
ശാസ്താംകോട്ട: മാവേലിത്തമ്പുരാന്റെ വേഷംകെട്ടി നാട്ടിലിറങ്ങി കിട്ടിയ തുക കുട്ടികള്‍ വൃക്കരോഗചികിത്സയ്ക്ക് കൈമാറി.
ആഘോഷങ്ങള്‍ക്കിടയിലും സമൂഹസേവനത്തിന്റെ മഹത്വം കാട്ടിത്തരുന്ന ഈ കുട്ടികള്‍ ഓണക്കാലത്ത് നന്മയുടെ പ്രകാശം പരത്തുകയാണ്.
മനക്കര അശ്വതിയില്‍ ദിലീപ്കുമാറിന്റെ മക്കളായ ബുദ്ധദേവ്, തപന്‍ദേവ്, ദീപ്തിയില്‍ ഡോ. ദിലീപ് ചന്ദ്രന്റെ മക്കളായ അരവിന്ദ്, ഗോവിന്ദ്, കൊല്ലകയില്‍ ഗോപകുമാരന്‍ പിള്ളയുടെ മകന്‍ അജിത് എന്നിവരടങ്ങിയ സംഘമാണ് മാവേലിയിലൂടെ സേവനത്തിന്റെ സന്ദേശം പകര്‍ന്നത്.
അഞ്ച് വയസ്സുകാരന്‍ തപന്‍ദേവാണ് മാവേലിവേഷം കെട്ടിയത്. എല്ലാവരും 12ല്‍ താഴെ പ്രായമുള്ളവരാണ്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി രാവും പകലുമായി ഈ കുട്ടിസംഘം മാവേലിവേഷം കെട്ടി ഓണപ്പാട്ടുകളുമായി പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങി ചെറിയ തുക സ്വരൂപിക്കുകയായിരുന്നു. ആദ്യദിവസം ഇവരുടെ ലക്ഷ്യം എന്താണെന്ന് രക്ഷിതാക്കളോടും പറഞ്ഞില്ല.
രണ്ടാംദിവസം ലക്ഷ്യം പ്ലക്കാര്‍ഡുകളിലൂടെ ഇവര്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു.
ഇരുവൃക്കകളും തകര്‍ന്ന് വൃക്കമാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് കനിവുകാത്ത് കഴിയുന്ന പുന്നക്കാട് ശോഭാഭവനില്‍ ഹരികുമാറിന് വേണ്ടിയായിരുന്നു ഇവരുടെ രണ്ടുദിവസം. വീടുകയറി കിട്ടിയ 4,500 രൂപ മാവേലിവേഷത്തില്‍ തന്നെ ഹരികുമാറിന്റെ വീട്ടിലെത്തി കുരുന്നുകള്‍ കൈമാറി.