ഓട്ടോ ചോയ്‌സോ? ആക്ടീവ് ചോയ്‌സോ? ഏതാണ് മെച്ചം

Posted on: 31 Mar 2015

ഓട്ടോ ചോയ്‌സ് തുടങ്ങുന്നത് 50ഃ30ഃ20 എന്ന അനുപാതത്തിലാണ്. ഓഹരി, ബോണ്ട്, സര്‍ക്കാര്‍ സെക്യൂരിറ്റി എന്നിങ്ങനെ ക്രമത്തിലാണ് ഈ അനുപാതം. 35 വയസ്സുള്ള ഒരാള്‍ ഓട്ടോ ചോയ്‌സ് നല്‍കിയാലാണ് ഈ അനുപാതം ലഭിക്കുക. ഇയാള്‍ക്ക് 36 വയസായാല്‍, ഓഹരി അനുപാതം രണ്ട് ശതമാനം കുറയും. അതായത് വര്‍ഷംതോറും ഓഹരി അനുപാതത്തില്‍ രണ്ടു ശതമാനംവീതം കുറവ് വരുമെന്നര്‍ഥം. കടപ്പത്രത്തിലെ നിക്ഷേപത്തില്‍ വര്‍ഷംതോറും കുറയുന്നത് ഒരുശതമാനവുമാണ്. ഇതുപ്രകാരം 55 വയസാകുമ്പോള്‍, 10ഃ10ഃ80 അനുപാതമാകും. അതായത് ഓഹരിയും കടപ്പത്രവും 10 വീതം ശതമാനവും സര്‍ക്കാര്‍ സെക്യൂരിറ്റി 80 ശതമാനവും.

അതേസമയം, ആക്ടീവ് ചോയ്‌സാണെങ്കില്‍ ഈ അനുപാതം നിക്ഷേപകന് തന്നെ തീരുമാനിക്കാം. പിപിഎഫ്, ഇപിഎഫ് എന്നിവയില്‍നിന്ന് എന്‍പിഎസിനെ വ്യത്യസ്തമാക്കുന്നത് ഓഹരിയിലെ നിക്ഷേപവും ദീര്‍ഘകാലയളവില്‍ അതിന് ലഭിക്കുന്ന മികച്ച നേട്ടവുമാണ്. ഈ സാഹചര്യത്തില്‍ 30 വയസ് പ്രായപരിധിയിലുള്ളവര്‍ ഓഹരിയിലെ നിക്ഷേപത്തിന് പ്രാധാന്യം നല്‍കുന്ന രീതിയില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം.

ഓഹരിയോ, കടപ്പത്രമോ, സര്‍ക്കാര്‍ സെക്യൂരിറ്റിയോ?

നിക്ഷേപ ആസൂത്രണത്തിന് സാമ്പത്തിക ആസുത്രകര്‍ സ്ഥിരമായി പറയുന്ന ഒരു ഫോര്‍മുലയുണ്ട്. സ്വന്തം വയസിനെ 100 കിഴിച്ചാല്‍ കിട്ടുന്നത് എത്രയാണോ അത്രയും ശതമാനമാകാം ഓഹരിയിലെ നിക്ഷേപമെന്നാണ്. അതായത് നിങ്ങള്‍ക്ക് 40 വയസാണെങ്കില്‍ 60 ശതമാനം ഓഹരിയില്‍ നിക്ഷേപിക്കാം. (എന്‍പിഎസില്‍ പരമാവധി ഓഹരി നിക്ഷേപം 50 ശതമാനമാണ്). 50 വയസാണെങ്കില്‍ 50 ശതമാനവും 60 വയസാണെങ്കില്‍ 40 ശതമാനവും ഓഹരിയില്‍ നിക്ഷേപിക്കാം.

വയസ് മാത്രമല്ല, റിസ്‌ക് ഏറ്റെടുക്കാനുള്ള നിങ്ങളുടെ ശേഷിയെക്കൂടി വിലയിരുത്തിവേണം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍. സമ്പാദ്യ ശേഷി, ആശ്രിതരുടെ എണ്ണം, മാനസികാവസ്ഥ എന്നിവയ്ക്കുകൂടി മുന്‍തൂക്കംനല്‍കണം. ഏഴ് മുതല്‍ 10 വര്‍ഷ കാലാവധിയിലുള്ള ഓഹരി നിക്ഷേപത്തില്‍നിന്ന് മറ്റേതു നിക്ഷേപത്തേക്കാളും മികച്ച നേട്ടം ലഭിക്കുന്നതായി കാണാം.

ലളിതമായ മാര്‍ഗം സ്വീകരിക്കാം. റിട്ടയര്‍മെന്റിന് പത്ത് വര്‍ഷമെങ്കിലും കാലാവധിയുണ്ടെങ്കില്‍ 50 ശതമാനം ഓഹരിയില്‍ നിക്ഷേപിക്കാം. ഇത് പ്രകാരം 'ഇ' ചോയ്‌സ് സ്വീകരിക്കാം. 55 വയസ്സുള്ള ഓരാളാണെങ്കില്‍ അതായത് അഞ്ച് വര്‍ഷംമാത്രമേ പെന്‍ഷനാകാന്‍ കാലാവധിയുള്ളൂ എങ്കില്‍ ഇയില്‍നിന്ന് 'സി'യിലേയ്ക്ക് മാറുക. അതുവരെ 'ഇ'യില്‍ തുടര്‍ന്നതിനാല്‍ ഓഹരിയില്‍നിന്ന് ലഭിച്ച പരമാവധിനേട്ടവുമായിട്ടായിരിക്കും 'സി'യിലെത്തുക. അത് മൂലധനത്തിന് സൂരക്ഷ നല്‍കും.

നിക്ഷേപ ചോയ്‌സ് മാറ്റാന്‍ കഴിയുമോ?

വര്‍ഷത്തിലൊരിക്കല്‍ ചോയ്‌സ് മാറാനുള്ള അവസരം നല്‍കുന്നുണ്ട്.



 

ga