
ഇപ്പോള്‍ ഓര്‍മയില്‍ മുഴങ്ങുന്നത് ആ വാക്കുകളാണ്: 'സാരമില്ല... കുറച്ചുകാലം നീ എന്നെക്കൊണ്ട് ജീവിച്ചോ...!'
സംഭവം ഇങ്ങനെയാണ്. മാള അരവിന്ദന്റെ 'താറാവ്' എന്ന സിനിമ ഇറങ്ങിയ സമയം. അദ്ദേഹത്തിന്റെ ഛായ എനിക്കുള്ളതുകൊണ്ട് ആളുകള്‍ ഓടിവന്ന് കൈ തരുന്നു. അഭിനന്ദനവാക്കുകളാല്‍ മൂടുന്നു. 'തക്കിടിമുണ്ടന്‍ താറാവേ' എന്ന പാട്ടുപാടാന്‍ അപേക്ഷിക്കുന്നു. പുറത്തേക്കിറങ്ങിയാല്‍ 'താറാവി'ലെ മാളയാണ് ഞാന്‍.
ഞാന്‍ പേരുപറയുന്നതിന് മുമ്പേ അഭിനന്ദനപ്രവാഹം തുടങ്ങിയിരിക്കും. കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ സ്വയം പേരുപറയാന്‍ മടിയായി. 'ചുമ്മാ കിട്ടുന്ന അഭിനന്ദനമല്ലേ. വേണ്ടെന്ന് വയ്ക്കുന്നതെന്തിനാ...' ഇതറിഞ്ഞപ്പോള്‍ മാള പറഞ്ഞ വാക്കുകളാണ് ആദ്യം കുറിച്ചത് സാരമില്ല, കുറച്ചുകാലം നീ എന്നെക്കൊണ്ട് ജീവിച്ചോ...
ഞങ്ങളെ കണ്ടാല്‍ ചേട്ടനെയും അനിയനെയും പോലെ തോന്നിക്കുമെന്ന് പലരും പറയുമായിരുന്നു. രക്തബന്ധത്തിലല്ലെങ്കിലും ആത്മബന്ധത്തില്‍ ഞങ്ങള്‍ ജ്യേഷ്ഠാനുജന്മാരായിരുന്നു.