പുലിക്കളി
കേരളീയ നാടോടി കലാരൂപങ്ങളുടെ വര്‍ണ്ണവൈവിധ്യവും താളവും ഗോത്രസ്വഭാവവും ഒക്കെച്ചേര്‍ന്ന ഒരു ഓണോത്സവ നാടന്‍ കല/കളി ആണ് തൃശൂരും പാലക്കാടും സജീവമായി നിലനില്‍ക്കുന്ന പുലിക്കളി അല്ലെങ്കില്‍ ക്ടുവകളി. തൃശൂര്‍ സ്വരാജ് ഗ്രൗണ്ടില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പുലിക്കളി തികച്ചും വ്യത്യസ്ഥമായ ഒരു കാഴ്ചാനുഭവമാണ്.
ഏതാണ്ട് ഇരുന്നൂറ് വര്‍ഷങ്ങളുടെ തുടര്‍ച്ചയുണ്ട് പുലിക്കളിക്ക്. രാമവര്‍മ രാജാവിന്റെ കാലത്ത് പട്ടാളത്തിലെ മുസ്‌ലീം പട്ടാളക്കാര്‍ മുഹറം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'പുലികെട്ടിക്കളി' നടത്തിയിരുന്നു. പ്രത്യേകതരം താളവും ചുവടുകളുമുള്ള ഈ ഉത്സവാഘോഷത്തിന്റെ ഓര്‍മയ്ക്കാണ് പുലിക്കളി നടത്തി വരുന്നത്.
പുലിക്കളി ദിവസം തൃശൂരിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ സ്വരാജ് ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്ന് പുലികളിക്കുന്നു. ആയിരത്തോളം ചെറുതും വലുതുമായ പുലികള്‍ അരമണിയും കുലുക്കി തങ്ങളുടെ ശരീരത്തെ വിറപ്പിച്ച് ഒരു പുലിഗാംഭീര്യമുണ്ടാക്കി. നഗരം ചുറ്റുന്ന കാഴ്ച മാറുന്ന നമ്മുടെ നഗരങ്ങളിലേക്കുള്ള ഗോത്ര ജീവിതത്തിന്റെ തിരിച്ചുവരവിന്റെ കാഴ്ചയാണ്.
പക്ഷേ ഓരോ പുലിവേഷക്കാരനും തങ്ങളുടെ ശരീരത്തെ രോമങ്ങള്‍ വടിച്ചു കളഞ്ഞ്, ഏഴോ എട്ടോ മണിക്കൂര്‍ പുലിവരക്കുന്ന ചിത്രകാരന്മാര്‍ക്ക് മുന്നില്‍ ക്ഷമയോടെ ഇരുന്നാണ് പുലിയായി മാറുന്നതെന്ന വസ്തുത ഈ കലാരൂപത്തിനു വേണ്ട സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ഉദാഹരണമാണ്. പുലിവേഷത്തിന്റെ കൗതുകം ഏറ്റവും വലിയ വയറും അതിനു ചേര്‍ന്ന ശരീരവുമുള്ള തടിയന്മാരാണ് ഓരോ സംഘത്തിന്റെയും മത്സരപുലികള്‍ എന്നതാണ്.
ഓണപ്പൊട്ടന്‍
മാവേലിത്തമ്പുരാന്‍ തന്റെ പ്രജകളെ കാണുന്നതിന് തിരുവോണനാളില്‍ ഓരോ വീടുകളിലും വരുന്നതിന്റെ പ്രതീകമെന്നോണം വടക്കന്‍ കേരളത്തില്‍ കാണപ്പെടുന്ന ഒരു ഓണാചാരമാണ് ഓണപ്പൊട്ടന്‍ അഥവാ ഓണത്താര്‍.
തെയ്യക്കോലം കെട്ടിയാടുന്ന മുന്നൂറ്റാന്‍ സമുദായത്തിലെ ആളുകളാണ് ഓണപ്പൊട്ടന്റെ കോലം കെട്ടുന്നത്. മാവേലിത്തമ്പുരാനെയാണ് ഈ അനുഷുാനരൂപം പ്രതീകവല്‍ക്കരിക്കുന്നത്.
നിറനാഴിയും നിറപറയും അരിമാവിന്‍ കോലങ്ങള്‍ കൊണ്ടലങ്കരിച്ച വീടും പരിസരങ്ങളുമൊക്കെയായി ഓരോ കുടുംബവും ഓണപ്പൊട്ടനെ വരവേല്‍ക്കുന്നു.
അടുത്തകാലത്ത് നാട്ടിന്‍പുറങ്ങളിലെ ക്ലബ്ബുകളും മറ്റും മാവേലിത്തമ്പുരാന്റെ വേഷവുമായി വീടുകള്‍ കയറിയിറങ്ങുന്നു. അനുഷുാനമല്ല മറിച്ച് ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ പണസമ്പാദനമാണ് പുതിയ ഓണപ്പൊട്ടന്മാരുടെ ലക്ഷ്യം.
കൈകൊട്ടിക്കളി
തിരുവാതിരക്കളിയുടെ ശാസ്ത്രീയതയില്‍ അല്‍പം നാടോടി കലാസ്വഭാവം കൂടിച്ചേര്‍ന്ന് ഓണനാളുകളില്‍ വീട്ടുസദസ്സുകളില്‍ അവതരിപ്പിക്കുന്ന നൃത്തരൂപമാണ് കൈകൊട്ടിക്കളി.
ശരീരഭാഷയിലെ വൈശിഷ്ട്യവും ചലനങ്ങളിലെ അനുപാതവുമാണ് കൈകൊട്ടിക്കളിയുടെ തനത് സൗന്ദര്യത്തിന്റെ പ്രധാനഘടകങ്ങള്‍. നൃത്ത ശാസ്ത്രത്തിലെ ലാസ്യഭാവമാണ് കൈകൊട്ടിക്കളിയില്‍ പ്രധാനമെങ്കിലും ചില ചുവടുകളില്‍ താണ്ഡവത്തിന്റെ സ്വാധീനവും കാണാം.
കേരളീയ വസ്ത്രമായ മുണ്ടും നേര്യതും ധരിച്ച വനിതകള്‍ ശ്രുതിമധുരവും സാഹിത്യ പൂര്‍ണ്ണവുമായ പാട്ടുപാടി പ്രത്യേക താളത്തില്‍ കൈയ്യടിച്ച് വട്ടത്തില്‍ ചുവടുവെച്ച് കളിക്കുന്നു. പാട്ടിന്റെ വരി ഒരാള്‍ ആദ്യം പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്യുന്നു.
ഗ്രാമങ്ങളിലെ കുടുംബസദസ്സുകളില്‍ നിന്നും യുവജനോത്സവ വേദികളിലേക്കും ആഘോഷപരിപാടികളിലെ സ്റ്റേജുകളിലേക്കും ഇന്ന് കൈകൊട്ടിക്കളി ഒതുങ്ങിയിരിക്കുന്നു.
ആക്കയ്യിലീക്കയ്യിലോ മാണിക്യച്ചെമ്പഴുക്ക
ഒരു കൂട്ടം സ്ത്രീകളും തൊടിയിലെ അടയ്ക്കാമരത്തില്‍നിന്നുള്ള ഒരു അടയ്ക്കയുമുണ്ടെങ്കില്‍ ചെമ്പഴുക്ക കളിക്കാം. വട്ടത്തിലിരിക്കുന്ന സ്ത്രീകള്‍ പിന്നിലേക്ക് കൈകെട്ടി വൃത്തത്തിനു നടുവിലെ കളിക്കാരിയെ കളിപ്പിക്കുന്നതാണ് ഈ കളി.
കളിക്കാരി കാണാതെ പിന്നില്‍ കെട്ടിയ കൈകളിലൂടെ അടയ്ക്ക കൈമാറുന്നതിനിടെ ഇത് കണ്ടെത്താന്‍ ഇവര്‍ക്ക് നടുവില്‍ നില്‍ക്കുന്ന സ്ത്രീ ശ്രമിക്കും. ശ്രമം തുടരുന്നതിനിടെ 'ആക്കയ്യിലീക്കയ്യിലോ... മാണിക്യച്ചെമ്പഴുക്കാ...'എന്ന് പാടും.
ഇതിന് മറുപടിയെന്നോണം ചുറ്റും കൂടിയിരിക്കുന്നവര്‍ തിരിച്ചുപാടും. 'ദാണ്ടു പോണേ.. ദാണ്ടുപോണേ... മാണിക്ക്യച്ചെമ്പഴുക്കാ...'. വൃത്തത്തിന് നടുവിലുള്ളയാള്‍ ഇരിക്കുന്നവരില്‍ ആരുടെയെങ്കിലും തലയില്‍ തൊടും. അവരുടെ കൈയിലാണ് അടയ്ക്കയെങ്കില്‍ കണ്ടെത്തുന്നയാള്‍ ജയിക്കും.
പകരം അടയ്ക്ക കൈയിലുണ്ടായിരുന്നവര്‍ വൃത്തത്തിനു നടുവിലേ കളിക്കാരിയായി മാറും. ഇങ്ങനെ എപ്പോള്‍ മടുക്കുന്നോ അപ്പോള്‍വരെ ചെമ്പഴുക്ക കളിക്കാം.
പശുവിനെ പിടിക്കാം, പുലികളിക്കാം
പുലികളി പ്രസിദ്ധമെങ്കില്‍ പശുവും പുലിയും കളി അത്ര പ്രസിദ്ധമല്ല. പണ്ടുകാലത്ത് പെണ്‍കുട്ടികള്‍ കളിക്കുന്ന ഈ കളി പുലികളിപോലെതന്നെ കേമം.
കൈകള്‍ കോര്‍ത്ത് വലയം സൃഷ്ടിച്ച് അകത്ത് പശുവും പുറത്ത് പുലിയുമായി രണ്ടാളുകളെ സങ്കല്‍പിച്ച് കളിക്കുന്നതാണ് പശുവും പുലിയും. വലയത്തിനുള്ളില്‍നില്‍ക്കുന്ന പശുവിനെ പിടിക്കാന്‍ പുലി ഒരുങ്ങുമ്പോള്‍ അതിനെ കൈവലയം തീര്‍ത്തവര്‍ തടയും. പാട്ടുപാടിക്കൊണ്ടാണ് പുലിവേഷം കെട്ടുന്നയാള്‍ പശുവിനെ പിടിക്കാന്‍ ഒരുങ്ങു
ന്നത്.
'ഈ പശുവിനെ കൊല്ലും ഞാന്‍, ഈ വെള്ളം കുടിക്കും ഞാന്‍' പുലി ഇങ്ങനെപാടുമ്പോള്‍ വലയം തീര്‍ത്തിരിക്കുന്നവര്‍ അതിന് മറുപടി നല്‍കും.
'ഈ പശുവിനെ കൊല്ലില്ല, ഈ വെള്ളം കുടിക്കില്ല.' കളി പുരോഗമിക്കുന്നതിനിടെ പുലി പാടും 'പശുവേ പശുവേ പുല്ലിന്നാ...' അപ്പോള്‍ പശു പാടും 'പുലിയേ പുലിയേ കല്ലിന്നാ...' പാട്ടും കളിയും നീളുമ്പോള്‍ ഉറഞ്ഞു തുള്ളുന്ന പുലി വലയം ഭേദിച്ച് പശുവിനെ പിടിക്കാനെത്തും.
കളിക്കിടെ പുലി വലയത്തിനുള്ളില്‍ കടന്നാല്‍ പശുവിനെ പുറത്തിറക്കി രക്ഷിക്കുന്ന രീതിയുമുള്ളതിനാല്‍ കളി ഏറെനേരം നീളും. പശുവിനെ പുലി തൊടുന്നതോടെ കളി അവസാനിക്കും.