മാള അരവിന്ദന്‍: ഒരു ശുദ്ധമനുഷ്യന്റെ വിടവാങ്ങല്‍

കലൂര്‍ ഡെന്നീസ്‌ Posted on: 29 Jan 2015

1997 ല്‍ ഞാന്‍ തിരക്കഥയെഴുതിയ 'അഞ്ചരക്കല്യാണം' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒരു മുട്ട കഴിച്ചപ്പോഴാണ് മാളയുടെ ഹൃദയം ആദ്യമായി പിണങ്ങിയത്.

പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ആസ്പത്രിയിലെത്തിച്ചപ്പോഴാണ് ഹൃദയത്തിന് കുഴപ്പമുള്ളതായി കണ്ടെത്തിയത്. പക്ഷേ മാള അസുഖവിവരം ആരോടും പറഞ്ഞില്ല. സുഖമില്ലാത്തയാളാണെന്നറിഞ്ഞാല്‍ പിന്നെ ആരും സിനിമയിലേക്ക് വിളിക്കില്ലെന്ന് മാള വിശ്വസിച്ചു. മൂന്നുനാലുദിവസത്തിനുശേഷം ആസ്പത്രിയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ മാള എന്നോട് മാത്രം ഒരു രഹസ്യമെന്നോണം ഹൃദയത്തിന്റെ അസുഖവിവരം പറഞ്ഞു. പിന്നീടുള്ള രാത്രികളില്‍ ഞങ്ങള്‍ പതിവായി ഫോണില്‍ സംസാരിച്ചു. ആ പങ്കുവയ്ക്കലില്‍ മാളയ്ക്ക് എന്തോ വലിയൊരു ആശ്വാസമുണ്ടായിരുന്നു. മാളയ്ക്ക് മരണത്തെ അത്രത്തോളം ഭയമായിരുന്നു.

ഞാന്‍ ആദ്യമായി തിരക്കഥയെഴുതിയ 'വയല്‍'എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വച്ചാണ് ആദ്യമായി മാളയെ കാണുന്നത്. അന്ന് തുടങ്ങിയ സൗഹൃദം നൂറുമേനിയോടെ എക്കാലവും തുടരാനായി. എന്റെ 35 ഓളം സിനിമകളില്‍ മാള അഭിനയിച്ചു. 'താറാവി'ലെ ബുദ്ധിമാന്ദ്യമുള്ളയാളുടെ കഥാപാത്രം മാളയിലെ അഭിനേതാവിനെ കാട്ടിത്തന്നു. യേശുദാസിന്റെ ശബ്ദത്തില്‍ മാള പാടിയ 'തക്കിടിമുണ്ടന്‍ താറാവേ' എന്ന പാട്ട് ഹിറ്റായിരുന്നു. അതില്‍പ്പിന്നെയാണ് മാളതരംഗം തുടങ്ങുന്നത്.

'ആളൊരുങ്ങി അരങ്ങൊരുങ്ങി'യില്‍ മാളയ്ക്ക് ഡബിള്‍ റോളായിരുന്നു. അക്കാലത്ത് മാളയ്ക്ക് മലയാളസിനിമയിലുണ്ടായിരുന്ന പ്രാധാന്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഹാസ്യതാരത്തിന്റെ ഇമേജില്‍നിന്ന് മാളയ്ക്ക് മോക്ഷം കിട്ടിയത് ലോഹിതദാസിന്റെ ഭൂതക്കണ്ണാടിയിലൂടെയാണ്.

മാള ശുദ്ധനായിരുന്നു. സിനിമാക്കാരില്‍ കാണുന്ന പലതരം സ്വഭാവങ്ങളും അദ്ദേഹത്തില്‍ കാണാനാകുമായിരുന്നില്ല. കല്ലൂ...എന്നാണ് എന്നെ വിളിച്ചിരുന്നത്. അതിപ്പോഴും കാതില്‍ മുഴങ്ങുന്നതുപോലെ. ശങ്കരാടി, ഒടുവില്‍, കുതിരവട്ടം പപ്പു തുടങ്ങിയവരുടെ ശ്രേണിയിലെ ഒരാള്‍ കൂടിയാണ് കടന്നുപോകുന്നത്. ശുദ്ധഹാസ്യത്തിന്റെ തനിമയുള്ള ഒരു ശുദ്ധമനുഷ്യന്റെ വിടവാങ്ങല്‍.



Mala Photos

 

ga