തുറിച്ചുനോക്കുന്ന കണ്ണുകള്‍,പൊടുന്നനെയുള്ള ഇളകിമാറല്‍, സംസാരത്തിലെ കയറ്റിറക്കങ്ങള്‍,അര്‍ത്ഥഗംഭീരമായ ചില നെടുവീര്‍പ്പുകള്‍- മാളയുടെ നര്‍മ്മ ഭാവങ്ങള്‍ക്ക് അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ ചില ശീലുകളുണ്ടായിരുന്നു.തബലയുടെ താളം നിറഞ്ഞ ജീവിതമായിരുന്നു അത്.പ്രണയത്തിലേക്കും നാടകത്തിലേക്കും സിനിമയിലേക്കും വഴുതിവീണപ്പോഴെല്ലാം അതിന്റെ താളം മുറികി.തബലിസ്റ്റായ അരവിന്ദന്‍ അണിയറയില്‍ നിന്നു അരങ്ങിലെത്തിയതും വെള്ളിത്തിരയില്‍ ചിരിയുടെ താളം തീര്‍ത്തതും സ്വന്തമായി മെനഞ്ഞെടുത്ത വഴികളിലൂടെയാണ്.
സിനിമപോലെ ആകസ്മികതകള്‍ നിറഞ്ഞതായിരുന്നു മാളയുടെ ജീവിതവും ഏഴാം വയസ്സില്‍ അച്ചന്റെ മരണത്തോടെ ദാരിദ്രത്തിന്റെ പടവിറങ്ങിയ കുടുംബം,മക്കളെ ചേര്‍ത്തുവച്ചുള്ള അമ്മയുടെ ഒറ്റയാള്‍ പോരാട്ടത്തിനൊപ്പം നിന്ന മൂത്തമകന്‍, ഉണ്ണാനും ഉടുക്കാനുമില്ലാത്തവന്റെ മനസ്സില്‍ ചേക്കേറിയ അഭിനയമോഹത്തെ നാടും-നാട്ടുകാരും അത്യാഗ്രഹമായി മാത്രമേ കണ്ടിരുന്നുള്ളൂ. തകരപാത്രത്തില്‍ കൊട്ടിപാടുന്ന മകന്റെ കഴിവുതിരിച്ചറിഞ്ഞ് സംഗീത അദ്ധ്യാപികകൂടിയായ അമ്മയാണ് ആദ്യമായി തബലസമ്മാനിച്ചത്.കൊച്ചിന്‍ മഹമ്മദ്ദ് ഉസ്താദ് എന്ന ഗുരുവിന്റെ ശിക്ഷണം കൂടിയായപ്പോള്‍ അരവിന്ദന്റെ വിരലുകള്‍ക്ക് വേഗമേറി.

സ്‌ക്കൂള്‍ കലോത്സവവേദിയില്‍ നിന്നു ലഭിച്ച സൗഹൃദങ്ങളുമായി നാടുചുറ്റിയകാലം മാള അരവിന്ദന്റെ ജീവിതത്തിലെ നിറമുള്ള ഏടുകളായിരുന്നു. കൗമാരക്കാരനായ തബലിസ്റ്റിനെതേടി തൃശ്ശൂരിന്റെ അതിരുകള്‍ക്കപ്പുറത്തുനിന്നും വിളികള്‍ വന്നതിനെ കുറിച്ചു അഭിമാനത്തൊടെ അദ്ദേഹം പലവേദിയിലും സംസാരിച്ചു. തബലവാദനത്തിലൂടെ തന്നെ എട്ടാംക്ലാസ്സുകാരിയുടെ മനസ്സു കീഴടക്കിയ അരവിന്ദന്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ച്് ക്രിസ്ത്യാനി പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു. നാട് വിപ്ലവമായി ഏറ്റെടുത്ത സ്വന്തം വിവാഹത്തെ കുറിച്ച് മാളതന്നെ പിന്നീട് നര്‍മ്മത്തിന്റെ അകമ്പടിയില്‍ കഥകളേറെ തട്ടിവിട്ടു.

തബലവായിക്കാനെത്തിയ നാടകത്തില്‍ പകരക്കാരനായി തട്ടില്‍ കയറിയ അരവിന്ദന്‍ പിന്നീട് അരങ്ങില്‍ ആരവം തീര്‍ത്തുമുന്നേറുകയായിരുന്നു. കാട്ടൂര്‍ ബാലന്റെ 'താളവട്ടം' എന്ന നാടകത്തിലെ അഭിനയത്തെകുറിച്ച് അന്ന് തനിനിറം പത്രത്തില്‍ വന്ന റിപ്പോര്‍ട്ടുകളാണ് അരവിന്ദന്റെ ജാതകം തിരുത്തിയെഴുതിയത്. നാടകത്തില്‍ സജ്ജീവമാകാന്‍ മനസ്സുകൊണ്ടുറപ്പിച്ച അരവിന്ദന്‍ പിന്നീട് കോട്ടയം നാഷണല്‍ തീയ്യറ്ററിനൊപ്പം കൂടി. നാടകവേദികള്‍ക്ക് അതുവരെ പരിചിതമായ കൊല്ലം ശൈലി പൊളിച്ചഴുതിയ നടന്‍ വൈകാതെ വേദികളില്‍ നാടിന്റെ പേരില്‍ തന്നൈ അറിയപ്പെടാന്‍ തുടങ്ങി.
കോട്ടയത്തുനിന്ന് ആലപ്പുഴ സിനി തീയ്യറ്റേഴ്‌സിലേക്കും പെരമ്പാവൂര്‍ നാടകശാലയിലേക്കുമുള്ള ഒഴുക്കില്‍ നാട്ടുവഴക്കങ്ങള്‍ പ്രകടമാക്കുന്ന നിരവധി കഥാപത്രങ്ങള്‍ അരവിന്ദനു കൂട്ടുവന്നു. നിധിയെന്നനാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ മാളയുടെ ആദ്യസിനിമ 1968-ല്‍ പുറത്തിറങ്ങിയ സിന്ദൂരമാണ്.
അടൂര്‍ഭാസിയും ബഹദൂറും പറഞ്ഞുനിര്‍ത്തിയതില്‍നിന്നാണ് പപ്പു-മാള-ജഗതിയെന്ന ഹാസ്യത്രയങ്ങള്‍ മലയാളത്തില്‍ ചുവടുറപ്പിക്കുന്നത്്.മാളയുടെ ശരീരഭാഷ ഹാസ്യത്തിനു വഴങ്ങുന്നതാണെന്ന് എണ്‍പതുകളില്‍ നിരൂപകരും വിധിയെഴുതിയതോടെ നടന്‍ തിരക്കുള്ളതാരമായി മാറുകയായിരുന്നു.കണ്ടുകണ്ടറിഞ്ഞു-എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പാടി അഭിനയിച്ച 'നീയറിഞ്ഞൊ മേലെമാനത്ത് ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്് ...' -എന്നഗാനം മാളയുടെ പേരിനു പേരുമകൂട്ടി. മമ്മൂട്ടിയും പെട്ടിയും കുട്ടിയുമെന്ന പഴയഫോര്‍മുലയിലെ അവിഭാജ്യഘടകമായിരുന്നു മാളയും. ഉയര്‍ച്ചയുടെ നടുവിലും സംവിധായകന്‍ കയറൂരിവിട്ട പലരംഗങ്ങളും മാളക്കു തിരിച്ചടിയായെന്നു പറയാതെ വയ്യ.

കാലത്തിന്റെ ഒഴുക്കില്‍ നര്‍മ്മത്തിന്റെ താളത്തിനും സ്വീകാര്യതക്കും മാറ്റം വന്നുകൊണ്ടിരിക്കുമെന്ന് സ്വയം തിരിച്ചറിഞ്ഞ നടനാണ് മാള അരവിന്ദന്‍.സിനിമയിലെ വ്യവസ്ഥിതിയും-പരിതസ്ഥിതിയും എതിരാകുന്നതായി ബോധ്യപ്പെട്ടപ്പോള്‍ കളം മാറിവിജയം നേടിയവരുടെ പട്ടികയിലിടം നേടാന്‍ അരവിന്ദനുകഴിഞ്ഞില്ല. സിനിമയുടെ വര്‍ണ്ണാഭമായ ലോകത്തുനിന്നു പതിയെ മാറിനില്‍ക്കേണ്ടിവന്നപ്പോഴും കരുത്തുള്ള ചില കഥാപാത്രങ്ങളുമായെത്തി മാള മറവിയിലേക്ക് മറാതെ പിടിച്ചുനിന്നു.ഭൂതകണ്ണാടിയിലെ അന്ധഗായകനും,മീശമാധവനിലെ റിട്ടയര്‍ കള്ളന്‍ മുള്ളാണി പപ്പനും,കന്മദത്തിലെ തരികിട വേലായുധസ്വാമിയും ,105 വയസ്സുള്ള ആദിവാസിമൂപ്പനുമെല്ലാം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ തലയെടുപ്പുള്ള കഥാപാത്രങ്ങളാണ്.