മാങ്കാംകുഴി: എല്ലാവര്‍ക്കും ഓണക്കോടി. ഇത്തവണത്തെ ഓണം കല്ലിമേല്‍ സെന്റ് മേരീസ് ദയാഭവനിലെ അന്തേവാസികള്‍ക്ക് മറക്കാനാവാത്തതായി. മാതൃഭൂമിയും കല്യാണ്‍ സില്‍ക്‌സും ചേര്‍ന്നു നടത്തിയ ഓണക്കൈനീട്ടം പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവിടത്തെ അന്തേവാസികള്‍ക്കെല്ലാം ഓണക്കോടി സമ്മാനിച്ചത്.
തെരുവില്‍ അലഞ്ഞുനടന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന സ്ഥാപനത്തില്‍ സ്ത്രീകളായിരുന്നു ഏറെ. ജീവിതയാത്രയ്ക്കിടെ പാതിവഴിയില്‍ പിടിവിട്ടുപോയവര്‍, വീട്ടുകാരുടെ കരുതല്‍ നഷ്ടപ്പെട്ടവര്‍, ഒന്നിച്ചുള്ള ജീവിതത്തിനിടയില്‍ വഴിപിരിഞ്ഞവര്‍, ഒരുകാലത്ത് ജീവിതസൗഭാഗ്യങ്ങള്‍ അനുഭവിച്ച് വിധിയുടെ ക്രൂരതയില്‍ അഭയാര്‍ഥികളാകേണ്ടിവന്നവര്‍ തുടങ്ങി നാല്പതോളം പേരാണ് ഇവിടെ ഉണ്ടായിരുന്നത്. കുര്യന്‍, സരോജിനി, അലോഷ്യസ്, സാവിത്രി... അന്തേവാസികളെല്ലാം ഇത്തവണത്തെ ഓണത്തിന് കോടിവസ്ത്രം കിട്ടിയതിന് നന്ദിപറയാന്‍ മത്സരിക്കുകയായിരുന്നു.
മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി. സുരേഷ് കുമാര്‍ ഓണക്കോടികള്‍ വിതരണം ചെയ്തു. സര്‍ക്കുലേഷന്‍ മാനേജര്‍ സജി.കെ.തോമസ്, ചീഫ് റിപ്പോര്‍ട്ടര്‍ എസ്.ഡി. വേണുകുമാര്‍, ദയാഭവന്‍ ഡയറക്ടര്‍ ഫാ. പി.കെ. വര്‍ഗീസ്, വാര്‍ഡന്‍ സിസ്റ്റര്‍ ഷൈനോ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. നിര്‍ധനര്‍ക്കായി ഓണക്കോടി സമ്മാനിക്കുന്ന പദ്ധതിപ്രകാരം മാതൃഭൂമി ഓഫീസിലോ കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമിലോ ഓണക്കോടി നല്‍കാവുന്നതാണെന്ന് അറിയിപ്പു നല്‍കിയിരുന്നു.