മാളയെ ഓര്‍ക്കുമ്പോള്‍ 25വര്‍ഷം മുമ്പുള്ള ഒരു സംഭവത്തിലേക്കാണ് മനസ്സ് ചെല്ലുന്നത്. ചോറ്റാനിക്കരയില്‍ ഒരു പടത്തിന്റെ ഷൂട്ടിങ്. പൂജയുടെ തലേന്നുതന്നെ ഞാന്‍ അവിടെയെത്തി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രൊഡ്യൂസറെ പരിചയപ്പെടുത്തി. അയാളുടെ പളപളപ്പുള്ള ജൂബയുടെ മുകളിലത്തെ ബട്ടണുകള്‍ തുറന്നുകിടപ്പുണ്ട്. കഴുത്തില്‍ പാമ്പിന്‍വണ്ണത്തിലൊരു മാല. സെറ്റ് മൊത്തത്തില്‍ കാണുമ്പോള്‍ തരക്കേടില്ല. എങ്കിലും എനിക്ക് ഒരു തോന്നല്‍; ഈ പടം മുഴുവനാക്കില്ല. എന്താണ് കാരണമെന്നറിയില്ല. അങ്ങനെ തോന്നി.
പിറ്റേന്ന് പൂജയുടെ നേരമായി. പ്രൊഡ്യൂസറുടെ മുഖത്ത് തലേന്ന് കണ്ട ഉത്സാഹത്തിന്റെ ബള്‍ബിന് അല്പം വോള്‍ട്ടേജ് കുറഞ്ഞിട്ടുണ്ട്. ജൂബയുടെ ബട്ടണുകള്‍ എല്ലാം ഇട്ടിരിക്കുന്നു, അങ്ങേയറ്റം കഴുത്തിനോട് ചേര്‍ന്നുള്ളത് വരെ. പൂജയും ആദ്യക്ലാപ്പും കഴിഞ്ഞു. ഞാന്‍ മെല്ലെ പ്രൊഡ്യൂസറുടെ തോളില്‍ പിടിച്ചുകൊണ്ട് വിരലുകള്‍ കഴുത്തിന്റെ ഭാഗത്തേക്ക് ഓടിച്ചുനോക്കി. ശൂന്യം!! ഇല്ല...ആ മാല അവിടെയില്ല. മനസ്സില്‍ 'ദൈവമേ' എന്നൊരു വിളിയുയര്‍ന്നു. വന്ന കാറിന്റെ കാശടക്കം കയ്യില്‍നിന്ന് കൊടുക്കേണ്ടിവരുമല്ലോ എന്ന നിശബ്ദവിലാപം.
ഇനി ഷൂട്ടിങ്ങിന്റെ നേരമാണ്. ഇപ്പോ എന്തെങ്കിലും ചോദിച്ച് മേടിച്ചാലായി. ഇല്ലെങ്കില്‍ പോകാന്‍നേരം പച്ചവെള്ളത്തിനുള്ള പൈസ കിട്ടാന്‍ പോകുന്നില്ല. ഞാന്‍ ഒരു കസേരയിലേക്ക് മാറിയിരുന്നു. ഷോട്ടിന് വിളിച്ചപ്പോള്‍ പറഞ്ഞു: 'അയ്യായിരം രൂപ ഇപ്പോ വേണം. ഇല്ലെങ്കില്‍ ഞാന്‍ പോകും'. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്നു. 'പണം എറണാകുളത്ത് നിന്ന് ഇപ്പോ എത്തും. ബാങ്ക് തുറക്കേണ്ട താമസമേയുള്ളൂ. പത്തുമണി ഒന്ന് കഴിഞ്ഞോട്ടെ'. ഞാന്‍ അയഞ്ഞില്ല. 'അഡ്വാന്‍സ് പോലും മേടിക്കാതെയല്ലേ വന്നത്. ഇതെങ്കിലും തരാതെ ഇനി ഒരടി മുന്നോട്ടില്ല'. അപ്പോഴാണ് അവര്‍ അയാളെക്കുറിച്ച് പറഞ്ഞത്.
'മാള അരവിന്ദന്‍ ഇപ്പോ എത്തും. അദ്ദേഹം ഇന്ന് ഒറ്റദിവസത്തെ ഡേറ്റാണ് തന്നിരിക്കുന്നത്. പിന്നെ മാളയെ കിട്ടണമെങ്കില്‍ പത്തുദിവസം കഴിയണം. അതുകൊണ്ട് നിങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനെല്ലാം ഇന്നുതന്നെ എടുത്തുതീര്‍ത്തില്ലെങ്കില്‍ ബുദ്ധിമുട്ടാകും. എങ്ങനെയെങ്കിലും ഒന്ന് സഹകരിച്ച്...'
അവര് കാറ്റും ഞാന്‍ ആട്ടുകല്ലുമായി.
കുറച്ചുനേരംകഴിഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ വന്ന് അയ്യായിരം രൂപ തന്നിട്ട് പറഞ്ഞു: 'ദാ...നിങ്ങള് ചോദിച്ച കാശ്. പണം എന്നത് ഉണ്ടാക്കണമെന്ന് വച്ചാ ഉണ്ടാക്കാന്‍ പറ്റണ സാധനമാണ്. പക്ഷേ ഇത്തിരി മനുഷ്യത്വം വേണം...'
അയാള്‍ പറഞ്ഞത് ശരിയാണെന്ന് മനസ്സില്‍ അംഗീകരിച്ചുകൊണ്ടുതന്നെ ഞാന്‍ പണം വാങ്ങി കീശയിലിട്ടു.
കുറേക്കഴിഞ്ഞപ്പോഴാണ് ആ സത്യം ഞാനറിഞ്ഞത്. അത് മാള അരവിന്ദന്റെ കയ്യില്‍നിന്ന് പ്രൊഡ്യൂസര്‍ വാങ്ങിച്ചെടുത്ത കാശാണ്.
സെറ്റിലേക്ക് വന്ന മാളയെ പ്രൊഡ്യൂസറും സംഘവും തടഞ്ഞുനിര്‍ത്തി കാലുപിടിച്ചു. 'എങ്ങനെയെങ്കിലും ഒരു അയ്യായിരം രൂപ തരണം. ആ ഇന്നസെന്റ് എന്ന കശ്മലന് കൊടുക്കാനാണ്. കണ്ടാല്‍ ജൂബയൊക്കെയിട്ട് ചിരിച്ചുകൊണ്ട് നടക്കണ മാന്യനാണ്. പക്ഷേ കാശുകൊടുത്തില്ലെങ്കില്‍ അഭിനയിക്കില്ലെന്നാണ് അയാള് പറയുന്നത്...'
ഇത്രയും പറഞ്ഞശേഷം മാളയുടെ കയ്യില്‍നിന്ന് പണം വാങ്ങാന്‍ അവര്‍ ആ 'നോട്ടിരട്ടിപ്പ് വിദ്യ' പ്രയോഗിച്ചു. 'ഇപ്പോ അയ്യായിരം തന്നാല്‍ വൈകിട്ട് പതിനായിരം തരാം. അതും കടംതരുന്ന അയ്യായിരവും കൂടി ആകെ പതിനയ്യായിരം. വൈകിട്ട് കാശ് റെഡി.'
പാവം മാള അതു വിശ്വസിച്ചു.
ഷൂട്ടിങ് തുടങ്ങി. മാള ഇടയ്ക്കിടയ്ക്ക് പ്രൊഡ്യൂസറേയും കണ്‍ട്രോളറെയുമൊക്കെ നോക്കി കണ്ണുകൊണ്ട് കാശിന്റെ കാര്യം എന്തായി എന്ന് തിരക്കുന്നുണ്ട്. 'വണ്ടി പോന്നിട്ടുണ്ട്... വഴിയിലെത്തി... ഇപ്പോ വരും...ദേ...വന്നു...' ഓരോ തവണയും മാളയുടെ നോട്ടത്തിനുള്ള മറുപടിയായി ഈ ജാതി അര്‍ഥം വരുന്ന മുദ്രകള്‍ കൈകൊണ്ട് കാണിച്ചുനില്‍ക്കുകയാണ് പ്രൊഡ്യൂസര്‍.
ഈ കഥകളിക്കിടെ ബ്രേക്കായി, ഉച്ചയായി, അവസാനം പായ്ക്കപ്പുമായി. മാളയുടെ കാശ് മാത്രം വന്നില്ല. ഞാന്‍ കാറില്‍ കയറി. വണ്ടി നീങ്ങി. പിറകില്‍നിന്ന് മാളയുടെ ശബ്ദം... 'ഇന്നസെന്റേ... ആ അയ്യായിരം എന്റെയാാാാാ..!!!'
അതായിരുന്നു മാള.
പിന്നീട് എപ്പോ കണ്ടാലും അയാള്‍ കളിയായി പറയുമായിരുന്നു: 'അന്നത്തെ അയ്യായിരം... അത് എന്റെയായിരുന്നിഷ്ടാ...'
ഇരിങ്ങാലക്കുടയില്‍ നിന്ന് മാളയിലേക്ക് അധികം ദൂരമില്ല; ഞങ്ങളുടെ മനസ്സുകളിലേക്കും. മാളയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത കുടുംബത്തോടുള്ള സ്‌നേഹമാണ്. ഭാര്യയെയും മക്കളെയും കുറിച്ചായിരുന്നു എപ്പോഴും മാള സംസാരിച്ചിരുന്നത്. ഷൂട്ടിങ്ങിനിടയ്ക്ക് ഒന്നോ രണ്ടോ ദിവസം ഇടവേളകിട്ടിയാല്‍ ഉടന്‍പോകും, ഭാര്യയെയും മക്കളെയും കാണാന്‍.
മാള നല്ലൊരു നടനായിരുന്നു. പക്ഷേ അയാളുടെ പ്രതാപകാലത്ത് അത് പല സംവിധായകരും തിരിച്ചറിഞ്ഞില്ലെന്നുമാത്രം. അവര്‍ എപ്പോഴും വെറുമൊരു തമാശക്കാരന്റെ കുപ്പായം മാളയ്ക്കായി വച്ചുനീട്ടി. പക്ഷേ അന്നും മാള ഒരു അനിവാര്യതയായിരുന്നു. അയാള്‍ വരുന്നതും കാത്ത് അക്കാലത്തെ സൂപ്പര്‍താരങ്ങള്‍ പോലും മേക്കപ്പിട്ട് നോക്കിയിരുന്നു. അഭിനയജീവിതത്തിന്റെ പകുതിയിലധികം സമയം കഴിഞ്ഞപ്പോഴാണ് സത്യന്‍ അന്തിക്കാടിനെയും ലോഹിതദാസിനെയും കമലിനെയും പോലുള്ളവര്‍ മാളയ്ക്ക് നല്ല വേഷങ്ങള്‍ സമ്മാനിച്ചത്.
ഇന്നസെന്റ് എന്ന സുഹൃത്തെന്ന നിലയിലും അമ്മ എന്ന സംഘടനയ്ക്ക് വേണ്ടിയും പ്രിയപ്പെട്ട മാള അരവിന്ദന് ആദരാഞ്ജലി.