വെളിയന്നൂര്‍: ഗ്രാമങ്ങളില്‍ ഓണത്തിന്റെ ആരവം ഉയര്‍ന്നിട്ട് ആഴ്ചകളായി. അത്തം പിറന്നതോടെ ഓണത്തെ പൂക്കളുടേയും നാടന്‍ പന്തുകളിയുടേയും എല്ലാം ആവേശം ഗ്രാമങ്ങള്‍ക്ക് ഓണാഘോഷത്തിന്റെ നിറവ് സമ്മാനിക്കുന്നു.
കാലവും ഒപ്പം ജീവിത ശൈലിയും മാറിയപ്പോള്‍ തിരക്കേറിയ ജീവതത്തില്‍ മുറ്റങ്ങളില്‍ പൂക്കളം ഒരുക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും ഗ്രാമങ്ങളില്‍ തലമ പന്തുകളിക്കിറങ്ങുന്ന സംഘങ്ങള്‍ ഇപ്പോഴും ഓണത്തിന്റെ വരവറിയിച്ച് സജീവമായുണ്ട്. വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്ന കുടുംബങ്ങള്‍ ഇപ്പോഴും ഗ്രാമപ്രദേശങ്ങളിലുണ്ട്.
വിവിധ സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രധാനമായും തലമ പന്തുകളി നടക്കുന്നത്.
കാലത്തിന് അനുസരിച്ചാണ് കളിയുടെപന്ത് കളിച്ചിരുന്നത്. ഓലപ്പന്ത് ഉണ്ടാക്കാനാറിയാവുന്ന കുട്ടികളുടെ എണ്ണം നാട്ടില്‍ കുറഞ്ഞു വരികയാണ്.
പെരുകിലത്തിന്റെ ഇല തുണിയില്‍ പൊതിഞ്ഞ് ചണനൂല്‍ കോര്‍ത്ത് പന്തിന്റെ രൂപത്തിലാക്കി റബ്ബര്‍ പാലില്‍ മുക്കി ഉണക്കി എടുത്താണ് തലമ പന്തുകളിക്ക് വേണ്ട പന്ത് ഇപ്പോള്‍ തയ്യാറാക്കുന്നത്.
തലമ, ഒറ്റ, പെട്ട, പീച്ചി, തുടയന്‍, കവയന്‍, ഇണ്ടാന്‍ (ഇട്ടിണ്ടാന്‍), ചക്കര എന്നിവ മൂന്ന് വീതം കളിക്കുന്നതോടെ ഒരു വട്ടം കളി പൂര്‍ത്തിയാകും.
ഇത് ആദ്യം പൂര്‍ത്തിയാക്കുന്ന സംഘമാണ് വിജയിക്കുന്നത്. ചില സ്ഥലങ്ങളില്‍ ഈ നിബന്ധനകള്‍ക്കും മാറ്റമുണ്ട്. ആന തലമയും ആനച്ചക്കരയും എല്ലാം ഈ കളികളില്‍ വിസ്മരിക്കപ്പെടുന്നു.