ഏത് ഫണ്ട് മാനേജരെ തിരഞ്ഞെടുക്കും?

Posted on: 31 Mar 2015

ഫണ്ട് മാനേജര്‍മാര്‍

എച്ച്ഡിഎഫ്‌സി പെന്‍ഷന്‍ മാനേജ്‌മെന്റ്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ പെന്‍ഷന്‍ ഫണ്ട്‌സ്, കൊട്ടക് മഹീന്ദ്ര പെന്‍ഷന്‍ ഫണ്ട്, എല്‍ഐസി പെന്‍ഷന്‍ ഫണ്ട്, റിലയന്‍സ് ക്യാപിറ്റല്‍ പെന്‍ഷന്‍ ഫണ്ട്, എസ്ബിഐ പെന്‍ഷന്‍ ഫണ്ട്, യുടിഐ റിട്ടയര്‍മെന്റ് സൊലൂഷന്‍സ് എന്നിവയാണ് പെന്‍ഷന്‍ഫണ്ട് കൈകാര്യം ചെയ്യുന്നത്.

നിക്ഷേപകന്റെ പണം മികച്ച രീതിയില്‍ നിക്ഷേപിച്ച് പരമാവധി നേട്ടമുണ്ടാക്കികൊടുക്കാന്‍ ഏറ്റവും കുറവ് ചെലവ് ആവശ്യപ്പെടുന്നവരെയാണ് ഫണ്ട് മാനേജര്‍മാരായി സര്‍ക്കാര്‍ നിയമിക്കുന്നത്. മുന്‍കാല പ്രകടനം വിലയിരുത്തി ഫണ്ട് മാനേജരെ തീരുമാനിക്കുന്നതാകും ഉചിതം(പട്ടിക കാണുക).

ഓഹരി(ഇ)യില്‍ മികച്ച നേട്ടം നല്‍കിയവര്‍

നിഫ്റ്റി, സെന്‍സെക്‌സ് സൂചികയിലുള്ള ഓഹരികളിലാണ് എന്‍പിഎസ് പ്രകാരം നിക്ഷേപം നടത്തുക. അതുകൊണ്ടുതന്നെ നേട്ടത്തില്‍ കാര്യമായ വ്യതിയാനം ഉണ്ടാകില്ല. എന്നിരുന്നാലും നാല് വര്‍ഷത്തെ പ്രവര്‍ത്തനം താരതമ്യം ചെയ്യുമ്പോള്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, എസ്ബിഐ എന്നിവ താരതമ്യേന മികച്ച നേട്ടം നല്‍കിയതായി കാണുന്നു. ഇവര്‍ യഥാക്രമം 15.53 ശതമാനവും 15.12 ശതമാനവുമാണ് നേട്ടം നല്‍കിയത്. മറ്റ് ഫണ്ട് മാനേജര്‍മാരും അത്ര പിന്നിലല്ല. യുടിഐ, കൊട്ടക്, റിലയന്‍സ് തുടങ്ങിയവ 14.2 മുതല്‍ 14.5 ശതമാനംവരെ നേട്ടം നല്‍കിയതായി കാണാം.

എച്ച്ഡിഎഫ്‌സിയും എല്‍ഐസിയും ഫണ്ട് മാനേജര്‍മാരായിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളൂ. ഒരു വര്‍ഷത്തെ നേട്ടം താരതമ്യം ചെയ്യുമ്പോള്‍ എച്ച്ഡിഎഫ്‌സി നല്‍കിയത് 42.6ശതമാനം നേട്ടമാണ്. ഐസിഐസിഐ ആകട്ടെ, 42.7 ശതമാനവും ഈ കാലയളവില്‍ നേട്ടം നല്‍കി. മറ്റുള്ളവര്‍ ശരാശരി 40.8 നും 42.4നും ഇടയിലാണ് നേട്ടം നല്‍കിയത്.

സര്‍ക്കാര്‍ സെക്യൂരിറ്റി(ജി)

ഈ വിഭാഗത്തില്‍ എസ്ബിഐ, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എന്നീ ഫണ്ട് മാനേജര്‍മാരാണ് താരതമ്യേന മികച്ച നേട്ടം നല്‍കിയതായി കാണുന്നത്. നാല് വര്‍ഷകാലയളവില്‍ ഇവര്‍ നല്‍കിയത് യഥാക്രമം 10.58ഉം 10.56ഉം ശതമാനം നേട്ടമാണ്. യുടിഐ(9.58%), റിലയന്‍സ്(10.32%) എന്നിങ്ങനെയും നേട്ടംനിക്ഷേപകന് നല്‍കി.

ആര്‍ബിഐ പലിശ നിരക്കുകള്‍ കുറച്ചതിനാല്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സര്‍ക്കാര്‍ സെക്യൂരിറ്റിയിലെ നിക്ഷേപത്തിന് മികച്ച നേട്ടമാണ് ലഭിച്ചത്. ഇത് ശരാശരി 21.5 നും 23.3 നും ശതമാനത്തിനിടയിലാണ്. പുതിയ ഫണ്ട് മാനേജര്‍മാരായ എച്ച്ഡിഎഫ്‌സിയും എല്‍ഐസിയും മികച്ച നേട്ടമുണ്ടാക്കി.

സര്‍ക്കാര്‍ സെക്യൂരിറ്റിയിലെ നിക്ഷേപം ഈവര്‍ഷം മികച്ച നേട്ടമുണ്ടാക്കാന്‍ സഹായിച്ചെങ്കിലും ഭാവിയില്‍ ഇത് ലഭിക്കണമെന്നില്ല. ഒരുവര്‍ഷം മുമ്പത്തെ നേട്ടത്തില്‍നിന്ന് ഇക്കാര്യം വ്യക്തമാകുകയുംചെയ്യും. ശരാശരി 7.5 മുതല്‍ 8 ശതമാനംവരെ നേട്ടം ദീര്‍ഘകാലയളവില്‍ സര്‍ക്കാര്‍ സെക്യൂരിറ്റിയില്‍നിന്ന് പ്രതീക്ഷിക്കാം.

കടപ്പത്രം(സി)

മൂന്ന് വര്‍ഷമോ അതിലധികമോ കാലാവധിയുള്ള ബാങ്കുകളിലെ സ്ഥിര നിക്ഷേപം, കമ്പനി കടപ്പത്രം തുടങ്ങിയ മണി മാര്‍ക്കറ്റ് ഉപകരണങ്ങളിലാണ് ഈ വിഭാഗത്തില്‍ നിക്ഷേപം നടത്തുന്നത്. നാല് വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രം പരിശോധിച്ചാല്‍, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, കൊട്ടക് സെക്യൂരിറ്റീസ് എന്നിവയാണ് മികച്ച നേട്ടം നല്‍കിയതെന്ന് കാണാം. യഥാക്രമം 11.9 ശതമാനവും 11.79 ശതമാനവുമാണ് ഇവര്‍ നല്‍കിയത്. റിലയന്‍സ്(11.19%), എസ്ബിഐ(11.76%) എന്നിങ്ങനെ നേട്ടം നല്‍കി.

ഒരുവര്‍ഷത്തിനിടെ യുടിഐ(16.24%), എസ്ബിഐ(16.99), എച്ച്ഡിഎഫ്‌സി(16.25%), എല്‍ഐസി (16.49%) നേട്ടം നല്‍കി. നിക്ഷേപ സാധ്യതകളും നേട്ടവും പരിശോധിച്ചാല്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, എസ്ബിഐ പെന്‍ഷന്‍ സ്‌കീം എന്നീ ഫണ്ട് മാനേജര്‍മാരാണ് താരതമ്യേന മികച്ച നേട്ടം നല്‍കിയതെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.



 

ga