മഞ്ചേരി: ഓണം വിളിപ്പുറത്തെത്തിയതോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മഞ്ചേരിയില്‍ ഓണപ്പാച്ചില്‍ തകൃതിയായി.
തുണിക്കടകളിലും ആഭരണക്കടകളിലുമടക്കം വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. തെരുവുകച്ചവടവും പൊടിപൊടിക്കുന്നുണ്ട്. പലസ്ഥാപനങ്ങളുടെയും മുമ്പില്‍ ഉപഭോക്താവിനെ വരവേല്‍ക്കാന്‍ മാവേലിവേഷധാരികള്‍ കാത്തുനില്‍ക്കുന്നുണ്ട്. നഗരസഭയിലെ കുടുംബശ്രീ ഓണംമേള, ഖാദി, കൈത്തറിമേളകള്‍, ഐ.ആര്‍.ഡി.പി. വിപണനമേള എന്നിവയില്‍ വന്‍ തിരക്കാണ്. . കര്‍ഷകസംഘത്തിന്റെ ജൈവപച്ചക്കറിച്ചന്തയും ശ്രദ്ധേയമായി. വിപണിയില്‍ വിലനിയന്ത്രണസംവിധാനം കാര്യക്ഷമമല്ലാത്തത് പരാതികള്‍ക്കിടയാക്കി.
%കായവറുത്തതിനും ഉപ്പേരിക്കും തൊട്ടടുത്ത കടകളില്‍പ്പോലും വിലകള്‍ പലതായിരുന്നു. ഓണാഘോഷപരിപാടികള്‍ മിക്കയിടത്തും നടക്കുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍കോളേജ് വിദ്യാര്‍ഥികളും ഓണാഘോഷം നടത്തി. ഉത്രാടദിവസം കൂടുതല്‍ കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമായിട്ടുണ്ട്.