പാലടപ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍
1. പച്ചരി 250 ഗ്രാം
2. പഞ്ചസാര 250 ഗ്രാം
3. പാല്‍ 2 ലിറ്റര്‍
4. നെയ്യ് 150 ഗ്രാം
5. കിസ്മസ് 10 ഗ്രാം
6. അണ്ടിപരിപ്പ് 15 ഗ്രാം
7. ഏലക്കായ് 5 ഗ്രാം
8. നല്ലെണ്ണ കാല്‍കപ്പ്
തയ്യാറാക്കേണ്ട വിധം
ആദ്യം പച്ചരി വെള്ളത്തിലിട്ട് കുതിര്‍ത്ത് അരിച്ചെടുക്കുക. അതിനുശേഷം ഉരലില്‍ ഇടിച്ച് മാവാക്കുക ഈ മാവ് അരിപ്പകൊണ്ട് അരിച്ചെടുത്ത് ഉണക്കുക. തരി ഒട്ടും ഉണ്ടാകരുത്. അങ്ങനെ ഉണക്കിയ മാവ് ചീനച്ചട്ടിയില്‍ ഇട്ട് വറുത്തെടുക്കുക. ഉരുളിയില്‍ ആവശ്യത്തിനുളള വെള്ളവും ഒഴിച്ച് അടുപ്പത്തു വെച്ച് മാവ് അതിലിട്ട് ഇളക്കി വേവിച്ചെടുക്കുക.
മാവ് കയ്യിലിട്ട് ഉരുട്ടത്തക്ക പാകത്തിലാണ് വേവിക്കേണ്ടത്. അതിനുശേഷം ഉരുളി ഇറക്കിവെച്ച് ചൂടാക്കുക. മാവില്‍ കാല്‍കപ്പ് നല്ലെണ്ണ ഒഴിച്ച് ഇളക്കുക. കൈവെള്ളയിലും എണ്ണപുരട്ടി മാവ് ഉരുള ഉരുട്ടി പിഴിഞ്ഞെടുത്ത് ഉണക്കുക. ഉണക്കിയ മാവുരുള പൊട്ടിച്ചെടുക്കുക. നല്ലതുപോലെ വൃത്തിയാക്കിയ ഉരുളിയില്‍ പാല്‍ ഒഴിച്ച് തിളപ്പിക്കുക. ഒരുനുള്ള് സോഡാ ഉപ്പ് ഒഴിച്ചു കലക്കി പാലില്‍ ചേര്‍ത്താല്‍ പാല്‍ പിരിയുകയില്ല. പാല്‍ തിളക്കുമ്പോള്‍ ഉണക്കിപ്പൊടിച്ച മാവുരുളയും പഞ്ചസാരയും കുറച്ചു നെയ്യും ചേര്‍ത്ത് ഇളക്കുക. മാവുരുള നന്നായി വെന്തു കഴിയുമ്പോള്‍ അണ്ടിപ്പരിപ്പും കാമ്പുകളഞ്ഞ കിസ്മിസും ഏലക്കാപൊടിച്ചതും കൂടി നെയ്യില്‍ വറുത്തെടുത്ത് ഇടുക. നാലഞ്ചു മിനിട്ടു കൂടി തിളപ്പിച്ചശേഷം ഇറക്കി വെക്കുക. പാലടയായി.
അടപ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍
1. ഉണക്കലരി 1 ലിറ്റര്‍
2. നെയ്യ് 100 മി.ലി
3. ശര്‍ക്കര 2 കിലോ
4. പാല്‍ മൂന്നര ലിറ്റര്‍
5. കൊട്ടത്തേങ്ങാ അരമുറി
6. കിസ്മസ് 100 ഗ്രാം
7. അണ്ടിപ്പരിപ്പ് 100 ഗ്രാം
8. ജീരകം 1 സ്പൂണ്‍
9. ചുക്ക് 2 ചെറിയ കഷണം
തയ്യാറാക്കേണ്ട വിധം
ഉണക്കലരി നന്നായി കുതിര്‍ത്ത് ഇടിച്ച് മാവാക്കുക. മാവില്‍ നെയ്യ് ഒഴിച്ച് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കണം. അതിനു ശേഷം വാഴയിലയില്‍ ഈ നേര്‍പ്പിച്ച മാവ് വളരെ കനം കുറച്ച് പരത്തിയ ശേഷം ഇല ചുരുട്ടിവക്കുക. ഉരുളിയില്‍ വെള്ളം എടുത്തു തിളപ്പിച്ച ശേഷം ചുരുട്ടിയ ഇല വെള്ളത്തില്‍ മുക്കിവെച്ച് അരമണിക്കൂര്‍ വേവിക്കുക. അങ്ങനെ മാവ് വെന്തുകഴിഞ്ഞാല്‍ വാങ്ങി കുട്ടയിലിട്ട് കുറെ തണുത്തവെള്ളം അതിന്മേല്‍ ഒഴിക്കുക. അങ്ങനെ ചെയ്താല്‍ ഇലയില്‍ നിന്ന് മാവ് വേഗം ഇളകിപോരും ഇലയില്‍ നിന്നും ഇളക്കി എടുത്ത വേവിച്ച മാവ് മറ്റൊരു കുട്ടയില്‍ ഇട്ട് വെള്ളം ഉള്ളത് വാര്‍ന്നു പോകണം.
ഉരുളിയില്‍ വെള്ളം എടുത്ത് തിളപ്പിച്ച് ശര്‍ക്കര അതിലിട്ട് അലിയിക്കുക. അതിനുശേഷം അട ശര്‍ക്കര ലായനിയില്‍ ഇട്ട് നന്നായി ഇളക്കി വരട്ടുക. വരട്ടുമ്പോള്‍ പകുതി നെയ്യ് ഒഴിക്കാം. ഇളക്കുമ്പോള്‍ ചട്ടുകത്തിന്റെ പിന്‍വശത്ത് ഉരുളി കാണുന്ന സമയം കാല്‍ലിറ്റര്‍ പാല്‍ ചേര്‍ത്തുവേണം വരട്ടുവാന്‍. ഈ പാല്‍ പകുതി കണ്ടു പറ്റിയിരിക്കുന്നതായി കാണുമ്പോള്‍ ഒന്നര ലിറ്റര്‍ പാല്‍ കൂടി ഒഴിച്ച് തിളപ്പിക്കുക. രണ്ടാമതു പാല്‍ ഒഴിച്ച് തിളപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പതക്ക് ചുമപ്പ് രേഖകാണുമ്പോള്‍ ഉരുളി അടുപ്പത്തു നിന്നും വാങ്ങി വയ്ക്കുക. അതിനുശേഷം 2 ലിറ്റര്‍ പാല്‍ ഒഴിച്ച് ഇളക്കുക. കൊട്ടതേങ്ങ ചെറുതായി അരിഞ്ഞതും കാമ്പു കളഞ്ഞ കിസ്മസും കപ്പലണ്ടിയും നെയ്യില്‍ വറുത്തെടുത്ത് പ്രഥമനില്‍ ഇട്ട് ഇളക്കി ചേര്‍ക്കുക. ജീരകവും ചുക്കും കൂടി പൊടിച്ചെടുത്ത് പാത്രത്തില്‍ വിതറി ഇട്ട് ഇളക്കണം.
സേമിയാ പായസം
ആവശ്യമുള്ള സാധനങ്ങള്‍
1. സേമിയാ 200 ഗ്രാം
2. പാല്‍ 1 ലിറ്റര്‍
3. അണ്ടിപ്പരിപ്പ് 50 ഗ്രാം
4. ഏലക്കായ് 5 ഗ്രാം
6. പഞ്ചസാര 500 ഗ്രാം
7. നെയ്യ് 150 ഗ്രാം
8. സോഡാ ഉപ്പ് 2 ഗ്രാം
തയ്യാറാക്കേണ്ട വിധം
സേമിയാ എടുത്ത് ചെറുകഷണങ്ങളായി പൊട്ടിക്കുക. അതിനുശേഷം ചീനച്ചട്ടി ചൂടാക്കി അതില്‍ അല്പം നെയ്യൊഴിച്ച് പൊട്ടിച്ചു വെച്ച സേമിയായിട്ട് വറുത്തെടുക്കുക. സേമിയാ വറുത്തെടുക്കുവാന്‍ 20 മിനിറ്റോളം സമയം വേണം. സേമിയാ കട്ടപിടിക്കാതിരിക്കാനാണ് ഇങ്ങന വറക്കുന്നത്. സേമിയാ വറക്കുമ്പോള്‍ കരിഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. അണ്ടിപരിപ്പും കിസ്മിസും നെയ്യില്‍ വറുത്തെടുക്കുക. ഇവയെല്ലാം വറുത്തെടുക്കുമ്പോള്‍ കരിയാതിരിക്കാന്‍ ശ്രദ്ധിക്കണം. പാല്‍ അടുപ്പില്‍ വെച്ച് നല്ലതു പോലെ തിളപ്പിക്കുക.
പാല്‍ പിരിയാതിരിക്കുവാന്‍ 2 ഗ്രാം സോഡാഉപ്പുകൂടി ചേര്‍ക്കുക. പാല്‍ നല്ലതുപോലെ തിളച്ചുകഴിയുമ്പോള്‍ വറത്തുവച്ചിരിക്കുന്ന സേമിയാ അതില്‍ ഇടുക. പഞ്ചസാരയും കൂടി ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. സേമിയ നല്ലതു പോലെ വേകുന്നതുവരെ ഈ മിശ്രിതം തിളപ്പിക്കുകയും ഇളക്കുകയും ചെയ്യണം. അതിനു ശേഷം നെയ്യ് ഉരുക്കി ഒഴിക്കുക. ഏലക്കാ നല്ലതുപോലെ പൊടിച്ചെടുത്ത് അതും വറുത്തുവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും കിസ്മസ്സും കൂടി ചേര്‍ത്ത് ഇളക്കുക. പാത്രം അടുപ്പില്‍ നിന്നെടുത്ത് അടച്ചുവെക്കുക. 10 മിനിറ്റിനു ശേഷം വിളമ്പാം.
പഴ പ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍
1. ഏത്തപ്പഴം 15
2. കുത്തരി മുക്കാല്‍ കിലോ
3. ശര്‍ക്കര മുക്കാല്‍ കിലോ
4. അണ്ടിപരിപ്പ് 10 ഗ്രാം
5. കിസ്മസ് 10 ഗ്രാം
6. ഏലക്കായ് 5 ഗ്രാം
7. നെയ് 100 ഗ്രാം
തയ്യാറാക്കേണ്ട വിധം
ഉരുളി അടുപ്പത്തുവച്ച് ഒരു ലിറ്റര്‍ വെള്ളം ഒഴിച്ച് ശര്‍ക്കര ഇട്ട് അലിയിച്ച് തിളപ്പിക്കുക. അതിനുശേഷം കഴുകിയെടുത്ത കുത്തരി ഇട്ട് വേവിക്കുക. അരിവെന്തുവരുമ്പോള്‍ ആവശ്യത്തിന് വെള്ളം ഒഴിക്കുകയും ഇളക്കുകയും ചെയ്യണം. അരി വെന്തുവരുമ്പോള്‍ ഏത്തപ്പഴം തൊലികളഞ്ഞ് നാരും അരിയും കളഞ്ഞ് ചെറുകഷണങ്ങാക്കി അരിഞ്ഞ് ഉരുളിയില്‍ ഇടുക. ആവശ്യമെങ്കില്‍ ഒന്നര കപ്പ് വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക. നെയ്യും ഒഴിച്ച് തവികൊണ്ട് ഇളക്കുക. അണ്ടി പരിപ്പ്, കാമ്പുകളഞ്ഞ കിസ്മസ്, ഏലക്കാ ഇവ നെയ്യില്‍ വറുത്തെടുത്ത് ഇട്ട് ഇളക്കുക.
ശര്‍ക്കര പായസം
ആവശ്യമുള്ള സാധനങ്ങള്‍
1. പച്ചരി 500 ഗ്രാം
2. ശര്‍ക്കര 300 ഗ്രാം
3. ചെറുപയര്‍ പരിപ്പ് 50 ഗ്രാം
4. നെയ്യ് 250 ഗ്രാം
5. അണ്ടി പരിപ്പ് 50 ഗ്രാം
6. കിസ്മസ് 25 ഗ്രാം
7. ഏലക്കായ് 5 ഗ്രാം
8. തേങ്ങാ 1
തയ്യാറാക്കേണ്ട വിധം
ഒരു ഉരുളിയില്‍ ചെരുപയര്‍ പരിപ്പ് ഇട്ട് വെള്ളം ഒഴിച്ചു വേവിക്കുക. ചെറുപയര്‍ പരിപ്പ് നല്ലതുപോലെ വേവുന്നതിനു മുന്‍പായി കുറച്ചു വെള്ളം കൂടി ചേര്‍ത്ത് ശര്‍ക്കരയും അതിലിടുക. ശര്‍ക്കര അലിഞ്ഞു കഴിയുമ്പോള്‍ എടുത്തുവെച്ചിരിക്കുന്ന പച്ചരിയും അതിലിടുക. പച്ചരി നല്ലതുപോലെ കഴുകി അരിച്ചെടുത്തതായിരിക്കണം. അങ്ങനെ അരിവേകാറാകുമ്പോള്‍ അണ്ടിപരിപ്പും കിസ്മസ്സു നെയ്യും കൂടി അതിലിടുക. അണ്ടിപരിപ്പും കിസ്മസ്സും ഏലക്കായ് നെയ്യില്‍ വറുത്തതായിരിക്കണം. ഏലക്കായ് നല്ലതുപോലെ പൊടിച്ചതും ആയിരിക്കണം. ഇവയെല്ലാം ചേര്‍ത്ത മിശ്രിതം നല്ലതു പോലെ ഇളക്കണം. തേങ്ങാചുരണ്ടി എടുത്ത് നെയ്യില്‍ വറുത്തെടുത്ത് അതും ചേര്‍ക്കുക. അരിയുടെ വേവു പാകമാകുമ്പോള്‍ ഇറക്കിവെക്കുക. സ്വല്പം കാറ്റു കൊണ്ടാല്‍ ഈ മിശ്രിതം കുറച്ചുകൂടി കട്ടിയായിക്കൊള്ളും.
പാല്‍പായസം
ആവശ്യമുള്ള സാധനങ്ങള്‍
1. ഉണക്കലരി 1 ലിറ്റര്‍
2. പാല്‍ 2 ലിറ്റര്‍
3. പഞ്ചസാര 500 ഗ്രാം
4. നെയ്യ് 200 ഗ്രാം
5. കിസ്മസ് 10 ഗ്രാം
6. അണ്ടിപരിപ്പ് 10 ഗ്രാം
7. ഏലക്കായ് 5 ഗ്രാം
8. കുങ്കുമപൂവ് 5 ഗ്രാം
തയ്യാറാക്കേണ്ട വിധം
ഉണക്കലരി കഴുകി വൃത്തിയാക്കുക. അണ്ടിപ്പരിപ്പ് പൊട്ടിച്ച് ചെറുകഷണങ്ങളാക്കുക. കിസ്മസിന്റെ കാമ്പു കളഞ്ഞ് കഴുകി എടുത്തിരിക്കണം. ഏലക്കായ് തൊളി കളഞ്ഞ് പൊട്ടിച്ചെടുത്തുവെക്കുക. പാല്‍ നല്ലതുപോലെ തിളപ്പിച്ച ശേഷം കഴുകി വൃത്തിയാക്കിയ ഉണക്കലരി അതിലിട്ട് വേവിക്കുക. പഞ്ചസാരയും നെയ്യും കുറേശ്ശെ വീതം അതിലിട്ട് ഇളക്കണം. പാല് കുറുകണം. അരിവെന്തു കഴിഞ്ഞാല്‍ അണ്ടിപ്പരിപ്പും കിസ്മസും കുങ്കുമപൂവും ഏലക്കായും ഈ മിശ്രിതത്തില്‍ ഇട്ട് ഇളക്കിവച്ച് 10 മിനിട്ട് അടച്ചു വക്കണം.
അരി പ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍
1. ഉണക്കലരി 1 ലിറ്റര്‍
2. ശര്‍ക്കര ഒന്നര കിലോ
3. തേങ്ങാ 6
4. ചുക്ക് മൂന്നുകഷണം
5. ജീരകം 50 ഗ്രാം
6. നെയ്യ് 100 ഗ്രാം
7. പാല്‍ മൂന്നെമുക്കാല്‍ ലിറ്റര്‍
8. കൊട്ടതേങ്ങാ അരമുറി
തയ്യാറാക്കേണ്ട വിധം
ഉണക്കലരി കഴുകി 2 ലിറ്റര്‍ വെളളം ഒഴിച്ച് ഉരുളിയില്‍ അടുപ്പത്തിടുക. അരി നന്നായി വെന്ത് വെള്ളം വറ്റുമ്പോള്‍ ശര്‍ക്കര ഇട്ട് ചട്ടുകം കൊണ്ട് ഇളക്കി വരട്ടുക. നന്നായി വരളുമ്പോള്‍ ഇളക്കുന്ന പാടില്‍ ഉരുളിയുടെ അടി കാണാന്‍ കഴിയും. തേങ്ങാ ചുരണ്ടി പിഴിഞ്ഞ് പാലെടുക്കുക. ഇതിന് തലപാല്‍ എന്നു പറയുന്നു. അതിനുശേഷം ഒരു ലിറ്റര്‍ വെള്ളം തേങ്ങാപീരയില്‍ ഒഴിച്ച് പിഴിഞ്ഞ് പാല്‍ എടുക്കുക. ഇതിന് രണ്ടാം പാല്‍ എന്നു പറയും. അതിനുശേഷം ഒരു ലിറ്റര്‍ വെള്ളം ഒഴിച്ച് തേങ്ങാപീര നന്നായി പിഴിഞ്ഞ് എടുക്കുക. ഇതിന് മൂന്നാം പാല്‍ എന്നു പറയും. വരണ്ട പായസത്തില്‍ മൂന്നാം പാല്‍ കുറെശ്ശെ ഒഴിച്ച് നന്നായി ഇളക്കുക. തിളച്ചു കഴിഞ്ഞാല്‍ രണ്ടാം പാലും കുറേശ്ശെ ഒഴിച്ച് പായസം തിളപ്പിച്ച് വറ്റിക്കുക. തിളക്കുമ്പോള്‍ ഉണ്ടാകുന്ന പതക്ക് ചുവപ്പു നിറം വരുമ്പോള്‍ വാങ്ങി വക്കുക. തലപാലില്‍ ചുക്കും ജീരകവും കൂടി പൊടിച്ച് ചേര്‍ത്ത് ഇളക്കിയശേഷം പായസത്തില്‍ ഒഴിച്ച് ചെറുതായി നുറുക്കി നെയ്യില്‍ വറുത്തെടുത്ത കൊട്ടതേങ്ങ കൂടി ചേര്‍ത്ത് നന്നായി ഇളക്കണം. ശര്‍ക്കര ഇട്ട് വരട്ടുമ്പോള്‍ 100 ഗ്രാം നെയ് കൂടി ചേര്‍ക്കുന്നത് നല്ലതാണ്
മാമ്പഴപ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍
1. മാമ്പഴംഒരു കിലോ
2. ശര്‍ക്കരമുക്കാല്‍ കിലോ
3. തേങ്ങഅഞ്ച്
4. നെയ്യ്50 ഗ്രാം
5. അണ്ടിപ്പരിപ്പ്50 ഗ്രാം
6. കിസ്മിസ്50 ഗ്രാം
7. ജീരകപ്പൊടിഒരു ടീസ്പൂണ്‍
തയ്യാറാക്കേണ്ട വിധം
നാളികേരം പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും തയ്യാറാക്കുക. തൊലി നീക്കി കഷണങ്ങളാക്കിയ മാമ്പഴം പാകത്തിനു വെള്ളവും ചേര്‍ത്തു ചുവടു കട്ടിയുള്ള സ്റ്റീല്‍ പാത്രത്തില്‍ വേവിക്കുക. ഇതിലേക്ക് ചുരണ്ടിയ ശര്‍ക്കര ചേര്‍ത്തു ഇളക്കി നന്നായി വരണ്ടുവരുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ത്ത് തിളപ്പിച്ചശേഷം ഒന്നാം പാല്‍ ഒഴിച്ച് വാങ്ങുക. നെയ്യില്‍ അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ മൂപ്പിച്ചതു ചേര്‍ക്കുക. ഒപ്പം ജീരകപ്പൊടിയും ചേര്‍ത്ത് ഇളക്കുക.