ആത്മവിസ്മൃതിയുടെ തലത്തിലേക്കുയര്ന്ന ആലാപനത്തിലൂടെ, തികച്ചും സാധാരണങ്ങളായ ഈണങ്ങളെപ്പോലും അസാധാരണത്വമാര്ന്ന ശ്രാവ്യാനുഭവങ്ങളാക്കിമാറ്റി അബ്ദുള്ഖാദര്. സംഗീതസംവിധായകന്‌പോലും ഉദ്ദേശിക്കാത്ത ദാര്ശനിക തലങ്ങളിലേക്കാണ് ആ പാട്ടുകള് പലതും ചിറകടിച്ചുയര്ന്നത്
കോഴിക്കോട് അബ്ദുള്‍ഖാദര്‍ ജന്മശതാബ്ദി ജൂലായ് 19ന്
എഴുത്തുകാരനും വാഗ്മിയുമായ ഡോ. സുകുമാര് അഴീക്കോടിനെ അറിയാത്തവരാരുണ്ട്? പക്ഷേ, പാട്ടുകാരനായ അഴീക്കോടിനെക്കുറിച്ച് അറിയില്ലായിരുന്നു 'ഹൃദയഗീതങ്ങള്' എന്ന പുസ്തകത്തിന് അദ്ദേഹം സ്‌നേഹപൂര്വം എഴുതിത്തന്ന അവതാരിക വായിക്കുംവരെ.
ഒരൊറ്റ പാട്ടേ പൊതുവേദിയില് പാടിയിട്ടുള്ളുവത്രേ മാഷ്. മംഗലാപുരത്ത് കോളേജില് പഠിക്കുമ്പോള് കൂട്ടുകാരുടെ നിര്ബന്ധത്തിനുവഴങ്ങി പാടിയ ആ പാട്ട് ഏതെന്നുകൂടി അറിയുക: 'നവലോകം' എന്ന സിനിമയില് കോഴിക്കോട് അബ്ദുള്ഖാദര് ശബ്ദംനല്കിയ 'തങ്കക്കിനാക്കള് ഹൃദയേ വീശും വനാന്തചന്ദ്രികയാരോ നീ'. ''പാടിയതല്ല, പാടിപ്പോയതാണ്'' മാഷ് എഴുതി. ''ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കച്ചേരി. അന്നു പാടിയ പടുപാട്ടിന്റെപേരില് കിട്ടിയ പരിഹാസത്തിനു കണക്കില്ല.''
അവതാരിക വായിച്ചശേഷം ചെറിയൊരാശങ്കയോടെയാണെങ്കിലും മാഷോട് നേരിട്ടുചോദിച്ച ഒരു ചോദ്യമുണ്ട്: ''എന്താണ് ആ പാട്ടുതന്നെ തിരഞ്ഞെടുക്കാന് കാരണം? അക്കാലത്ത് അധികം കേട്ടതും മൂളിനടന്നതും ഹിന്ദിപ്പാട്ടുകളാണെന്നല്ലേ മാഷ് അതേ കുറിപ്പിലെഴുതിയിട്ടുള്ളത്?'' മാഷിന്റെ മറുപടി ഇപ്പോഴും കാതിലുണ്ട്: ''അന്നത്തെ എന്റെ പ്രായം; പിന്നെ ആ പാട്ടുപാടിയ കോഴിക്കോട് അബ്ദുള്ഖാദറിന്റെ ശബ്ദത്തില് നിറഞ്ഞുനിന്ന തെല്ലു വിഷാദംകലര്ന്ന പ്രേമഭാവം. ഒരു ഏകാകിയുടെ നിഴല് പതിഞ്ഞുകിടന്നിരുന്നു ആ ശബ്ദത്തിലും ആലാപനത്തിലും. പൊതുവെ ആള്ക്കൂട്ടങ്ങളില്‌നിന്ന് അകലംപാലിച്ചിരുന്ന എനിക്ക് അങ്ങനെ തോന്നിയതാവാം... കുറച്ചുകാലം കഴിഞ്ഞ് അബ്ദുള്ഖാദര്തന്നെ പാടിയ 'എങ്ങനെ നീ മറക്കും കുയിലേ' എന്ന പാട്ടുകൂടി കേട്ടപ്പോള് ആ തോന്നല് തീവ്രമായി. നമുക്കുവേണ്ടിമാത്രം പാടുകയാണയാള് എന്നാണു തോന്നുക. ഇന്നും വല്ലപ്പോഴുമൊക്കെ റേഡിയോയില് ആ പാട്ടു കേള്ക്കുമ്പോള് മനസ്സുകൊണ്ട് ഞാനാ പഴയ കോളേജുകുമാരനായിമാറും...'' നീലക്കുയിലില് രാഘവന് മാസ്റ്റര് ചിട്ടപ്പെടുത്തിയ പാട്ടിന്റെ പല്ലവി ഓര്മയില്‌നിന്ന് മൂളിത്തരുകകൂടി ചെയ്തു അഴീക്കോട് മാഷ്; ആയിരക്കണക്കിനു വേദികളെ പ്രകമ്പനംകൊള്ളിച്ച അതേ ശബ്ദത്തില്. പാട്ടിനും പാട്ടോര്മകള്ക്കും പിന്നാലെയുള്ള യാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്ന്.
ഓര്ത്തുനോക്കിയിട്ടുണ്ട്, മലയാളികളുടെ ഒരുതലമുറമുഴുവന് എങ്ങനെ കോഴിക്കോട് അബ്ദുള്ഖാദര് എന്ന ഗായകന്റെ ശബ്ദത്തിന്റെയും ആലാപനശൈലിയുടെയും ആരാധകരായിമാറി? സമകാലീനരായ മറ്റു പല ഗായകരുമായും താരതമ്യപ്പെടുത്തുമ്പോള് അപാരമായ റേഞ്ചുള്ള പാട്ടുകാരനായിരുന്നില്ല ഖാദര്. പട്ടിന്റെ മിനുമിനുപ്പുള്ള ശബ്ദവുമല്ല അദ്ദേഹത്തിന്റേത്. പാടിയതേറെയും ദുഃഖഛായയുള്ള ഗാനങ്ങള്. പക്ഷേ, ആലാപനത്തില് ഇതൊന്നും അദ്ദേഹത്തിനു പരിമിതികളായില്ല. ആത്മവിസ്മൃതിയുടെ തലത്തിലേക്കുയര്ന്ന ആലാപനത്തിലൂടെ, തികച്ചും സാധാരണങ്ങളായ ഈണങ്ങളെപ്പോലും അസാധാരണത്വമാര്ന്ന ശ്രാവ്യാനുഭവങ്ങളാക്കിമാറ്റി അബ്ദുള്ഖാദര്. സംഗീതസംവിധായകന്‌പോലും ഉദ്ദേശിക്കാത്ത ദാര്ശനികതലങ്ങളിലേക്കാണ് ആ പാട്ടുകള് പലതും ചിറകടിച്ചുയര്ന്നത്. ''എന്തൊരു ദാഹം എന്തൊരു മോഹം എന്തൊരു തീരാത്ത തീരാത്ത ശോകം'' എന്ന് കണ്ണടച്ചിരുന്ന് ഖാദര് പാടുമ്പോള്, ആ ശബ്ദത്തിലും വരികളിലും സംഗീതത്തിലും ഉറഞ്ഞുകിടന്നിരുന്ന ദുഃഖം സ്വന്തം ഹൃദയത്തിന്റെകൂടി ഭാഗമാണെന്ന് തിരിച്ചറിഞ്ഞു അന്നത്തെ കേരളീയ യുവത്വം. ഇന്നത്തെപ്പോലെ നിര്വികാരത മുഖമുദ്രയാക്കിയ ഒരു സമൂഹത്തോടല്ല അന്നത്തെ കലാകാരന്മാര് സംവദിച്ചിരുന്നതെന്നുകൂടി ഓര്ക്കണം.
ആദ്യമായി അബ്ദുള്ഖാദറിന്റെ ഗാനമേള കേട്ടതോര്മയുണ്ട്. വിദ്യാര്ഥിജീവിതകാലത്താണ്. പഠിച്ചിരുന്ന സ്‌കൂളില് സ്വന്തം ട്രൂപ്പുമായി പാടാനെത്തിയതായിരുന്നു അദ്ദേഹം. മകന് നജ്മല് ബാബുവും ഗായിക മച്ചാട്ട് വാസന്തിയുമുണ്ട് ഒപ്പം. വെളുത്ത ടെര്‌ളിന് ഷര്ട്ടിനു മുകളില് കറുത്ത ഓവര്‍ കോട്ടണിഞ്ഞ് വേദിയില് ചമ്രംപടിഞ്ഞിരിക്കുന്നു മലയാളികളുടെ പ്രിയ വിഷാദഗായകന്. അന്നദ്ദേഹം ക്ഷീണിതനാണ്. പ്രായാധിക്യത്തിന്റെ അവശതകള് ശബ്ദത്തെയും ബാധിച്ചുതുടങ്ങിയിരുന്നു. ഗാനമേളയ്ക്കു മുമ്പ് സദസ്സിനെ താണുവണങ്ങി അദ്ദേഹം പതുക്കെ പറഞ്ഞു: ''പഴയപോലെ പാടാന്വയ്യ. പാട്ടിനിടയ്ക്കു ചുമച്ചുപോയാല് ക്ഷമിക്കണം.'' പിന്നെ നേരെ ഗാനത്തിന്റെ സഞ്ചാരപഥത്തിലേക്ക്. തന്നെ താനാക്കിമാറ്റിയ പാട്ടാണ് ആദ്യം പാടിയത്, 'എങ്ങനെ നീ മറക്കും കുയിലേ'. അതുകഴിഞ്ഞ് 'എന്തിനു കവിളില് ബാഷ്പധാര ചിന്തി നീ നീലരാവേ, എന്തിനു കരളില് ഗദ്ഗദഗാനം നല്കി നീ പൂനിലാവേ...' സംഗീതസംവിധായകന് എം.എസ്. ബാബുരാജിന്റെ അരങ്ങേറ്റചിത്രമായ 'മിന്നാമിനുങ്ങി'നുവേണ്ടി പി.ഭാസ്‌കരനെഴുതിയ ഗാനം.
പാട്ടിനെക്കാള് അന്നത്തെ എട്ടാംക്ലാസുകാരന്റെ മനസ്സില് തങ്ങിയത്, പാട്ടുകേട്ട് മുന്നിരയിലിരുന്ന് കണ്ണുതുടയ്ക്കുന്ന യുവതിയായ കന്യാസ്ത്രീയുടെ മുഖമാണ്. യു.പി. ക്ലാസിലെ അധ്യാപികയായിരുന്നു അവര്. വളരെ വര്ഷങ്ങള്ക്കുശേഷം, സ്‌കൂളിലെ സതീര്‍ഥ്യരുടെ ഒരു ഒത്തുചേരലിനിടെ പഴയ സിസ്റ്ററെ യാദൃച്ഛികമായി വീണ്ടും കണ്ടപ്പോള് അന്നത്തെ പാട്ട് ഓര്മവന്നു; കരച്ചിലും. ''അബ്ദുള്ഖാദറിന്റെ വലിയ ആരാധകനായിരുന്നു എന്റെ അപ്പച്ചന്'', മറവിയുടെ തിരശ്ശീലയ്ക്കപ്പുറത്തുനിന്ന് ആ കാലം വീണ്ടെടുത്ത് സിസ്റ്റര് പറഞ്ഞു. ''ഇഷ്ടഗായകനെ എന്നെങ്കിലും നേരില്ക്കണ്ടു സംസാരിക്കണമെന്ന് വല്ലാതെ മോഹിച്ചിരുന്നു അദ്ദേഹം. ഒരിക്കല് പരിചയപ്പെടാന് സന്ദര്ഭം ഒത്തുവന്നതാണ്. പക്ഷേ, തിക്കിത്തിരക്കിയ ആരാധകര്ക്കിടയില്‌പ്പെട്ട് സ്റ്റേജിലെത്താനാകാതെ നിലത്തുവീണുപോയി അപ്പച്ചന്. തൊട്ടുമുന്നില് അബ്ദുള്ഖാദര് പാടുന്നതു കേട്ടിരിക്കെ, നിറവേറാത്ത മോഹവുമായി ലോകംവിട്ടുപോയ അപ്പച്ചനെയാണ് എനിക്കോര്മവന്നത്.'' സാധാരണക്കാരനായ മലയാളിയുടെ മനസ്സിനെ അബ്ദുള്ഖാദര് എത്ര ആഴത്തില് സ്വാധീനിച്ചിരുന്നുവെന്നറിയാന് ഈ ഒരൊറ്റ അനുഭവം ധാരാളം.
ലെസ്ലി ആന്ഡ്രൂസ് എന്നാണ് അബ്ദുള്ഖാദറിന്റെ യഥാര്‍ഥ പേര്. കോഴിക്കോട് മിഠായിത്തെരുവില് വാച്ച് റിപ്പയറിങ് കട നടത്തിയിരുന്ന ജെ.എസ്. ആന്ഡ്രൂസിന്റെ മകന്. ബര്മയില്‌ച്ചെന്ന് മതപരിവര്ത്തനംനടത്തി ലെസ്ലി തിരിച്ചുവന്നത് അബ്ദുള്ഖാദറായാണ്. ചര്ച്ച് ക്വയറില്‌നിന്നു ലഭിച്ച സംഗീതജ്ഞാനം ഹിന്ദുസ്ഥാനിയുമായുള്ള നിരന്തരസമ്പര്ക്കത്തിലൂടെ പരിപോഷിപ്പിച്ച ഖാദറിനെ 'നവലോക'ത്തിലൂടെ (1951) സിനിമയിലവതരിപ്പിച്ചത് വി. ദക്ഷിണാമൂര്ത്തി. തങ്കക്കിനാക്കള് ഹൃദയേ വീശും, ഭൂവില് ബാഷ്പധാര നീ വൃഥാ ചൊരിഞ്ഞു, പരിതാപമിതേ ഹാ ജീവിതമേ തുടങ്ങിയ ഗാനങ്ങളിലൂടെയാണ് വിഷാദമധുരമായ ആ ശബ്ദത്തിന്റെ സാധ്യതകള് സിനിമാലോകം ആദ്യം തിരിച്ചറിഞ്ഞത്. 'തിരമാല'യിലെ(1953) താരകം ഇരുളില് മായുകയോ, ഹേ കളിയോടമേ, പാലാഴിയാം നിലാവില്, പ്രണയത്തിന് കോവിലില് (സംഗീതം: വിമല്കുമാര്), 'മിന്നാമിനുങ്ങി'ലെ(1957) നീയെന്തറിയുന്നൂ നീലത്താരമേ, എത്രനാള് എത്രനാള് ഈ വസന്തം (ബാബുരാജ്), 'മാണിക്യക്കൊട്ടാര'ത്തിലെ (1966) നക്ഷത്രപ്പുണ്ണുകളായിരം (ബാബുരാജ്) തുടങ്ങി വേറെയും അവിസ്മരണീയഗാനങ്ങള്. എങ്കിലും ഖാദറിന്റെ മാസ്റ്റര്പീസ് 'നീലക്കുയിലി'ലെ 'എങ്ങനെ നീ മറക്കും കുയിലേ' തന്നെ. രബീന്ദ്രസംഗീതസ്പര്ശമുള്ള ആ പാട്ടിന്റെ ആലാപനത്തോട് പൂര്ണമായി നീതിപുലര്ത്താന് ഖാദറിനേ കഴിയൂ എന്നുറപ്പായിരുന്നു സംഗീതസംവിധായകന് രാഘവന് മാസ്റ്റര്ക്ക്. ''നിര്മാണപ്രവര്ത്തനം തുടങ്ങിയശേഷം പുറത്തിറങ്ങാതെപോയ 'പുള്ളിമാന്' എന്ന ചിത്രത്തില് 'ചന്ദ്രനുറങ്ങി താരമുറങ്ങി ചന്ദനം ചാര്ത്തിയ രാവുറങ്ങി' എന്നൊരു മനോഹരഗാനം അതിനുമുമ്പ് ഖാദര് എനിക്കുവേണ്ടി പാടിയിരുന്നു. പടം വെളിച്ചംകണ്ടിരുന്നെങ്കില് ഖാദറിന്റെ ഏറ്റവും മികച്ച പാട്ട് അതായിരുന്നേനെ. ആ നഷ്ടത്തിനുള്ള എന്റെ പ്രായശ്ചിത്തമായിരുന്നു നീലക്കുയിലിലെ പാട്ട്'' രാഘവന് മാസ്റ്റര് ഒരിക്കല് പറഞ്ഞു.
സിനിമാഗാനങ്ങളോളം, ഒരുപക്ഷേ അവയെക്കാള് ജനകീയമായ നാടകഗാനങ്ങളും ലളിതഗാനങ്ങളും ഖാദര് പാടിയിട്ടുണ്ട്. 'ഇങ്ക്വിലാബിന്റെ മക്കളി'ലെ കൊട്ടും വാദ്യവും കേക്കണ് ദൂരെ (എം.എസ്. ജയയോടൊപ്പം), ദൂരത്തൊരു കുന്നിന്റെ, ഉണരുക മലനാടേ, തെയ്യകം തെയ്യകം, 'നീലക്കുരുവി'യിലെ കാര്കുഴലില്, 'ഹൈഡ്രജന് ബോംബി'ലെ തവ മന്ദഹാസ സുഖമേറി (ബെറ്റിയുമൊത്ത്), പാടത്തെ നെല്ലു വിളഞ്ഞ്, 'മനുഷ്യന് നല്ലവനി'ലെ ഹൃദയസാഗരവാസിയാം (ഗായത്രിയുമൊത്ത്), 'നമ്മളൊന്നി'ലെ പച്ചപ്പനംതത്തേ, 'ഈ ദുനിയാവില് ഞാന് ഒറ്റയ്ക്കാണ്' എന്ന നാടകത്തിലെ പൂച്ചെടി പൂവിന്റെ എന്നിവ ഉദാഹരണം. മണക്കും താമരപ്പൂമണം, ചക്രവാളച്ചെന്തുടുപ്പില് തുടങ്ങിയ ഖാദറിന്റെ മാപ്പിളപ്പാട്ടുകള് നാട്ടിന്പുറത്തെ കല്യാണവീടുകളിലെ 'പാട്ടുകോളാമ്പി'കളില്‌നിന്ന് പതിവായി ഒഴുകിയിരുന്ന കാലമുണ്ടായിരുന്നു. ഇവയ്‌ക്കെല്ലാംപുറമെയാണ് പാടാനോര്‌ത്തൊരു മധുരിതഗാനം(സംഗീതം: രാഘവന്), പാടൂ പുല്ലാങ്കുഴലേ, സംപൂതമെന് പ്രേമസായൂജ്യ സായൂജ്യവല്ലരി തുടങ്ങിയ പാടിപ്പതിഞ്ഞ റേഡിയോഗാനങ്ങള്. പാടാന്മാത്രമല്ല പാട്ട് അനായാസം ചിട്ടപ്പെടുത്താനുംകഴിഞ്ഞിരുന്നു 'അബ്ദുക്ക'യ്ക്ക് എന്ന് സാക്ഷ്യപ്പെടുത്തുന്നു അദ്ദേഹത്തോടൊപ്പം നിരവധി ലളിതഗാനങ്ങളില് പങ്കാളിയായിട്ടുള്ള ഗായിക ഗായത്രി ശ്രീകൃഷ്ണന്: '' 'രാരിച്ചന് എന്ന പൗരനി'ല് 'നാഴൂരിപ്പാലുകൊണ്ട്' എന്ന പാട്ട് ശാന്താ പി. നായര്‌ക്കൊപ്പം പാടി റെക്കോഡ്‌ചെയ്യാന് മദ്രാസില് ചെന്ന കാലത്താണ് അബ്ദുക്കയുടെ ഈ കഴിവ് നേരില്ക്കണ്ടത്. സിനിമാ റെക്കോഡിങ്ങിനുശേഷം എച്ച്.എം.വി.യുടെ ഒരു ബേസിക് സോങ് റെക്കോഡില് പാടാന് വാഹിനി സ്റ്റുഡിയോയില് ചെന്നതാണ് അന്നു തീരെച്ചെറിയ കുട്ടിയായിരുന്ന ഞാന്. വയലാറും അബ്ദുക്കയുമുണ്ടവിടെ. എനിക്കു പാടാന്വേണ്ടി വയലാര് രണ്ടോ മൂന്നോ പാട്ടെഴുതി. നിമിഷങ്ങള്ക്കകം അബ്ദുക്ക ആ പാട്ടുകള് സ്വരപ്പെടുത്തുകയും ചെയ്തു. അന്ന് റെക്കോഡ്‌ചെയ്ത പാട്ടുകളിലൊന്നിന്റെ തുടക്കംമാത്രമേ ഇപ്പോള് ഓര്മയുള്ളൂ: 'പോയി നീ ദൂരെ'.'' അബ്ദുള്ഖാദര് ദേശ് രാഗത്തില് മൂളിക്കൊടുത്ത ഈണത്തിനനുസരിച്ച് 'മായരുതേ വനരാധേ' എന്ന ഗാനമെഴുതിയതിന്റെ ഓര്മ പ്രശസ്ത നാടകകാരനും ഖാദറിന്റെ ഉറ്റസുഹൃത്തുമായ വാസു പ്രദീപ് പങ്കുവെച്ചതോര്ക്കുന്നു.
പിന്നെയെപ്പോഴോ അബ്ദുള്ഖാദറിനെ മലയാളി മറന്നുതുടങ്ങുന്നു. സിനിമയുടെ ഭാവുകത്വവും ഗായകശബ്ദത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും യുവതലമുറയുടെ സംഗീതാഭിരുചികളുമെല്ലാം മാറിമറിഞ്ഞതോടെ വല്ലപ്പോഴുംമാത്രം ഓള്ഡ് ഈസ് ഗോള്ഡ് ഗാനമേളകളില് മിന്നിമറയുന്ന മുഖമായിമാറി ഖാദര്. 'എങ്ങനെ നീ മറക്കും കുയിലേ' എന്ന പാട്ടുപാടി ഒരിക്കല് ആയിരങ്ങളുടെ ആരവമേറ്റുവാങ്ങിയ മധ്യകേരളത്തിലെ ഒരു വേദിയില്, അതേ പാട്ടുപാടി ഖാദര് കൂവലേറ്റുവാങ്ങിയ കഥ വേദനയോടെ വിവരിച്ചുകേട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ മകന് നജ്മല് ബാബു. അപ്പോഴേക്കും യുവതലമുറയുടെ സംഗീതസങ്കല്പങ്ങള് മാറിയിരുന്നു. ഹൃദയത്തെ ദ്രവീകരിക്കുന്ന ദുഃഖഗാനങ്ങള് ആര്ക്കും വേണ്ടാതായി. താളപ്രധാനമായ പാട്ടുകള്ക്കും തേന് കിനിയുന്ന വെല്വെറ്റ് ശബ്ദങ്ങള്ക്കുമിടയില് ഒറ്റപ്പെട്ടപോലെ തോന്നിയിരിക്കണം ഖാദറിന്.
തിരുവനന്തപുരത്ത് ജഗതിയിലുള്ള തന്റെ വീട്ടിലേക്ക് മുഷിഞ്ഞ വസ്ത്രമണിഞ്ഞ് വേച്ചുവേച്ചു നടന്നുവന്ന വൃദ്ധനും ക്ഷീണിതനുമായ അബ്ദുള്ഖാദറിനെക്കുറിച്ച് അന്തരിച്ച ഗായകന് ഉദയഭാനു പറഞ്ഞുകേട്ടിട്ടുണ്ട്. ആകാശവാണിയില് ഒരു റെക്കോഡിങ് സംഘടിപ്പിച്ചുതരണം എന്ന അപേക്ഷയുമായി പഴയ സുഹൃത്തിനെ കാണാനെത്തിയതായിരുന്നു അവസാനനാളുകളില് ഖാദര്. വന്നയുടന് വിഷാദഭരിതമായ പുഞ്ചിരിയോടെ കൈകൂപ്പി സ്വയം പരിചയപ്പെടുത്തി അദ്ദേഹം: ''ഞാന് അബ്ദുള്ഖാദര്. പഴയ പാട്ടുകാരനാണ്.'' വേദനയോടെ ആ കൈകള് രണ്ടും ചേര്ത്തുപിടിച്ച് ഭാനു പറഞ്ഞു: ''ഛെ, എന്തായിത് ഖാദര്ക്കാ. ആര്ക്കാ നിങ്ങളെ അറിയാത്തത്?''
കോട്ടമൈതാനത്ത് അബ്ദുള്ഖാദറിന്റെ ഗാനമേള കേള്ക്കാന്, ഇരമ്പുന്ന ജനസാഗരത്തിലൂടെ നുഴഞ്ഞുകയറി വേദിയുടെ മുന്നിലൊരിത്തിരി ഇടം തരപ്പെടുത്തിയ ആ പഴയ സ്‌കൂള്ക്കുട്ടിയെ ഓര്മവന്നിരിക്കണം ഉദയഭാനുവിന്. പാലക്കാട്ടെ വിദ്യാവിനോദം പരമേശ്വരയ്യര് ഹൈസ്‌കൂളില് വിദ്യാര്ഥിയാണന്ന് ഭാനു. ''ഗായകര്ക്കിടയിലെ സൂപ്പര്സ്റ്റാറായിരുന്നു ഖാദര്ക്ക. സുമുഖന്, ദീര്ഘകായന്. കറുത്ത പാന്റ്‌സും ഷര്ട്ടിനു മുകളിലൂടെ ഓവര്‌കോട്ടും ധരിച്ച്, ഒന്നുതൊടാന് കാത്തുനിന്ന ആരാധകസഹസ്രങ്ങള്ക്കിടയിലൂടെ നെഞ്ചുവിരിച്ച് നടന്നുപോയ അന്നത്തെ ആ രാജകുമാരനെവിടെ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന് പ്രയാസപ്പെടുന്ന ഇന്നത്തെ ഈ തളര്ന്ന പാട്ടുകാരനെവിടെ?'' നൊമ്പരവും ആത്മരോഷവും നിറഞ്ഞിരുന്നു ഉദയഭാനുവിന്റെ വാക്കുകളില്.
അന്ന് യാത്രപറഞ്ഞുപോയതാണ് അബ്ദുള്ഖാദര്. അവസാനത്തെ കൂടിക്കാഴ്ച. പിന്നീട് ഉദയഭാനു കേട്ടത് അദ്ദേഹത്തിന്റെ വിയോഗവാര്ത്തയാണ്. സംഗീതത്തിനുവേണ്ടി ജീവിതം സമര്പ്പിച്ച് ഒടുവില് ജീവിക്കാന്തന്നെ മറന്നുപോയ ഏതോ പാവം പാട്ടുകാരന്റെ ആത്മഗതംപോലെ, ഖാദര് പാടിയ പഴയൊരു പാട്ടിന്റെ വരികള് ഇന്നും മനസ്സിനെ പിന്തുടരുന്നു: ''അലറിടും ജീവിതസാഗരസീമയില് എന് കളിയോടം താഴുകയോ, താരകം ഇരുളില് മായുകയോ, പാടിയ പൈങ്കിളി കേഴുകയോ...''