായി ചെന്നു പ്രസംഗിച്ചു. സുപ്രസിദ്ധമായ മൊറാഴാ അഞ്ചാംപീടികയിലെത്തിയപ്പോള്‍ തങ്ങള്‍ക്ക് ചായ വാങ്ങിത്തന്നത് വിദ്യാര്‍ഥി ഫെഡറേഷനിലൂടെ പൊതുജീവിതത്തിലുയര്‍ന്ന ഒരു കമ്യൂണിസ്റ്റ് സ്‌നേഹിതനായിരുന്നു. കമ്യൂണിസ്റ്റുകാര്‍ക്കെതിരായ പ്രസംഗം കേട്ടുനിന്നവരെല്ലാം കമ്യൂണിസ്റ്റുകാരും. കൂവലോ കല്ലേറോ കലക്കലോ ഒന്നുമുണ്ടായില്ല.
തിരഞ്ഞെടുപ്പില്ലാത്ത വിദ്യാലയാന്തരീക്ഷത്തില്‍ സ്വപ്‌നത്തില്‍പ്പോലും അക്രമമുണ്ടാവുകയില്ല അന്ന്. പത്മനാഭന്‍ വേദനയോടെ ചോദിക്കുന്നു: തിരഞ്ഞെടുപ്പിന്റെ ചോര വീഴാത്ത ഏതെങ്കിലുമൊരു ഹൈസ്‌കൂളോ കോളേജോ നമ്മുടെ നാട്ടിലുണ്ടോ? വര്‍ത്തമാനകാലസാഹചര്യങ്ങളില്‍ ഖേദമുള്ള, പഠിക്കാനും ചിന്തിക്കാനുമാഗ്രഹവും ചിന്താശീലം മറ്റാര്‍ക്കും തീറെഴുതിക്കൊടുക്കാതിരിക്കാന്‍ സന്നദ്ധതയുമുള്ള വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് താനിതൊക്കെ ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(അധ്യയനയാത്ര എന്ന പുസ്തകത്തില്‍ നിന്ന്)