Follow us on Facebook Twitter Google Plus Youtube Download Android Ipone Ipad
  • HOME

    മലയാളിയുടെ പാട്ടോണം

    ശ്രീജിത്ത് കൃഷ്ണന്‍ Posted on: 14 Aug 2014



    മുന്നോട്ടുള്ള വഴികളിലെവിടെയോ വച്ച് കൈവിട്ടുപോയ ഗതകാലസ്വപ്നങ്ങളുടെ പ്രതീകമാണ് മലയാളിയുടെ ഓണം. ഓണം നമുക്ക് ഗൃഹാതുരതയുടെ വിളവെടുപ്പു കാലമാണ്. പോയ കാലത്തിന്റെ സ്മരണകളില്‍ ഭാവനയുടെ നിറക്കൂട്ടുകള്‍ ചാലിച്ച് മറിച്ചുനോക്കാന്‍ എന്നും നമുക്ക് ഒരുപാടിഷ്ടമാണ്. പുരാണങ്ങളും ഇതിഹാസങ്ങളുമായി ഭാരതത്തിലെ ഓരോ പ്രദേശത്തും പറഞ്ഞുകേള്‍ക്കാറുള്ള ദേവീദേവന്മാരുടെ കഥകളില്‍ നിന്നെല്ലാം ഒരുപാട് വ്യത്യസ്തമായി നില്ക്കുന്നതാണ് മാവേലിനാടിന്റെ കഥ. അസുരചക്രവര്‍ത്തി പോസിറ്റീവ് ക്യാരക്ടറും ദേവന്മാര്‍ നെഗറ്റീവുമായി മാറുന്നു എന്നതില്‍ തുടങ്ങുന്നു ആ വ്യത്യാസം. അങ്ങനെയൊരു കഥ പറയാന്‍ മറ്റാര്‍ക്കും ഉണ്ടാവില്ല. ദേവന്മാരുടെ പാടിപ്പുകഴ്ത്തപ്പെട്ട മഹത്വത്തേക്കാള്‍ യഥാര്‍ത്ഥത്തില്‍ നല്ലതായിരുന്നത് ഒരു അസുരന്റെ ഭരണകാലമായിരുന്നുവെന്നു പറയാനുള്ള ആര്‍ജവം.

    ഗൃഹാതുരത്വം തന്നെ പലവിധത്തിലുണ്ട്. ഇവിടെ അത് കഴിഞ്ഞുപോയ കാലത്തോടും സംഭവങ്ങളോടുമുള്ള വൈകാരികബന്ധമാണ്. മലയാളികളില്‍ അത് ഓരോ തലമുറയുടേയും രക്തത്തിലലിഞ്ഞുചേര്‍ന്ന വികാരമാണ്. കൗമാരം പിന്നിടുന്നതിനു മുമ്പേ കഴിഞ്ഞുപോയ ബാല്യകാലത്തെയോര്‍ത്ത് നെടുവീര്‍പ്പിടാന്‍ തുടങ്ങുന്ന മനസ്സാണ് നമ്മുടേത്. സാഹിത്യലോകത്തെ ഇളമുറക്കാര്‍ പോലും ഏറ്റവും കൂടുതലായി എഴുതുന്നത് ജീവിതാനുഭവ കുറിപ്പുകളാണ്.

    മഹാബലിയുടെ പുരാണകഥ കേരളത്തിന്റെ പ്രാചീനചരിത്രവുമായി പൊരുത്തപ്പെടുന്നതല്ലെങ്കിലും ഓണപ്പാട്ടുകളും ഓണക്കവിതകളും നാടോടിഗാനങ്ങളുടെ രൂപത്തില്‍ വളരെ പഴയകാലം മുതല്ക്കുതന്നെ പ്രചാരത്തിലുണ്ടായിരുന്നു.

    'മുത്തശ്ശി വന്നീല, മുറ്റമടിച്ചില്ല,
    എന്തെന്റെ മാവേലി ഓണം വന്നൂ?
    അമ്മാവന്‍ വന്നീല, പത്തായം തുറന്നില്ല,
    എന്തെന്റെ മാവേലി ഓണം വന്നൂ?
    ഏട്ടനും വന്നില്ല, പുടവയും കിട്ടീല,
    എന്തെന്റെ മാവേലി ഓണം വന്നൂ?'

    'ഓണമാണല്ലോ വരുന്നതിപ്പോള്‍
    നാണം മറയ്ക്കുവാനെന്തുവേണ്ടൂ?
    ഓണപ്പുടവ തരാറുള്ളൊരേട്ടന്‍
    ആണാക മൂലം പടക്കുപോയി.'

    കേരളത്തിലെ നാടുവാഴികള്‍ തമ്മിലുണ്ടായ നിരന്തരസമരങ്ങളും അന്നത്തെ മരുമക്കത്തായ വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥയും ഈ പാട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. നിര്‍ബന്ധിതസൈനികസേവനം നിലവിലുണ്ടായിരുന്ന നൂറ്റാണ്ടുയുദ്ധകാലത്തിന്റെ പശ്ചാത്തലത്തിലാകാം ഈ പാട്ട് രചിക്കപ്പെട്ടത്.

    വിഷയവൈവിധ്യം കൊണ്ടും ശീലുകളിലെ ഭാവസമ്പന്നതകൊണ്ടും വേറിട്ടുനില്ക്കുന്ന ഓണപ്പാട്ടുകള്‍ നിരവധിയാണ്.

    കൊന്നപ്പൂവേ പൂത്തിരുളേ
    നാളേക്കൊരുകെട്ടു പൂതരുമോ?
    എന്നോടപ്പൂ ചോദിക്കേണ്ട,
    കാക്കപ്പൂവോടു ചോദിക്കൂ...

    പൂവായ പൂവൊക്കെ പിള്ളേര്‍ പറിച്ചു
    പൂവാങ്കുറുന്തല ഞാനും പറിച്ചു
    പിള്ളേരെ പൂവെല്ലാം വാടിക്കൊഴിഞ്ഞു
    എന്നുടെ പൂവൊക്കെ ആടിത്തെളിഞ്ഞു

    വിനോദരസം കലര്‍ന്ന ഗാനങ്ങളും പ്രചാരത്തിലുണ്ടായിരുന്നു.
    ഓണത്തപ്പാ കുടവയറാ
    ഓണക്കാലം വന്നല്ലോ
    ഓണക്കൂട്ടാനെന്തെല്ലാം
    ചേനക്കൂമ്പും ചെറുപയറും

    കോഴിക്കോട്ട് പ്രചാരത്തിലുണ്ടായിരുന്ന ഒരു ഗാനം ഇങ്ങനെ.
    അത്തത്തിന്റുച്ചക്കൊരു പച്ചക്കണ കൊത്തി
    ഏഴാക്കിച്ചീന്തിയൊരൊറ്റലു കുത്തി
    മാനാഞ്ചിറക്കലു മീനൂറ്റാന്‍ പോയി
    കാപ്പില് നല്ലോരു വാലേട്ട കിട്ടി
    വാല് പിടിച്ചു വരമ്പത്തടിച്ചൂ...
    അത്തക്കാ മുത്തക്കാ മുന്നാഴ്യരച്ചു
    കോഴിക്കോടന്‍ മഞ്ഞളൊരാഴ്യരച്ചു
    പാലുള്ള തേങ്ങാ പതിനെട്ടരച്ചു
    നെയ്യുള്ള തേങ്ങയൊരമ്പതരച്ചു
    പതിനെട്ടു പെണ്ണുങ്ങള്‍ ഉപ്പിട്ടു നോക്കുമ്പം
    ഒരുപിടിച്ചോറിനു കൂട്ടാനില്ല.
    മലബാറില്‍ പണ്ടേക്കു പണ്ടേ ഓണം നോണ്‍വെജ് ആയിരുന്നുവെന്നും മനസ്സിലാക്കാം.

    കവികളുടെ വ്യക്തിത്വത്തിന്റേയും അനുഭവപശ്ചാത്തലങ്ങളുടേയും വൈവിധ്യങ്ങള്‍ അവരുടെ ഓണക്കവിതകളില്‍ നമുക്ക് ദര്‍ശിക്കാം. തിരുവോണനക്ഷത്രജാതനായ മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ ഓണത്തെ ഭാര്‍ഗവഭൂമിയുടെ ഭാവനാവികാസമെന്നും കേരളസംസ്‌കാരത്തിന്റെ മഹോത്സവമെന്നും സത്യസമത്വസ്വാതന്ത്ര്യപ്രതിഷ്ഠാദിനമെന്നുമൊക്കെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ചേര്‍ക്കുണ്ടിലൊളിഞ്ഞുകിടക്കുന്ന വെള്ളാമ്പലിനേയും വാനത്തൂഞ്ഞാലാടുന്ന നക്ഷത്രത്തേയും ഒപ്പമെടുത്തോമനിക്കുവാന്‍ ഈ ചിങ്ങത്തിരുവോണത്തിനേ കഴിയൂ എന്നാണ് കവി പാടിയത്. കര്‍ക്കിടകത്തിന്റെ കാര്‍മേഘങ്ങള്‍ മാഞ്ഞുപോകുന്നതും വിലാസിനിയായി പൊന്നിന്‍ചിങ്ങം കടന്നുവരുന്നതും ഒരു വര്‍ണചിത്രത്തിലെന്നപോലെ കവി വരച്ചുകാണിക്കുന്നു. നിലാവു ലാവുന്ന ഓണനിശയില്‍ വറുതിക്കും വേദനയ്ക്കും സ്ഥാനമില്ല. പ്രകൃതി തന്നെ വമ്പിച്ചൊരു ഓണസദ്യ ഒരുക്കുകയാണ്.

    ആ ചൊല്‍ക്കാഴ്ചകളോരോന്നും വര്‍ണിച്ചിട്ടൊടുവില്‍ ഇടയ്‌ക്കെപ്പോഴോ 'ഇല്ല തിരിച്ചുവരില്ല പോയൊരു പൊന്നോണക്കാലം' എന്ന് കവി നിരാശനാകുകയും ചെയ്യുന്നുണ്ട്. യന്ത്രസംസ്‌കാരത്തിന് അടിമപ്പെട്ട നമ്മള്‍ പ്രകൃതിയെ മറന്നിരിക്കുന്നു. ഓണപ്പൂക്കളെഴുതുന്ന ഖണ്ഡകാവ്യങ്ങള്‍ വായിക്കാന്‍ നമുക്ക് സമയമില്ല. ഉഷസ്സന്ധ്യകള്‍ വരയ്ക്കുന്ന മനോഹരചിത്രങ്ങള്‍ ആസ്വദിക്കാന്‍ അവസരമില്ല. പൊയ്‌പോയ പൊന്നോണക്കാലങ്ങള്‍ എന്നന്നേക്കുമായി മറഞ്ഞുപോയിരിക്കുന്നു. ഇന്നും നമ്മുടെ ഓണാഘോഷങ്ങളുടെ അകക്കാമ്പില്‍ നിറയുന്ന അറിയാത്തൊരു നഷ്ടബോധവും ഗൃഹാതുരത്വവും അന്നുതന്നെ കവിമനസ്സിനെ മഥിച്ചിരുന്നു. എന്നിരിക്കിലും,

    ഭൂതകാലത്തിന്‍ പ്രഭാവതന്തുക്കളാല്‍
    ഭൂതിമത്തായൊരു ഭാവിയെ നെയ്ക നാം
    എന്ന പ്രത്യാശയുടെ സ്വരം കേള്‍പ്പിക്കാനും കവിക്ക് കഴിയുന്നുണ്ട്.

    അതേസമയം ഓണത്തെ വര്‍ഗ്ഗസമരത്തിന്റെ കണ്ണാടിയിലൂടെ മാത്രം നോക്കിക്കണ്ട കവികളും അന്നേയുണ്ടായിരുന്നു. അടിയന്തിരാവസ്ഥയുടെ കാലഘട്ടത്തില്‍ ഓണം എന്ന ബിംബം സാമൂഹ്യവിമര്‍ശനത്തിനുള്ള മാധ്യമമായും മാറിയിരുന്നു. പോലീസിനെ ഭയന്ന് കേരളം സന്ദര്‍ശിക്കുവാന്‍ മഹാബലി ഭയപ്പെടുന്നതും മഹാബലിയെ പോലീസ് ലോക്കപ്പിലിട്ട് മര്‍ദിക്കുന്നതും ചിത്രീകരിക്കപ്പെട്ട കവിതകള്‍ ഇറങ്ങിയിരുന്നു. അടിയന്തിരാവസ്ഥക്കാലത്തെ കേരളം സന്ദര്‍ശിക്കുന്ന മഹാബലി തനിക്ക് വഴിതെറ്റിപ്പോയോ എന്ന് സംശയിക്കുന്ന ഒരു കവിത ചെമ്മനം ചാക്കോയുടേതായി പുറത്തിറങ്ങിയിരുന്നു. സമരങ്ങളും മുദ്രാവാക്യങ്ങളുമില്ലാത്ത കേരളം. കുട്ടികളൊക്കെ സ്‌കൂളില്‍തന്നെ അടങ്ങിയിരിക്കുന്നു. അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള സ്തുതിയാണോ നിന്ദയാണോ എന്ന് തിരിച്ചറിയാന്‍ വയ്യ.

    രാജഭരണകാലം മുതല്ക്കിങ്ങോട്ടുള്ള ഓണക്കവിതകളോരോന്നും പരിശോധിക്കുമ്പോള്‍ ഓരോ കാലഘട്ടത്തിലേയും സാമൂഹ്യപരിവര്‍ത്തനങ്ങള്‍ കവികളുടെ സമീപനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നു കാണാം. പ്രാചീനകവിതയും മധ്യകാലകവിതയും ആധുനികകവിതയും തമ്മിലുള്ള രൂപഭാവ വ്യത്യാസങ്ങളും നിഴലിക്കുന്നു. മാവേലി നാടുവാണീടും കാലം പോലുള്ള ലളിതമായ നാടോടിഗാനങ്ങളില്‍ നിന്ന് മധ്യകാലത്തെകവിതകളിലെത്തുമ്പോള്‍ത്തന്നെ തത്വചിന്തയുടെ അംശം കൂടുന്നുണ്ട്. ആധുനികകാലത്തെ കവിതകളില്‍ സാമൂഹ്യബോധമാണ് കൂടുതല്‍ ശക്തമായി കാണുന്നത്.

    കുന്തളം നല്ലെണ്ണ നിഴുക്കിട്ട് കെട്ടിവച്ചും
    ചിന്തൂരപ്പൊട്ടുതൊട്ട് കല്ലുമാലയണിഞ്ഞും
    ഇങ്ങുവന്നേ കറുമ്പീ തമ്പുരാനെക്കാണാന്‍
    തമ്പുരാനെയെതിരേറ്റിത്തിണ്ണയിലിരുത്താന്‍

    എന്ന് ചെറുമക്കളുടെ ഓണത്തെക്കുറിച്ച് വര്‍ണിക്കാന്‍ ഒളപ്പമണ്ണയ്ക്ക് ശക്തിപകരുന്നത് ആ സാമൂഹ്യബോധമാണ്. സ്വന്തമായ വിഭവങ്ങളൊരുക്കിവച്ചും സ്വത്വബോധത്തിലൂന്നിനിന്നുമാണ് ചെറുമക്കള്‍ മാവേലിയെ സ്വീകരിക്കുന്നത്.

    വെള്ളാരഞ്ഞണ്ടുകൊണ്ട് മെഴുക്കുപുരട്ടി
    കൊള്ളിക്കിഴങ്ങുകൊണ്ട് വറുത്തെരിശ്ശേരി
    വെള്ളുള്ളി ചേര്‍ത്തൊരിഷ്ടു, പൊരിച്ചൊരു കോഴി
    എന്നാണ് ജന്മംകൊണ്ട് ബ്രാഹ്മണനായ കവി വിവരിക്കുന്നത്.

    സാധാരണക്കാരനില്‍പോലും കാവ്യഭാവന നിറയ്ക്കുന്ന കാല്പനികസൗന്ദര്യമാണ് ഓണക്കാലത്തിനുള്ളത്. പോയകാലത്തെക്കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ മനസ്സുകളുമായി ഓരോ തലമുറയും ഓണക്കാലം കാത്തുനില്ക്കുന്നു. കാലത്തിനൊത്ത മാറ്റങ്ങളെ അറിഞ്ഞാസ്വദിക്കുമ്പോഴും എന്തെന്നറിയാത്ത ഒരു ഗൃഹാതുരത്വം മനസ്സില്‍ ബാക്കിനില്ക്കുന്നു. ആ ഗൃഹാതുരത്വമാണ് ഓരോ ഓണക്കാലവും തലമുറകളിലേക്ക് പകര്‍ന്നുനല്കുന്ന ഈടുവയ്പ്.

    Tweet
    SocialTwist Tell-a-Friend


    കൂടുതല്‍ വാര്‍ത്തകള്‍
    പച്ചടി ആവശ്യമുള്ള സാധനങ്ങള്‍ 1. അധികം പുളി ഇല്ലാത്തതും പുതിയതുമായ കട്ട തൈര് ഉടച്ച് എടുത്തത് ഒരു...
    പാവയ്ക്കാ തീയല്‍ ആവശ്യമുള്ള സാധനങ്ങള്‍ 1. പാവയ്ക്ക 1 1/2 കനത്തില്‍ നുറുക്കിയത് എണ്ണൂറ് ഗ്രാം 2. വെളിച്ചെണ്ണ ഒരു...
    പായസങ്ങള്‍ പാലടപ്രഥമന്‍ ആവശ്യമുള്ള സാധനങ്ങള്‍ 1. പച്ചരി 250 ഗ്രാം 2. പഞ്ചസാര 250 ഗ്രാം 3. പാല്‍ 2 ലിറ്റര്‍ 4....
    രസം ആവശ്യമുള്ള സാധനങ്ങള്‍ 1. വറ്റല്‍ മുളക് എട്ടെണ്ണം കുരുമുളക് രു ചെറിയ സ്പൂണ്‍ മല്ലി രു വലിയ...
    ഓണാഘോഷവും കുടുംബസംഗമവും കൊച്ചി: ഓള്‍ കേരള ഇന്‍കം ടാക്‌സ് ആന്‍ഡ് സെയില്‍സ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ എറണാകുളം...
    ഓണാഘോഷത്തില്‍ നാടുണര്‍ന്നു കോതമംഗലം: കലാ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ശനിയാഴ്ച നടക്കും....
    മാവേലിമന്നനെ വരവേല്‍ക്കാന്‍ ഇടുക്കി ഒരുങ്ങി തൊടുപുഴ: കാഞ്ഞിരമറ്റം പുഴയോരം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികള്‍...
    ഗ്രാമങ്ങള്‍ 'തലമ പന്തുകളി'യുടെ ആരവത്തില്‍ വെളിയന്നൂര്‍: ഗ്രാമങ്ങളില്‍ ഓണത്തിന്റെ ആരവം ഉയര്‍ന്നിട്ട് ആഴ്ചകളായി. അത്തം പിറന്നതോടെ ഓണത്തെ...
    1
    2
    3
    4
    5
    6
    7
    8
    9
    10
    11
    12
    next »
    Onam Pookalam
    Onam Contest

     

    ga
    Onam Video Greetings
    Onam Astrology
    Onam Ecards
Home| Contact Mathrubhumi| Careers| Feedback| Advertisement Tariff
 ©  Copyright Mathrubhumi 2026. All rights reserved.