പാട്ടുകാരനായും പച്ചമനുഷ്യനായും

ശ്രീകാന്ത് കോട്ടക്കല്‌ Posted on: 17 Jul 2015

ഈ വയലിനിസ്റ്റ് പുരാതനമായ തന്റെ സംഗീതസ്മൃതികളുടെ പെട്ടി തുറക്കുമ്പോള്
പലപ്പോഴും അബ്ദുള്ഖാദറും ബാബുരാജും കൂടിക്കുഴയുന്നു

പാട്ടിന്റെ പല പുഴകളില് സ്വന്തം കലാസ്വപ്നങ്ങളുടെ കളിയോടമിറക്കിയ വയലിനിസ്റ്റാണ് ചെറിയമാളിയേക്കല് അഹമ്മദ്‌കോയ വാടിയില് എന്ന സി.എം.വാടിയില്. കോഴിക്കോട് അബ്ദുള് ഖാദര്, എം.എസ്.ബാബുരാജ്, ദക്ഷിണാമൂര്ത്തി, ദേവരാജന്, എം.എസ്.വിശ്വനാഥന്, എ.ടി.ഉമ്മര്, എം.കെ.അര്ജുനന്, എസ്.എം.കോയ, യേശുദാസ്, പി.ജയചന്ദ്രന്, എസ്.ജാനകി, മാധുരി... ഇങ്ങനെ പല പല പ്രവാഹങ്ങള്. ഇതില് കോഴിക്കോട് അബ്ദുള് ഖാദറിന്റെയും എം.എസ്.ബാബുരാജിന്റെയും കൂടെ വാടിയില് വയലിന് വായിക്കുകയല്ല, വയലിനുമായി ജീവിക്കുകയായിരുന്നു. അബ്ദുള് ഖാദറും ബാബുരാജും തൊട്ടുരുമ്മിയെങ്കിലും തീര്ത്തും വ്യത്യസ്തമായ താളങ്ങളില് ഒഴുകുന്ന പുഴകളായിരുന്നു. ഇവയ്ക്കുനടുവില് കിളിര്ത്തുവന്ന ചെടിയായിട്ടാണ് വാടിയില് തന്നെക്കാണുന്നത്. ഈ രണ്ടു പുഴകളും ഒഴുകിവന്ന് തൊടുമ്പോഴെല്ലാം വാടിയില് തളിര്ത്തു, പൂത്തു, വാടാതെനിന്നു. അതുകൊണ്ടുതന്നെ ഈ വയലിനിസ്റ്റ് പുരാതനമായ തന്റെ സംഗീതസ്മൃതികളുടെ പെട്ടി തുറക്കുമ്പോള് പലപ്പോഴും അബ്ദുള്‍ഖാദറും ബാബുരാജും കൂടിക്കുഴയുന്നു.
''കോഴിക്കോടിന്റെ കാറ്റിലും കടലിലും കാഴ്ചവട്ടങ്ങളിലുമെല്ലാം സംഗീതംനിറഞ്ഞിരുന്ന ഒരു കാലമായിരുന്നു അതെന്ന് വാടിയില് ഓര്ക്കുന്നു. എല്ലാ പീടികമാളികകളിലും ഒരു മുറി ക്ലബ്ബിനായി ഒഴിച്ചിട്ടിരുന്ന കാലം, എല്ലാ ക്ലബ്ബിലും ഒരു ഹാര്‌മോണിയപ്പെട്ടി കാത്തുവെച്ചിരുന്ന കാലം, അതുതേടി എവിടെനിന്നൊക്കെയോ ഗായകര് വന്ന കാലം, രാവുകള് ഗാനശാലകളായിരുന്ന കാലം... അങ്ങനെയുള്ള കാലത്താണ് ഒരു വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് കമ്യൂണിസ്റ്റ് പാര്ട്ടിയുടെ ഒരു സമ്മേളനവേദിയില് രണ്ടുപേര് പെട്ടിവെച്ചു പാടുന്നതു കേള്ക്കുന്നത്. ഒരാള് നീണ്ടുമെലിഞ്ഞ് കരമീശവെച്ച സുമുഖന്, അപരന് അത്രയും ഉയരമില്ലാതെ ഭാവപ്രകടനങ്ങളോടെയുള്ളയാള്. ആദ്യത്തേത് കോഴിക്കോട് അബ്ദുള് ഖാദറും രണ്ടാമത്തേത് ബാബുരാജുമായിരുന്നു. കമ്യൂണിസ്റ്റ് പാര്ട്ടിയുടെ വിപ്ലവഗാനങ്ങള്‌പോലും കാദര്ക്ക തന്റേതായ രീതിയില് അല്പമൊന്ന് വലിച്ചേ പാടിയിരുന്നുള്ളൂ. മണല്ത്തരിയും മനുഷ്യരും അതുകേട്ട് ലയിച്ചിരുന്നു. ഓരോ പാട്ട് കഴിയുമ്പോഴും കൈയടികള് കടലിലേക്കു പറന്നുപോയി'' വാടിയില് ഇന്നും എല്ലാം കൃത്യമായി ഓര്ക്കുന്നു.

വര്ഷങ്ങള്ക്കു ശേഷം തന്റെ ഇരുപത്തിയൊന്നാംവയസ്സില് 'ആ വണ്ടിക്ക് ബ്രേക്കില്ല' എന്ന നാടകത്തില് സംഗീതസംവിധാനംചെയ്യാന് വാടിയിലിന് അവസരംലഭിച്ചു. താന് ചിട്ടപ്പെടുത്തിയ പാട്ടുകള് ആരാണു പാടുന്നതെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു. ''അപ്പോഴാണ് മുണ്ടുടുത്ത് വൃത്തിയുള്ള ഷര്ട്ട് ധരിച്ച് നീണ്ട ഒരു മനുഷ്യന് ഒരു വൈകുന്നേരം മുറിയിലേക്കു വന്നത്, കാദര്ക്ക. അദ്ദേഹമാണു പാടുന്നതെന്നറിഞ്ഞപ്പോള് ഞാന് ഉരുകിപ്പോയി. എന്നാല്, ആ മനുഷ്യന് ആദ്യം ചെയ്തത് എന്നെ പരിചയപ്പെടുകയാണ്. വീടും നാടുമെല്ലാം ചോദിച്ചറിഞ്ഞു. എങ്ങനെയാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നു ചോദിച്ചു. ഞാന് വിറച്ചുകൊണ്ട് പറഞ്ഞുകൊടുത്തു. അദ്ദേഹമതു പാടി. അതില് തന്റേതായ ഒരു വിഷാദച്ഛായ കാദര്ക്ക കലര്ത്തിയിരുന്നു. അതിന് ഒരു പ്രത്യേക ഭംഗിയുമുണ്ടായിരുന്നു. പാടിക്കഴിഞ്ഞിട്ട് അദ്ദേഹം ചോദിച്ചു: 'ഇങ്ങനെ പോരേ മോനേ?' എന്റെതിലും ഇരട്ടി പ്രായമുള്ളയാളാണ്, പാട്ടിന്റെ പാരാവാരമാണ്. എന്നിട്ടും താഴ്ന്ന് വിനയത്തിന്റെ ശ്രുതിയില്, സ്‌നേഹത്തോടെ. കോഴിക്കോട് അബ്ദുള് ഖാദര് എന്ന മനുഷ്യനെ എനിക്ക് അന്ന് പൂര്ണമായും പിടികിട്ടി''

വാടിയിലിന്റെ പിന്നീടുള്ള ജീവിതം ബാബുരാജിനും അബ്ദുള് ഖാദറിനുമൊപ്പമുള്ള പാട്ടുയാത്രകളായിരുന്നു. പലപല ദേശങ്ങളില്, കല്ല്യാണരാവുകളില്, ഉദയാസ്തമനങ്ങളറിയാത്ത സദിരുകളില് വയലിനുമായി ഈ രണ്ട് പുഴകള്ക്കു നടുവില് അദ്ദേഹം ജീവിച്ചു. അബ്ദള് ഖാദര് എന്ന പാട്ടുകാരനെയും പച്ചമനുഷ്യനെയും അടുത്തറിഞ്ഞ നിമിഷങ്ങളായിരുന്നു അവ.
''ജീവിതത്തിലെന്തോ അതുതന്നെയായിരുന്നു പാട്ടിലും കാദര്ക്ക. സി.എച്ച്.ആത്മ, കുന്ദന്‌ലാല് സൈഗാള്, പങ്കജ് മല്ലിക് എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ആത്മാവിന്റെ പാട്ടുകാര്; വിഷാദഗായകര്. സംസാരിക്കുമ്പോഴും ഓരോ പരിപാടിയും കഴിഞ്ഞ് സ്‌നേഹത്തോടെ കൈപിടിച്ച് ഉള്ളംകൈയില് കിട്ടിയ പൈസ ഭാഗിച്ച്‌ െവച്ചുതരുമ്പോഴുമെല്ലാം കാദര്ക്കയുടെ ഈ വിഷാദഭാവം ഞാന് അുഭവിച്ചിട്ടുണ്ട്. മറ്റൊരു ഭാവത്തില് അദ്ദേഹത്തിന് പാടാന് സാധിക്കില്ലായിരുന്നു.കാരണം എല്ലാത്തരത്തിലും സ്വന്തം ജീവിതംതന്നെയായിരുന്നു അദ്ദേഹത്തിന്റെ സംഗീതം. അനിര്വചനീയമായ ഒരു നിരാശ കാദര്ക്കയെ കെട്ടിവരിഞ്ഞുനിന്നിരുന്നു. തീവണ്ടിയിലൊക്കെ ഒന്നിച്ച് യാത്രചെയ്യുമ്പോള് ബാബുക്ക ആഘോഷപ്രിയനാകും. എന്നാല്, കാദര്ക്ക എപ്പോഴും എന്തെങ്കിലും ചിന്തയിലാവും. വാക്കുകള്ക്ക് അദ്ദേഹത്തിന്റെ ചുണ്ടില്‌നിന്ന് വിടരാന് ഇഷ്ടമാണ്. കാരണം അവയെ അല്പംപോലും കാദര്ക്ക പരിക്കേല്പ്പിക്കില്ല.'' ഈ വിഷാദഗായകന് എന്തെങ്കിലുമൊരുകാര്യം ഉറപ്പിച്ചുപറയുന്നത് വാടിയില് കേട്ടത് ''വാ ഒരു ചായ കുടിക്കാം'' എന്നുപറയുമ്പോള്മാത്രമാണ്. തന്റെ ഉള്ളിനും സ്വരങ്ങള്ക്കും കടകവിരുദ്ധമായി കടുപ്പമുള്ള ചായയായിരുന്നു കോഴിക്കോട് അബ്ദുള് ഖാദര് കുടിച്ചിരുന്നതെന്ന് വാടിയില് ഓര്ക്കുന്നു.

എല്ലാ ഗാനമേളകളിലും അബ്ദുള് ഖാദര് പാടിയിരുന്ന പ്രധാന പാട്ടുകള് എങ്ങനെ നീ മറക്കും കുയിലേ, ഞാന് പാടാനോര്‌ത്തൊരു മധുരിതഗാനം, താരകമിരുളില് മായുന്നുവോ, രാധേ എന്നിവയായിരുന്നു. അടുത്തനേരത്തെ ജീവിതത്തിനു വേണ്ടി കരളും കണ്ഠവുമുരുകിപ്പാടുമ്പോഴും മനുഷ്യന്റെ പ്രശ്‌നങ്ങളെ കോഴിക്കോട് അബ്ദുള് ഖാദര് കാണാതിരുന്നില്ല. വയനാട്ടില് ഒരു ഗാനമേളയ്ക്കു പോയപ്പോഴുള്ള അനുഭവം വാടിയില് ഓര്ക്കുന്നു: ''പരിപാടിക്കിടെ സംഘാടകര് ആളുകള്ക്കിടയില്‌നിന്ന് ബക്കറ്റില് പണം പിരിക്കുന്നത് ഞങ്ങള് കണ്ടു. കാദര്ക്ക പരിപാടികഴിഞ്ഞ് അവരോട് കാര്യംതിരക്കി. ഞങ്ങള്ക്കു തരാനുള്ള പണം സംഘടിപ്പിക്കുകയായിരുന്നുവെന്ന് അവര് പറഞ്ഞു. അപ്പോള് കാദര്ക്ക അവരോടു പറഞ്ഞു: 'നിങ്ങള് വിഷമിക്കേണ്ട. ഞങ്ങള്ക്കു വഴിച്ചെലവിനുള്ളതു തന്നാല് മതി'. പിന്നീട് ഞങ്ങളോട് നിസ്സഹായമായിപ്പറഞ്ഞു: 'ഇന്ന് ഒന്നും തരാനില്ല'.''
സ്വരംകൊണ്ട് അനുഗൃഹീതനും ഭാഗ്യവാനുമായിരുന്നെങ്കിലും ജന്മഭാഗ്യം കുറഞ്ഞയാളായിരുന്നു അബ്ദുള്ഖാദര് എന്ന് വാടിയില് കരുതുന്നു. ''പാട്ടുപാടാനായി ഒരാളുടെയും കാലുപിടിക്കാനോ വീട്ടുമുറ്റത്ത് കാത്തുകിടക്കാനോ കാദര്ക്ക തയ്യാറല്ലായിരുന്നു. അത് ശരിയോ തെറ്റോ എന്നെനിക്കറിയില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് ഉറച്ച ശരിയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ അവസരങ്ങള് വന്നുപൊതിഞ്ഞില്ല. ഉള്ള പാട്ടുമായി അദ്ദേഹം ഒതുങ്ങിക്കൂടി. നല്ല കഷ്ടപ്പാടുണ്ടായിരുന്നു. അത് അധികമാരെയും അറിയിച്ചില്ല. ഉള്ളിലെ വേദനകളുടെ ഭാവങ്ങളെ തന്റെ പാട്ടുകളിലൂടെ കാദര്ക്ക തുറന്നുവിട്ടു. അതിപ്പോഴും നാം കേട്ടുകൊണ്ടേയിരിക്കുന്നു.''
കോഴിക്കോട് അബ്ദുള്ഖാദറിന്റെ സ്വരത്തില്‌നിന്ന് എത്രപേര് പാട്ടുകാരന്റെ ആത്മവേദന മനസ്സിലാക്കിയിട്ടുണ്ടെന്നറിയില്ല. എങ്കിലും പാതയോരത്തുനിന്ന്, ഇപ്പോഴും ശേഷിക്കുന്ന അപൂര്വം ഗാനശാലകളില്‌നിന്ന് അബ്ദുള്ഖാദറിന്റെ പാട്ടുകേള്ക്കുമ്പോള് സംഗീതത്തിനൊപ്പം മനുഷ്യന്റെ ചേതനയിലെ വിഷാദത്തിന്റെ ശ്രുതികൂടി ശ്രദ്ധയുള്ളവര് കേള്ക്കുന്നുണ്ട്.




 

ga