മലയാളത്തിന്റെ മാള

ജി. ജ്യോതിലാല്‍ Posted on: 28 Jan 2015



മലയാളത്തെ പൊട്ടിച്ചിരിപ്പിച്ച മാള അരവിന്ദന്‍ കണ്ണീരായി. പക്ഷെ ഏത് കണ്ണീരിലും ചിരിയുടെ ഒരു മുത്ത് കണ്ടെടുക്കുന്ന അദ്ദേഹത്തെ പറ്റി എഴുതുമ്പോള്‍ സങ്കടങ്ങള്‍ക്കപ്പുറം അദ്ദേഹം നല്‍കിയ ചിരിയുടെയും അഭിനയത്തികവിന്റെയും മുഹൂര്‍ത്തങ്ങളാണ് കടന്നു വരേണ്ടത്. കാരണം ജീവിതത്തിലെ എല്ലാ പട്ടിണികളോടും പരിവട്ടങ്ങളോടും പൊരുതി ജീവിച്ചപ്പോഴും ചിരിയായിരുന്നു ആ കലാകാരന്റെ കൈമുതല്‍.

ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചപ്പോള്‍ സംഗീതാധ്യാപികയായ അമ്മയുടെ തുച്ഛ വരുമാനത്തിലായിരുന്നു ആ അഞ്ചംഗ കുടുംബം കഴിഞ്ഞത്. അമ്മ പാട്ടുപഠിപ്പിക്കുമ്പോള്‍ തകരപ്പെട്ടിയില്‍ താളമിട്ടാണ് തുടങ്ങുന്നത്. അമ്മ മകനൊരു തബല വാങ്ങികൊടുത്തു. കൊച്ചിന്‍ മുഹമ്മദിന്റെ ശിക്ഷണത്തില്‍ അരവിന്ദന്‍ താളപ്പെരുക്കങ്ങളെ കൈവിരലുകളില്‍ ബന്ധിപ്പിച്ചു. നാടകത്തിന് തബലവായിച്ചു തുടങ്ങിയ ആ കലാസപര്യ നാടകത്തിലൂടെ വെള്ളിത്തിരയുടെ മാസ്മരികതയിലേക്കാണ് എത്തിയത്. ജീവിതതബലയില്‍ താളം അവസാനിപ്പിച്ചെങ്കിലും അത് അനുവാചകരില്‍ ഉണ്ടാക്കിയ ആന്ദോളനങ്ങള്‍ക്ക്് അവസാനമില്ല. മാള നല്‍കിയ ചിരിയുടെ മുഹൂര്‍ത്തങ്ങള്‍ മാത്രമല്ല, അഭിനയത്തികവിന്റെ എത്രയോ മുഹൂര്‍ത്തങ്ങളുമുണ്ട് അനുരണനങ്ങളായി കലാലോകത്തും അനുവാചക മനസ്സുകളിലും. ഒരു കലാകാരന്റെ ജീവിതം സാര്‍ഥകമാവുന്നതും അപ്പോഴാണല്ലോ സ്‌റ്റേജില്‍ തബല വായിക്കുന്നതിനിടയ്ക്കാണ് ഒരു ഹാസ്യതാരം വന്നില്ലെന്ന നാടകസമിതിയുടെ അങ്കലാപ്പ്. കാട്ടൂര്‍ ബാലന്റെ താളവട്ടം എന്ന നാടകമായിരുന്നു അത്. ആ സീനിലൊന്നു അഭിനയിക്കാമോ എന്നു ചോദിച്ചപ്പോള്‍ അരവിന്ദന്‍ മടിച്ചു നിന്നില്ല. അരമണിക്കൂറു കൊണ്ട് കഥാപാത്രത്തെ മനസിലാക്കി സ്റ്റേജില്‍ നിറഞ്ഞാടി. കയ്യടിച്ചും മതിമറന്നു ചിരിച്ചും കാണികള്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ മാള പി്ന്നണിയിലെ തബലയില്‍ നിന്നും അഭിനയത്തിന്റെ അരങ്ങിലേക്ക് ചുവടുമാറ്റി.


കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സായിരുന്നു അടുത്ത തട്ടകം. അവിടെ സിനിമയിലേയും നാടകത്തിലേയും മഹാരഥന്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. എസ് പി പിള്ളയെ ഗുരുവായി സ്വീകരിച്ചു. ശബ്ദ വിന്യാസവും ശരീരഭാഷയും കൊണ്ട് ഹാസ്യ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്ന എസ് പിള്ള ശൈലിയി്ല്‍ നിന്നും വ്യത്യസ്തമായി തന്റേതായൊരു ശൈലി രൂപപ്പെടുത്തിയെടുക്കാനും കഴിഞ്ഞു. കേരള സര്‍ക്കാര്‍ ആദ്യമായി നാടകത്തിന് അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം മാള അ്‌രവിന്ദനായിരുന്നു. എസ് എല്‍ പുരത്തിന്റെ നിധിയിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്.

രസന എന്ന നാടകത്തില്‍ ചെല്ലപ്പന്‍ എന്ന മന്ദബുദ്ധിയായി അഭിനയിക്കുന്നതു കണ്ട് സംവിധായകന്‍ പി ചന്ദ്രകുമാറാണ് സിനിമയിലേക്ക് വാതില്‍ തുറക്കുന്നത്. അന്നദ്ദേഹം ഡോ ബാലകൃഷ്ണന്റെ അസിസ്റ്റന്റാണ്. സിന്ദൂരം എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് മാള തിരശ്ശീലയിലെത്തി. ഒരു ഗ്യാസ് ട്രബിള്‍ രോഗിയുടെ വേഷമായിരുന്നു. ഈ വേഷം എനിക്ക അറം പറ്റിയെന്നാണ് അതേപറ്റി പിന്നീട് മാള തമാശയായി പറയാറുള്ളത്. ജീവിതത്തില്‍ ഞാന്‍ പിന്നെ ഗ്യാസ് ട്രബിളുകാരനല്ല, ഗ്യാസ് ത്രിബിളുകാരനായി എന്ന്.


ആദ്യകാലത്ത് കുറേ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നെങ്കിലും പിന്നീട് മാളയില്ലാത്ത മലയാള സിനിമയില്ലെന്ന രീതിയിലേക്ക് വളര്‍ന്ന തിരക്കിന്റെ ഒരു കാലത്തിനും കലാലോകം സാക്ഷ്യം വഹിച്ചു. ഒരു കൈ നിറയെ ചോദിച്ചു ദൈവം കൈവണ്ടി നിറയെ തന്നു എന്നാണ് അതേപറ്റി അദ്ദേഹം പറഞ്ഞിട്ടുള്ളത്. മമ്മൂട്ടി-കുട്ടി-പെട്ടി എന്നു വിമര്‍ശകര്‍ കളിയാക്കി വിശേഷിപ്പിച്ച മലയാള സിനിമയുടെ കാലത്ത് മമ്മൂട്ടി-കുട്ടി-പെട്ടിക്കൊപ്പം മാളയും അഭിവാജ്യ ഘടകമായിരുന്നു. അന്നത്തെ വാണിജ്യ വിജയത്തിന്റെ മന്ത്രങ്ങളിലൊന്ന് മാളയായിരുന്നു. പപ്പു-മാള-ജഗതി എന്ന പേരില്‍ മലയാളത്തിലെ ഹാസ്യനിരയെ ഒന്നിച്ചവതരിപ്പിച്ച സിനിമകളും ഉണ്ടായി. മോഹന്‍ലാലിനൊപ്പവും കുറേ ചിത്രങ്ങള്‍ വന്നു. കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തില്‍ ഇരുവരും പിന്നണി.ിലും മുന്നണിയിലും ഒരു പോലെ പാടി അവതരിപ്പിച്ച നീയറിഞ്ഞോ മേലെ മാനത്ത് ആയിരംഷാപ്പുകള്‍ തുറക്കുന്നുണ്ട് എന്ന ഗാനം ഇന്നും കോമഡിപരിപാടികളില്‍ സജീവമാണ്.

ഇതെഴുതുമ്പോള്‍ കുട്ടിക്കാലത്ത് കണ്ട അഗ്നിവ്യൂഹം എന്ന ചിത്രം ഓര്‍മ്മയിലെത്തുന്നു. അതില്‍ മാള ഒരു കവിയായിരുന്നു. മണ്ണ്ിന്റെ മണം കേട്ടാലേ എനിക്കു കവിതവരൂ എന്നു പറഞ്ഞു നടക്കുന്ന കവി. വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍മ്മയില്‍ ഒരു ചിരിയായി മാള എത്തുന്നു എന്നതും ആ കലാസപര്യയുടെ വിജയം. പ്രേക്ഷകന് ഓര്‍ക്കാനും പറയാനും ഇങ്ങിനെ എത്രയോ കഥാപാത്രങ്ങളെ മാള മലയാളത്തിന് സമ്മാനിച്ചിരിക്കുന്നു. സംഭാഷണശൈലിക്കൊപ്പം മുഖത്തെ മാറ്റങ്ങളും ചില അധികസ്വരങ്ങളും ഓടിയും ചാടിയും തുമ്മിയും ചീറ്റിയും തന്റേതു മാത്രമായ ചില പ്രയോഗങ്ങള്‍ കൊണ്ടുവന്നും രംഗം കൊഴുപ്പിക്കാനുള്ള മാളയുടെ കഴിവ് അപാരമായിരുന്നു.


നല്ല ഹാസ്യ മുഹൂര്‍ത്തങ്ങള്‍ക്ക് പുറമെ ഈ കാലത്ത് ധാരാളം കോമാളി വേഷങ്ങളും അദ്ദേഹത്തിന് കെട്ടേണ്ടി വന്നു. എങ്കിലും തന്റെതായ കയ്യിലിരുപ്പുകള്‍ കൊണ്ട് പ്രേക്ഷകനെ രസിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പലപ്പോഴും തിരക്കഥയില്‍ ഇവിടെ മാള ശങ്കരാടി കോമഡി എന്നു മാത്രം എഴുതിവെക്കുന്ന തിരക്കഥാകൃത്തുക്കളുണ്ടായിരുന്നെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അത്തരമൊരു സീന്‍ പൊലിപ്പെടുത്തത് ഇല്ലാത്ത വാക്കുകള്‍ ചേര്‍ത്ത് സംസ്‌കൃതമെന്നു തോന്നിപ്പിക്കുന്ന ശ്‌ളോകം ചൊല്ലിയും അതിന് ആരു കല്‍പ്പിക്കാത്ത അര്‍ഥം കല്‍പ്പിച്ചുമായിരുന്നു. മാളയുടെ സംസ്‌കൃതം കേട്ട വാ പൊളിച്ചു പോയ ശങ്കരാടിയും കൂടിയായപ്പോള്‍ എന്തിനോ പൂക്കുന്ന പൂ്ക്കളിലെ ആ സീന്‍ കൊഴുത്തു.

തിരക്കൊഴിഞ്ഞപ്പോഴാണ് സത്യത്തിന്‍ മാളചേട്ടന് നല്ല വേഷങ്ങള്‍ കിട്ടിയതെന്നു തോന്നുന്നു. മീശമാധവനിലെ മുള്ളാണി പപ്പനൊക്കെ അത്തരം വേഷമായിരുന്നു. കാലിലെ ആണിരോഗം കാരണം കാലു നിലത്തുവെക്കാനാവാതെ കാലു കവച്ചു വെച്ചു നടക്കുന്ന മുള്ളാണിയുടെ ശരീരഭാഷയും ഭാവങ്ങളും മലയാളത്തിലെ മികച്ചൊരു കഥാപാത്രത്തെയാണ് സമ്മാനിച്ചത്. സല്ലാപത്തിലെ കുഞ്ഞുകുട്ടന്‍ ആശാരിയുടെ വേഷവും ഭൂതക്കണ്ണാടിയിലെ വേഷവും അതുപോലെയായിരുന്നു. ആദ്യകാലത്തും കോമഡിക്കപ്പുറം ജേസിയുടെ താറാവിലെ തങ്കിയെ പോലുള്ള വേഷങ്ങളില്‍ മാളയിലെ അഭിനേതാവിനെ കാണാമായിരുന്നു.


വര്‍ഷങ്ങള്‍ക്ക് മുമ്പ് താളവട്ടം എന്ന നാടകത്തിലെ സാമുവല്‍ എന്ന നടന്‍ വന്നിരുന്നെങ്കില്‍ മാള അരവിന്ദന്‍ ഉണ്ടാകുമായിരുന്നോ? ഈ ചോദ്യം അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു. മറ്റൊരു മാള അരവിന്ദന്‍ ഉണ്ടാകുമായിരുന്നു. തബലിസ്റ്റ് മാള. തബല അദ്ദേഹത്തിന് ജീവശ്വാസമായിരുന്നു. അഭിനയത്തിലും ആ താളബോധം ഈ നടന്റെ കൈമുതലായിരുന്നു. അത് ഹാസ്യത്തിലായാലും ഗൗരവവേഷങ്ങളിലായാലും. തബലയോടുള്ള അദ്ദേഹത്തിന്റെ ആദരവും അര്‍പ്പണവും നടനായിട്ടും കൈവിട്ടിട്ടുണ്ടായിരുന്നില്ല. സെറ്റില്‍ നിന്നു വീട്ടില്‍ എത്തിയാല്‍ ആ താളപ്പെരുക്കം കേള്‍ക്കുമ്പോള്‍ അയല്‍വാസികള്‍ക്കറിയാമായിരുന്നു മാള വീട്ടിലെത്തിയെന്ന്.

ആ പ്രാക്ടീസ് ശരീരം വയ്യാതാവുന്നതുവരെ അദ്ദേഹം തുടരുകയും ചെയ്തു. അവസാനകാലത്ത് കാല്‍മുട്ടുവേദനയും പ്രമേഹവും ശരീരത്തെ തളര്‍ത്തിയപ്പോഴും ആ മനസ്സിനെ തെല്ലും തളര്‍ത്തിയിരുന്നില്ല. ക്യാമറയ്ക്ക് മുന്നില്‍ ആക്ഷന്‍ കേള്‍ക്കുമ്പോള്‍ ഞാനെല്ലാം മറക്കും. മാളച്ചേട്ടന്‍ പറഞ്ഞു. ഈ ്അര്‍പ്പണവും ആത്മാര്‍ഥതയുമാണ് മാളചേട്ടനെ അനശ്വരനാക്കുന്നത്. ഈ വിയോഗം ഒരു തീരാനഷ്ടമാണെങ്കിലും ദു:ഖം മറക്കാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ താങ്കള്‍ അഭിനയിച്ച സിനിമകളുണ്ടല്ലോ. അതുമതി.




Mala Photos

 

ga