കാലം വീണ്ടും പച്ചപ്പാവാട ധരിക്കുമ്പോള്‍

എം.പി. സുരേന്ദ്രന്‍ Posted on: 17 Jul 2015



'ഇരുനാഴി മണ്ണിനായുരുകുന്ന കര്‍ഷകന്‍
ഇരുകാലി മാടുകളായിരുന്നു...'

എന്ന സമരഗാനം, പൊന്‍കുന്നം ദാമോദരന്‍ എഴുതി എംഎസ് ബാബുരാജ് ഈണമിട്ടതായിരുന്നു. നാടകം നമ്മളൊന്ന്. പാടിയത്, കോഴിക്കോട് അബദുള്‍ ഖാദര്‍.

ജീവിച്ചിരിക്കെ കോഴിക്കോട് അബ്ദുള്‍ ഖാദര്‍ അതേ ഗാനം ഒരു ശോകഗാനമായി കേട്ടു. വാസു പ്രദീപ് സംവിധാനം ചെയ്ത 'മത്സരം' എന്ന പരീക്ഷണ നാടകം, ആദ്യമായി അവതരിപ്പിക്കുമ്പോള്‍ സദസ്സിന്റെ മുന്‍ നിരയില്‍ പരിക്ഷീണനായ അബ്ദുള്‍ ഖാദര്‍ ഇരിപ്പുണ്ടായിരുന്നു. വാസു പ്രദീപ് ഖാദര്‍ക്കയുടെ ആത്മ സുഹൃത്താണ്. നാടകത്തില്‍ റെറ്റിന ബാലനാണ് എ.കെ. കോഴിക്കോട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ.കെ. കോഴിക്കോട് എന്നാല്‍ അബ്ദുള്‍ ഖാദര്‍ കോഴിക്കോട് എന്നു തന്നെ.

സദസ്സിന്റെ മുന്‍നിരയില്‍ പോയകാലത്തിന്റെ മഹാഗായകന്‍ നിറകണ്ണുകളോടെ നിശ്ശബ്ദനായി ഇരുന്നു. തന്റെ ജീവിതം മറ്റാരോ അരങ്ങില്‍ അഭിനയിച്ചു തീര്‍ക്കുന്നതു കണ്ട്.

ആ നാടകത്തില്‍ എ.കെ. കോഴിക്കോട് എന്ന ഖാദര്‍ക്ക ചോദിക്കുന്നുണ്ട്: 'ഞാന്‍ ക്രിസ്ത്യാനിയായിരുന്നു. മതം മാറി മുസ്ലിമായി. ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചു. ഒരു ഗായകനായിരുന്നു. ഇപ്പോള്‍ ഒന്നുമല്ല. ഞാന്‍ ഒരു പാട്ടു പാടാം. രണ്ടുറുപ്പിക തര്വോ? പഴയ സമര ഗാനമാണ്. ഇപ്പോള്‍ അതു ശോകഗാനമായിരിക്കും.....'

ഒരു കലാകാരന്റെ ജീവിതസമരം, നിര്‍ദ്ദയമായ സാമൂഹ്യ നിയമങ്ങളോടും ജീവിതസാഹചര്യങ്ങളോടും ഏറ്റുമുട്ടി തകര്‍ന്നടിയുന്നതിന്റെ ചിത്രം വരച്ചു കാട്ടിയ കഥാപാത്രം അവസാനം ആ ഗാനം പാടി ചോര ഛര്‍ദ്ദിച്ചു തളര്‍ന്നു വീഴുന്നു.

രാപകലുകള്‍ അറിയാതെ, ജീവിതത്തിലെ ദുഖങ്ങളെ അമര്‍ത്തിവെച്ച്, പാടുന്നതില്‍ ആനന്ദം കണ്ടെത്തിയ ഒരു ഗായകന്റെ ജീവിതത്തില്‍ കുടിച്ചു തീര്‍ക്കേണ്ടി വന്ന വിഷപാനത്തിന്റെ മുഴുവന്‍ കയ്പ്പും ചവര്‍പ്പുമാണ് വാസു പ്രദീപ് തന്റെ നാടകത്തില്‍ അവതരിപ്പിച്ചത്. അമ്പതുകളില്‍ കലാകാരന്മാര്‍ നേരിടേണ്ടി വന്ന ദുരിതപര്‍വം മുഴുവനും ആ നാടകകൃത്തിനു തുറന്നു കാണിക്കേണ്ടതുണ്ടായിരുന്നു. മനുഷ്യ ജീവിതത്തിന്റെ പ്രത്യേക ദശാസന്ധിയില്‍ ജീവിക്കേണ്ടി വന്ന കലാകാരന്മാരുടെ പ്രോട്ടോ ടൈപ്പായിരുന്നു കോഴിക്കോട് അബ്ദുള്‍ ഖാദര്‍.

തന്നെക്കുറിച്ചുള്ള മറ്റരൊരു നാടകത്തില്‍ അബ്ദുള്‍ ഖാദറിന് അഭിനയിക്കേണ്ടിയും വന്നു. താന്‍ തന്നെ നായകനായ കഥാപാത്രം, തന്റെ ജീവിതം തന്നെ ആവിഷ്‌കരിക്കുകയെന്ന ദുരന്ത ഫലിതത്തിന് അയാള്‍ ഇരയായി. സ്വന്തം ജീവിതത്തിന്റെ ഭൗതികമായ പരാജയങ്ങള്‍, കലാപരമായ ഇടര്‍ച്ചകള്‍, ഹൃദയഭേദകമായ തിരസ്‌കാരങ്ങള്‍, കൈവിട്ടു പോയ അനേകമനേകം പാട്ടുകള്‍, ഇതെല്ലാം ഖാദര്‍ക്കക്ക് തുറന്നു കാട്ടേണ്ടി വന്നു. 'നെഞ്ചു കീറി ഞാന്‍ നേരിനെ കാട്ടുന്നു' എന്ന അര്‍ത്ഥനയോടെ.

'ഉപാസന'യിലെ നായിക ഖാദര്‍ക്കയോട് ഒരു പാട്ടു പാടാന്‍ അപേക്ഷിക്കുന്നു. അപ്പോള്‍ ഖാദര്‍ക്ക പറയുന്നു. 'വയ്യ മോളേ. പാടാന്‍ വയ്യ. എന്റെ പാട്ട് ഇന്നാരും ഇഷ്ടപ്പെടുന്നില്ല.' നായിക വീണ്ടും അപേക്ഷിക്കുന്നു. 'എനിക്കു നിങ്ങളുടെ പാട്ടു ജീവനാണ്, ഖാദര്‍ക്ക.' അപ്പോള്‍ 'എങ്ങനെ നീ മറക്കും കുയിലേ...' എന്ന ഗാനം അദ്ദേഹം പാടുന്നു. ഇടയ്ക്കു വെച്ച് ആലാപനം ഇടറുമ്പോള്‍ സദസ്സില്‍ കൂവല്‍ ഉയരുന്നു. ഈ ഘട്ടത്തില്‍ മറ്റൊരു കഥാപാത്രം കയറി വരുന്നു. അയാള്‍ പറയുന്നു. 'ഇപ്പോഴത്തെ കുയിലല്ലേ, മറക്കാന്‍ വിഷമമായിരിക്കും. ഇപ്പോള്‍ ആള്‍ക്കാര്‍ക്കിഷ്ടം 'ദം മാരോ ദം' ആണ്.' അയാള്‍ ആ പാട്ടു പാടുമ്പോള്‍ കയ്യടി ഉയരുന്നു.

കാലം മാറ്റി മറിക്കുന്ന ഒരു വിധിവിപര്യയമാണിത്. ഇന്നത്തെ ആധുനികനായ പാട്ടുകാരന് ഇങ്ങിനെയൊരു കാലം അഭിമുഖീകരിക്കേണ്ടി വരികയില്ല. എന്തിന് അയാള്‍ക്ക് മുഴുവന്‍ പാട്ട് പാടേണ്ടി വരുന്നുമില്ല. ഡിജിറ്റല്‍ യുഗത്തില്‍ അയാളുടെ ആലാപനം പോലും ഇലക്ട്രോണിക്കായ ഒരു ബിറ്റ് മാത്രമാണ്. അയാള്‍ക്ക് ഇടര്‍ച്ചയുണ്ടായാലും സോഫ്റ്റ് വെയര്‍ അതു ശരിയാക്കിയിരിക്കും.

അബ്ദുള്‍ ഖാദര്‍ വ്യക്തി ജീവിതത്തില്‍ ഇടറി വീണുവെങ്കിലും ആ നാദം, ഒരു നഷ്ടബോധത്തിന്റെ തീവ്രതയോടെ നമ്മെ വീണ്ടും വീണ്ടും തൊടുന്നുണ്ട്. അതിന്റെ വിഷാദച്ഛവി, ഐന്ദ്രിയമായ ആഴം, ഭാവാത്മകമായ തീക്ഷ്ണത, അതുള്‍ക്കൊണ്ടവര്‍ക്കാര്‍ക്കും മനസ്സില്‍ മറ്റൊരു ഗായകനെ പ്രതിഷ്ഠിക്കാനാവില്ല.

പാട്ടിനെ ഇഷ്ടപ്പെടുന്നവരൊക്കെ അത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഏതെങ്കിലുമൊരു രാത്രിയില്‍, മദഭരിതമായൊരു സന്ധ്യയില്‍, ഏതെങ്കിലും ഒരു മുറിയില്‍ നിന്നോ ഒള്‍ഡ് ഈസ് ഗോള്‍ഡ് ഗാനമേളയുടെ വേദിയില്‍ നിന്നോ, വേദികളില്‍ നിന്നെല്ലാം പിന്‍വാങ്ങിയ ഏതെങ്കിലും ഗായകന്റെ ദുര്‍ബലമായ തൊണ്ടയില്‍ നിന്നോ ആ ഗാനം ഉയരാറുണ്ട്: 'എങ്ങിനെ നീ മറക്കും കുയിലേ..'. കുയിലും മാനവും പാടവും പച്ചപ്പാവാടയും കിനാവും മാമ്പൂക്കളുമൊക്കെ കേരളത്തിന്റെ ഭാവതീവ്രമായ മനസ്സിന്റെ കാല്‍പ്പനിക ഇമേജുകളായി നിലനിന്ന കാലത്ത് ഭാസ്‌കരന്‍ മാഷും രാഘവന്‍ മാഷും വിഷാദത്തില്‍ ചാലിച്ച് എഴുതിയ ഗാനം. ഇന്നും ആധുനികനായ മലയാളിയുടെ നഷ്ടബോധത്തിന്റെയോ ഗതകാലത്തിന്റെയോ രൂപകമായി അതു നിലനില്‍ക്കുന്നു.

പി ഭാസ്‌കരന്റെ വരികളും കെ. രാഘവന്‍ മാസ്റ്ററുടെ സംഗീതവും അബ്ദുള്‍ ഖാദറിന്റെ ആലാപനവും അതില്‍ അത്രമാത്രം സംലയിച്ചു ചേര്‍ന്നിരുന്നു. ആ ഗാനം അവരുടെ ശവമാടം വരെ കൊണ്ടുപോയി. പില്‍ക്കാലത്ത് പ്രതിഫലമോ കയ്യടിയോ പ്രതീക്ഷിക്കാതെ മിഠായിത്തെരുവിലെ പ്രദീപ് ആര്‍ട്‌സിന്റെ ഒറ്റ മുറിയിലും മൂപ്പന്‍സ് ബംഗ്ലാവിലും ബീച്ചിലെ എവറസ്റ്റ് ക്ലബ്ബിലും കല്ലായി റോഡിലെ ഹസ്സന്‍ ഭായിയുടെ മുറിയിലുമിരുന്ന് എത്രയോ തവണ ഖാദര്‍ക്ക അതേ ഗാനം പാടി! ആലാപനം ആത്മപ്രകാശനമായിരുന്ന അക്കാലത്ത്, ഖാദര്‍ക്ക ഈ ഗാനത്തെ ദാരിദ്ര്യവും സങ്കടക്കടലുകളും മറി കടക്കാനുള്ള രക്ഷാ മാര്‍ഗമായി കണ്ടു.

അമ്പതുകളിലെ കോഴിക്കോട് എന്തിനെയും സ്വീകരിക്കുന്ന നഗരമായിരുന്നു. തീരത്ത് കടലിരമ്പുന്നതു പോലെ സംഗീതം എന്നും അതിന്റെ തിരകളിലുണ്ടായിരുന്നു. കല്ലായിയില്‍ തടികള്‍ ഒഴുകിയെത്തുമ്പോഴും ഈര്‍ച്ചമില്ലുകള്‍ക്കിടയില്‍ അവ ഉരുപ്പടികളായി മാറുമ്പോഴും അന്നന്നത്തെ മീന്‍ വലിയങ്ങാടിയിലെത്തുമ്പോഴും കാലിച്ചാക്കുകള്‍ അടുക്കി വെക്കുമ്പോഴുമൊക്കെ ഒരു സംഗീതമുണ്ടായിരുന്നു. ഹിന്ദുസ്ഥാനി സംഗീതവും മെഹ്ഫിലുകളും മാപ്പിളപ്പാട്ടുകളും അതിന്റെ ഏതു വഴിയിലും മൂളി നിന്നിരുന്നു. നൊസ്റ്റാള്‍ജിയയില്‍ ജീവിക്കുന്ന നഗരമാണ് ഇന്നും കോഴിക്കോട്.

പ്രതാപത്തിന്റെ ഒരു ഗതകാലത്തെ അനുസ്മരിച്ച് പാണ്ടികശാലകള്‍ നില്‍ക്കുമ്പോഴും പഴയ വഴിയോരങ്ങളില്‍ ഇന്നലെകളുടെ ജീവനില്ലാത്ത പ്രതീകങ്ങളായി പഴയ കെട്ടിടങ്ങള്‍ നിശ്വസിക്കുമ്പോഴും ഈ നഗരത്തിന്റെ സുഗന്ധവും രീതികളും മുഴുവനായി കൈവിടാന്‍ നാട്ടുകാര്‍ മടിച്ചു. അന്നെന്ന പോലെ ഇന്നും വൈകിയുറങ്ങുന്ന നഗരമാണ് കോഴിക്കോട്. നീളന്‍ രാത്രികളില്‍ അരങ്ങേറുന്ന മെഹ്ഫിലുകളില്‍ ഒരു കാലം ഈ നഗരം ഒരു പോള കണ്ണടയ്ക്കാതെ സംഗീതത്തെ ഉപാസിച്ചിരുന്നു മാനാഞ്ചിറയും ടൗണ്‍ഹാളുമൊക്കെ ഉത്തരേന്ത്യയില്‍ നിന്നു വന്ന ഹിന്ദുസ്ഥാനി ഗായകരുടെ വേദികളായിരുന്നു. കുറ്റിച്ചിറയിലെ മട്ടുപ്പാവുകളും കടപ്പുറത്തെയും കല്ലായിയിലെയും ക്ലബ്ബുകളും അമ്പതുകളില്‍ പുതുശബ്ദങ്ങള്‍ക്കായി കാത്തിരുന്നു. ഗായകര്‍ മതിമറന്നു പാടുമ്പോള്‍ ആഹ്ലാദം നിറഞ്ഞ വാഹ്... വിളികള്‍ക്കിടയില്‍ തിരശ്ശീലകള്‍ക്കു പിന്നിലെ കണ്ണുകള്‍ ആ വിരുന്നു കാണുമായിരുന്നു.

1915ല്‍ മിഠായിത്തെരുവിലെ വാച്ച് കടക്കാരനായ ജെ.എസ് ആന്‍ഡ്രൂസിന്റെ ഇളയ മകനായി ജനിച്ച ലെസ്ലി ആന്‍ഡ്രൂസിന്റെ ആദ്യകാല സംഗീത പാഠശാല പള്ളിയിലെ ഗായകസംഘമായിരുന്നു. പള്ളിയിലെ വാദ്യസംഘത്തിലെ വയലിന്‍ വാദകനായിരുന്നു ലെസ്ലി. മംഗലാപരത്തു നിന്നു വന്ന ക്രിസ്ത്യന്‍ കുടുംബമായിരുന്നു ലെസ്ലിയുടേത്. അമ്മ മാനിനി ഗൗഡസാരസ്വതാംഗമായിരുന്നു. കൊങ്കിണിയായിരുന്നു വീട്ടിലെ സംസാര ഭാഷ

പഠനത്തിനിടയില്‍ ക്രിക്കറ്റ് കളിച്ചും മാനാഞ്ചിറയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കണ്ടും രാത്രി കോണ്‍സ്റ്റബിള്‍ കുഞ്ഞുമുഹമ്മദിന്റെ ക്ലബ്ബില്‍ പാട്ടും നാടകവുമായി കൂട്ടുകൂടിയും ലെസ്ലി തന്റെ കൗമാരം ആഘോഷിച്ചു. ഈ ഘട്ടത്തിലാണ് പിതാവ് ആന്‍ഡ്രൂസ് മകനെ ബര്‍മയിലുള്ള സഹോദരിയുടെ അടുത്തേക്കയക്കുന്നത്. റങ്കൂണിലും ലെസ്ലിയുടെ ഇഷ്ടവിഷയം സംഗീതം തന്നെയായിരുന്നു. മുസ്ലിം അസോസിയേഷന്‍ ഹാളില്‍ പോയി എന്നും സംഗീതം കേള്‍ക്കുന്ന ലെസ്ലി എപ്പോഴോ മതം മാറി അബദുള്‍ ഖാദറായി. ഇക്കാര്യമറിഞ്ഞ് പരിഭ്രാന്തയായ സഹോദരി അയാളെ വീട്ടിലേക്കു തിരിച്ചയച്ചു. തന്റെ സ്വപ്‌നങ്ങള്‍ തകര്‍ന്നു പോയെങ്കിലും ജെഎസ് ആന്‍ഡ്രൂസ് വിശാലഹൃദയനായ പിതാവായിരുന്നു. മകനോട് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. അബ്ദുള്‍ ഖാദറാവട്ടെ, കോണ്‍സ്റ്റബിള്‍ കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ താമസമാക്കി.

കോണ്‍സ്റ്റബിള്‍ കുഞ്ഞുമുഹമ്മദ് സംഗീതപ്രേമിയാണ്. കോഴിക്കോടന്‍ സംഗീത ചരിത്രത്തിലെ ഒരധ്യായമാണ് ഈ മനുഷ്യന്‍. എം.എസ്. ബാബുരാജിനെ കണ്ടെടുത്ത് തേച്ചു മിനുക്കി സംഗീതത്തിന്റെ മിന്നുന്ന ശാലയിലേക്കു കയറ്റിവിട്ടതും ഇതേ കുഞ്ഞുമുഹമ്മദാണ്. ഈ വീട്ടിലാണ് അബ്ദുള്‍ ഖാദര്‍ താമസമാക്കിയത്. കോളാമ്പി മൈക്കുകളും റേഡിയോയും മാത്രമുള്ള കാലത്ത് അബ്ദുള്‍ ഖാദറും എം.എസ് ബാബുരാജും കലാപ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് പരാധീനതകളെ മറികടന്നത്. നൈസര്‍ഗികത കൊണ്ടു മാത്രം സംഗീതം പോഷിപ്പിക്കപ്പെടുന്ന കാലം കൂടിയാണത്. ജന്മനാ ദരിദ്രരായ കലാകാരന്മാര്‍ ജീവിതത്തേക്കാളും കലയെ സ്‌നേഹിച്ചു. അതിനെ തുടച്ചു മിനുക്കിയെടുത്തു. അബ്ദുള്‍ ഖാദര്‍ പാടുമ്പോള്‍ അ ഗന്ധര്‍വ നാദത്തിന് അനശ്വരതയുടെ പ്രഭാവം സൃഷ്ടിച്ചത് ഹാര്‍മോണിയത്തില്‍ വിരലുകളോടിച്ച ബാബുരാജാണ്. കോഴിക്കോട് ജനപ്രിയ സംഗീതത്തിന്റെ ഉച്ചസ്ഥായി ഈ കാലമായിരുന്നു. ഒപ്പം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മെലഡിയും ആ പാരമ്പര്യത്തിനു പിന്തുണ നല്‍കി.

അബ്ദുള്‍ ഖാദറിന്റെ ആദ്യ ഗാനം 1951ലെ നവലോകം എന്ന സനിമയിലായിരുന്നു. പി. ഭാസ്‌കരന്‍ എഴുതി, ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കിയ 'തങ്കക്കിനാക്കള്‍ ഹൃദയേ വീശും വനാന്ത ചന്ദ്രികയാരോ നീ' എന്ന ഗാനം. അബ്ദുള്‍ ഖാദര്‍ അതു ഭാവതീവ്രതയോടെ ആലപിച്ചു.

ഖാദറിന്റെ ആലാപനശൈലി വ്യത്യസ്തമായിരുന്നു. അതുവരെ കേരളം കേള്‍ക്കാത്തതായിരുന്നു. അത് അദ്ദേഹത്തിന്റെ ആരാധനാ പുരുഷനായിരുന്ന സൈഗാളിന്റേതു പോലെ ആഴവും കാല്‍പ്പനികതയുമുള്ള ശൈലിയായിരുന്നു. അതു പോലെ ഹിന്ദുസ്ഥാനി ശൈലി അബ്ദുള്‍ ഖാദറിന്റെ ആലപനത്തിലെ സവിശേഷതയുമായി. അടുത്ത വര്‍ഷം അച്ഛന്‍ എന്ന സിനിമയില്‍ അബദുള്‍ ഖാദര്‍ 'പരിതാപമിതേ ഹാ ജീവതമേ' എന്നു പാടിയപ്പോള്‍ അനുകര്‍ത്താക്കളില്ലാത്ത ഒരു ശബ്ദം മലയാളികള്‍ കണ്ടെത്തുകയായിരുന്നു. വളരെ കുറച്ചു സിനിമകള്‍ മാത്രം പുറത്തിറങ്ങുന്ന കാലമായിരുന്നിട്ടും തുടര്‍ന്നു വന്ന തിരമാല, നീലക്കുയില്‍, മിന്നാമിനുങ്ങ്, എന്നീ മൂന്നു സിനിമകളിലും പാടാന്‍ ഈ ഗായകനു കഴിഞ്ഞു. പത്തു വര്‍ഷത്തിനു ശേഷമാണ് പിന്നെ അബ്ദുള്‍ ഖാദര്‍ സിനിമയില്‍ പാടുന്നത് (മാണിക്യക്കൊട്ടാരം, 1966). ഈ ഗായകന്റെ ചലച്ചിത്ര ഗാനങ്ങള്‍ അതോടെ അവസാനിച്ചു. അപ്പോഴേക്കും മലയാളത്തില്‍ യേശുദാസും ജയചന്ദ്രനുമൊക്കെ കടന്നു വന്നു.

മിന്നാമിനുങ്ങിലെ 'എന്തിനു കവിളില്‍ ബാഷ്പധാര', തിരമാലയിലെ 'താരകം ഇരുളില്‍ മായുകയോ', നീലക്കുയിലിലെ 'എങ്ങനെ നീ മറക്കും കുയിലേ' എന്നീ മൂന്നു ഗാനങ്ങള്‍ അബ്ദുള്‍ ഖാദറിനെ ഒരു ജനതയുടെ ആത്മാവില്‍ പ്രതിഷ്ഠിച്ചു.

പക്ഷെ മലബാറില്‍ ഈ ഗായകന്റെ യഥാര്‍ഥ ജീവിതം അരങ്ങുകളായിരുന്നു. പാട്ടു മാത്രമല്ല, അഭിനയവും അതിന്റെ കൂടെ ഉണ്ടായി. നാടക ഗാനങ്ങള്‍ക്കൊപ്പം അബ്ദുള്‍ ഖാദര്‍ മലബാറിന്റെ മണ്ണില്‍ മാപ്പിളപ്പാട്ടുകളുടെ പുതുലോകം തന്നെ സഷ്ടിച്ചു. വാസു പ്രദീപിനെപ്പോലെ തന്റെ ജീവിതത്തില്‍ ഉറ്റ കൂട്ടുകാരനായി വരിച്ച പിഎന്‍ കാസിമിന്റെ മാപ്പിളപ്പാട്ടുകള്‍ അബദുള്‍ ഖാദറിന്റെ കണ്ഠം വിട്ടൊഴുകിയപ്പോള്‍ മലബാര്‍ മൊഞ്ചത്തിയെപ്പോലെ അതിന്റെ ഇശലുകളില്‍ കുളിച്ചു നിന്നു.

റേഡിയോയിലൂടെ അബദുള്‍ ഖാദര്‍ എണ്ണമറ്റ പാട്ടുകള്‍ക്ക് ജീവന്‍ നല്‍കി. അക്കാലത്ത് വാസു പ്രദീപ് എഴുതിയ 'മായരുതേ വനരാധേ' എന്ന ഗാനം 'എങ്ങനെ നീ മറക്കും' എന്ന ചലച്ചിത്ര ഗാനം പോലെ മലബാര്‍ സ്വീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയിലെ ഈരടികളെ ഭാഷാന്തരം ചെയ്ത് പി ഭാസ്‌കരന്‍ രചിച്ച് കെ രാഘവന്‍ ഈണം പകര്‍ന്ന 'പാടാനോര്‍ത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ' എന്ന ഗാനം അബദുള്‍ ഖാദറിന്റെ ഹംസഗാനമായി. ഒരു പക്ഷെ അബദുള്‍ ഖാദറിന്റെ ആലാപനശൈലിയെ ഇത്രമാത്രം സമ്പൂര്‍ണമാക്കിയ മറ്റൊരു ഗാനമില്ല എന്നു തന്നെ പറയാം. അബ്ദുള്‍ ഖാദറിന്റെ വ്യഥിത ജീവിത ഭാവങ്ങളെ മുഴുവന്‍ ആ പാട്ട് പ്രതിനിധാനം ചെയ്യുന്നുണ്ട്. ഇനിയും അബദുള്‍ ഖാദര്‍ തന്റെ മികച്ച ഗാനം പാടിയിട്ടില്ല എന്ന സമസ്യയെ അതു വിഷാദത്തോടെ അടിവരയിടുന്നു.

എത്ര മാത്രം സത്യം ഈ പ്രസ്താവത്തിനു പിന്നിലുണ്ടെന്ന് ബാബുരാജുമൊത്തുള്ള അദ്ദേഹത്തിന്റെ ജീവിതം തെളിയിക്കുന്നു. എത്രയോ വര്‍ഷം ഒരുമിച്ചു ജീവിച്ചിട്ടും അബ്ദുള്‍ ഖാദര്‍ ബാബുരാജിനോട്് പാട്ടു തരണമെന്ന് വ്യംഗ്യ ഭാവത്തില്‍ പോലും സൂചിപ്പിച്ചിട്ടില്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ബാബുരാജ് അകന്നു നിന്നപ്പോള്‍ അബ്ദുള്‍ ഖാദറിനു പാടി അനശ്വരമാക്കാമായിരുന്ന പല പാട്ടുകളും നഷ്ടമാവുകയും ചെയ്തു. എന്നാല്‍ ഒരു ജ്ഞാനിയുടെ നിസ്സംഗതയോടെ ആ ഗായകന്‍ തന്റെ പ്രാവുകളെ പറത്താന്‍ വിട്ടും പൂച്ചകള്‍ക്ക് ഓമനപ്പേരുകള്‍ നല്‍കിയും ജീവിച്ചു. കടല്‍പ്പാലത്തിനരികെ താന്‍ പറത്തിവിട്ട പ്രാവുകള്‍ തിരിച്ചു വരുന്നതും കാത്തിരിക്കുന്ന അവശനായ ആ മനുഷ്യന്റെ ചിത്രം പലരുടെയും മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല.

അമ്പതുകളുടെ ആദ്യഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഗായകന്‍ കൂടിയായിരുന്നു ഖാദര്‍ക്ക. യോഗം ആരംഭിക്കുന്നതിനു മുമ്പ് അബ്ദുള്‍ ഖാദറുടെ പാട്ടുണ്ടെന്ന് കോളാമ്പി മൈക്ക് കെട്ടി നാട്ടുകാരെ മുഴുവന്‍ അക്കാലത്ത് അറിയിക്കുമായിരുന്നു. ഇഎംഎസിന്റെയും എകെജിയുടെയും പ്രസംഗങ്ങള്‍ക്കു ശേഷവും ഖാദര്‍ക്ക പാടുമെന്ന് സഖാക്കള്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്യുമായിരുന്നു. ജനങ്ങള്‍ക്കു വേണ്ടി പ്രതിഫലമില്ലാതെ അബ്ദുള്‍ ഖാദര്‍ പാടി. അവശനായപ്പോള്‍ ഈ ഗായകനെ പാര്‍ട്ടി മറന്നു. നല്ല നാളെയുടെ മധുര സ്വപ്‌നങ്ങള്‍ ജനങ്ങള്‍ക്കു നല്‍കി അബ്ദുള്‍ ഖാദര്‍ പതുക്കെ ഉള്‍വലിഞ്ഞു.

തന്റെ ഗാനങ്ങള്‍ പോലെ വിഷാദാര്‍ദ്രമായിരുന്നു ആ ജീവിതവും. അനുകമ്പയും കാരുണ്യവും അബ്ദുള്‍ ഖാദറിന്റെ ജീവിതശൈലിയായിരുന്നു. വാങ്ങിയതിനേക്കാള്‍ കൂടുതല്‍ തിരിച്ചു കൊടുത്ത ഗായകന്റെ ശരീരകോശങ്ങളില്‍ ആഴമുള്ള മാനുഷികത തുടിച്ചു നിന്നിരുന്നു.

കുഞ്ഞുമുഹമ്മദിന്റെ സഹോദരി ആച്ചുമ്മയെ വിവാഹം കഴിച്ച ശേഷം ജീവിതത്തിന്റെ ാെരു ദാരുണമായ ഘട്ടത്തില്‍ എല്ലാ തണലുകളും നഷ്ടപ്പെട്ട ശാന്താദേവിയെ അദ്ദേഹത്തിനു സ്വീകരിക്കേണ്ടി വന്നു. ശാന്താദേവിയെ അഭിനയവേദിയിലേക്കു കൊണ്ടു വന്നതും അദ്ദേഹമായിരുന്നു. വിധിയുടെ അപ്രതീക്ഷിതമായ തിരിച്ചടികള്‍ പിന്നീട് ആ ഗായകന്‍ ഓരോന്നായി നേരിട്ടു. പില്‍ക്കാലത്ത് ഖാദര്‍ക്കയുടെ പിന്‍ഗാമികളായ മക്കളും കേരളത്തിനു നഷ്ടമായി. ഗായകനായ നജ്മല്‍ ബാബുവും ശാന്താദേവിയില്‍ പിറന്ന സത്യജിത്തും. അകാലത്തില്‍ ജീവിത നാടകവേദിയില്‍ നിന്നു പിന്മാറിയതോടെ ദുരന്തത്തിന്റെ തുടര്‍ച്ചകള്‍ കുടുംബങ്ങളെ വേട്ടയാടി.

എന്തു കൊണ്ട് കോഴിക്കോട് അബദുള്‍ ഖാദര്‍ ഇന്നും ഗൃഹാതുരതയോടെ ഓര്‍മ്മിക്കപ്പെടുന്നു? ഒരു പക്ഷെ ആ ഗാനങ്ങളുടെ ശോകപൂര്‍ണവും കേരളീയവുമായ ഈണമായിരിക്കാം. ആര്‍ക്കും അനുകരിക്കാനാവാത്ത ആലാപന ശൈലിയായിരിക്കാം. അനുകര്‍ത്താക്കളില്ലാത്ത ആ ശബ്ദത്തിന്റെ ആനന്ദമായിരിക്കാം.

സ്വന്തം തലമുറയിലെ ഗായകരെയും പില്‍ക്കാല ഗായകരെയും ഒരു പോലെ ഹൃദയത്തില്‍ സ്വീകരിച്ച ഗായകനായിരുന്നു അബ്ദുള്‍ ഖാദര്‍. അത്ര മാത്രം ഋഷിതുല്യമായ നിര്‍മലത്വം ആ ഗായകനുണ്ടായിരുന്നു. പങ്കജ് മല്ലിക്കിനെയും തലത്ത് മെഹ് മൂദിനെയും കോഴിക്കോട് നഗരത്തില്‍ കൊണ്ടുവരാനും ആദരിക്കാനും അബ്ദുള്‍ ഖാദറിന് സന്തോഷമായിരുന്നു. അവരെ പോലെ സിഎഛ് ആത്മയും മുകേഷും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗായകരായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ആരാധനാമൂര്‍ത്തി എന്നും കെഎല്‍ സൈഗാളായിരുന്നു. മുംബൈയിലെ ഷണ്മുഖാനന്ദാ ഹാളില്‍ വെച്ച് സൈഗാളിന്റെ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ അന്നത്തെ ആതിഥേയര്‍ 'മലബാര്‍ സൈഗാള്‍' എന്നാണ് വിശേഷിപ്പിച്ചത്. ഏതു പാട്ടും അബ്ദുള്‍ കാദറിന് ഇഷ്ടമായിരുന്നു. ആനന്ദില്‍ മുകേഷ് പാടിയ കഹി ദൂര് ജബ് ദിന്‍ ദല് ജായേ എന്ന ഗാനവും പി. ജയചന്ദ്രന്‍ പാടിയ അനുരാഗഗാനം പോലെ എന്ന ഗാനവും ഈ മഹാഗായകന്‍ ആസ്വദിച്ചു. അബ്ദുള്‍ ഖാദറിന്റെ ഔന്നത്യവും ഈ ആസ്വാദനത്തില്‍ കാണാം.



 

ga